രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. പേസ് ബോളർമാരുടെ മികവിൽ ടീം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില് കടന്നു. ക്വാര്ട്ടറില് ഗുജറാത്തിനെ 113 റണ്സിന് തോല്പ്പിച്ചു. കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 81 റണ്സിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബേസിൽ തമ്പി അഞ്ചും സന്ദീപ് വാരിയർ നാലും വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്സിലുമായി ബേസില് തമ്പിയും സന്ദീപ് വാരിയരും എട്ടുവിക്കറ്റ് വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില് പത്തുവിക്കറ്റും നേടിയത് ബേസില്, സന്ദീപ്, നിധീഷ് ത്രയമാണ്.
സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81
നേരത്തെ, രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു
പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.
മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), വിഷ്ണു വിനോദ് (ഒൻപത്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം), സഞ്ജു സാംസൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.
കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം 195 റണ്സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്. യുവതാരം സിജോമോൻ ജോസഫിന്റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ് രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി.
ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി. നേരത്തെ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു. 36 റണ്സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
ഒന്നാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്തെത്തിയവർ നിരവധിയാണ്. രോഹിത് ഒറ്റയ്ക്ക് 288 റണ്സെടുക്കാന് കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്കാന് ധോണിക്ക് സാധിച്ചില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം അഗാക്കറുടെ കുറ്റപ്പെടുത്തൽ.
അർധ സെഞ്ചുറി നേടാൻ ധോണി നൂറിനടത്ത് പന്തുകൾ എടുത്തു. ഏകദിനത്തിൽ നൂറു പന്തുകൾ എന്നൊക്കെ പറഞ്ഞാൽ ചില്ലറ സംഖ്യയല്ല. ധോണിയുടെ അർധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാൻ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാക്കർ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തിലെ വിജയം ധോണി ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഇന്നിംഗ്സ് അഗാക്കർക്കുളള മറുപടിയാണെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ ധോണിയെ പുകഴ്ത്തി നായകൻ വിരാട് കോഹ്ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ ടീമിലെ സാന്നിധ്യം ചോദ്യം ചെയ്തവർക്കുളള മറുപടിയുമാണ് സമ്മാന പുരസ്കാര സമർപ്പണ ചടങ്ങിൽ കോഹ്ലി എത്തിയത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ചൊവ്വാഴ്ച കണ്ടത് എംഎസ് ക്ലാസിക് ആയിരുന്നുവെന്നും കോഹ്ലി പറഞ്ഞു. നന്നായി മത്സരം കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് ധോണിയെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ മനസിലൂടെ കടന്നു പോകുന്നത് എന്താണെന്ന് ധോണിക്കു മാത്രമേ അറിയു. അവസാന നിമിഷം തനതു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യും– കോഹ്ലി പറഞ്ഞു.
അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്ലി പുറത്താവുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്ലി. 112 പന്തുകൾ നേരിട്ട കോഹ്ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് തോല്വി. 34 റണ്സിനാണ് ഇന്ത്യയെ ഓസ്ട്രേലിയ തോല്പ്പിച്ചത്. സ്കോര്: ഓസ്ട്രേലിയ- 288/5, ഇന്ത്യ-254/9. 129 ബോളില് നിന്ന് 133 റണ്സെടുത്ത രോഹിത് ശര്മ്മയുടെ സെഞ്ച്വറി പാഴായി. ഇതോടെ, മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില് ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ഓസ്ട്രേലിയയുടെ 1000ാം അന്താരാഷ്ട്ര മത്സര ജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 288 റണ്സെടുത്തു. ഉസ്മാന് ഖ്വാജ, ഷോണ് മാര്ഷ്, പീറ്റര് ഹാന്ഡ്സ്കോമ്പ് എന്നിവര് ആതിഥേയര്ക്കായി അര്ധ സെഞ്ച്വറി നേടി. ഭുവനേശ്വര് കുമാര്, കുല്ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര് ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില് തന്നെ മൂന്ന് വിക്കറ്റുകള് നഷ്ടമായി. ശിഖര് ധവാന്, അമ്പാട്ടി റായിഡും എന്നിവര് സംപൂജ്യരായി പുറത്തായപ്പോള് ക്യാപ്റ്റന് വിരാട് കോഹ്ലിക്ക് മൂന്ന് റണ്സ് മാത്രമാണ് നേടാന് സാധിച്ചത്. പിന്നീട് ക്രീസിലെത്തിയ ധോണിയോടൊപ്പം രോഹിത് ശര്മ്മ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നാണം കെട്ട തോല്വിയില് നിന്ന് രക്ഷപ്പെടുത്തിയത്.
51 റണ്സെടുത്താണ് ധോണി പുറത്തായത്. എന്നാല് മറുവശത്ത് രോഹിത് മികച്ച പോരാട്ടം കാഴ്ചവെച്ചു. 133 റണ്സെടുത്ത് രോഹിതും മടങ്ങുമ്പോള് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പിന്നീട് വന്നവരാര്ക്കും കാര്യമായ നേട്ടമുണ്ടാക്കാന് സാധിക്കാതായതോടെ ഇന്ത്യ പരാജയം രുചിച്ചു.
ഓസ്ട്രേലിയന് നിരയില് ജെ റിച്ചാര്ഡ്സണ് ഇന്ത്യയുടെ നാല് വിക്കറ്റുകള് പിഴുതെറിഞ്ഞപ്പോള് ജേസണ് ബെഹറെന്ഡോഫ്, മാര്ക്കസ് സ്റ്റോയിണസ് എന്നിവര് രണ്ട് വിക്കറ്റ് വീതവും പീറ്റര് സിഡില് ഒരു വിക്കറ്റും നേടി
എന്നാൽ മറുവശത്തു ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്ശനങ്ങള് ഏറ്റുവാങ്ങി എം എസ് ധോണി. വന് വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്റേറ്റ് നിലനിര്ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര് വിലയിരുത്തുന്നത്. 96 പന്തില് 51 റണ്സാണ് ധോണി നേടിയത്. 53.13 സ്ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.
ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര് വിമര്ശിക്കുന്നത്. നാല് റണ്സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്മ്മയ്ക്കുമായി കൂട്ട്കെട്ട് ഉണ്ടാക്കിയ ധോണി സ്ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്ശനം. അതേസമയം മികച്ച രീതിയില് ബാറ്റ് വീശിയ രോഹിത് 129 പന്തില് നിന്നും 133 റണ്സാണ് നേടിയത്. 10 ഫോറും 6 സിക്സും അടക്കം 103.10 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില് നിറഞ്ഞാടിയത്.
ലൈംഗിക ആരോപണം വിവാദമാകുന്ന പോര്ച്ചുഗീസ് ഫുട്ബോള് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഡിഎന്എ സാമ്പിളെടുക്കാന് അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്ഡോയുടെ ഡിഎന്എ സാമ്പിള് ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന് അധികൃതര്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില് ഇതില് കൂടുതല് വിവരങ്ങള് ഇപ്പോള് വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില് റൊണാള്ഡോ തന്നെ ബലാല്സംഗം ചെയ്തുവെന്ന മോഡല് കാതറിന് മയോര്ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി
അതേസമയം ആരോപണം ഉന്നയിച്ച മോഡല് കാതറിന് മയോര്ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്പ്പെട്ടിട്ടുണ്ടെന്നും എന്നാല് അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന് പീറ്റര് പറയുന്നു. 2009ല്, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര് ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
എന്നാല് 2009 ജൂണ് 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില് വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്ബന്ധിച്ചുവെന്നുമാണ് കാതറിന് മയോര്ഗയുടെ പരാതി. എതിര്പ്പറിയിച്ചപ്പോള് ഒരു ചുംബനം നല്കിയാല് പോകാന് അനുവദിക്കാമെന്ന് റൊണാള്ഡോ പറഞ്ഞു. താന് അതിന് തയ്യാറായപ്പോള് റൊണാള്ഡോ മോശമായി പെരുമാറാന് തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില് റൊണാള്ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന് 3,75,000 ഡോളര് റൊണാള്ഡോ നല്കിയെന്നും മോഡല് പറയുന്നു.
മുന് ലോക ഒന്നാം നമ്പര് താരം ആന്ഡി മറെ ടെന്നീസ് ലോകത്തെയാകമാനം ഞെട്ടിച്ച് വിരമിക്കല് പ്രഖ്യാപിച്ചു. മെല്ബണില് നടത്തിയ വികാരനിര്ഭരമായ വാര്ത്താ സമ്മേളനത്തിലാണ് കോര്ട്ടില് ഇനി താനുണ്ടാവില്ലെന്ന് മറെ പ്രഖ്യാപിച്ചത്. ആസ്ട്രേലിയന് ഓപ്പണ് മല്സരങ്ങള് തുടങ്ങാനിരിക്കെയാണ് മറെയുടെ പ്രഖ്യാപനം.
കഴിഞ്ഞ ജനുവരിയില് അദ്ദേഹം നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും അതാണ് വിരമിക്കലിന് കാരണമെന്നും മറെ വ്യക്തമാക്കി. അടുത്ത വിംബിള്ഡണോടെ ടെന്നീസില് നിന്ന് വിരമിക്കുമെന്ന് മറെ വ്യക്തമാക്കി. കരിയറില് 45 കിരീടങ്ങളാണ് മറെ സ്വന്തമാക്കിയത്. ഇതില് മൂന്ന് ഗ്രാന്ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്സ് സ്വര്ണ്ണങ്ങളും ഉള്പ്പെടുന്നു. രണ്ട് ഒളിംപിക്സ് സ്വര്ണ്ണങ്ങള് നേടിയ ഏക ടെന്നീസ് താരവുമാണ് മറെ.
അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം . കേരള ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റിന് ഗതിവേഗം പകർന്ന് രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സീസണിലും കേരളം ക്വാർട്ടറിൽ. നിർണായക മൽസരത്തിൽ ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിനു തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. രണ്ടാം ഇന്നിങ്സിൽ തലേന്നത്തെ സ്കോറായ എട്ടിന് 285 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഹിമാചൽ അവസാന ദിനം കേരളത്തിനു മുന്നിൽ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (പുറത്താകാതെ 61) എന്നിവരുടെ മികവിൽ കേരളം അനായാസം വിജയത്തിലെത്തി. 15ന് ആരംഭിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്താണ് കേരളത്തിന് എതിരാളികൾ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മൽസരം.
സ്കോർ: ഹിമാചൽ പ്രദേശ് – 297, 285/8 ഡിക്ലയേർഡ്, കേരളം – 286, 299/5
ഓപ്പണർ പി.രാഹുൽ (21 പന്തിൽ 14), സിജോമോൻ ജോസഫ് (48 പന്തിൽ 23), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇതോടെ, എട്ടു മൽസരങ്ങളിൽനിന്ന് സീസണിലെ നാലാം ജയം കുറിച്ച കേരളം 26 പോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ഗുജറാത്ത്, ബറോഡ ടീമുകൾക്കും 26 പോയിന്റുണ്ടെങ്കിലും അവരെ റൺ ശരാശരിയിൽ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കു പിന്തള്ളി നാലാം സ്ഥാനക്കാരായിട്ടാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. എ, ബി ഗ്രൂപ്പുകളിൽനിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു മുന്നേറുക. വിദർഭ (29 പോയിന്റ്), സൗരാഷ്ട്ര (29)), കർണാടക (27) എന്നിവരാണ് ക്വാർട്ടർ ഉറപ്പാക്കിയ മറ്റു ടീമുകൾ. ഗ്രൂപ്പ് സിയിൽ നിന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ് ടീമുകളും പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഉത്തരാഖണ്ഡും ക്വാർട്ടറിലെത്തി.
സീസണിൽ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടു പിന്നാക്കം പോയ കേരളത്തിന്, ആന്ധ്രയ്ക്കെതിരെ മധ്യപ്രദേശ് വഴങ്ങിയ അപ്രതീക്ഷിത തോൽവിയും ബംഗാൾ–പഞ്ചാബ് മൽസരം സമനിലയിൽ അവസാനിച്ചതുമാണ് സഹായകമായത്. അതേസമയം, ഈ സീസണിൽ എ, ബി ഗ്രൂപ്പുകളിലായി നാലു ജയം കുറിച്ച ഏക ടീമാണ് കേരളം. ഇതിനു പുറമെ, മൂന്നു തോൽവിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.
∙ വിജയം കണ്ടത് ‘കൈവിട്ട’ പരീക്ഷണം
നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് മൽസരത്തിനു റിസൾട്ട് സമ്മാനിച്ചത്. ഇതോടെ, ഒന്നാം ഇന്നിങ്സിലെ 11 റൺസിന്റെ ചെറിയ ലീഡും ചേർത്ത് കേരളത്തിനു മുന്നിൽ ആതിഥയേർ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം.
90 ഓവറിൽ 297 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ് ഡൗണായി എത്തിയത് സ്പിന്നർ സിജോമോൻ ജോസഫ്. ‘ഡു ഓർ ഡൈ’ സിറ്റ്വേഷനിൽ കേരളം നടത്തിയ കൈവിട്ട പരീക്ഷണം വിജയിക്കുന്ന കാഴ്ചയാണ് ഹിമാചലിന്റെ തട്ടകത്തിൽ കണ്ടത്.
ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ പി.രാഹുൽ 14 റൺസുമായി പുറത്തായിട്ടും പൊരുതിനിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തിയ വിനൂപ്–സിജോമോൻ കൂട്ടുകെട്ടാണ്. സ്കോർ 32ൽ നിൽക്കെ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 14 റൺസുമായി രാഹുൽ പുറത്തായെങ്കിലും ഇവരുടെ കൂട്ടുകെട്ട് കേരളത്തിന് മികച്ച സ്കോറിലേക്ക് അടിത്തറിയിട്ടു.
16.1 ഓവർ ക്രീസിൽനിന്ന ഇരുവരും രണ്ടാം വിക്കറ്റിൽ കേരള സ്കോർ ബോർഡിൽ ചേർത്തത് 73 റൺസ്. ഹിമാചൽ ബോളർമാർ സമചിത്തതയോടെ നേരിട്ട ഇരുവരും ആവശ്യത്തിനു റൺറേറ്റും കാത്തുസൂക്ഷിച്ചാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. സ്കോർ 105ൽ നിൽക്കെ സിജോമോനെ ജി.കെ. സിങ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത് കേരളത്തെ സുരക്ഷിതരാക്കി. 101 റൺസ് കൂട്ടുകെട്ടിനൊടുവിൽ അർഹിച്ച സെഞ്ചുറിക്കു നാലു റൺസ് അകലെ വിനൂപിനെ ദാഗർ മടക്കി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു–സച്ചിൻ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു.
അഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടു ചേർത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. 134 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 92 റൺസാണ് സച്ചിന്റെ സമ്പാദ്യം. തുടർന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിർത്തി സഞ്ജു വിജയറൺ കുറിച്ചു. ഒന്നാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ സഞ്ജു, രണ്ടാം ഇന്നിങ്സിൽ 53 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസോടെ പുറത്താകാതെ നിന്നു.
കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 11 റൺസിന്റെ ലീഡു നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു. ഇരു ടീമുകൾക്കും മുന്നോട്ടു പോകാൻ മൽസരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തിൽ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.
മൂന്നാം ദിനം ആദ്യ സെഷനിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച് ഒന്നാം ഇന്നിങ്സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഹിമാചലിനു ലീഡു സമ്മാനിച്ചത്. ചെറിയ ലീഡു കൈമുതലാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയർക്ക് ഋഷി ധവാൻ (96 പന്തിൽ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കൽസി (96 പന്തിൽ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. മൂന്നാം വിക്കറ്റിൽ കൽസി–ധവാൻ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം ഏറ്റവുമൊടുവിലാണ് ധവാൻ പുറത്തായത്.
ആങ്കുഷ് ബെയ്ൻസ് (21), ചോപ്ര (41), ഗാങ്ട (14), ജസ്വാൾ (പൂജ്യം), എ.ആർ. കുമാർ (21), ഡാഗർ (13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഹിമാചൽ താരങ്ങൾ. മികച്ച സ്കോർ നേടി കേരളത്തെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് അയയ്ക്കുന്നതിനായി ഏകദിന ശൈലിയിലാണ് ഹിമാചൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തത്. 52.1 ഓവറിൽ 5.46 റൺസ് ശരാശരിയിലാണ് അവർ 285 റൺസെടുത്തത്.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലായിരുന്ന ഹിമാചൽ പിന്നീട് കൂട്ടത്തോടെ തകരുകയായിരുന്നു. കേരളത്തിനായി സിജോമോൻ ജോസഫ് നാലും ബേസിൽ തമ്പി രണ്ടും സന്ദീപ് വാരിയർ, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധിഷിനു ഇക്കുറി വിക്കറ്റൊന്നും കിട്ടിയില്ല.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ, കെഎൽ രാഹുൽ എന്നിവർക്ക് ബിസിസിഐയുടെ കാരണംകാണിക്കൽ നോട്ടീസ്. കോഫി വിത്ത് കരണ് എന്ന ടിവി പരിപാടിയിൽ പാണ്ഡ്യ നടത്തിയ പരാമര്ശങ്ങളുടെ പേരിലാണ് നടപടി.
സ്വകാര്യ ജീവിതത്തെകുറിച്ചും ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന തരത്തിൽ വിമര്ശനമുയര്ന്നിരുന്നു. തുടർന്നാണ് ബിസിസിഐ ഇടപെടൽ. പരാമർശങ്ങളിൽ ഉടൻ വിശദീകരണം നൽകാനാണ് ബിസിസിഐ ആരാഞ്ഞിട്ടുള്ളത്.തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി നേരത്തെ പാണ്ഡ്യ ട്വിറ്ററിൽകുറിച്ചിരുന്നു.
ഈ വര്ഷത്തെ ഐപിഎൽ മത്സരങ്ങള് ഇന്ത്യയിൽ തന്നെ നടത്താന് തീരുമാനം. കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുമായി ബിസിസിഐ നടത്തിയ ചര്ച്ചയിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും മത്സരക്രമം പുറത്തിറക്കുക. മാര്ച്ച് 23ന് മത്സരങ്ങള് തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ വാര്ത്താക്കുറിപ്പില് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം ഐപിഎൽ വിദേശത്ത് നടത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യഘട്ടമത്സരങ്ങള് യുഎഇയിലും ആണ് നടത്തിയത്.
ഓസ്ട്രേലിയയില് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. സിഡ്നി ടെസ്റ്റ് മല്സരം സമനിലയില് അവസാനിച്ചു. മഴകാരണം അഞ്ചാം ദിനം കളിതടസപ്പെട്ടു. നാലുമല്സരങ്ങളുടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയില് ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര് പൂജാര പരമ്പരയിലെ താരം
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ റൺമലയ്ക്കു മീതെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ സിഡ്നിയിൽ ഇന്നലെ വീണ്ടും പെയ്തിറങ്ങി; അനിവാര്യമായ തോൽവിയിൽനിന്ന് ആതിഥേയരെ കരകയറ്റാനെന്നപോല!
മഴ മാറി മാനം തെളിഞ്ഞപ്പോൾ സൂര്യപ്രഭയോടെ ഉദിച്ചുയർന്ന കുൽദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനത്തിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് 300 റൺസിന് അവസാനിച്ചെങ്കിലും നാലാം ദിവസം അറുപതിലധികം ഓവറുകൾ നഷ്ടമായത് ഇന്ത്യൻ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി. 31 വർഷങ്ങൾക്കുശേഷം നാട്ടിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ ഇന്നലെ തിരിച്ചുകയറിയത്.
64 വർഷങ്ങൾക്കുശേഷമാണ് ഒരു ഇടംകയ്യൻ സ്പിന്നർ ഓസ്ട്രേലിയൻ മണ്ണിൽ 5 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. 1955ൽ 79റൺസിന് 5 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോണി വാർഡിലാണ് ആദ്യമായി നേട്ടത്തിലെത്തിയത്. ഇന്നലെ 99 റൺസിന് 5 വിക്കറ്റെടുത്ത കുൽദീപ് പട്ടികയിൽ സ്വന്തം പേരും ചേർത്തു. 31 വർഷങ്ങൾക്കുശേഷമാണ് ഓസീസ് നാട്ടിൽ ഫോളോ ഓൺ വഴങ്ങുന്നത്. 1988ൽ ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽത്തന്നെയാണ് ഓസീസ് നാട്ടിൽ അവസാനമായി ഫോളോ ഓൺ വഴങ്ങിയത്. ഇന്ത്യയ്ക്കെതിര 1986 സിഡ്നി ടെസ്റ്റിലും ഓസീസ് മുൻപു ഫോളോ ഓൺ വഴങ്ങിയിരുന്നു. 2 മൽസരങ്ങളും സമനിലയിലാണ് അവസാനിച്ചത്.