ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ തോറ്റ് പുറത്തായിരുന്നു. എക്കാലത്തെയും മികച്ച പുരുഷ ഗോളടി വീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഇതിന്റെ വീഡിയോയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭാഗ്യവശാല്‍, പോര്‍ച്ചുഗലിന് വേണ്ടി ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള നിരവധി കിരീടങ്ങള്‍ നേടാന്‍ സാധിച്ചു. പക്ഷേ തന്റെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്ഥാപിക്കുക എന്നതായിരുന്നു വലിയ സ്വപ്നം. അതിന് വേണ്ടി പൊരുതി. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി പ്രയത്‌നിച്ചു. അഞ്ച് തവണയായി ലോകകകപ്പിനെത്തി രാജ്യത്തിനായി ഗോള്‍ നേടാന്‍ സാധിച്ചു. എല്ലായ്പ്പോഴും മികച്ച കളിക്കാരുടെ ഒപ്പവും ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസുകാരുടെ പിന്തുണയിലും രാജ്യത്തിനായി എല്ലാം നല്‍കിയെന്നും റൊണാള്‍ഡോ കുറിച്ചു.

ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നില്‍ ഒരിക്കലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്നു… പക്ഷേ പോര്‍ച്ചുഗലിനോടുള്ള സമര്‍പ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു താന്‍. സഹകളിക്കാരോടും രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞുനില്‍ക്കില്ല.

ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. പോര്‍ച്ചുഗലിന് നന്ദി. നന്ദി ഖത്തര്‍… സ്വപ്നം നീണ്ടുനില്‍ക്കുമ്പോള്‍ അത് മനോഹരമായിരുന്നു… ഇപ്പോള്‍, കാലാവസ്ഥ നല്ല ഉപദേശകനായിരിക്കുമെന്നും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.