ഐസിസി മെൻസ് ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തു ഇന്ത്യ മൂന്നാം തവണയും കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. 46 പന്തിൽ 89 റൺസ് നേടിയ സഞ്ജു സാംസൺ ആണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. അഞ്ച് ഫോറും എട്ട് സിക്‌സറും അടങ്ങിയ അതിവേഗ ഇന്നിങ്സായിരുന്നു ഇത്. കൂടാതെ അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസും ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി മികച്ച പിന്തുണ നൽകി. ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ ലക്ഷ്യം ഉയർത്താൻ സഹായിച്ചത്.
ഇന്ത്യയുടെ ഇന്നിങ്സിൽ അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്ന് ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ടീമിന് മികച്ച തുടക്കം നൽകി. അഭിഷേക് മൂന്ന് സിക്‌സറും ആറു ഫോറും അടിച്ച് ആക്രമണാത്മകമായി കളിച്ചു. പിന്നീട് സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് 105 റൺസ് കൂടി കൂട്ടിച്ചേർത്ത് സ്കോർ വേഗത്തിൽ ഉയർത്തി. സഞ്ജു തുടർച്ചയായി സിക്‌സറുകൾ പറത്തിയപ്പോൾ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. അവസാന ഓവറുകളിൽ ശിവം ഡ്യൂബ് 8 പന്തിൽ 26 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. ഇതോടെ ഇന്ത്യയുടെ സ്കോർ 250 കടന്നു. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ റൺ പ്രവാഹം തടയാൻ സാധിച്ചില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെ ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ടീം സമ്മർദ്ദത്തിലായി. 26 പന്തിൽ 52 റൺസ് നേടിയ ടിം സെയ്‌ഫെർട്ട് മാത്രമാണ് ശക്തമായി തിരിച്ചടിച്ചത്. മിച്ചൽ സാൻ്റ്‌നർ 43 റൺസും ഡാരിൽ മിച്ചൽ 17 റൺസും നേടി കുറച്ച് നേരം പ്രതിരോധം നടത്തിയെങ്കിലും ഇന്ത്യയുടെ ബൗളിംഗ് ശക്തമായിരുന്നു. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ആണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായതോടെ ഇന്ത്യക്ക് 96 റൺസിന്റെ വലിയ ജയം നേടി ടി20 ലോകകപ്പിൽ മൂന്നാം കിരീടം സ്വന്തമാക്കി.
ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. 254 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ പോരാട്ടം നീട്ടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 പന്തില്‍ 105 റണ്‍സുമായി ജേക്കബ് ബെഥേല്‍ നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറില്‍ 45 റണ്‍സ് വേണമെന്നിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.
അതിന് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വമ്പന്‍ സ്കോറിന് അടിത്തറ പാകിയത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോററായി. ശിവം ദുബെ 43, ഇഷാന്‍ കിഷന്‍ 39, ഹാര്‍ദ്ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ എന്നിവരെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ ജേക്കബ് ബെഥേലും വില്‍ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മത്സരം ആവേശകരമാക്കി. ഒടുവില്‍ ജാക്സ് പുറത്തായതും അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതുമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടിയ സഞ്ജു സാംസൺ ഇന്ത്യയെ ടി20 ലോകകപ്പ് സെമിഫൈനലിലെത്തിച്ചു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ 196 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു 50 പന്തിൽ 97 റൺസെടുത്ത കരിയർ ബെസ്റ്റ് ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ചുനിന്നു. ഒടുവിൽ ശിവം ദുബെയുടെ പിന്തുണയോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അവർ നേടിയത്. ഷായ് ഹോപ്പ് (32), റോസ്റ്റൺ ചേസ് (40), ഷിംറോൺ ഹെറ്റ്‌മെയർ (27), റൂതർഫോർഡ് (14) എന്നിവർ പുറത്തായപ്പോൾ ജേസൺ ഹോൾഡർ (37), റോവ്‌മാൻ പവൽ (34) എന്നിവർ അവസാന ഘട്ടത്തിൽ വേഗം കൂട്ടി. പവൽ ടി20യിൽ വെസ്റ്റിൻഡീസിനായി 150 സിക്സ് പൂർത്തിയാക്കി റെക്കോർഡും സ്വന്തമാക്കി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ (10 വീതം), സൂര്യകുമാർ യാദവ് (18), തിലക് വർമ്മ എന്നിവർ തുടക്കത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. തുടർന്ന് ഹർദിക് പാണ്ഡ്യ (17) സഞ്ജുവിന് ഒപ്പം നിന്നെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ ഫോം കണ്ടെത്താൻ പാടുപെട്ട് ടീമിന് പുറത്തായിരുന്ന സഞ്ജുവിനെ പ്രതിസന്ധിയിൽ തിരിച്ചു വിളിച്ചതാണ് നിർണായകമായത്. വീണ്ടും അവസരം ലഭിച്ച താരം നിർണായക മത്സരത്തിൽ ഒറ്റയ്ക്ക് പോരാടി ഇന്ത്യയെ വിജയത്തിലേക്കും സെമിപ്രവേശത്തിലേക്കും നയിച്ചു.
ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ലിന്റൺ വില്ലേജ് ഹാളിൽ വിജയകരമായി പൂർത്തിയായി . യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 28 തെരഞ്ഞെടുത്ത ടീമുകൾ ഈ ആവേശകരമായ കായികമേളയിൽ പങ്കെടുത്തു.
രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 4 മണിയോടെ സമാപിച്ചു. ദിനം മുഴുവൻ നീണ്ടുനിന്ന മത്സരങ്ങളിൽ മികച്ച കായികമികവും സൗഹൃദപരമായ മത്സരാത്മകതയും നിറഞ്ഞുനിന്നു. പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി സംഘാടകർ അറിയിച്ചു.

വിജയികൾ
ഒന്നാം സ്ഥാനം – മാത്യൂസ് റോയ് & ബെസ്റ്റിൻ ജോസഫ് (നോട്ടിംഗ്ഹാം)
ഫസ്റ്റ് റണ്ണർ അപ്പ് – ജെർമി കുര്യൻ ജോർജ് (ബർമിംഗ്ഹാം) & കിൻലി ബിക്കു (ഹണ്ടിംഗ്ടൺ)
സെക്കൻഡ് റണ്ണർ അപ്പ് – ഏബി ജോസ് & നിതിൻ ജോസ് (സ്റ്റ്രാറ്റ്ഫോർഡ്, ലണ്ടൻ)
വിജയികളായ ടീമുകൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എല്ലാ പങ്കാളികൾക്കും HMA ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സമൂഹ ഐക്യവും ആരോഗ്യകരമായ കായിക മത്സരാത്മകതയും വളർത്തുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകർ
ശ്രീ. റിജു സാമുവൽ
റോസിൻ ജോർജ്
ശ്രീ. ജെറിൽ ജോൺ
ശ്രീ. സിജോ ജോർജ്
ശ്രീ. സാൻ ജോസഫ്
ശ്രീ. പ്രവീൺ ജോസ്
വിഷ്ണു മോഹൻ
സന്നദ്ധ പ്രവർത്തകർ
പ്രിൻസ് ജേക്കബ്, സൈജു ജോസഫ് എബ്രഹാം ലൂക്കോസ്, അനീവ്, ഉജ്ജ്വൽ, , ക്രിസ്റ്റിൻ, സിൻസൺ, ജോസ് എന്നിവർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനവും ടൂർണമെന്റിന്റെ വിജയത്തിന് വലിയ കരുത്തായി.
സ്പോൺസർമാരുടെയും സമൂഹാംഗങ്ങളുടെയും പിന്തുണയ്ക്ക് HMA നന്ദി രേഖപ്പെടുത്തി. ഭാവിയിലും ഇത്തരത്തിലുള്ള കായിക–സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ പതറിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശനം ഉറപ്പിച്ചു.
ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെയും ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കി പാക് നിരയുടെ നട്ടെല്ലൊടിച്ചു. അക്ഷർ പട്ടേൽ ബാബർ അസമിനെ മടക്കിയതോടെ പാകിസ്താൻ വലിയ സമ്മർദത്തിലായി. ബുംറ, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു.
ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. വെറും 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറും മൂന്ന് സിക്സും നേടി പാകിസ്താൻ ബൗളർമാരെ സമ്മർദത്തിലാക്കി. സൂര്യകുമാർ യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ നിർണായക സംഭാവന നൽകി സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച ഇഷാൻ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി, ഒടുവിൽ വലിയ ജയത്തിന് വഴിയൊരുക്കി.
കളത്തിന്റെ മുഴുവൻ നിയന്ത്രണവും കൈവശംവെച്ചാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, ലഭിച്ച മികച്ച അവസരങ്ങൾ ഗോൾ ആക്കാൻ സാധിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണങ്ങൾ സർവീസസ് പ്രതിരോധത്തിൽ പലവട്ടം വന്നു . ഗോൾകീപ്പർ ഗഗൻദീപിന്റെ മികവാർന്ന സേവുകളും പോസ്റ്റിലിടിച്ച മടങ്ങിയ ഷോട്ടുകളും കേരളത്തിന്റെ പ്രതീക്ഷകൾക്ക് വിലങ്ങായി.
ഗോൾരഹിതമായ മത്സരത്തിൽ വിധിയെഴുതിയത് എക്‌സ്ട്രാ ടൈമിലെ ഒരു നിമിഷം മാത്രമാണ്. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോൾ സർവീസസിന് എട്ടാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചപ്പോൾ, തുടർച്ചയായ രണ്ടാംവട്ടം ഫൈനലിൽ തോൽവി കേരളത്തെ നിരാശയിൽ ആഴ്ത്തി.
ഹരാരെയിൽ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് സൂര്യവൻഷിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ കരുത്ത്. ആയുഷ് മാത്രെ 53 റൺസുമായി പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ജോസഫ് മൂർസ്, ബെൻ മയേസ്, തോമസ് റ്യൂ എന്നിവരെ തുടർച്ചയായി പുറത്താക്കി ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി. കലേബ് ഫാൽക്കോണർ 115 റൺസുമായി ചെറുത്തുനിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് പിന്തുണ നൽകാൻ സാധിച്ചില്ല. ഇന്ത്യക്കായി ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്‌സിൽ വൈഭവിനൊപ്പം ആയുഷ് മാത്രെയും ശക്തമായ അടിത്തറ ഒരുക്കി. വേദാന്ത് ത്രിവേദി, വിഹാൽ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും വിലപ്പെട്ട സംഭാവന നൽകി. അവസാന ഓവറുകളിൽ കനിഷ് ചൗഹാന്റെ വേഗമേറിയ 37 റൺസ് സ്കോർ 400 കടക്കാൻ സഹായിച്ചു. ശക്തമായ ബാറ്റിംഗും കൃത്യമായ ബൗളിംഗും ഒരുമിച്ചപ്പോൾ ഇന്ത്യ യുവരാജാക്കന്മാരായി വീണ്ടും ചരിത്രം കുറിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്‌ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ്ണ താരമാവുകയായിരുന്നു.


2023 ൽ നിഖിൽ U13 ഇംഗ്ലീഷ് ബാഡ്mമിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ളീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു. ഡബിൾസിൽ യോർക്ക്ഷയറിലെ ഹാലിഫാക്‌സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി ചേർന്നുണ്ടാക്കിയ ഡബിൾസ് പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾസ്സിൽ മുൻ ഇന്തോനേഷ്യൻ ചാമ്പ്യന്റെ മകളും, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു നിഖിൽ. ഡബിൾസിലും, മിക്സഡ് ഡബിൾസിലും ശക്തമായ വെല്ലുവിളികൾ ഉയർത്തുവാൻ എതിർ ടീമുകൾക്കവസരം നൽകാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണൽസിൽ പുറത്തെടുത്തത്.

മുൻ ഇംഗ്ളീഷ് താരം റോബർട്ട് ഗോഡ്ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിൻറൺ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച് ഷെനുസുവിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടുന്ന നിഖിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള പല ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നും മെഡലുകൾ കരസ്ഥമാക്കുവാനും, അങ്ങിനെ അന്തർദേശീയ രംഗത്തും തന്റെ നാമം എഴുതി ചേർക്കുവാനും ഈ കൊച്ചുപ്രായത്തിനിടയിൽത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിലെ ‘പുലിക്കുട്ടി’യാണ്. ഈ വർഷം U19 കാറ്റഗറിയിൽ മാറ്റുരച്ച സാമുവൽ പുലിക്കോട്ടിൽ നാഷണൽസിൽ ബ്രോൺസ് മെഡൽ നേടിയിരുന്നു. മുൻപ് അണ്ടർ 15 ,17 ,19 കാറ്റഗറികളിൽ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള സാമുവേൽ ആണ് അനിയൻ നിഖിലിന്റെ ബാഡ്മിന്റൺ കായിക തലത്തിലെ മോഡലും ഇൻസ്പിരേഷനും. അപ്‍മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

ലണ്ടനിൽ താമസിക്കുന്ന ദീപക് – ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു, മുത്തച്ഛൻ വിന്നി എന്നിവർ ബാഡ്മിന്റൺ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്‌മിന്റൺ താരമാണ്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും തുടക്കം കുറിച്ച കായിക ഇനത്തിൽ ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും, ഒപ്പം മലയാളി സമൂഹവും.
റെക്കോർഡ് പങ്കാളിത്തത്തോടെ എട്ടാമത് ഓൾ-യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; കൗൺസിലർ പീറ്റർ യോർക്ക് മുഖ്യാതിഥിയായി.
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച എട്ടാമത് ഓൾ യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉജ്ജ്വല വിജയമായി. ഡിസംബർ 20-ന് നോർത്താംപ്ടണിലെ കരോലിൻ ചിഷോം സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും കമ്മ്യൂണിറ്റി സ്പിരിറ്റുമാണ് ദൃശ്യമായത്.

ജിനി തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസഫ്, അജു ലൂയിസ്, ജിത്തു തോമസ്, നിധിൻ പൗലോസ്, സിമി ജോസ്, സുജ ജിനി, മിധു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. അച്ചടക്കത്തോടെയുള്ള സംഘാടനവും കൃത്യനിഷ്ഠയും ടൂർണമെന്റിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തി.
പ്രധാന അതിഥികൾ
നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്കിന്റെ സാന്നിധ്യം ഈ വർഷത്തെ ടൂർണമെന്റിന് മാറ്റുകൂട്ടി. ഇത്തരമൊരു ബാഡ്മിന്റൺ ടൂർണമെന്റിൽ ആദ്യമായാണ് ഒരു കൗൺസിലർ പങ്കെടുക്കുന്നത് എന്നത് സംഘാടകർക്കും കായികതാരങ്ങൾക്കും വലിയ ആവേശമായി.
വിജയികൾ
വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ അനിൽ – ജോഹാൻ സഖ്യം ചാമ്പ്യന്മാരായി. അബിൻ – ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ, അനോൻ – ലെവിൻ സഖ്യം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

സമാപന ചടങ്ങ്
സമാപന ചടങ്ങിൽ അജു ലൂയിസ്, ഹേസൽവുഡ് ഗ്രൂപ്പ് സ്ഥാപകനും റിഫോം നോർത്താംപ്ടൺ ട്രഷററുമായ റോസ്ബിൻ രാജൻ, നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്ക് എന്നിവർ സംസാരിച്ചു. മലയാളി സമൂഹത്തിനിടയിൽ ഐക്യവും സ്നേഹബന്ധവും ഊട്ടിയുറപ്പിക്കാനും കായികപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇത്തരമൊരു ടൂർണമെന്റ് വലിയ പങ്കുവഹിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെയും കാണികളുടെയും വലിയ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ടൂർണമെന്റ് ചരിത്ര വിജയമായി മാറി. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ടൂർണമെന്റ് തുടരാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2027-ലെ റഗ്ബി വേൾഡ് കപ്പിന്റെ ഡ്രോയിൽ ഇംഗ്ലണ്ടും വെയിൽസും ഒരേ ഗ്രൂപ്പിലായി. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലെ പൂൾ F -ൽ ഇവരോടൊപ്പം ടോംഗയും 1991-ന് ശേഷം ആദ്യമായി യോഗ്യത നേടിയ സിംബാബ്‌വേയും ഉൾപ്പെടുന്നു. 2015ലും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഏറ്റുമുട്ടിയിരുന്നു; ആ മത്സരത്തിലെ വെയിൽസിന്റെ വിജയം ഇംഗ്ലണ്ടിന്റെ പുറത്താകാലിന് കാരണമായിരുന്നു.

അയർലൻഡും സ്‌കോ ട്ട്ലൻഡും ഫ്രാൻസിൽ നടന്ന 2023 ലോകകപ്പിലെ പോലെ തന്നെ വീണ്ടും ഒരേ ഗ്രൂപ്പിലാണ്, ഇവരോടൊപ്പം ഉറുഗ്വേയും പോർച്ചുഗലും പൂൾ D യിലുണ്ട്. റാങ്കിംഗുകൾ അനുസരിച്ച് ഗ്രൂപ്പുകൾ മുന്നോട്ടുപോയാൽ, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവരെ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവരിൽ നിന്ന് ഫൈനൽ വരെ ഒഴിവാക്കാനാകും. ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും പൂൾ A-യിൽ ആണ് കളിക്കുന്നത് . കളികളുടെ പൂർണ്ണ രൂപം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.

വെയിൽസിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ മോശമാണെങ്കിലും, ടോംഗയും സിംബാബ്‌വേയുമുള്ള ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് രണ്ടാമതായി മുന്നേറാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത് . പൂൾ F-ലെ രണ്ടാമതുകാരൻ, അർജന്റീന, ഫിജി, കാനഡ, സ്പെയിൻ എന്നിവരുള്ള പൂൾ C -യിലെ രണ്ടാമതുകാരനെ പ്രീ–ക്വാർട്ടറിൽ നേരിടേണ്ടിവരും. 24 ടീമുകളോടെ ആദ്യമായി നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ നോക്‌ഔട്ട് ഘട്ടത്തിലെത്തും.