മെട്രിസ് ഫിലിപ്പ്

കാൽവരി കുന്നിൽമേൽ,കാരുണ്യമേ, കാവൽവിളക്കാണ് നീ..

വിഭൂതി തിരുനാൾ മുതൽ വലിയനോമ്പുകാലം ആരംഭിക്കുന്നു. കാൽവരിയിലേക്കുള്ള യാത്രയുടെ ആരംഭദിനം. നോമ്പു കാലത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, വിശ്വാസികൾ, നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും നീണ്ട 50 ദിവസങ്ങൾ.

കുരിശിന്റെ വഴിയെന്നത്, കുരിശിലേക്കുള്ള വഴിയെന്ന് മാറ്റി ചിന്തിച്ചുനോക്കു. കുരിശിലേക്ക് സൂക്ഷിച്ചുനോക്കാറുണ്ടോ. ആ കുരിശിൽ ഒരു ജീവൻ പിടഞ്ഞു മരിച്ചതാണെന്ന് ഓർക്കാറുണ്ടോ. പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ട യാത്രയിൽ, യേശു എന്ത് മാത്രം വേദന അനുഭവിച്ചുണ്ടാകും. മുൾമുടി അണിഞ്ഞു, മരണത്തിലേക്കുള്ള യാത്രയിൽ, തന്റെ കൂടെ ഉണ്ടായിരുന്നവർ ആരുമില്ല എന്ന് യേശു ഓർത്തിരിക്കും. ശരിക്കും ഒരു ഒറ്റപ്പെടൽ. കുറ്റമില്ലാത്തവൻ, കുറ്റം ചെയ്ത, രണ്ട് കള്ളൻമാരോടൊപ്പം കുരിശിൽ തറച്ചു കൊന്നില്ലേ. യേശുവിനെ കുരിശിലേക്ക്, എടുത്ത്, ഇട്ടശേഷം, ആ വിറക്കുന്ന കൈകളിലേക്ക് , ആണികൾ തറച്ചുകയറ്റിയപ്പോൾ, പിതാവേ, എന്ന് വിളിച്ചു, കരഞ്ഞപേക്ഷിക്കുയും, എന്നാൽ എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അലറികരയുന്ന യേശുവിന്റെ വേദന, നമ്മൾ സ്വീകരിച്ചാൽ, ഈ നോമ്പുകാലം ഫലദായകമാകും. നമ്മളൊക്കെ മറ്റുള്ളവരുടെ വേദന അറിയുന്നവർ ആയിരിക്കണം. , യേശുനാഥൻ ഒരു തെറ്റും ചെയ്യാതെ കുരിശിൽ കിടന്നു മരണപ്പെട്ടതാണെന്ന് നമ്മളോർക്കണം.

മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയാണ് യേശു അനുഭവിച്ചത്. കുരിശിന്റെ ഭാരം, ഇടയ്ക്കുള്ള ചാട്ടവാർ കൊണ്ടുള്ള അടികൾ, കല്ലിൽ തട്ടിയുള്ള മൂന്ന് വീഴ്ചകൾ, തന്റെ പ്രീയ ശിഷ്യൻമാരുടെ ഓടിഒളിക്കൽ, കുരിശിൽ കിടന്നപ്പോൾ ഉണ്ടായ വേദന, രക്തത്തിൽ മുങ്ങിയ ശരിരം, മുൾകിരീടം കൊണ്ട്, തലയിൽ നിന്നും ഒലിക്കുന്ന രക്തവും, വിലാപുറത്തുള്ള കുന്തം കൊണ്ടുള്ള കുത്തിൽനിന്നുമുണ്ടായ വേദനയെല്ലാം അനുഭവിച്ച യേശുവേ, ആ വേദനയിൽ ചേർക്കണമേ എന്ന് പ്രാർത്ഥിക്കാം. നൊന്തുപ്രസവിച്ച, മാതാവിന്റെ മടിയിലേക്കു യേശുവിനെ കിടത്തിയപ്പോൾ ഉണ്ടാകുന്ന നൊമ്പരം.

നോമ്പുകാലം, പരിവർത്തനത്തിനിടയാകട്ടെ, സഹോദരങ്ങളോട് കരുണചെയ്തും, അവരെ നെഞ്ചോട്ചേർത്തുപിടിച്ചും, വിട്ടുവീഴ്ച്ചകൾ ചെയ്തും, അഹങ്കാരംമാറ്റിവെച്ചും, സഹായങ്ങൾ ചെയ്തും, അവശത അനുഭവിക്കുന്നവർക്ക്, ഒരു നേരത്തെ ആഹാരം എങ്കിലും നൽകി, പരസ്നേഹം നൽകി, ഈ നോമ്പുകാലം അനുഷ്ഠിക്കാം. പ്രാർത്ഥനകൾ …

ഇനിയുള്ള ദിവസങ്ങൾ വീടുകളിൽമുഴങ്ങുന്നത് “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ എന്നുള്ള ഗാനമായിരിക്കും.