സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കൃത്യം പന്ത്രണ്ട് കൊല്ലത്തിനും ആറു ദിവസത്തിനുംശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.
അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ സാമ്വൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.
ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലൻ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്.
നാഡർ ചാഡ്ലിയുടെ ഒരു കോർണറിനുശേഷം ആല്‍ഡര്‍വയ്റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണർ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തിൽ ലോറിസിന്റെ കൈയിൽ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. യുറഗ്വായ്ക്കെതിരായ ക്വാർട്ടർഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.
ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു.
ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽ ചാമ്പ്യന്മരായി. 2006ൽ റണ്ണറപ്പുകളും. ഇംഗ്ലണ്ട്-ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.
തന്ത്രശാലികളായ പരിശീലകര്‍ ഏറ്റുമുട്ടുന്ന പോരാട്ടമായിരിക്കും ഫ്രാന്‍സ് – ബെല്‍ജിയം സെമിഫൈനല്‍. ബെല്‍ജിയത്തിന്റെ സഹപരിശീലകനായ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍റി കളിമെനയേണ്ടത് സ്വന്തം രാജ്യത്തിനെതിരെ.
റോബര്‍ട്ടോ മാര്‍ട്ടീനസ്… ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിപഠിപ്പിച്ച തന്ത്രശാലി. ഇംഗ്ലണ്ടിലെ വമ്പന്‍ ക്ലബുകള്‍ ഭയക്കുന്ന നീക്കങ്ങള്‍ നടത്താന്‍ എവര്‍ട്ടനെ സജ്ജമാക്കി ഫുട്ബോളില്‍ വിട്ടുവീഴ്ച ഇഷ്ടപ്പെടാത്ത ഈ സ്പെയിന്‍കാരന്‍. ക്ലബ് ഫുട്ബോളിന്റെ അമരത്തുനിന്നെത്തിയത് ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയെ കളിപഠിപ്പിക്കാന്‍. എതിരാളികളുടെ നീക്കങ്ങള്‍ക്കനുസരിച്ച് കളിമെനയുന്ന മാര്‍ട്ടീനസിന്റെ തന്ത്രമാണ് ബെല്‍ജിയത്തിനെ സെമിയിലെത്തിച്ചത്. ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ മാര്‍ട്ടീനസിന്റെ സഹപരിശീലകന്‍ തിയറി ഒന്‍റിക്ക് സ്വന്തം രാജ്യത്തിനെതിരെ ബെല്‍ജിയം മുന്നേറ്റനിരയെ ഒരുക്കണം. മാര്‍ട്ടീനസും ഒന്‍റിയും തന്ത്രങ്ങളൊരുക്കേണ്ടത് ദിദിയര്‍ ദെഷാംസിനെതിരെ. ദെഷാംസും ഒന്‍റിയും ഒരുമിച്ച് കളത്തിലറങ്ങിയപ്പോഴൊന്നും ഫ്രാന്‍സ് തോറ്റിട്ടില്ല എന്നത് ചരിത്രം. റഷ്യയില്‍ ബെല്‍ജിയത്തിനോ ഫ്രാന്‍സിനോ ഫൈനലിലെത്തണമെങ്കില്‍ ഒരു ഫ്രഞ്ചുകാരന്റെ തോല്‍വി അനിവാര്യം
ലോകകപ്പിന് ഇത്തവണ പുതിയ അവകാശികള്‍ ഉണ്ടാകുമെങ്കില്‍ അത് ബെല്‍ജിയമാണ്. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ടീം. കന്നികിരീടമാണ് റെഡ് ഡെവിള്‍സിന്റെ ലക്ഷ്യം.
ലോകത്തെ മൂന്നാം നമ്പര്‍ ടീമായിട്ടും കറുത്ത കുതിരകളെന്ന വിശേഷണമായിരുന്നു ബെല്‍ജിയത്തിനുമേല്‍ ചാര്‍ത്തപ്പെട്ടത്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായി അംഗീകരിക്കാന്‍ കളി വിദഗ്ധര്‍ക്ക് പോലും എന്തോ ഒരുമടി. അതിന് പല കാരണങ്ങളുണ്ട്. 1930ലെ പ്രഥമ ലോകകപ്പ് മുതല്‍ കളിക്കളത്തിലെ സാന്നിധ്യമാണ്. അഞ്ചുതവണ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1986 ലോകകപ്പ് മാത്രമാണ് ബെല്‍ജിയം ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇടംനേടിയത്. പക്ഷെ ആ ലോകകപ്പ് മറഡോണയുടെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു. സെമിയില്‍ അതേ മറഡോണയാണ് റെഡ് ഡെവിള്‍സിന്റെ വഴിയടച്ചതും. ആ തോല്‍വി ബെല്‍ജിയം ഫുട്ബോളിലെ വിസ്മൃതിയിലാക്കി. പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്. 2006ലും 2010ലും യോഗ്യത പോലും നേടിയില്ല. ആ വര്‍ഷങ്ങളില്‍ ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ബെല്‍ജിയം. 2014ല്‍ ബ്രസീലില്‍ അവതരിച്ചത് ആ ഗോള്‍ഡണ്‍ ജനറേഷനാണ്. പക്ഷെ 1986ല്‍ മറഡോണയുടെ അര്‍ജന്റീന സെമിയില്‍ വഴിതടഞ്ഞെങ്കില്‍ 2014ല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ചെകുത്താന്മാരുടെ കഥകഴിച്ചു. ഈ കണക്കുകളെല്ലാം മനസ്സിലിട്ടാണ് റഷ്യയിലെത്തിയത്. അര്‍ജന്റീനയെ വീഴ്ത്തിയ ഫ്രാന്‍സിന് മുന്നിലേയ്ക്കാണ് ഇനി. രണ്ട് മല്‍സരംകൂടി ജയിച്ചാല്‍ കന്നികിരീടമെന്ന സ്വപ്നം പൂവണിയും.
യുവത്വത്തിന്റെ കരുത്തില്‍ സെമിയിലെത്തിയ ഫ്രാന്‍സിന് രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ഉയര്‍ത്തലാണ് ലക്ഷ്യം. 1998ല്‍ ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായ ദെഷാംസ് പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ പ്രതീക്ഷയും വര്‍ധിക്കുന്നു. അവസാന നാലിലെ ടീമുകളില്‍ മികച്ച പ്രതിരോധമുള്ളതും ഫ്രാന്‍സിനാണ്
ലോകകപ്പിന് മുന്‍പ് കളിയെഴുത്തുകാര്‍ കിരീട സാധ്യത കല്‍പിച്ച ടീമുകളില്‍ അവശേഷിക്കുന്നത് ഫ്രാന്‍സ് മാത്രം. യുവത്വവും പ്രതിഭാ ധാരാളിത്തവും ഒത്തുചേര്‍ന്ന നിരയാണ് ഫ്രഞ്ച് പടയുടെ കരുത്ത്. കുഞ്ഞന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍ പന്തുതട്ടിയ ഫ്രാന്‍സ് തട്ടുകേടില്ലാതെ ഗ്രൂപ്പ് ഘട്ടം മറികടക്കാനാണ് ഫ്രാന്‍സിന്റെ വിശ്വരൂപം പിന്നീട് ലോകം കണ്ടത് പ്രീക്വാര്‍ട്ടറില്‍. പ്രായം തളര്‍ത്തിയ അര്‍ജന്റീന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെപ്പോളിയന്റെ നാട്ടുകാര്‍ മെസിപ്പടയെ നാട്ടിലേക്കയച്ചു. ഫ്രാന്‍സ് എഞ്ചിന്റെ കരുത്ത് ലോകം അന്നാണ് കണ്ടത്.
ക്വാര്‍ട്ടറില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യം ദെഷാംസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ടൂര്‍ണമെന്റിലെ സന്തുലിത ടീമായ യുറഗ്വായ്‌യെ ലോറിസും കൂട്ടരും തോല്‍പിച്ചത് മധ്യനിരയുടെ കരുത്ത് കൊണ്ട്.
മികച്ച മധ്യനിരയും മുന്നേറ്റവുമുണ്ടെങ്കിലും ഫ്രഞ്ച് പാളയത്തിലെ കരുത്ത് പ്രതിരോധത്തിലാണ്. ഉംറ്റിറ്റിയും വരാനെയും പവാര്‍ഡുടമടങ്ങുന്ന ഡിഫന്‍സ് ഇതുവരെ 56 ഇന്റര്‍സെപ്ഷനും 134 ക്ലിയറന്‍സും നടത്തി. അതിനാല്‍ ലുക്കാകു ഡിബ്രൂയിനെ ഹസാര്‍ഡ് ത്രയം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നന്നേ വിയര്‍ക്കും. രണ്ട് യൂറോപ്യന്‍ കരുത്തര്‍ നേര്‍ക്ക്നേര്‍ വരുമ്പോള്‍ കുമ്മായവരയ്ക്ക് പുറത്തെ രണ്ട് ബുദ്ധിശാലികളുടെ കളിയാകും ഫ്രാന്‍സ് ബെല്‍ജിയം മല്‍സരം
98ല്‍ കിരീടം നേടിയ ദെഷാംസ് ഇത്തവയണ പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കനകക്കിരീടം പാരീസിലെത്തുമെന്നാണ്
പ്രാത്ഥനകൾ വിഫലമായില്ല, ലോകം കണ്ണിമചിമ്മാതെ കാത്തുനിന്ന രാപ്പകലുകള്‍ക്കൊടുവില്‍ തായ്്ലന്‍ഡ് ഗുഹയിലെ രക്ഷാദൗത്യം വിജയിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷിച്ചത്. ജൂണ്‍ 23നാണ് കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. നാലുദിവസം നീണ്ട രക്ഷാദൗത്യമാണ് ലോകം മുഴുവന്‍ നീണ്ട പ്രാര്‍ഥനകള്‍ക്ക് ഒടുവില്‍ പൂര്‍ത്തിയായത്. കുട്ടികളും കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ചരിത്രമെഴുതി ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സന്നദ്ധ പ്രവര്‍ത്തകന്‍ സങ്കടപ്പൊട്ടായി ബാക്കിയാകുന്നു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായിരുന്നു ശ്രമം. അതാണ് വിജയം കാണുന്നത്.
അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.
രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.
ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി2 ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. രോഹിത് ശർമയുടെ സെഞ്ചുറി മികവിലാണ് ടീം ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. മൂന്ന് മൽസരങ്ങളുടെ പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.
ഒാപ്പണർ ശിഖർ ധവാനെ(5) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ രോഹിതിനൊപ്പം ചേർന്ന നായകൻ കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രോഹിത് പുറത്താവാതെ 56 പന്തിൽ 100 (11 ഫോറും, 5 സിക്സും) റൺസെടുത്തു. 29 പന്തിൽ 43 റൺെസടുത്ത കോഹ്‌ലിയെ ജോർദാൻ പുറത്താക്കി. 19 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റ് ജേക്കബ് ബാളിനാണ്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയിയുടെ (31 പന്തിൽ നാലു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെ 67 റൺസ്) പ്രകടനമാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബോളർമാരെല്ലാം നാല് ഓവറിൽ മുപ്പതിലേറെ റൺസ് വഴങ്ങി. നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ഏറ്റവും വലിയ ‘തല്ലുകൊള്ളി’. അതേസമയം, ഒരു റണ്ണൗട്ട് ഉൾപ്പെടെ ഇംഗ്ലണ്ട് നിരയിലെ ആറു പേരുടെ പുറത്താകലിൽ പങ്കാളിയായ ധോണിയുടെ പ്രകടനം ശ്രദ്ധ നേടി.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, കളത്തിൽ നിയന്ത്രണം പിടിച്ച ഇംഗ്ലണ്ട് ഓപ്പണർമാർ വഴിപിരിഞ്ഞത് സ്കോർ ബോർഡിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷം. വെറും 47 പന്തിലാണ് ഇംഗ്ലിഷ് ഓപ്പണർമാർ 94 റൺസെടുത്തത്.
അനായാസം സെഞ്ചുറി കൂട്ടുകെട്ടിലേക്ക് നീങ്ങിയ സഖ്യം പൊളിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത് ഭുവനേശ്വർ കുമാറിനു പകരം ടീമിൽ ഇടം കണ്ടെത്തിയ സിദ്ധാർഥ് കൗൾ. 21 പന്തിൽ ഏഴു ബൗണ്ടറികളോടെ 34 റൺസെടുത്ത ജോസ് ബട്‍ലറിനെ കൗൾ ക്ലീൻബൗൾഡാക്കി. സ്കോർ 103ൽ എത്തിയപ്പോൾ ജേസൺ റോയിയും വീണു. 31 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 67 റൺസെടുത്ത റോയിയെ ചഹാർ മടക്കി.
മൂന്നാമനായി ക്രീസിലെത്തിയ അലക്സ് ഹെയ്‌ൽസ് 24 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 30 റൺസെടുത്തു. ഹെയിൽസ്‍ ഉൾപ്പെടെ നാലു പേരെ മടക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഹെയിൽസിനെയും പിന്നാലെ ക്യാപ്റ്റൻ ഒയിൻ മോർഗനെയും (ഒൻപതു പന്തിൽ ആറ്) ധോണിയുെട കൈകളിലെത്തിച്ച പാണ്ഡ്യ, ബെൻ സ്റ്റോക്സ് (10 പന്തിൽ 14), ജോണി ബെയർസ്റ്റോ (14 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 25) എന്നിവരെയും പുറത്താക്കി.
അവസാന ഓവറുകളിൽ കൂറ്റനടിക്കു ശ്രമിച്ച് ഡേവിഡ് വില്ലി (രണ്ടു പന്തിൽ ഒന്ന്), ലിയാം പ്ലങ്കറ്റ് (നാലു പന്തിൽ ഒൻപത്) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് സ്കോർ 198ൽ ഒതുങ്ങി. ക്രിസ് ജോർദാൻ (മൂന്നു പന്തിൽ മൂന്നു റൺസ്) അവസാന പന്തിൽ റണ്ണൗട്ടായി. ആദിൽ റഷീദ് (മൂന്നു പന്തിൽ നാലു റൺസ്) പുറത്താകാതെ നിന്നു.
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച്, കെയ് നിഷികോരി എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. ജോക്കോവിച്ച് 4-6, 6-3, 6-2, 6-4ന് എഡ്മണ്ടിനെയും നിഷികോരി 6-1, 7-6 (7-3), 6-4ന് നിക് കിര്ഗിയോസിനെയും പരാജയപ്പെടുത്തി. സ്വരേവിനെ ഏണറ്റ്സ് ഗുൽബിസ് അട്ടിമറിച്ചു
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ടീം വഴിയില്‍ വീണു പോകുന്നത് സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകം കണ്ടത്. സാംബാ താളവുമായി ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ സങ്കടക്കടലിലായി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൂപ്പര്‍ താരം നെയ്മറിന്റെ കണ്ണീര് വീണ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകം അത്രവേഗമൊന്നും മറക്കാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് വലിയ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായാണ് നെയ്മര്‍ ടീമിലെത്തിയത്. എങ്കിലും ഉഗ്രന്‍ പ്രകടനവുമായി നെയ്മറും കൂട്ടരും ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു.
എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീര്‍ പൊഴിക്കുന്ന നെയ്മര്‍ ഈ ലോകകപ്പിലെ നോവായി മാറി. ഒരു ജനതയുടെ മൊത്തം പ്രതീക്ഷകള്‍ പേറി വന്ന 26 കാരന്‍ ഗ്രൗണ്ടില്‍ കരഞ്ഞുനിന്നപ്പോള്‍ ആശ്വാസമായി എത്തിയ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയോട് ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല.
കരഞ്ഞു നില്‍ക്കുന്ന നെയ്മറിന്റെ അടുത്തെത്തിയ ബെല്‍ജിയം സഹ പരിശീലകന്‍ കൂടിയായ ഹെന്റി നെയ്മറിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹെന്‍ റിക്ക് പുറമെ ബെല്‍ജിയം സൂപ്പര്‍ താരം ഹസാര്‍ഡും നെയ്മറിനെ ആശ്വസിപ്പിക്കുന്നുണ്ട്.
ആതിഥേയരായ റഷ്യയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ പെനാല്‍റ്റിയിലാണ് ക്രൊയേഷ്യ 20 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടിയത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതാണ് കളി അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത റഷ്യയ്‌ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.
വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.
എന്നാല്‍ 39ാം മി്‌നുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്ന ക്രൊയേഷ്യയ്‌ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് തന്ത്രമാണ് റഷ്യ പയറ്റിയത്്. ഇതോടെ, ബുധനാഴ്ച നടക്കുന്ന സെമി രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷ്യ മാറ്റുരയ്ക്കും.
വടക്കൻ തായ്ലൻഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. ഗുഹയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും.
ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
കാല്‍പ്പന്തിന്റെ ലോകവേദിയില്‍ പട്ടാഭിഷേകത്തിന് ഒരുങ്ങി എട്ടുടീമുകള്‍. റഷ്യയുടെ വിപ്ലവമണ്ണില്‍ നിന്ന് ഒരു പുതുചാംപ്യന്‍ ഉണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. നാലു ടീമുകള്‍ ഒരിക്കലെങ്കിലും കിരീടവും ചെങ്കോലും ഏന്തിയവരാണെങ്കില്‍ നാലുപേര്‍ സിംഹാസനത്തിന്റെ അടുത്ത് എത്താവരാണ്. ബ്രസീല്‍, ഫ്രാന്‍സ്, യുറഗ്വായ്, ഇംഗ്ലണ്ട് എന്നീ കിരീടധാരികള്‍ക്കൊപ്പം സിംഹാസനം ലക്ഷ്യമാക്കി പോരാട്ടത്തിന് ഇറങ്ങുന്നത് ബെല്‍ജിയം, സ്വീഡന്‍,റഷ്യ, ക്രൊയേഷ്യ എന്നീ ടീമുകള്‍. അവസാന എട്ടിലെപ്പോര് ഓരോ സെക്കന്‍ഡിലും ആവേശംകൂടും.
ബ്രസീല്‍ X ബെല്‍ജിയം
ഈ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ഏറ്റവും അധികം ആക്രമണം അഴിച്ചുവിട്ട രണ്ടു ടീമുകളാണ് ബ്രസീലും ബെല്‍ജിയയവും. ബെല്‍ജിയം ഗോളിലേക്ക് 30 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ബ്രസീല്‍ 29 തവണ എതിരാളിയുടെ വലയിലേക്ക് നിറയൊഴിച്ചു. ഗോള്‍ അടിക്കുന്നതില്‍ ബ്രസീലിലും മുമ്പില്‍ ബെല്‍ജിയമാണ്. എന്നാല്‍ ഗോള്‍ വഴങ്ങുന്നതില്‍ ഈ ജാഗ്രത ബെല്‍ജിയത്തിനുണ്ടായില്ല. ബെല്‍ജിയത്തിന്റെ മുന്നേറ്റനിരയെ ബ്രസീല്‍ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും മല്‍സരത്തിന്റെ ഗതി.
ഏഴുഗോളടിച്ച ബ്രസീല്‍ ഒന്നുമാത്രമാണ് വഴങ്ങിയത്. ഏഡന്‍ ഹസാര്‍ഡും ഡിബ്രൂയനും ഒരുക്കുന്ന വഴികളിലൂടെ പായുന്ന ലുക്കാക്കുവിനെ പിടിച്ചുകെട്ടാന്‍ സില്‍വയും മിറാന്‍ഡയും മാഴ്സെലോയും അടങ്ങുന്ന സഖ്യത്തിന് കഴിഞ്ഞാല്‍ കളി സാംബാബോയ്സിന്റെ വരുതിയിലാവും. എതിരാളിയുടെ പോര്‍മുഖത്തേക്ക് കുതിക്കുമ്പോള്‍ പ്രതിരോധക്കോട്ടയിലെ വാതിലുകള്‍ തുറന്നിടുന്ന ബെല്‍ജിയത്തിന് നെയ്മര്‍, കുടീഞ്ഞോ, വില്യന്‍ എന്നിവരുടെ വേഗവും പാസും പ്രശ്നമാകും. ജപ്പാന്റെ വേഗക്കാറ്റില്‍ ബെല്‍ജിയന്‍ കോട്ടയുടെ ശക്തിക്ഷയം കണ്ടതാണ്. പാസുകളിലെ കൃത്യത ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നു.
ഫ്രാന്‍സ് X യുറഗ്വായ്
ഫ്രാന്‍സിന്റെ മുന്നണിപ്പോരാളികളെയും അവരുടെ വേഗത്തെയും യുറഗ്വായ് പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാവും ഈ മല്‍സരത്തിന്റെ സാധ്യത. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും വേഗത്തെ നേരിടാന്‍, കളിയുടെ വേഗം കുറയ്ക്കാനും പന്തിന്റെ നിയന്ത്രണം കൈവശമാക്കാനും ആയിരിക്കും ലാറ്റിനമേരിക്കന്‍ ടീമിന്റെ ശ്രമം. കവാനിയുമായുള്ള ഈഗോയില്‍ സുവാരസ് വിട്ടുവീഴ്ച ചെയ്യുന്നതാണ് പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ കണ്ടത്. എന്നാല്‍ കവാനിയുടെയും സുവാരസിന്റെയും പരുക്ക് ടീമിന്റെ ആക്രമണത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.
കവാനി കളിക്കെല്ലന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. ഓരോ പൊസിസഷനിലും പ്രതിഭകളെക്കൊണ്ട് നിറഞ്ഞ ഫ്രഞ്ച് പട ഈ ലോകകപ്പില്‍ ഇതുവരെ തോറ്റട്ടില്ല, പക്ഷെ ആ മികവിനൊത്ത പ്രകടനം പുറത്തേക്ക് എടുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിട്ടില്ല. ഗോളടിക്കുന്നതില്‍ ഇരുടീമും മികച്ചുനില്‍ക്കുമ്പോള്‍ ഗോള്‍ വഴങ്ങുന്നതില്‍ ഫ്രാന്‍സിന് ജാഗ്രതയില്ല.
ഇംഗ്ലണ്ട് X സ്വീഡന്‍
റഷ്യയിലേക്കുള്ള യാത്രയില്‍ ഇറ്റലിയെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയാണ് സ്വീഡന്‍ വന്നത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്തി. 1994നുശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍ഫൈനലിനെത്തിയ സ്വീഡന്റെ ശക്തി മനോബലമാണ്. നല്ലൊരു സ്ട്രൈക്കര്‍ ഇല്ലാത്ത സ്വീഡന്റെ കരുത്ത് പ്രതിരോധത്തിലാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആ ശക്തി കണ്ടു. ഗോളിലേക്കുള്ള ഷോട്ട് അടിക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ ഒപ്പമല്ല. പാസുകള്‍ തീര്‍ക്കുന്നതിലും സ്വീഡന്‍ പിന്നില്‍ത്തന്നെ. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന യുവനിരയുമായിട്ട് എത്തിയ ഇംഗ്ലണ്ട് മുമ്പെങ്ങുമില്ലാത്ത വിധം ഒരുങ്ങിയിട്ടുണ്ട് പട്ടാഭിഷേകത്തിന്.
ഹാരി കെയ്ന്‍ എന്ന ലക്ഷണമൊത്ത സ്്ട്രൈക്കറാണ് കരുത്ത്. ഗോള്‍വര്‍ഷിക്കുന്നതിലും പാസുകള്‍തീര്‍ത്ത് കളിയില്‍ ആധിപത്യം നേടുന്നതിലും ഇംഗ്ലണ്ടാണ് മുന്നില്‍. സ്വീഡന്റെ മനോശക്തിയെ നേരിടുന്നതിനെ ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ സാധ്യത.
റഷ്യ X ക്രൊയേഷ്യ
ഒരുപാട് റെക്കോര്‍ഡുകള്‍ കണ്ട ലോകകപ്പില്‍ മറ്റൊരുറെക്കോര്‍ഡിനുള്ള തയാറെടുപ്പിലാണ് റഷ്യയും ക്രൊയേഷ്യയും. സ്വീഡനെപ്പോലെ മനക്കരുത്തുള്ള ടീമാണ് റഷ്യയും. ഒപ്പം സ്വന്തംനാട്ടുകാരില്‍ നിന്ന് കിട്ടുന്ന പിന്തുണയും അവര്‍ക്ക് ഊര്‍ജമാകുന്നു. റഷ്യയെക്കാള്‍ ആക്രമിച്ചുകളിക്കുന്നതും മധ്യനിരയില്‍ തന്ത്രങ്ങള്‍ക്ക് ആസൂത്രണം നല്‍കുന്നതും ക്രൊയേഷ്യയാണ്. പാസുകളിലെ കൃത്യതയും ക്രൊയേഷ്യയ്ക്ക് ആതിഥേയരെ മറികടക്കാനുള്ള കരുത്ത് പകരുന്നു.
വടക്കന്‍ തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.
ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.
1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.