ഷിബു മാത്യൂ
സ്പിരിച്ച്വല്‍ ഡെസ്‌ക്.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കത്തീട്രല്‍ അസ്സി. വികാരി റവ. ഫാ. ഡാനി മൊളോപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. കോവിഡ് കാലത്തെ നിയ്മങ്ങള്‍ക്ക് ഇളവു വന്നതിന് ശേഷമുള്ള ആദ്യത്തെ വലിയ തിരുക്കര്‍മ്മമാണ് ഇന്ന് നടന്നത്. അഞ്ഞൂറില്‍പ്പരം വിശ്വാസികളാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
ആരാധനാ വത്സരത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥനാദിനങ്ങളിലൊന്നായ ഓശാന ഞായര്‍ മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തെയും അനുസ്മരിക്കുന്നു. ഓശാന എന്ന വാക്ക് മിശിഹാ നല്‍കുന്ന രക്ഷയെ അര്‍ത്ഥമാക്കുന്നു. ഈ വാക്കിന് കുരുത്തോല എന്നും അര്‍ത്ഥമുണ്ട്. ഇന്നേ ദിവസം ആശീര്‍വദിച്ചു നല്‍കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും ഈ സത്യം പ്രഘോഷിക്കുന്നവരുമാണെന്ന് സൂചിപ്പിക്കുന്നു. കുരുത്തോല വിതരണത്തിന് ശേഷം ഓറശ്ലെം ലിറ്റര്‍ജിയില്‍ നിന്നും സ്വീകരിച്ച പ്രദക്ഷിണവും വാതില്‍ മുട്ടി തുറക്കുന്ന ദേവാലയ പ്രവേശന കര്‍മ്മവും നടന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റ് പറയുവാനും ഈ ദിവസം തിരുസ്സഭാ മാതാവ് ആഹ്വാനം ചെയ്യുന്നു.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ഡാനി മൊളോപ്പറമ്പില്‍ ഓശാന ഞായര്‍ സന്ദേശം നല്‍കി. ദൈവീക മഹത്വം കാണാന്‍ സാധിച്ചത് കുഞ്ഞുങ്ങള്‍ക്കാണ്. നിഷ്‌ക്കളങ്കമായ ഹൃദയവും വിശ്വാസവുമാണ് അതിന് കാരണം. ഓരോ വ്യക്തിയും ഈശോയെ വഹിക്കുന്നവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ബീന DSFS ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷിയായി.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കാലങ്ങളായി നടന്നു വരുന്ന തമുക്ക് നേര്‍ച്ചവിതരണം നടന്നു. ഇടവക പ്രതിനിധികള്‍ ഒന്നായി ഉണ്ടാക്കിയ തമുക്ക് നേര്‍ച്ച ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി.
ഓശാന ഞായറാഘോഷത്തോടുകൂടി ലീഡ്‌സ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആത്മീയമായി ഒരുങ്ങാന്‍ എല്ലാ ഇടവകാംഗങ്ങളോടുമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അഭ്യര്‍ത്ഥിച്ചു.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.