Sports

വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്ര സ്വർണവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച മേരി കോം, ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മുപ്പത്തഞ്ചുകാരിയായ മേരി കോം മാറി. ലോക ചാംപ്യൻഷിപ്പിലെ ഏഴാം മെഡൽ ഇടിച്ചിട്ട മേരി കോം മെഡലെണ്ണത്തിലും റെക്കോർഡിട്ടു.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.

57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ മെഡൽനേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി

ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്

2008 ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ്ങ് തല്ലിയ സംഭവത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി ശ്രീശാന്ത്. ഗ്രൗണ്ടിൽ പ്രകോപിതനായതാണ് എല്ലാത്തിനും കാരണം. അതിരുകടന്ന് പെരുമാറിയതും താൻ തന്നെയാണെന്ന് ശ്രീശാന്ത് പറയുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിനുത്തരമായാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

”ഞാൻ കിങ്സ് ഇലവൻ പഞ്ചാബ് താരവും ഭാജി മുംബൈ ഇന്ത്യൻ താരവുമായിരുന്നു. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹർഭജൻ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ മത്സരം മുംബൈ ഇന്ത്യൻസ് തോറ്റു. ഹർഭജൻ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താൻ ഹർഭജന്റെ അടുത്തെത്തി ‘നിർഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.

‘ആ മത്സരം ഞാൻ സീരിയസായി എടുത്തു. ഗ്രൗണ്ടിൽ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോൾ ഭാജിയുടെ അടുത്തുചെന്ന് കൈ തരാൻ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.’

‘അതൊരു തല്ലാണെന്നുപോലും പറയാൻ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടിൽ അവർ തോറ്റ് നിൽക്കുകയാണ്. ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാൻ കരഞ്ഞുപോയി.’–ശ്രീശാന്ത് പറഞ്ഞു

എന്നാൽ ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണെന്നും ശ്രീ പറഞ്ഞു. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഹർഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയതും ശ്രീശാന്ത് ഗ്രൗണ്ടിൽ നിന്ന് കരഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. മത്സരം തോറ്റ ഹർഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തൊ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാർത്തകൾ വന്നത്.

സിനിമയിലെ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ താത്പര്യമുള്ളതു പോലെ തന്നെയാണ് ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തിലും. ക്രിക്കറ്റ് താരപ്രമുഖരിൽ മുന്നിൽ തന്നെയാണ് എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും സ്ഥാനം. ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറയുന്നത് സാക്ഷിയുടെ 30-ാം പിറന്നാളാഘോഷ വാർത്തകളാണ്.

താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ക്രിക്കറ്റ് കാരം റോബിൻ ഉത്തപ്പയാണത്. ‘മഹിയും ഞാനും ഒരുമിക്കാൻ കാരണമായ ഈ മനുഷ്യന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതിൽ സന്തോഷം”, ഉത്തപ്പക്കും ഭാര്യ ശീതളിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും.

2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.മൂന്നു വയസുകാരി സിവയാണ് മകൾ.

 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ തകർത്ത് കേരളം. കളിയവസാനിപ്പിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

41 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്താണ് സക്സേന പുറത്തായത്. 12 റൺസുമായി അരുൺ കാർത്തിക്കും രണ്ട് റൺസെടുത്ത രോഹൻ പ്രേമും പുറത്താകാതെ നിന്നു.

144 റൺസ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 184 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ എറിഞ്ഞുവീഴ്ത്തിയത്.

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ വക വൻ പ്രതിഷേധം. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് താരം പറഞ്ഞതോടെയാണ് പേജിൽ ആക്രമണം തുടങ്ങിയത്.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്‍റെ അസൂയ, സംസ്കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്‍റുകള്‍ നീണ്ട് പോകുന്നു.

ആക്രമണം അസഹ്യമായതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവിടുത്തെ സംസ്കാരം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും താരം നിലപാട് മാറ്റി. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ആക്രമണം.

ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.

യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

 

സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്.

ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍ ജലരാജാവായത്. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടന്‍ നെഹ്രു ട്രോഫി നേടുന്നത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം.

യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്

ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക ഗാനം ഇറങ്ങുന്നത്. യുവസംഗീത സംവിധായകനായ ഗൗതം വിന്‍സെന്റിന്റെ രണ്ടാമത്തെ വള്ളംകളി പാട്ടാണ് ആര്‍പ്പോ. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മനോഹരമായ വരികളില്‍ പാട്ടിന്റെ ആവശേം നിറയ്ക്കുന്നു

കുട്ടനാടന്‍ ജനത നാളെ നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെത്തും. മഹാപ്രളയത്തില്‍ നാടൊന്നാകെ മുങ്ങിയതിനാല്‍ മൂന്നുമാസം വൈകിയാണ് ജലമാമാങ്കം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുമാണ് മുഖ്യാതിഥികള്‍

തുഴയെറിയാന്‍ വൈകിയെങ്കിലും ചരിത്രത്തിലേക്ക് തുഴഞ്ഞാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മല്‍സരിക്കുന്ന വര്‍ഷമാണിത്. 81 വള്ളങ്ങള്‍ പുന്നമടയില്‍ ചീറിപായും. പരിശീലന തുഴച്ചിലുകള്‍ മിക്ക ബോട്ട് ക്ലബുകളും പൂര്‍ത്തിയാക്കി. ഇത്തവണ ആദ്യമായി കേരളപൊലീസ് പ്രത്യേക ടീമായി ഇറങ്ങുന്നുണ്ട്

സര്‍വസങ്കടങ്ങളും മറന്ന് കുട്ടനാട്ടുകാര്‍ പുന്നമടക്കായലിന്റെ തീരങ്ങളിലുണ്ട്. 25 ചുണ്ടനുകളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ചുണ്ടനുകളുടേത് പ്രദര്‍ശന മല്‍സരം മാത്രമാണ്. മല്‍സരം മാറ്റിവച്ചതിനാല്‍ ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവ് ഇക്കുറിയുണ്ട്

ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്. കോഹ്‌ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകൾ ആണെന്നായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. കിങ് കോഹ്‌ലി കിങ്ങായി തന്നെ തുടരണമെങ്കിൽ ചിന്തിച്ചിട്ടു മാത്രം സംസാരിക്കു. സിദ്ധാർത്ഥ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ നായകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായി പോയി. കോഹ്‌ലിയുടെ സ്ഥാനത്ത് രാഹുൽ ദ്രാവിഡ് ആണെങ്കിൽ എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയെന്ന് ചിന്തിച്ചു മാത്രം ഭാവിയിൽ സംസാരിക്കു… സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

രണ്ട് വർഷം മുമ്പ് ഓസ്ടേലിയൻ ഓപ്പൺ വിജയിച്ച ആഞ്ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്‌ലി ഇട്ട പോസ്റ്റും ആരാധകർ കുത്തിപ്പൊക്കി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങൾ എന്ന കോഹ്‌ലിയുടെ ട്വീറ്റിന് താഴെ അതെന്താ ഇന്ത്യയിൽ വനിതാ ടെന്നീസ് താരങ്ങൾ ഇല്ലേ. അതെന്താ നിങ്ങൾക്ക് സാനിയ മിർസയെ ഇഷ്ടപ്പെട്ടാൽ. നിങ്ങൾ ജർമ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത് എന്നും ആരാധകർ പറയുന്നു.

തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്. 30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്‌ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.

ഇതു വായിച്ച കോഹ്‌ലി ‘‘ഓകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്…’’ എന്നിങ്ങനെ പ്രതികരിച്ചു. കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കോഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകർ പോലും അംഗീകരിച്ച മട്ടില്ല.

ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേർക്കുന്നുണ്ട് ചിലർ. കോഹ്‌ലി അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരല്ലാത്ത തന്റെ ഫാൻസ് മുഴുവൻ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്‌ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാൾ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലർ കോഹ്‌ലിയെ പഠിപ്പിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved