Sports

ഇന്ത്യൻ ഗ്ലാമർ ഗെയിം ക്രിക്കറ്റ് താരം ഇന്ത്യയിൽ ട്രെയിനിൽ യാത്രചെയ്യുകയോ ? അതും ലോക്കൽ ട്രെയിനിൽ.

ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത് അത്ര എളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ യുവ ബോളര്‍ ശ്രദ്ധുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ വീട്ടിലേക്ക് മടങ്ങിയത് അങ്ങനെയാണ്.

ഇന്ത്യന്‍ താരം ലോക്കല്‍ ട്രെയിനിലോ എന്ന അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്തെന്ന് ശ്രദ്ധുല്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിന് മുമ്പുള്ള ശീലമാണിതെന്നും അത് ജീവിതത്തിന്റ ഭാഗമായിപ്പോയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധുല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന, ടിട്വന്റി ടീമില്‍ ശ്രദ്ധുല്‍ കളിച്ചിരുന്നു. ഒരു ഏകദിനമത്സരവും രണ്ട് ടിട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ശ്രദ്ധുല്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ടി20യില്‍ രണ്ടു വിക്കറ്റുകളും ഈ യുവ ബോളര്‍ സ്വന്തമാക്കി.

Image result for shardul thakur travel local train

 

വിമാനമിറങ്ങി ട്രെയിനില്‍ കയറുന്ന സമയത്ത് ഇന്ത്യന്‍ താരമാണെന്ന കാര്യമൊന്നും ആലോചിച്ചില്ലെന്നാണ് ശ്രദ്ധുല്‍ പറയുന്നത് ‘ മുംബൈയിലെത്തി ലോക്കല്‍ ട്രെയിനില്‍ കയറുമ്പോള്‍ പാല്‍ഗറിലുള്ള വീട്ടില്‍ വേഗം എത്തണമെന്നത് മാത്രമായിരുന്നു മനസ്സില്‍. നേരെ ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറുകയായിരുന്നു. ഹെഡ് സെറ്റില്‍ പാട്ടു കേട്ട് ഇരുന്ന ഞാന്‍ മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്ന കാര്യമൊന്നും ആലോചിച്ചില്ല, പക്ഷേ, മറ്റു യാത്രക്കാര്‍ എന്നെ അദ്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു, ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കുകയായിരുന്നു, അവര്‍ക്ക് ഞാന്‍ തന്നെയാണോ എന്ന് സംശയമായിരുന്നു,’ – ശ്രദ്ധുല്‍ പറഞ്ഞു.

ഞാന്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള ട്രെയിനായതിനാല്‍ പരിചയക്കാരുമുണ്ടായിരുന്നു. അവര്‍ മറ്റു യാത്രക്കാരോട് എന്നെ ചൂണ്ടിക്കാണിച്ചിട്ട് ‘ഇവനിപ്പോള്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്’ എന്ന് പറയുന്നത് കേട്ടു. അതുവളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശ്രദ്ധുല്‍ പറഞ്ഞു.ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള  ടീമിലും ശ്രദ്ധുല്‍ ഇടംനേടിയിട്ടുണ്ട്.

ലാലിഗയെ ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും വേരോട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായി ലാലിഗ ഒന്നാം ഡിവിഷന്‍ ക്ലബുകളുടെ സൗഹൃദ മത്സരങ്ങള്‍ ഇന്ത്യയില്‍ വച്ചു നടത്താന്‍ സാധ്യത തെളിയുന്നു.

ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുകൊണ്ടിരിക്കയാണെന്നും സമീപഭാവിയില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ലാലിഗയില്‍ ഇന്ത്യയുടെ തലവനായ ഹൊസേ കഷാസേ പറഞ്ഞു. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ഗോളിനോട് സംസാരിക്കുമ്പോഴാണ് ഹൊസെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ഫുട്‌ബോളിനുണ്ടാകുന്ന വളര്‍ച്ചയെ വളരെ ആകാംക്ഷയോടെയാണ് മറ്റു ലീഗുകള്‍ നോക്കിക്കാണുന്നത്. ക്രിക്കറ്റിനു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്നത് ഫുട്‌ബോളാണെന്ന് നിസംശയം പറയാം. വളരെ മികച്ച ആരാധക്കൂട്ടവുമാണ് ഇന്ത്യന്‍ ഫുട്‌ബോളിനുള്ളത്. അതു കൊണ്ടു തന്നെ സമീപ ഭാവിയില്‍ തന്നെ ഇന്ത്യയില്‍ വച്ച് ലാലിഗ ക്ലബുകളുടെ സൗഹൃദ മത്സരം നടത്താനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതെന്നാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഹൊസെ വ്യക്തമാക്കി.

ഇന്ത്യയില്‍ സ്പാനിഷ് ലീഗിന് വലിയ പ്രേക്ഷകരാണുള്ളതെന്നും ഹൊസെ പറഞ്ഞു. ടെലിവിഷന്‍ പ്രേക്ഷകരില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ഇന്ത്യയിലെ ആരാധകര്‍ ലാലിഗക്ക് വന്‍ പിന്തുണയാണു നല്‍കുന്നതെന്നും ഹൊസെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിഗയെ മൂന്നു ലക്ഷം പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടര്‍ന്നിരുന്നത് ഇപ്പോള്‍ ഇരുപതു ലക്ഷമായി വര്‍ദ്ധിച്ചത് ഉദാഹരണമായി ഹൊസേ പറഞ്ഞു. സൗഹൃദ മത്സരങ്ങള്‍ക്കു മുന്നോടിയായി എല്‍ ക്ലാസികോ ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ വലിയ സ്‌ക്രീനിംഗ് സംഘടിപ്പിക്കുമെന്നും ഹൊസെ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകളും ലാലിഗയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഐഎസ്എല്‍ ക്ലബുകളുമായി മികച്ച ബന്ധമാണ് ലാലിഗക്കുള്ളതെന്ന് ഹൊസെ പറഞ്ഞു. മികച്ച ടീമുകളുമായി സ്‌പെയിനില്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ നടത്താന്‍ ഇത്തരം ബന്ധങ്ങള്‍ സഹായിക്കുമെന്നും ഹൊസെ പറഞ്ഞു. എന്നാല്‍ ലാലിഗയും ഇന്ത്യന്‍ ക്ലബുകളും തമ്മില്‍ ഔദ്യോഗികമായി ബന്ധമോ കരാറുകളോ ഇല്ലെന്നും ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് അവരെ എങ്ങനെ സഹായിക്കാമെന്നതാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും ഹൊസേ വ്യക്തമാക്കി.

സൂപ്പര്‍താരം നെയ്മറിനെ കളിക്കളത്തില്‍ ഇടിച്ചു വീഴ്ത്തിയ ടീമിന് വിജത്തിലൂടെ മറുപടി കൊടുത്ത് പിഎസ്ജി. ഫ്രഞ്ച് കപ്പില്‍ ഒളിംപിക്കോ മാഴ്സെയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ പിഎസ്ജി ഇതോടെ പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിലെത്തി. നിലവില്‍ ഫ്രഞ്ച് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടീമുമായി 14 പോയിന്റ് മുന്നിലാണ് പിഎസ്ജി. ഫ്രഞ്ച് കപ്പില്‍ ഇതര ടീമുകള്‍ക്കെതിരെ മികച്ച പ്രകടനമാണ് പിഎസ്ജി പുറത്തെടുത്തിരിക്കുന്നത്.

അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജിയുടെ ജയം. സൂപ്പര്‍ സട്രൈക്കര്‍ എഡിസണ്‍ കവാനിയാണ് പിഎസ്ജിക്കായി മൂന്നാം ഗോള്‍ നേടിയത്. നേരത്തെ ലീഗ് വണില്‍ മാഴ്‌സയുമായി നടന്ന മത്സരത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റത്. മാഴ്‌സയുടെ താരം നെയ്മറെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് പരിശോധന ഫലം പുറത്തു വന്നിട്ടുണ്ട്. താരത്തിന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തോളം വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

തങ്ങളുടെ ഭാഗ്യ താരത്തിനെ ഇടിച്ചു വീഴ്ത്തി പരിക്കേല്‍പ്പിച്ച ടീമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ടീമിന് വലിയ ആരാധക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ രംഗത്തു വന്നു.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റെയില്‍വേസിനെ തകര്‍ത്ത് കേരള പുരുഷ ടീം ആറാംതവണയുംകിരീടം ചൂടി. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ ജയം. നാലാം കിരീടം സ്വന്തമാക്കുന്ന കേരളം കഴിഞ്ഞ ഫൈനലിലും റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ നടന്ന വനിതാ ഫൈനലില്‍ കേരളത്തെ കീഴടക്കി റെയില്‍വെ കിരീടം ചൂടിയിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റെയില്‍വേയുടെ ജയം.

സ്‌കോര്‍ 25-21, 26-28, 21-25, 25-18, 15-12 ആദ്യ സെറ്റ് നഷ്ടമായ കേരളം രണ്ടും മൂന്നും സെറ്റ് നേടി മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റ് നേടി റെയില്‍വെ മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ചാം സെറ്റും നേടിയ റെയില്‍വെ ഒടുവില്‍ കിരീടവും സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിപോലും തോല്‍ക്കാതെയാണ് കേരളം കിരീടം ചൂടിയത്.

ഐപിഎല്‍ 11ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകനായി ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനെ നിയമിച്ചത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. നാട്ടുകാരനായ സൂപ്പര്‍ താരം യുവരാജ് സിംഗായിരിക്കും പഞ്ചാബിന്റെ നായകനെന്നായിരുന്നു ക്രിക്കറ്റ് ലോകം വിചാരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പഞ്ചാബ് നടത്തിയ സര്‍വ്വേയിലും കൂടുതല്‍ പേരും പിന്തുണച്ചത് യുവരാജിനെയായിരുന്നു.

എന്നാല്‍ അശ്വിനെ നായകനായി തെരഞ്ഞെടുക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തി നായകനെ പ്രഖ്യാപിച്ച ടീമിന്റെ മെന്റര്‍ കൂടിയായ വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തി.

‘തൊണ്ണൂറു ശതമാനം ആരാധകരും യുവരാജ് സിംഗ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ ഞാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് തുടങ്ങിയവരുടെ ആരാധകനെന്ന നിലയില്‍ ഒരു ബോളറെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഇതിഹാസതാരങ്ങളെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിച്ചവരാണ്’ സെവാഗ് പറഞ്ഞു.

മുന്‍ സീസണുകളില്‍ ചെന്നൈയുടെ താരമായിരുന്ന അശ്വിനെ ഐപിഎല്‍ താരലേലത്തില്‍ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ 111 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുളള അശ്വിന്‍ 100 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ അശ്വിന്‍ തമിഴ്‌നാടിനെ നയിച്ചിട്ടുണ്ട്.

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പോലും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നും രണ്ട് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് സ്പാനിഷ് ഫുട്‌ബോളിലെ മുന്‍നിര മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലീഗ് വണ്ണില്‍ ഓളിംപിക്കോ മാഴ്‌സെയുമായുള്ള മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മാഴ്‌സെ താരം ബൗന സാറെ നെയ്മറില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാലിന്റെ ആങ്കിളിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘമെത്തി പരിശോധിച്ച ശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്നും ശസ്ത്രിക്രയ്ക്ക് ശേഷമാണ് വിശ്രമം എത്ര വേണെന്ന് നിശ്ചയിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും സൂചനയുണ്ട്.

വലതു കാലിന്റെ ആങ്കിളിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാണെന്നാണ് മാര്‍ക്കയില്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ജൂണില്‍ റഷ്യല്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളില്‍ 50 ശതമാനവും നെയ്മറിനെ ആശ്രയിച്ചാണെന്നിരിക്കേ കാനറി ആരാധകര്‍ക്ക് കനത്ത തിരിച്ചടിയാണ് താരത്തിന്റെ പരിക്ക് റിപ്പോര്‍ട്ട്.

അതേസമയം, അടുത്ത മാസം ആറിന് ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേ നിര്‍ണായക മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പരിക്കേറ്റ് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ ആശ്വസിപ്പിച്ച് സിദാന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ആരാധകര്‍ പേടിച്ചിരുന്ന അത്രയും പരിക്ക് താരത്തിന് പറ്റിയിട്ടില്ലെന്ന് ഇതിനിടയില്‍ പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. ആദ്യം നടത്തിയ പരിശോധനയില്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വ്യക്തമായത്. എന്നാല്‍, ഇക്കാര്യം ഉറപ്പ് വരുത്തണമെങ്കില്‍ ഇനിയും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു മത്സര ശേഷം എംറി പറഞ്ഞത്.

ലീഗ് വണ്ണിന് പുറത്ത് യൂറോപ്പില്‍ പുതിയ അടയാളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, താരത്തിനേറ്റ പരിക്കോടെ ആരാധകരുടെ സ്വപ്നമെല്ലാം തകര്‍ന്ന മട്ടാണ്. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ആദ്യ പാദത്തില്‍ 3-1ന് തോറ്റ പിഎസ്ജിക്ക് അടുത്ത പാദത്തില്‍ 2-0ന് എങ്കിലും ജയിക്കണം.

ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കേരളം കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ കേരളത്തിന്റെ വനിതാ ടീമും ഫൈനലിൽ കടന്നിരുന്നു. സെമിയിൽ മികച്ച പ്രകടനമാണ് കേരളം നടത്തിയത്. തമിഴ്നാടിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം.

സ്കോര്‍: 25-22, 30-28, 25-22. നാളെ നടക്കുന്ന ഫൈനലിൽ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍.കേരളത്തിന്റെ വനിതാ ടീമും തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. റെയില്‍വേസ് തന്നെയാണ് വനിതകളുടെയും എതിരാളി.

ശ്രീലങ്കയില്‍ അടുത്ത മാസം ആരംഭിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി വിശ്രമം ആവശ്യപ്പെട്ടതിനാല്‍ രോഹിത് ശര്‍മ്മയ്ക്കാണ് ടീമിന്റെ നായകത്വം. ശിഖര്‍ ധവാനാണ് വൈസ്‌ക്യാപ്റ്റന്‍.

അതേസമയം കോഹ്ലിയെ കൂടാതെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചു. എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. പകരം ദീപക് ഹൂഡയേയും, വാഷിംഗ് ടണ്‍ സുന്ദറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് സിറാജിനെയാണ് സെലക്ടന്മാര്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നിദാഹാസ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. മാര്‍ച്ച് അറ് മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. മാര്‍ച്ച് ആറിന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.

ടീം ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രാഹുല്‍, റെയ്‌ന, മനീഷ് പാണ്ടെ, ദിനേഷ് കാര്‍ത്തിക്ക്, ദീപക് ഹൂഡ, വാഷിംഗ് ടണ്‍ സുന്ദര്‍, ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്കട്ട്, മൊഹമ്മദ് സിറാജ്, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍).

മധുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ട്വീറ്റ് വിവാദമായതിനെ തുടർന്ന് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ വര്‍ഗ്ഗീയാരോപണം ഉയരുകയും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സേവാഗ് ട്വീറ്റ് പിൻവലിച്ച് മാപ്പു പറയുകയായിരുന്നു.

മധു ഒരു കിലോ അരിയാണു മോഷ്ടിച്ചത്. ഇതിന്റെ പേരിൽ ഉബൈദ്, ഹുസൈൻ, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്തിൽ പാവപ്പെട്ട ഒരു ആദിവാസിയെ മര്‍ദ്ദിച്ച്കൊല്ലുകയായിരുന്നു. സംസ്കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്. ഇങ്ങനെയൊരു സംഭവം നടന്നതിൽ നാണക്കേടു തോന്നുന്നു എന്നാണ് സേവാഗ് ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റ് വിവാദമായതോടെ മാപ്പു പറഞ്ഞ് തിരുത്തുമായി സേവാഗ് രംഗത്തെത്തി. അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വർഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും സേവാഗ് കൂട്ടിച്ചേർത്തു.

‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെ.’ – എന്നാണ് സേവാഗിന്റെ ട്വീറ്റ്.

നേരത്തെ മധുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു മമ്മൂട്ടി, മഞ്ജു വാരിയർ, ജയസൂര്യ, ടൊവിനോ തോമസ് ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങൾ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയാണു മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകൾ മർദിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മധു മരിച്ചത്.

virender-sehwag-tweet

സ്വന്തം ലേഖകന്‍

കൊച്ചി :  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ അനാവശ്യമാണെന്ന് ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയില്‍ ഗ്യാലറിയില്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്‍ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്‍ക്ക് വിഐപി പരിഗണന നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കിയ ഐ എസ് എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള്‍ അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എല്‍ അധികൃതര്‍ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.

RECENT POSTS
Copyright © . All rights reserved