Sports

ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇറാനെ 6-2ന് വീഴ്ത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈ ആവേശം ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലും പ്രകടമാണ്. ഇംഗ്ലണ്ടിന്റെ കളിയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നെങ്കിലും ടിക്കറ്റുകള്‍ പുനര്‍വില്‍പനയ്ക്ക് വയ്ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോഴും ലഭ്യമാണ്.

ഇത്തരം കമ്പനികള്‍ കോടികളാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. ഇത്തരത്തിലൊരു സൈറ്റായ ടിക്കോംബോയില്‍ ഒരു ടിക്കറ്റ് വാങ്ങണമെങ്കില്‍ രണ്ടരലക്ഷം രൂപ മുടക്കേണ്ടി വരും. ഇത്തരത്തില്‍ 500 ടിക്കറ്റുകള്‍ തങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോടികള്‍ സമ്പാദിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം നേടിയതോടെ ആരാധകരും ആവേശത്തിലാണ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലും ഇംഗ്ലണ്ട് ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ടിക്കറ്റിന് വലിയ ഡിമാന്റ് ഉണ്ടാകാന്‍ കാരണം. നിരവധി ഇംഗ്ലീഷ് ആരാധകര്‍ ടിക്കറ്റില്ലാതെ ഖത്തറില്‍ എത്തിയിട്ടുണ്ട്.

എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടിയാല്‍ സ്റ്റേഡിയത്തിലെത്തി കാണണം ഇല്ലെങ്കില്‍ ഫാന്‍ പാര്‍ക്കുകളില്‍ കളി കണ്ട് ആവേശത്തില്‍ പങ്കുചേരണമെന്ന ആവേശമാണ് പലരെയും ഖത്തറിലെത്തിക്കുന്നത്. അതേസമയം, ഇത്തരത്തില്‍ വ്യാജ സൈറ്റുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയാല്‍ പണം പോയേക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

ജർമ്മനിയെ 2-1 ന് തോൽപ്പിച്ച് ജപ്പാൻ, ഹാൻസി ഫ്ലിക്കിന്റെ ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് ഓപ്പണിംഗ് തോൽവി ഏറ്റുവാങ്ങി.രണ്ടാം പകുതിയിൽ പകരക്കാരായ റിറ്റ്‌സു ഡോനും തകുമ അസാനോയും നേടിയ ഗോളുകൾ ജപ്പാൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അവിസ്മരണീയ വിജയം നേടി.

ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ദിവസവും അട്ടിമറി. ഗ്രൂപ്പ് സിയിൽ അർജൻറീനയോട് സൗദി അറോബ്യ പരാജയപ്പെട്ടതിന് പിന്നാലെ ജർമ്മനിക്ക് ജപ്പാനോട് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻെറ വിജയം. മത്സരത്തിൻെറ ഒന്നാം പകുതിയിൽ ജർമ്മനിയാണ് ആദ്യഗോൾ നേടിയത്. ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽട്ടി ബോക്സിൽ ഫൌൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയിൽ നിന്നാണ് ഗോൾ പിറന്നത്. 33ാം മിനിറ്റിൽ ഗുണ്ടോഗനാണ് ടീമിനായി ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൻെറ 75ാം മിനിറ്റ് വരെ ലീഡ് നിലനിർത്താൻ ജർമ്മനിക്ക് സാധിച്ചു. ഒന്നാം പകുതിയിൽ നിരവധി അവസരങ്ങൾ അവർ മെനഞ്ഞെടുത്തെങ്കിലും പലതും പെനാൽട്ടി ബോക്സിന് മുകളിലൂടെ പറന്നു.

രണ്ടാം പകുതിയിലാണ് ജപ്പാൻ രണ്ട് ഗോളുകളും പിറന്നത്. 75ാം മിനിറ്റിൽ റിറ്റ്സു ഡോവാനാണ് ജപ്പാന് വേണ്ടി ആദ്യം ഗോൾവല കുലുക്കിയത്. ടക്കുമോ അസാനോ 83ാം മിനിറ്റിൽ ടീമിനായി രണ്ടാം ഗോളും നേടി. ആദ്യപകുതി മുഴുവൻ ജർമ്മനിയുടെ ആക്രമണങ്ങളാണ് നിറഞ്ഞ് നിന്നത്. എന്നാൽ ഗോളടിക്കാൻ മാത്രം അവർക്ക് സാധിച്ചില്ല. പ്രത്യാക്രമണങ്ങൾ കൊണ്ട് ജപ്പാൻ ജർമ്മനിയെ ഇടയ്ക്ക് ഞെട്ടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം മാറിമറിഞ്ഞു. കിട്ടിയ അവസരങ്ങളിൽ ജപ്പാൻ മുന്നോട്ട് കുതിച്ചു. നാല് തവണ ലോകകിരീടം നേടിയ ജർമ്മനിയെയാണ് ജപ്പാൻ പരാജയപ്പെടുത്തിയത്.

സൗദി അറേബ്യയോട് അനായാസ ജയം പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീന അപ്രതീക്ഷ തോല്‍വി വഴങ്ങിയത് ആഘോഷമാക്കി ട്രോളന്‍മാര്‍.

പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് തിരക്കഥയായി. ഒട്ടും പ്രതീക്ഷിക്കാതെ അര്‍ജന്റീന തോറ്റതോടെ ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ആവേശമാകുകയും ചെയ്തു.

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പിടിച്ചുകെട്ടിയത്. ലയണല്‍ മെസിയിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീനയെ തുടര്‍ച്ചയായി രണ്ട് ഗോളുകളിലൂടെ സൗദി ഞെട്ടിച്ചു. 1974 നുശേഷം ആദ്യമാണ് അര്‍ജന്റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്. കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്റീനയുടെ തോല്‍വി.

അവിസ്മരണീയ വിടവാങ്ങല്‍ മോഹിച്ച് കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണല്‍ മെസിക്ക് കണ്ണീരണിഞ്ഞ തുടക്കം. സൗദി അറേബ്യയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങിയാണ് ഈ ലോകകപ്പില്‍ അര്‍ജന്റീന തുടങ്ങിയിരിക്കുന്നത്. അര്‍ജന്റീനയുടെ തേരോട്ടം കാണാന്‍ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം.

ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനാല്‍ട്ടി ഗോളില്‍ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ അര്‍ജന്റീനയുടെ വലയില്‍ നിക്ഷേപിച്ചതോടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചാണ് സൗദി വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിപ്പോയ സൗദി രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകളാണ് തിരിച്ചടിച്ചത്.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ ലയണല്‍ മെസി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ അര്‍ജന്റീനയുടെ ഗോള്‍ ശ്രമങ്ങളെ ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി അധികം ഗോളുകള്‍ വഴങ്ങാതെയാണ് സൗദി കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ അര്‍ജന്റീനയുടെ പ്രതിരോധം ആടിയുലഞ്ഞു.

ലോകകപ്പ് വേദികളില്‍ സമീപകാലത്തായി പിന്തുടരുന്ന ദൗര്‍ഭാഗ്യം ഖത്തറിലും അര്‍ജന്റീനയെ പിടികൂടിയിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ അര്‍ജന്റീന പിന്നീട് ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായി. 1994ന് ശേഷം ആദ്യമായാണ് അന്ന് അര്‍ജന്റീന ഒരു ലോകകപ്പില്‍ രണ്ട് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനുട്ട് മുതല്‍ സൗദി ഗോള്‍മുഖം ആക്രമിച്ച അര്‍ജന്റീനയ്ക്ക് ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനല്‍ട്ടി. സൗദി ബോക്‌സിനുള്ളില്‍ അര്‍ജന്റീന സമ്മര്‍ദം ശക്തമാക്കിയതോടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേദസിനെ സൗദിയുടെ അല്‍ ബുലയാഹി വീഴ്ത്തി. തുടര്‍ന്ന് വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ റഫറി അര്‍ജന്റീനയ്ക്ക് പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-0.

തുടര്‍ന്ന് മധ്യനിരയില്‍ മാത്രമൊതുങ്ങിയ കളി രണ്ടാം പകുതിയിലാണ് ചൂടുപിടിച്ചത്. 48ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ആരാധകരുടെ മനസില്‍ തീ കോരിയിട്ട് സൗദി ആദ്യ ഗോള്‍ നേടി. ഫെറാസ് അല്‍ ബ്രീകന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് അര്‍ജന്റീന ബോക്‌സില്‍ കടന്ന സാല അല്‍ ഷെഹ്‌റി ക്രിസ്റ്റ്യന്‍ റൊമേരോയേയും ഗോള്‍ വലയം കാത്ത എമിലിയാനോ മാര്‍ട്ടിനസിനെയും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതു മൂലയില്‍ നിക്ഷേപിച്ചു. സ്‌കോര്‍ 1-1.

സമനില ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പേ സൗദി ലീഡ് പിടിച്ചെടുത്തു. ഇത്തവണ ലക്ഷ്യം കണ്ടത് സാലെം അല്‍ ഡാവ്സാരി. പന്തുമായി അര്‍ജന്റീന ബോക്‌സില്‍ കടന്ന ഡാവ്‌സാരി ഉള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് വലംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിന്റെ കൈകളില്‍ തട്ടി വലയില്‍ കയറി. സ്‌കോര്‍ 2-1. ഏറ്റവും ഒടുവില്‍ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ നാലാം തോല്‍വിയാണിത്.

ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ‘ബോയ്കോട്ട് ഖത്തര്‍’ എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച ജര്‍മനിയിലെ പബ്ബുകൾ സ്വന്തം ടീമിന്‍റെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകര്‍ കളി കാണുന്നത് ജര്‍മനിയിലെ പതിവ് കാഴ്ചയാണ്.

മൈതാനങ്ങളേക്കാൾ ആവേശത്തോടെയാകും ഇവിടങ്ങളില്‍ ആരാധകര്‍ ലോകകപ്പിനെ വരവേല്‍ക്കാറുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്സി കോളോണിന്‍റെയും ദേശീയ ടീമിന്‍റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്‍റെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.

ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്ബോൾ ആരാധകര്‍ക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റര്‍ സിന്നര്‍മാൻ പറഞ്ഞു. ബഹിഷ്കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജര്‍മ്മൻ ആരാധകര്‍ക്ക് ഇനി ഒത്തൊരുമിച്ച് കളികാണാൻ മറ്റ് വഴികൾ നോക്കേണ്ടി വരും.

അതേസമയം, ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. ‘വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍’ എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.

ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി നടപ്പാക്കാറുമുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂ‍ർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.

എന്നാൽ മത്സരത്തിൽ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.

വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

ഖത്തറില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ശേഷിക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ നിന്നും പുറത്തായി കരിം ബെന്‍സമ. ഖത്തര്‍ ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താകുന്ന മറ്റൊരു സൂപ്പര്‍താരമാവുകയാണ് കരിം.

ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് കരിം ബെന്‍സെമയ്ക്ക് പരിക്കേറ്റത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് കൂടിയായ താരത്തിന്റെ പരിക്ക് ഫ്രാന്‍സിന് തലവേദനയാവുകയാണ്. നേരത്തെ മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

അതേസമയം, കഴിഞ്ഞതവണ ചാംപ്യന്മാരായ ഫ്രാന്‍സിന്റെ ടീമിലും കരിം ഉള്‍പ്പെട്ടിരുന്നില്ല. ബെന്‍സെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടീമിന് പുറത്താവുകയായിരുന്നു.

അതേസമയം, ഇത്തവണ ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച ബെന്‍സെമയെ ഫ്രാന്‍സ് പ്രതീക്ഷയോടെ കാണുന്നതിനിടെയാണ് ഈ തിരിച്ചടി.

ഫുട്‌ബോൾ വേൾഡ് കപ്പ് മത്‌സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്‌സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്‌സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.

ഫുട്‌ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ

ലോക കായിക ഭൂപടം ഫുട്‍ബോൾ ആവേശത്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറിനാണ് നമ്മൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ആവേശ പൂരത്തിന് തിരിതെളിയും. പൂരത്തിന്റെ അവസാനം പോർവിളികളും പോരാട്ടവും അവസാനിക്കുമ്പോൾ അന്തിമ വിജയിയെ നമുക്ക് അറിയാൻ സാധിക്കും. അര്ജന്റീനക്കും ബ്രസീലിനും ജർമനിക്കും പോർച്ചുഗലിനും തുടങ്ങി കുഞ്ഞൻ ടീമുകൾക്ക് വരെ ആരാധകരുണ്ട് എന്നതാണ് പ്രത്യേകത.

ഞായറാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന എതിർപ്പുകൾ അതിജീവിച്ചാണ് ഖത്തർ ഇത്തരം ഒരു മാമാങ്കത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ ലോകകപ്പ് ബിഡ് വിജയിക്കാൻ ഖത്തർ കൈക്കൂലി നൽകിയതിനും സ്റ്റേഡിയം പണി കഴിപ്പിക്കാൻ ഒരുപാട് ആളുകളുടെ ജീവൻ കൊടുത്തെന്നും ഉള്ള ആരോപണം ഉണ്ടായിരുന്നു.

തങ്ങളുടെ ലോകകപ്പ് ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് അറബ് രാജ്യം മറ്റൊരു പുതിയ അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. തന്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിൽ വിദഗ്ധനും സൗദി അറേബ്യയിലെ ബ്രിട്ടീഷ് സെന്ററിന്റെ റീജിയണൽ ഡയറക്ടറുമായ അംജദ് താഹയുടെ അഭിപ്രായത്തിൽ, നാളത്തെ ആദ്യ മത്സരം ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോറിയൻ കളിക്കാർക്ക് 7.4 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം.

ട്വിറ്ററിൽ അദ്ദേഹം ട്വീറ്റ് ചെയ്തു, “എക്‌സ്‌ക്ലൂസീവ്: നാളെ ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോർ കളിക്കാർക്ക് 7.4 മില്യൺ ഡോളർ കൈക്കൂലി നൽകി (1-0 ആയിരിക്കും സ്കോർ ). അവർ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. ഇത് പറഞ്ഞത്, ഫിഫ അന്വേഷണം നടത്താനാണ്.”

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് നടത്താനിരിക്കുന്ന ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം സംഭവിച്ചാൽ അത് എല്ലാ മത്സരങ്ങളെയും ബാധിക്കും.

RECENT POSTS
Copyright © . All rights reserved