ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവതാരളെ പരിഗണിക്കുന്നു. നായകന്‍ വിരാട് കൊഹ്‌ലിക്ക് പിന്നാലെ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് കൂടി വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് യുവതാരങ്ങളെ പരിഗണിക്കാന്‍ സെലക്ടര്‍ ആലോചിക്കുന്നത്..
ഇവര്‍ക്ക് പകരം അഞ്ച് യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിച്ചേക്കും. 2019 ലെ ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്. രോഹിത്ത് ശര്‍മ്മയായിരിക്കും ടീമിന്റെ നായകന്‍.
ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കും.
ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നാണ് മലയാളി ക്രിക്കറ്റ് ലോകം ആകാക്ഷയോടെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം.
യുവരാജ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യം നിര്‍ണ്ണായകമാകും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവി ഫോമിലായിരുന്നില്ല. യുവിയുടെ സ്ഥാനത്ത് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കും എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതെസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ തിരിച്ചെത്തും.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ശ്രീലങ്കയ്ക്കെതിരായ അടുത്ത ടെസ്റ്റ് മത്സരത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. 24 മാസത്തിനുളളില്‍ ആറ് തവണ ചട്ടം ലംഘിച്ചതോടെയാണ് ശിക്ഷാ നടപടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും ജഡേജ അടക്കേണ്ടി വരും.
ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 ജഡേജ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. “ബോളോ, ബാറ്റോ, വാട്ടര്‍ബോട്ടിലോ മറ്റ് എന്തെങ്കിലും വസ്തുവോ കളിക്കാരന്റെയോ, അംബയറുടേയോ, റഫറിയുടേയോ, കളത്തിലുളള മറ്റുളളവരുടേയോ നേരെ എറിയുന്നത് ശിക്ഷാര്‍ഹമാണ്.”
58ആം ഓവറിലെ അവസാന ബോളിലാണ് ജഡേജ നിയമം ലംഘിച്ചത്. ദിമുത് കരുണരത്നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റംബ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. എന്നാല്‍ കരുണരത്നെ ക്രീസിന് പുറത്ത് പോലും വന്നിട്ടുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് ബാറ്റ്സ്മാന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജഡേജ കുറ്റം സമത്തിച്ചത് കാരണം കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ലെന്ന് ഐസിസി അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് എതിരായ പാലിക്കീല്‍ ടെസ്റ്റ് നഷ്ടമാവുകയും മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയായി ഒടുക്കാനും ജഡേജയ്ക്ക് നിര്‍ദേശം ലഭിച്ചു.
കൊളംബോ ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും ജഡേജയുടെ സസ്പെന്‍ഷന്‍ തിരിച്ചടിയായി. ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വിലക്കേർപ്പെടുത്തിയത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും കുറ്റവിമുക്തനാക്കിയ പട്യാല സെഷൻസ് കോടതി വിധി കണക്കിലെടുക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ല. ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് 2013 സെപ്റ്റംബറിൽ ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിരുന്നില്ല.
ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. അവസാനം സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നും ശ്രീശാന്തിന്റെ ഭാര്യ പറഞ്ഞു. ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിർത്താനാകില്ലെന്നും അവർ പറഞ്ഞു.
സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. ഈ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്ക് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് പിൻവലിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു ബിസിസിഐ.
2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കി.2013, സെപ്റ്റംബർ 13
ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്
കൊളംബോ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. വീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
നാലാം ദിനം ചായയ്ക്കു പിരിയുന്പോൾ 343/7 എന്ന നിലയിലായിരുന്നു ആതിഥേയർ. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേർത്തപ്പോൾ സ്കോർ 387ൽ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാൽ മെൻഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യക്കു 439 റണ്‍സിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.
കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍. ശ്രീലങ്കയുടെ ഒന്നാമിന്നിങ്സ് വെറും 49.4 ഓവറില്‍ 183 റണ്‍സിന് അവസാനിച്ചു. അഞ്ചുവിക്കറ്റെടുത്ത അശ്വിനാണ് ലങ്കയുടെ അന്തകനായത്. ഉച്ചഭക്ഷണത്തിനുശേഷം ലങ്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങും. മാത്യൂസ് 26 റണ്‍സെടുത്തും ധനഞ്ജയ റണ്ണൊന്നും എടുക്കാതെയും പുറത്തായി. ഡിക്‌വെല്ല 52 റണ്‍സെടുത്തപ്പോള്‍ മെന്‍ഡിസ് 24 റണ്‍സെടുത്തു. ജഡേജയും ഷാമിയും രണ്ടു വിക്കറ്റും വീതവും വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം
ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത ഹരിയാണയിലെ രേവാരി ട്രാക്കില്‍ മരിച്ച നിലയില്‍. ജയ്പൂര്‍- ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടാന്‍ നോക്കുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്നു പറഞ്ഞാണ് ജ്യോതി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും പോയത്. വൈകീട്ട് ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞ് ജ്യോതി വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോഴാണ് മരണവിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം.
ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ചേതേശ്വർ പൂജാരയുടേയും അജിൻകെ രഹാനയുടേയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് എന്ന നിലയിലാണ്.
കോളംബോ ടെസ്റ്റിൽ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ലോകേഷ് രാഹുലും ധവാനും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 56 നിൽക്കെ 35 റൺസ് എടുത്ത ധവാൻ മടങ്ങിയെങ്കിലും രാഹുൽ ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. വലങ്കയ്യൻ സ്പിന്നർ ദിൽറുവൻ പെരേരയാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തിയത്. തുടർച്ചായ ആറാം സെഞ്ചുറി നേടിയ രാഹുൽ തിരിച്ചുവരവ് ഗംഭീരമാക്കി. എന്നാൽ സ്കോർ 109ൽ നിൽക്കെ അനാവശ്യ റണ്ണിനോടി രാഹുൽ(57) റണ്ണൗട്ടായി.
13 റൺസ് എടുത്ത വിരാട് കോഹ്‌ലി രംഘന ഹെരാത്തിന് മുന്നിൽ വീണതോടെ ഇന്ത്യ പതറി.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ചേതേശ്വർ പൂജാരയും അജിൻകെ രഹാനയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. പതിമൂന്നാം സെഞ്ചുറി നേടിയ പൂജാര അർജുന അവാർഡ് നേട്ടം ആഘോഷമാക്കി. 225 പന്തിൽ നിന്ന് 128 റൺസാണ് പൂജാര നേടിയത്. 10 ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്ങ്സ്. ആദ്യ ടെസ്റ്റിലെ ഫോം പിന്തുടർന്ന രഹാനെ 168 പന്തിൽ നിന്നാണ് 103 റൺസ് നേടിയത്. ടെസ്റ്റ് കരിയറിലെ രഹാനയുടെ ഒമ്പതാം സെഞ്ചുറിയാണ് ഇന്നത്തേത്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യാന്തര ട്വന്റി-20 മത്സരം നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ ട്വന്റി-20 മത്സരം നടത്താൻ ബിസിസിഐയാണ് തിരുമാനിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ പിച്ചിന് ഐസിസി അംഗീകാരം ലഭിച്ചതോടെയാണ് ഒരു രാജ്യാന്തര മത്സരം നടത്താൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് മാറും. ഡിസംബർ 20ന് ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ മത്സരം.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്നാണ് ബി സി സിഐയുടെ വിലയിരുത്തല്‍. പിച്ച് വിലയിരുത്താന്‍ എത്തിയ ബിസിസിഐ സംഘം നിലവിലെ സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരം തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെയും, ക്യാമറകള്‍, സ്‌ക്രീനുകള്‍ എന്നിവയ്ക്കും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചു. എന്നാൽ ട്വന്റി20 മൽസരം നടത്താനാണ് അനുമതി ലഭിച്ചത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെ 23 രാജ്യാന്തര മൽസരങ്ങളാണ് ടീം ഇന്ത്യ നാട്ടിൽ കളിക്കുന്നത്.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.
ലോക കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന പുതിയ നഗരങ്ങളെ അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മറ്റി തിരഞ്ഞെടുത്തു. 2024 ൽ നടക്കുന്ന ഒളിമ്പിക്സിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് നഗരം വേദിയാകും. 2028 ൽ നടക്കുന്ന ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ്ആഞ്ചൽസുമായിരിക്കും ആതിഥേയത്വം വഹിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അറിയിച്ചു.
ആദ്യമായാണ് പാരിസ് ഒളിമ്പിക് മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് പാരിസ്. 2024 ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനായി പാരിസും ലോസ്ആഞ്ചൽസും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ചെയർമാൻ തോമസ് ബാക്ക് ഇരു രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. 2024 ലെ വേദി പാരിസിനും, 2028 ലെ വേദി ലോസ്ആഞ്ചൽസിനും നൽകാനാണ് ചർച്ചയിൽ ധാരണയായത്.
ഇത് മൂന്നാം തവണയാണ് ലോസ്ആഞ്ചൽസ് നഗരം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. 1932, 1984 വർഷങ്ങളിൽ നടന്ന ഒളിമ്പിക്സിന് ലോസ്ആഞ്ചൽസ് നഗരമാണ് ആതിഥേയത്വം വഹിച്ചത്.
2020ൽ നടക്കുന്ന ഒളിമ്പിക്സിന് ജപ്പാനാണ് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണങ്ങളെല്ലാം ഇതിനകം തന്നെ ഇവിടെ പൂർത്തിയായതാണ്.
ബാർസിലോനയുടെ സൂപ്പർതാരമാണ് നെയ്‌മർ. അടുത്തിടെ നെയ്‌മർ ബാർസിലോന വിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പരീശീലനത്തിനിടയിൽ സഹതാരവുമായി അടിപിടി കൂടിയിരിക്കുന്ന നെയ്‌മറാണ് വാർത്തകളിൽ നിറയുന്നത്. ടീമിലേക്ക് പുതുതായി എത്തിയ നെൽസൺ സെമേഡോയുമായാണ് നെയ്‌മർ അടിയുണ്ടാക്കിയത്.
യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ് പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ നെയ്മറെ പിന്നിൽനിന്നും നെൽസൺ തടയാൻ ശ്രമിച്ചു. ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്. ഒടുവിൽ സഹതാരങ്ങൾ ചേർന്നാണ് നെയ്മറെ പിടിച്ചുമാറ്റിയത്. ദേഷ്യം മാറാതെ ഗ്രൗണ്ടിലുണ്ടായിരുന്ന ബോളും തട്ടി തെറിപ്പിച്ചാണ് നെയ്മർ കളം വിട്ടത്.