Sports

ഇന്ത്യൻ ടീമിനോടുളള മലയാളികളുടെ സ്നേഹവും ക്രിക്കറ്റിനോടുളള അവരുടെ ആവേശവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നേരിട്ടനുഭവിച്ച് അറിഞ്ഞതാണ്. മലയാളി ക്രിക്കറ്റ് പ്രേമികൾ നൽകിയ ആവേശത്തിനും പിന്തുണയ്ക്കും കളിക്കളത്തിൽവച്ച് നന്ദി പറയാനും കോഹ്‌ലി മറന്നില്ല.

കോഹ്‌ലി കർക്കശക്കാരനാണെന്നാണ് പൊതുവേയുളള ധാരണ. എപ്പോഴും ഗൗരവം നിറഞ്ഞ കോഹ്‌ലിയുടെ മുഖഭാവമാകാം ആരാധകർക്കിടയിൽ ഈ തോന്നലുളവാക്കാൻ കാരണം. എന്നാൽ ഇന്ത്യൻ നായകന് മറ്റൊരു മുഖം കൂടിയുണ്ട്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവരിൽ ചിലർക്കെങ്കിലും കോഹ്‌ലിയുടെ മറ്റൊരു മുഖം കാണാൻ സാധിച്ചു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ താരങ്ങളുമായി വാഹനം കടന്നുവരികയാണ്. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ത്യൻ താരങ്ങളെ വരവേൽക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തിൽനിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി.

കോഹ്‌ലിയാണ് അടുത്തതായി എത്തിയത്. പെട്ടെന്നാണ് കോഹ്‌ലിയുടെ കണ്ണുകൾ കുട്ടികളുടെ നേർക്ക് തിരിഞ്ഞത്. അതിൽ ഒരു കുട്ടി കോഹ്‌ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്‌ലി ഉടൻതന്നെ ഓട്ടോഗ്രാഫ് നൽകി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബ്രൗഷർ വാങ്ങി അതിൽ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികൾക്കെല്ലാം കൈ കൊടുത്തു. കുട്ടികൾ കൈയ്യിൽ പിടിച്ചിരുന്ന ബ്രൗഷർ വാങ്ങി വായിച്ചു. അത് കൈയ്യിൽ പിടിച്ചു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കോഹ്‌ലി അവിടെനിന്നും പോയത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കോഹ്‌ലി മുത്താണെന്നും ഗ്രേറ്റ് ക്യാപ്റ്റനെന്നും പറഞ്ഞ് നിരവധി പേരാണ് വിഡിയോ കണ്ടശേഷം കമന്റ് ചെയ്തിരിക്കുന്നത്.

തിരുവവനന്തപുരം: അനന്തപുരിയില്‍ വിരുന്നെത്തിയ ടി20 മത്സരത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികളുടെ മുന്നില്‍ കിവികള്‍ക്ക് കാലിടറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ആറ് വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്.

രണ്ടാമത്തെ ഓവറില്‍ ബുംറയുടെ പന്തില്‍ കോളിന്‍ മണ്‍റോയും പുറത്തായി.നാലാമത്തെ ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡെയുടെ ത്രോയില്‍ കെയിന്‍ വില്യംസ്ണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ശിഖര്‍ ധവാന്റെ സൂപ്പര്‍ ക്യാച്ചില്‍ ഗ്ലെന്‍ ഫിലിപ്‌സും പുറത്തായി. ജസ്പ്രീത് ബൂംറ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഹെന്‍ട്രി നിക്കോളാസിനെ ശ്രേയസ് അയ്യര്‍ പിടിച്ചു പുറത്താക്കി. ന്യൂസിലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആറുപന്തില്‍ ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സൗത്തിയാണ് അടുത്തടുത്ത പന്തുകളില്‍ ധവാന്റെയും രോഹിത്തിന്റെയും വിക്കറ്റെടുത്തത്. നാലാം ഓവറില്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത കൊഹ്‌ലിയെ ഇഷ് സോധി പുറത്താക്കി. ഇഷ് സോധി എറിഞ്ഞ അഞ്ചാം ഓവറില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും പുറത്തായി. അവസാന ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്‌ഹോം ബൗണ്ടറിയില്‍ നിന്നും അസാമാന്യ കാച്ചെടുത്ത് പുറത്താക്കി. 14 പന്തെടുത്ത ഹാര്‍ദിക് പാണ്ഡെയും റണ്‍സൊന്നുമെടുക്കാതെ ധോണിയും പുറത്താകാതെ നിന്നു. നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസന്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

മഴമൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തേത് നിര്‍ണായകമായിരുന്നു. ഏഴു മണിക്കു തുടങ്ങേണ്ട മല്‍സരം മഴമൂലം വൈകിയ സാഹചര്യത്തിലാണ് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുന്‍ മത്സരങ്ങളില്‍ ഉണ്ടായിരുന്ന അക്‌സര്‍ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഒഴിവാക്കിയ കൊഹ്‌ലി മനീഷ് പാണ്ഡെയെയും കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 യിലെ ഫൈനല്‍ മത്സരത്തിനായി വിമാനം കയറിയ ഇന്ത്യ-ന്യൂസിലന്‍ഡ് താരങ്ങള്‍ അര്‍ധരാത്രിയില്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അമ്പരന്നു. താരങ്ങളെ അമ്പരപ്പിച്ച് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് ആയിരകണക്കിന് കാണികള്‍. ഞായറാഴ്ച്ച രാത്രി 12 മണിക്ക് ശേഷമെത്തിയ താരങ്ങള്‍ക്ക് ഇത് ശരിക്കും സര്‍പ്രൈസായിരുന്നു.

ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ടീമുകളെ സ്വീകരിച്ചത്. പല താരങ്ങളും ആവേശത്തോടെ തന്നെയാണ് ഈ സ്വീകരണം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ടീമുകള്‍ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇരുടീമുകള്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നത്.

ന്യൂസിലാന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അവിശ്വസനീയമായ സ്വീകരണമാണ് തങ്ങള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് ലഭിച്ചതെന്ന് സൗത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Image result for thiruvananthapuram green park stadium

 Thiruvananthapuram  Greenfield Stadium

അതെസമയം ഇരുടീമുകളും തിങ്കളാഴ്ച്ച പരിശീലനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. തുടര്‍ച്ചയായ മത്സരങ്ങളും യാത്രയും ടീമംഗങ്ങളെ തളര്‍ത്തിയതിനാലാണ് പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍മാരും പരിശീലകരും പിച്ച് പരിശോധിക്കാനായി ഇന്ന് സ്റ്റേഡിയത്തിലെത്തിയേക്കും.
പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ച കഴിഞ്ഞതിനാല്‍ പരമ്പര വിജയിയെ തെരഞ്ഞെടുക്കുക ഈ മത്സര വിജയമാകും. അതിനാല്‍ തന്നെ തിരുവനന്തപുരത്ത് വിരുന്നെത്തിയ ആദ്യ ട്വന്റി- 20യില്‍ തീപാറും പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Amazing welcome at 12.30am in trivandrum #india #lovecricket #fizzzzzzedup 🇮🇳v🇳🇿

A post shared by Tim Southee (@tim_southee) on

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20യിലെ തോല്‍വിയ്ക്ക് പിന്നാലെ ആരാധകരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നാളുകളായി താരത്തിന്റെ വിരമിക്കലിനായി വാദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്‌സാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ഇതിഹാസ താരങ്ങളടക്കം ധോണിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.

‘ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിങ് കാഴ്ച വയ്‌ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.’ ലക്ഷ്മണ്‍ പറഞ്ഞു.

ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാക്കറും അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കായിക ലോകത്തു തോല്‍ക്കാന്‍ മനസില്ലാത്ത പോരാളി വിലയിരുത്തപ്പെടുന്ന ഒരാൾ ആണ് യുവരാജ്. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും അപ്രതീക്ഷിത തിരിച്ചു വരവാണ് യുവി നടത്തിയത്.
എന്നാല്‍ ആര്‍ക്കു മുന്നിലും പതറാത്ത യുവിയുടെ കണ്ണുകള്‍ നിറയുന്ന കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കരോര്‍പതിയില്‍ പങ്കെടുക്കവെയായിരുന്നു യുവി പൊട്ടിക്കരഞ്ഞത്. നാളെ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ അവസാന എപ്പിസോഡിലായിരുന്നു യുവി വികാരഭരിതനായത്.
Also Read: അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയാല്‍ എനിക്ക് കാര്യങ്ങള്‍ മനസിലാകും; ഭാഗ്യമാണ് ഒപ്പം കളിക്കാന്‍ കഴിയുന്നത്; ധോണിയെക്കുറിച്ച് കോഹ്‌ലി
ബച്ചനൊപ്പം ബോളിവുഡ് താരം വിദ്യാ ബാലനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്യാന്‍സറിനെ നേരിട്ട നാളുകളെ കുറിച്ച് പറയവേയായിരുന്നു യുവിയുടെ കണ്ണുകള്‍ നിറഞ്ഞത്. 2011 ലെ ലോകകപ്പിനിടെയായിരുന്നു യുവിയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തോല്‍ക്കാന്‍ കൂട്ടാക്കാതെ ക്യന്‍സറിനെ യുവി പൊരുതി തോല്‍പ്പിക്കുകയായിരുന്നു.
ചാനല്‍ പരിപാടിയ്ക്കിടെ രോഗത്തെ കുറിച്ച് യുവി മനസു തുറക്കുകയായിരുന്നു.’ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ചുവ നിറത്തിലുള്ള ശ്ലേഷ്മപടലം പുറത്തു വന്നു. 14 സെന്റീമീറ്ററോളം നീളമുള്ള ട്യൂമറും. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. പതിയെ പതിയെ പതിയെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഇനി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കളിയും ആരോഗ്യവുമെല്ലാം മോശമായി.’ യുവി പറയുന്നു.
ക്യാന്‍സറിനെ നേരിട്ട ദിനങ്ങളെ കുറിച്ചുള്ള യുവിയുടെ മനസു തുറക്കല്‍ കാണികളേയും കൂടെ പങ്കെടുക്കാനെത്തിയ വിദ്യാ ബാലനേയും അവതാരകനായ ബച്ചനേയുമെല്ലാം ദുഖിതരാക്കുന്നതായിരുന്നു.

ഇന്ത്യന്‍ ക്യാപ് അണിഞ്ഞ് ദേശീയ ഗാനത്തിനായി നിന്നപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താന്‍ കടന്നുവന്ന ഒരായിരം നിമിഷങ്ങള്‍ ആ മനസിലൂടെ കടന്നുപോയിട്ടുണ്ടാകണം. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ട്വന്റി20 മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ് ആദ്യമായി സിറാജ് അണിയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫാസ്റ്റ് ബൗളറായി മുഹമ്മദ് സിറാജിന്റെ അരങ്ങേറ്റം രാജ് കോട്ടിന്റെ മണ്ണില്‍ നടന്നു. അരങ്ങേറ്റ മത്സരത്തില്‍ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങി. സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന സിറാജിന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. പിന്നാലെ ആ മികവ് ഐപിഎലിലേയ്ക്ക് എത്തിച്ചു. 2016- 17 രഞ്ജി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. സീസണില്‍ ടീമിനായി മികച്ച പ്രകനമാണ് സിറാജ് പുറത്തെടുത്തത്. ആ മികവിലൂടെ രാജ് കോട്ട് മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71മത്തെ ടി20 താരമായി സിറാജ്. ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് അര്‍പ്പണ ബോധത്തോടെയും, കഠിനധ്വാനത്തിലൂടെയും ആണ് കൃത്യത തെറ്റാതെ ബോള്‍ ചീറിപ്പായിക്കുന്നത്.

ഉത്തര്‍പ്രദേശ്- ഡല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. പാലമിലെ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.

സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെ മൈതാനത്തേക്ക് ഡല്‍ഹി സ്വദേശിയായ യുവാവ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് നടത്തുന്നതിനിടെ ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയെന്നയാള്‍ സില്‍വര്‍ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രധാന ഗേറ്റില്‍ കാറുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണു പാര്‍ക്കിങ് സ്ഥലത്തേക്കു വിടാറ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ഗിരീഷ് ശര്‍മ നേരെ സ്‌റ്റേഡിയം കോംപ്ലക്‌സിലേക്കാണ് കാറോടിച്ച് കയറ്റുകയായിരുന്നു.
മൈതാനത്തിന്റെ ഒരു ഭാഗത്തു നിന്ന് വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. കാറിന്റെ മുന്നില്‍ നിന്ന് ഗംഭീര്‍ ഭാഗ്യത്തിനാണ് ഒഴിഞ്ഞു മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞു ഗിരീഷിനെ പിടികൂടി. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഓഫ് സ്‌പിന്‍ ബൗള്‍ ചെയ്തും ക്രിക്കറ്റ് ആരാധകരെ വിസ്‌മയിപ്പിച്ചു. ശ്രീലങ്കയിലെ എംസിഎ പ്രീമിയര്‍ ലീഗിലാണ് മലിംഗയുടെ ഓഫ്‌ സ്‌പിന്‍ ബൗളിംഗ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാറ്റ്‌സ്‌മാന് പന്ത് കാണാനാകാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മലിംഗ സ്‌പിന്‍ ബൗള്‍ ചെയ്‌തത്. ഓഫ് സ്‌പിന്‍ എറിഞ്ഞ മലിംഗ മൂന്നു വിക്കറ്റും വീഴ്‌ത്തി. മലിംഗയുടെ ടീമായ ടീജേ ലങ്ക മല്‍സരത്തില്‍ വിജയിക്കുകയും ചെയ്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം, എല്‍ബി ഫിനാന്‍സിനെ 82 റണ്‍സിനാണ് ടീജേ ലങ്ക തോല്‍പ്പിച്ചത്. മഴ മൂലം മല്‍സരം 42 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ടീജേ ലങ്ക 38.4 ഓവറില്‍ 266 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങില്‍ എല്‍ബി ഫിനാന്‍സ് 25 ഓവറില്‍ ഏഴിന് 125 എന്ന സ്‌കോറില്‍ നില്‍ക്കെ മല്‍സരം അവസാനിപ്പിക്കുകയായിരുന്നു. 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മലിംഗയും മൂന്നു വിക്കറ്റെടുത്ത സചിത്ര സേനനായകെയും ചേര്‍ന്നാണ് എല്‍ബി ഫിനാന്‍സിനെ തകര്‍ത്തത്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര പാകിസ്താനാണ് സ്വന്തമാക്കിയത്. 3-0 നായിരുന്നു പാകിസ്താന്റെ ജയം. പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് ഷോയ്ബ് മാലിക്ക് ആയിരുന്നു . ഇതിന്റെ സമ്മാനമായി മാലിക്കിന് കിട്ടിയത് ഒരു മോട്ടോര്‍ ബൈക്കാണ്. അവസാന മത്സരത്തില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു മാലിക്ക്.

എന്നാല്‍ മാലിക്കിന്റെ ഈ നേട്ടത്തിന് അഭിനന്ദനവുമായി ഉടന്‍ തന്നെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ ട്വീറ്റ് എത്തി. ‘ഒരു റെയ്ഡ് പോയാലോ’ എന്നാണ് സാനിയ ചോദിച്ചത്. ‘തയ്യാറായിരുന്നുകൊള്ളൂ’ എന്ന് മാലിക്കിന്റെ മറുപടിയും എത്തി.

എന്നാല്‍ ഉടന്‍ സാനിയ ഒരു ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ഇതിന്റെ പിറകിലെ സീറ്റില്‍ ഒരാളുണ്ടല്ലോഎന്ന്. മാലിക്കിന്റെ പിന്നില്‍ പാക് താരം ഷദാബ് ഖാന്‍ ഇരിക്കുന്നതായിരുന്നു ഈ ചിത്രം. എന്നാല്‍ അത് ഒഴിവാക്കാം എന്ന് ഉടന്‍ തന്നെ മാലിക്ക് മറുപടിയും നല്‍കി.

ഇതിനിടയില്‍ ഈ ചാറ്റെല്ലാം കണ്ട ഷദാബ് ഖാന്‍ ഉടന്‍ സോറിയും പറഞ്ഞു. എന്തായാലും പാക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് സാനിയ-മാലിക്ക് റൊമാന്റിക്ക് ചാറ്റ്.

ഫുട്‌ബോള്‍ മത്സരത്തിനിടെയില്‍ കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കാറുണ്ട്. കളിക്കാര്‍ മോശമായി പെരുമാറുകയോ എതിര്‍താരത്തെ പരിക്കേല്‍പ്പിക്കുകയോ ചെയ്താലാണിത്. എന്നാല്‍ ഈ തെറ്റുകള്‍ ഒന്നും ചെയ്യാതെ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നിരിക്കുകയാണ് ഒരു താരത്തിന്.

ഇംഗ്ലണ്ട് നാഷണല്‍ ലീഗ് ക്ലബായ സാല്‍ഫോര്‍ഡ് സിറ്റി ടീമിന്റെ ഗോള്‍ കീപ്പറായ ക്രൊകൊമ്പേയ്ക്കാണ് ഈ അപൂര്‍വമായ ചുവപ്പു കാര്‍ഡിന് അര്‍ഹനാകേണ്ടി വന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെ മൂത്രശങ്ക വന്നതോടെ താരം ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചതിനാണ് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയത്.

സുരക്ഷാ ജീവനക്കാര്‍ ന്യൂസിലാന്റുകാരനായ ഗോള്‍കീപ്പറെ വിലക്കിയെങ്കിലും താരം ശങ്ക ഗോള്‍പോസ്റ്റിനു പിറകിലെ പോസ്റ്റില്‍ തീര്‍ത്തു. ലൈന്‍ റഫറി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് റഫറി താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.
മഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസങ്ങളായ റയാന്‍ ഗിഗ്‌സ്, ഗാരി നെവില്‍, സ്‌കോള്‍സ്, ഫില്‍ നെവില്‍, നിക്കി ബട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് സാല്‍ഫോര്‍ഡ് സിറ്റി. അതേസമയം സംഭവത്തില്‍ ഗോള്‍കീപ്പര്‍ മാപ്പു പറഞ്ഞെങ്കിലും നാണക്കേടും വിലക്കും മാറാന്‍ സാധ്യതയില്ല.

Copyright © . All rights reserved