ഫാ. ഹാപ്പി ജേക്കബ്

ന്യായപ്രമാണ സൂചനകളെ നിറവേറ്റുവാൻ നമ്മുടെ കർത്താവ് ബലി ആകുവാൻ തയ്യാറാവുന്ന ദിവസം .അത് വരെയും തുടർന്ന് വന്നിരുന്ന ന്യായപ്രമാണം വിധിച്ചിട്ടുള്ള കാളകുട്ടി ,ആട്ടിൻകുട്ടി, ചെത്താലി, കുറുപ്രാവ് എന്നിവയെ ബലി കഴിച്ച് പാപമോചനം നേടിയിരുന്ന ജനത്തിന്റെ മുൻപിൽ ദൈവത്തിൻറെ കുഞ്ഞാട് സ്വയം ബലി ആയി തീരുന്നു. ബലി നടത്തുവാൻ, ബലി വസ്തുവായി ബലി സ്വീകാരകനായി വിവിധ തലങ്ങൾ ഉള്ള അവസ്ഥയിൽ നിന്ന് ബലിയും ബലികർത്താവും സ്വീകാരകനും കർത്താവായി മാറുന്നു.

രണ്ട് പ്രധാന സംഭവങ്ങളാണ് ഇന്നേ ദിവസം നാം ഓർക്കുന്നത്. പുതിയ ഒരു കല്പന നമുക്കായി തന്നു . തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന നമുക്കായി ലഭിച്ചു . അത് വാക്കിലുള്ള അനുഭവം അല്ലായിരുന്നു. വി. യോഹന്നാൻ 13-ാം അദ്ധ്യായം 1 മുതൽ 17 വരെ വേദഭാഗം. അവൻ എഴുന്നേറ്റ് ശ്ലീഹന്മാരുടെ പാദങ്ങൾ കഴുകി തുടച്ചു . താഴ്മയുടെയും വിനയത്തിന്റേയും എളിമയുടെയും മഹത്തരമായ അനുഭവം അവർക്കായി നൽകി. ഗുരു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിലൂടെ മറക്കുവാനോ മാറ്റപ്പെടുവാനോ സാധ്യമല്ലാത്ത ആത്മീക അനുഭവം നൽകി. ചെറിയവൻ മുതൽ അവൻ കഴുകി ശ്ലീഹന്മാരിൽ പ്രധാനി ആയിരുന്ന പത്രോസിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ പറഞ്ഞു നീ എൻറെ പാദങ്ങൾ കഴുകുന്നുവോ? കർത്താവ് പ്രതികരിച്ചത് ഇന്ന് ഞാൻ നിൻറെ പാദങ്ങൾ കഴുകി ഇല്ല എങ്കിൽ നിനക്ക് എന്നോട് കൂട്ടായ്മ ഉണ്ടാവില്ല എന്നാണ്. ഞാൻ നിങ്ങൾക്ക് നൽകിയ ഈ ദൃഷ്ടാന്തം നിങ്ങളും അനുവർത്തിക്കണം എന്നും കല്പിക്കുന്നു.

പാരമ്പര്യമായി നാം പെസഹാ ദിനത്തിൽ ഇത് അനുസ്മരിക്കുന്നു. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്തവരായി നാം അവശേഷിക്കുന്നു . ആചരണവും അനുസ്മരണവും അല്ലാതെ ഈ പ്രവർത്തനം നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കണം. സ്വർഗീയ സൈന്യങ്ങൾ ശുശ്രൂഷിക്കുന്നവൻ മനുഷ്യരെ വീണ്ടെടുക്കുവാൻ അവൻ ശുശ്രൂഷകനായി,

രണ്ടാമതായി, അവൻ ഹൃദയം നുറുങ്ങി അപ്പം എടുത്ത് ശിഷ്യന്മാർക്കായി ഭാഗിച്ചു കൊടുത്തു. കാൽവരിയിൽ “കാൽവരിയിൽ തൻറെ ശരീരം ചിന്തപ്പെട്ട അതേ വേദനയും ദുഃഖവും അവനിൽ നാം കാണുന്നു. പ്രധാന പുരോഹിതനായ മൽക്കീസദേക്ക് ദൃഷ്ടാന്തമായി കാണിച്ച അപ്പവും വീഞ്ഞും ഇന്ന് മാളികയിൽ യാഥാർത്ഥ്യം ആയി . മൂക ജന്തുക്കൾക്ക് വിടുതലും ദേവാലയത്തിൽ നിന്ന് മൃഗബലിയും ഇതിനാൽ മാറ്റപ്പെട്ടു. കാൽവരിയിൽ തൻറെ ശരീരം ഭിന്നിക്കുകയും തൻറെ രക്തം ഒഴുകുകയും ചെയ്യുന്നത് വേദനയോടെ ശിഷ്യന്മാർ ഉൾക്കൊണ്ടു . പിതാക്കന്മാർ ഈ ദിവസത്തെ പഠിപ്പിക്കുന്നത് ഇപ്രകാരം ആണ് . ” പഴയ ന്യായപ്രമാണത്തിലുള്ള സകലത്തെയും പൂർണ്ണമായി നിവർത്തിപ്പാനും , അതിനെ ന്യായമായി വീണ്ടെടുക്കുവാനും , ഞങ്ങൾക്ക് പുതുക്കം നൽകുവാനും , അതിനാൽ നിൻറെ സഭയ്ക്ക് പുതിയ ഉടമ്പടി എഴുതുവാനും, ഞങ്ങൾക്ക് പൂർണ്ണ രക്ഷ നൽകുവാനും ആയി നമ്മുടെ കർത്താവ് പെസഹാ നിറവേറ്റി.

ഇനി തിന്മയും കയ്പ്പുമാകുന്ന പഴയ പുളിമാവു കൊണ്ടല്ല നിനക്ക് പ്രീതി നൽകുന്ന വെടിപ്പും വിശുദ്ധിയും നൽകുന്ന പുതുക്കുന്ന പുളിമാവിനാൽ ഈ ദിനത്തെ കൊണ്ടാടുവാൻ കൃപ ലഭിക്കുവാൻ വേണ്ടി നമുക്ക് ഒരുങ്ങാം . ജീവന്റെയും നിത്യജീവന്റെയും വഴിയാഹാരമായി ഈ പെസഹാ നമുക്ക് കൊണ്ടാടാം . ഈ രഹസ്യം – മർമ്മം നമ്മുടെ നേത്രങ്ങൾക്ക് അഗോചരവും നമ്മുടെ ബുദ്ധിക്കും അപ്പുറവും ആണ് . വിശ്വാസത്തോടെ ഇത് ഉൾക്കൊള്ളുവാൻ നമുക്ക് ഒരുങ്ങാം. 1 കോരിന്ത്യർ 11 : 27 – 30 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവൻറെ മരണത്തെ പ്രസ്താവിക്കുന്നു. അത് കൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവൻറെ മരണത്തെ പ്രസ്ഥാവിക്കുന്നു. അത് കൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിൻറെ ശരീരം നിമിത്തം സംബന്ധിച്ച് കുറ്റക്കാർ ആകും . തന്നെ തന്നെ ശോധന ചെയ്തിട്ട് വേണം ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ് വാൻ ”

രക്ഷണ്യമായ ഈ അനുഭവത്തിൽ നമുക്കും പങ്കുകാരാവാം. പ്രാർത്ഥനയിൽ സമർപ്പിച്ചുകൊണ്ട്

ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.