മാർ ജോസഫ് സ്രാമ്പിക്കൽ
ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയില്‍ കിടത്തി”(ലൂക്കാ 2:7). പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് മറിയം ഉണ്ണീശോയെ പുല്ത്തൊ ട്ടിയില്‍ കിടത്തിയപ്പോള്‍ നമ്മള്‍ കാണുന്നത് ബലിവേദിയിലെ ബലിവസ്തുവിനെയാണ്; ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെയാണ്.”
അപ്പത്തിന്റെ ഭവനമായ ബേത്‌ലെഹേമില്‍ കാലിത്തൊഴുത്തില്‍ നമ്മള്‍ കാണുന്ന ശിശു ആരാണെന്നു തിരിച്ചറിയുമ്പോള്‍ മാത്രമാണ് ക്രിസ്മസ് അർത്ഥപൂർ ണനമാകുന്നത്. ഉണ്ണീശോ ഒരേ സമയം സ്രഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്. പിതാവായ ദൈവവുമായി ഗാഢബന്ധം പുലർത്തു ന്ന ദൈവംതന്നെയായ ഏകജാതനാണ് (യോഹ. 1:8).
ഏശയ്യ പ്രവാചകന്‍ ഈ രഹസ്യം മുൻകൂട്ടി പറയുന്നുണ്ട്: നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്. സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും(ഏശ. 9:6-7).
ദൈവത്തിന്റെ മനുഷ്യാവതാരവും മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ പ്രവൃത്തിയും സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണ്, സുവിശേഷമാണ്. ഈ സുവിശേഷം അറിയിക്കുന്ന പ്രവൃത്തിയും ദൈവത്തിന്റെതുതന്നെയാണ്. സുവിശേഷം ആദ്യം കേട്ട ആട്ടിടയരിലൂടെ ഇക്കാര്യം നമ്മള്‍ മനസ്സിലാക്കുന്നു: നമുക്ക് ബേത്‌ലഹേംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം (ലൂക്കാ. 2:15).
ആട്ടിടയന്മാരോടും ജ്ഞാനികളോടും ഈശോയെ ആരാധിച്ച എല്ലാവരോടുമൊപ്പം ബേത്‌ലഹേമിലേക്കു പോകാനും ദൈവം പ്രവർ ത്തിച്ചതും അറിയിച്ചതും കാണാനും കേൾക്കാനും അനുഭവിക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കുന്നതും വിശുദ്ധ കുർബാനയില്‍ നമ്മള്‍ പങ്കെടുക്കുമ്പോഴാണ്. യഥാർത്ഥ ക്രിസ്മസ് എന്നു പറയുന്നത് വിശുദ്ധ കുർബാനയാണ്. ഓരോ വിശുദ്ധ കുർബാനയും ക്രിസ്മസിന്റെ അനുഭവമാണ് നമുക്കു നല്കുന്നത്. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർ ബാനയില്‍ പ്രധാനമായും ബേത്‌ലഹേമില്‍ സംഭവിച്ച കാര്യങ്ങളില്‍ നമ്മുടെ ഹൃദയവും മനസ്സും ആത്മാവും ശരീരവും കേന്ദ്രീകരിക്കുന്നു. ആട്ടിടയര്‍ തിടുക്കത്തില്‍ ബേത്‌ലഹേമിലേക്കു പോയതായി നമ്മള്‍ കാണുന്നു. ”അവര്‍ അതിവേഗം പോയി മറിയത്തെയും യൗസേപ്പിനെയും പുൽത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ. 2:16).
ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം. ദൈവികകാര്യങ്ങളില്‍, പ്രത്യേകിച്ചു വിശുദ്ധ കുർബാനയില്‍ പങ്കെടുക്കാനുള്ള താത്പര്യം നമ്മളില്‍ ഉണ്ടാകുന്നത് നമ്മള്‍ എളിയവരായി ദൈവഭയത്തോടെ ജീവിക്കുമ്പോഴാണ്. ദൈവികകാര്യങ്ങളില്‍ വലിയ തിടുക്കമുണ്ടായിരുന്ന ഈശോയുടെ അമ്മയായ അമലോദ്ഭവമറിയം ഇക്കാര്യം നമ്മെ പഠിപ്പിക്കുന്നു: ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” (ലൂക്കാ. 1:48). ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു (ലൂക്കാ. 1:39).
പരിശുദ്ധ കന്യകാമറിയവും ആട്ടിടയരും ശിമയോനും അന്നയും നമ്മെ പഠിപ്പിക്കുന്ന മറ്റൊരു യഥാർത്ഥ്യം , നാം സുവിശേഷം കേൾക്കു കയും സ്വീകരിക്കുകയും ചെയ്താല്‍ അതു പങ്കുവച്ചിരിക്കും എന്നതാണ്. ”അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു” (ലൂക്കാ. 2:18). അവള്‍ അപ്പോൾത്തന്നെ മുന്നോട്ടുവന്നു ദൈവത്തെ സ്തുതിക്കുകയും ജറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു (ലൂക്കാ 2:38).
2023 ല്‍ റോമില്‍ വച്ചു നടത്തപ്പെടുന്ന മെത്രാൻ സൂനഹദോസിന്റെ ഒരുക്കത്തില്‍ ആചരിക്കുന്ന ഈ ക്രിസ്മസ് കാലത്ത്, എളിമയോടും ദൈവഭയത്തോടുംകൂടി നമുക്കു പങ്കുചേരാം. സൂനഹദോസിന്റെ ചൈതന്യത്തില്‍ എല്ലാവരെയും ക്രിസ്മസില്‍ പങ്കുചേർക്കാന്‍ നമുക്കു പരിശ്രമിക്കാം. അതുപോലെതന്നെ, സന്തോഷത്തിന്റെ സദ്വാർത്തയായ തിരുപ്പിറവി എല്ലാവരെയും അറിയിക്കാം. ഏവർക്കും പിറവിത്തിരുന്നാളിന്റെയും പുതുവർഷത്തിന്റെയും മംഗളങ്ങള്‍ പ്രാർത്ഥ നാപൂർവം ആശംസിക്കുകയും ചെയ്യുന്നു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകൾ / മിഷനുകൾ എന്നിവിടങ്ങളിൽ പിറവിത്തിരുന്നാളിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ക്രിസ്മസ് ഈവ് ആയ ഇരുപത്തിനാലാം തീയതി പിറവിത്തിരുനാളിന്റെ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനകളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും വിവിധ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട് .വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , വിലാസം എന്നിവയറിയുവാൻ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ,. ഇതിൽ പ്രതിപാദിക്കാത്ത മറ്റ് മിഷനുകളിലെ സമയ ക്രമവും മറ്റും അറിയുവാൻ അതാത് സ്ഥലങ്ങളിലെ മിഷൻ ഡയറക്ടർ മാരുമായോ , ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം . സൗത്ത് ഏൻഡ് ഓൺ സീ സെൻറ് അൽഫോൻസാ മിഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു . ഞായറാഴ്ച സൗത്ത് എൻഡ് ഓൺ സീ സെൻറ് ജോൺ ഫിഷർ പള്ളിയിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ മിഷൻ ഡയറക്ടർ റെവ. ജോസഫ് മുക്കാട്ട് . റെവ. ഫാ . ജോ മൂലശ്ശേരിൽ വി .സി. എന്നിവർ പങ്കെടുത്തു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .കൈക്കരന്മാരായ സിജോ ജേക്കബ് ,ശ്രീ റോയ് ജോസ് , ശ്രീമതി ,സുനിതാ അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






ഫാ. ഹാപ്പി ജേക്കബ്
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.
എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.
തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.
ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.
ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .
അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.
എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.
ക്രിസ്തു ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
തദ്ധേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹത്തിന്റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നു.
ഇടവകാ വികാരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും പാരിഷ് കൌൺസിൽ പ്രധിനിധികളുടെ സഹകരണത്തോടെയും നിലവിലുള്ള സാഹചര്യത്തിൽ താഴെപറയുന്ന വിധത്തിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രിസ്മസ് കരോൾ:
ഡിസംബർ 18 ശനിയാഴ്ച: അന്നേ ദിവസം അതാത് കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ
ക്രിസ്മസ് വിജിൽ
ഡിസംബർ 24 ന് വെള്ളിയാഴ്ച : വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷ് തിരുക്കർമ്മങ്ങൾ ; തുടർന്ന് മദർ ഓഫ് ഗോഡ്
കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
രാത്രി 9.00 മണിക്ക് മലയാളം തിരുക്കർമ്മങ്ങൾ. തുടർന്ന് മദർ ഓഫ് ഗോഡ് കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
അതേ തുടർന്ന് പാരിഷ് ഹാളിൽ ക്രിസ്മസ് ആശംസകൾ പരസപരം നേരുവാൻ ഒത്തുചേരൽ.
ക്രിസ്മസ് ദിനത്തിൽ രാവിലെ 10.30 ന് ഇംഗ്ലീഷ് കുർബാന

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ഷാജി ജോർജ് വചന ശുശ്രൂഷ നയിക്കും .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെയിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളികളായ ഇൻ്റർനാഷണൽ സ്റ്റുഡൻസിന് ക്രിസ്തുമസ്സിന് ഒരുക്കമായുള്ള പ്രാർത്ഥന ഇന്ന് വൈകീട്ട് 9 മണി മുതൽ 10 മണി വരെ Zoom ൽ സംഘടിപ്പിച്ചിരിക്കുന്നു. റോമിൽ നിന്നുള്ള റവ.ഫാ ജോജോ മഞ്ഞളി ക്രിസ്തുമസ്സ് സന്ദേശം നൽകും. ഇതോടൊപ്പം വിവിധ യൂണിവേഴ്‌സിറ്റികളിൽ എത്തിച്ചേർന്നിട്ടുള്ള ഗായകരായ സഭാമക്കൾ ആലപിച്ച് ഒരുക്കിയിട്ടുള്ള ക്രിസ്തുമസ്സ് ആശംസാ ഗാനത്തിൻ്റെ വീഡിയോ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്യും.
ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള പ്രാർത്ഥനകൾക്ക് രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർമാൻ റവ സി. ആൻ മരിയ SH, ബ്ലെസ്സി കുര്യൻ, ലിൻറ രാജു എന്നിവർ നേതൃത്വം നൽകും. രൂപതയിലെ മൈഗ്രൻ്റ്സ്, യൂത്ത്, ഇവാഞ്ചലൈസേഷൻ കമ്മീഷനുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മൂന്നാം ഞായറാഴ്ച്ച കുർബ്ബാന ഡിസംബർ മാസം 19 -) തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ് തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ് (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്
07727 287693
കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX
കുടിയേറിയ മണ്ണിൽ വിശ്വാസ ജീവിതത്തിന്റെ പതിനേഴ് സംവത്സരങ്ങൾ പൂർത്തിയാക്കിയ സൗത്തെൻഡ് ഓൺ സീയിലെ സീറോ മലബാർ വിശ്വാസ സമൂഹം ,ചിട്ടയും ക്രമാനുഗതവും ആയ ആ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഡിസംബർ 19 ഞായറഴ്ച്ച 11.30 -ന് നടക്കുന്ന മിഷൻ പ്രഖ്യാപനത്തിലൂടെ .സീറോ മലബാർ എപാർകി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ഇടയ ശ്രേഷ്ഠൻ , മാർ.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷന്റെ ഔപചാരികമായ ഉൽഘാടനം നിർവഹിക്കപ്പെടും. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടത്തപ്പെടും . വെസ്റ്റ് ക്ലിഫ് സെന്റ് ഹെലെൻസ് ചർച്ചിൽ മാസത്തിൽ ഒരിക്കൽ ഉള്ള സീറോ മലബാർ വിശുദ്ധ കുർബാനയോടു കൂടി ആരംഭം കുറിച്ച സൗത്തെന്റിലേ സീറോ മലബാർ വിശ്വാസ കൂട്ടായ്മ 2006 ജൂലൈ മാസം കൂടുതൽ സ്വകാര്യപ്രദമായ ജോൺ ഫിഷർ ചർച്ചിലേക്ക് മാറുകയും സീറോ മലബാർ ലണ്ടൻ കോർഡിനേഷന്റെ കീഴിൽ മാസത്തിൽ മൂന്ന് വിശുദ്ധ കുർബാനകൾ നടക്കുന്ന കുർബാന സെന്റർ ആയി മാറുകയും ചെയ്തു .
2008 ഒക്ടോബർ മാസം സാർവത്രിക സഭ ഭാരതത്തിന്റെ സഹന പുഷ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ,വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം അന്നത്തെ ജോൺ ഫിഷർ വികാരി ആയിരുന്ന ടോം സാണ്ടേഴ്സിന്റെ അനുമതിയോടെ പള്ളിയിൽ പ്രതിഷ്ഠിക്കുകയും സീറോ മലബാർ യുകെ കോർഡിനേറ്റർ ആയിരുന്ന ഫാദർ തോമസ് പാറയടി M S T യുടെ അനുവാദത്തോടെ സെന്ററിനെ വിശുദ്ധ അൽഫോസായുടെ പ്രത്യേക മധ്യസ്ഥത്തിന് സമർപ്പിക്കുകയും ചെയ്തു .
വിശുദ്ധ അൽഫോസായുടെ സ്വർഗീയ മധ്യസ്ഥതയിൽ അന്നുമുതൽ സെന്റർ ക്രമാനുഗതമായ വളർച്ച പ്രാപിക്കുകയായിരുന്നു .മികച്ച രീതിയിലുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളും സജീവമായ ചെറുപുഷ്പം മിഷൻ ലീഗും സാവിയോ ഫ്രണ്ട്സും പ്രാർത്ഥന കൂട്ടായ്മയും വിമൻസ് ഫോറവും സെന്ററിന് കൂടുതൽ മിഴിവേകി .വൈദിക ശ്രേഷ്ഠർ ആയ ഫാ .ജോർജ് ചീരം കുഴി (2006 -08 ), ഫാ .തോമസ് പാറയടി (2008 -10 ),ഫാ . ഇന്നസെന്റ് പുത്തൻ തറയിൽ (2010 -13 ),ഫാ .ജോസ് അന്തിയാംകുളം (2013 -19 ), ഫാ. ഷിജോ ആലപ്പാട്ട് (2019),ഫാ .ജോഷി തുമ്പക്കാട്ടിൽ (2019 -21 )കൈക്കാരന്മാരായ ,ജെയ്സൺ ,നോബി ,മേരി ,ബേബി,വിനി,ഡാർലി,ടോജി ,ജോസ്,ജിസ്സ,പ്രദീപ് ,ജിസ് ,നൈസ് ,ജോമിനി ,ഡെയ്സി,ജോയ്,ജോർജ്,അജിത് ,സുബി,ഷിബിൻ ,മനോജ് ,സോണിയ ,ബിനോജ് ,മിനി എന്നിവരും പാരിഷ് കമ്മിറ്റി അംഗങ്ങളും ഈകാലയളവിൽ സെന്ററിന് ധീരമായ നേതൃത്വം നൽകി .
2020 ജനുവരി മാസത്തിൽ നിലവിൽ വന്ന നിലവിലുള്ള പാരിഷ് കമ്മിറ്റിയിൽ കൈക്കാരന്മാരായി സിജോ ജേക്കബ് ,റോയ് മുണ്ടക്ക ൽ ,സുനിത ആച്ചാണ്ടിൽ എന്നിവർ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു .സൗത്തെന്റിലെ വിശ്വാസസമൂഹത്തിന്റെ ദീർഘ നാളത്തെ അഭിലാഷമായിരുന്ന മിഷൻ എന്ന ലക്ഷ്യത്തിലേക്കു ഫാ .ജോഷി തുമ്പക്കാട്ടിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ പാരിഷ് കമ്മിറ്റികൾ നേതൃത്വം കൊടുത്തു .
2021 ഫെബ്രുവരി മാസം മുതൽ ഫാ .ജോസഫ് മുക്കാട്ട് സെന്ററിന്റെ കോർഡിനേറ്റർ ആയി ചുമതല ഏറ്റെടുക്കുകയും ഒരു പൂർണ മിഷൻ ആകാനുള്ള ക്രമീകരണങ്ങളുടെ ശില്പി ആയി പ്രവർത്തിക്കുകയും ചെയ്യുന്നു . കോവിഡ് കാലത്തു ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ വിശുദ്ധ കുർബാനക്ക് ലോകത്തമാനം തടസ്സങ്ങൾ നേരിട്ടപ്പോൾ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം പോലെ എല്ലാ ഞായറഴ്ചകളിലും രണ്ട് വി .കുർബാനകൾ വീതം സൗത്തെന്റിലെ വിശ്വാസി സമൂഹത്തിന് ലഭിച്ചു .
2020 ലെ കോവിഡ് കാലം മുതൽ എല്ലാ ഞാറാഴ്ചകളിലും വിശുദ്ധ കുർബാനയും വിശ്വാസ പരിശീലനവും നടക്കുന്ന കുർബാന സെന്റർ ആയി സൗത്തെൻഡ് മാറി .ഡിസംബർ 19 നു നടക്കുന്ന മിഷൻ ഉൽഘാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ അതിന്റെ പൗരസ്ത്യ പാരമ്പര്യങ്ങളിലും പുതിയ തലമുറയെ വിശ്വാസ ജീവിതത്തിനോടുള്ള അഭിമുക്യത്തിലും വളർത്തുവാൻ ശ്രദ്ധാലുവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനൊപ്പം രൂപതയിലെ നിരവധി വൈദികരും അൽമായ പ്രേക്ഷിതരും സന്നിഹിതരായിരിക്കും . അനദി വിദൂര ഭാവിയിൽ പൂർണ ഇടവക ആകുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കു ഒരു ചുവടു കൂടി അടുക്കുന്ന ഈ അസുലഭ മുഹൂർത്തത്തിലേക്ക് സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ജോസഫ് മുക്കാട്ടും ,കൈക്കാരൻമാരായ സിജോ ജേക്കബും , റോയ് മുണ്ടക്കലും ,സുനിത ആച്ചാണ്ടിലും പാരിഷ് കമ്മിറ്റി അംഗങ്ങളും വിശ്വാസ സമൂഹത്തെ സഹർഷം സ്വാഗതം ചെയ്യുന്നു .
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് – ധനുമാസ തിരുവാതിര ആഘോഷങ്ങൾ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെച്ചതായി സംഘാടകർ ഖേദപൂർവ്വം അറിയിച്ചു. അടുത്ത മാസങ്ങളിലെ സത്‌സംഗങ്ങളുടെ വിവരങ്ങൾ സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച് ഉടൻ അറിയിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സന്നദ്ധസേവകർ അറിയിച്ചു.