Sports

ബിസിസിഐയുടെ ആജീവനനാന്ത വിലക്ക് നേരിടുന്ന മലയാളി താരം എസ് ശ്രീശാന്ത് വീണ്ടും പന്തെറിയാനൊരുങ്ങുന്നു. ഗള്‍ഫ് സ്‌പോട്‌സ് എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെസ്റ്റുവലിലാണ് ശ്രീശാന്ത് പന്തെറിയുന്നത്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ഇര്‍ഫാന്‍ ഈഗിള്‍സിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുക. പാക് താരം മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഫാല്‍ക്കണ്‍ ആണ് ഈഗിള്‍സിന്റെ എതിരാളി. ഈ മാസം 19ന് ബഹ്‌റൈന്‍ നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ബഹ്‌റൈന്‍ യൂത്ത് ആന്‍ സ്‌പോട്‌സ് അഫൈര്‍സ് മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരം. മത്സരത്തിന് ഐസിസിയുടെ അനുമതിയില്ലാത്തതിനാല്‍ മത്സരം തടയാന്‍ ബിസിസിഐ ശ്രമിച്ചേക്കില്ലെന്നാണ് സൂചന. നേരത്തെ സ്‌കോട്ടിഷ ലീഗില്‍ കളിക്കാന്‍ അനുമതിക്കായി ശ്രീശാന്ത് സമീപിച്ചപ്പോള്‍ ബിസിസിഐ എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

ശ്രീശാന്തിനെ കൂടാതെ, തിലകരത്‌ന ദില്‍ഷന്‍, മുഹമ്മദ് അഷ്‌റഫുള്‍, മാര്‍ലോണ്‍ സാമുവല്‍ തുടങ്ങിയവരാണ് ഇര്‍ഫാന്റെ ടീമിലെ പ്രധാന താരങ്ങള്‍. മിസ്ബാഹിന്റെ ടീമിലാകട്ടെ ഷാഹിദ് അഫ്രീദ്, സുഹൈല്‍ തന്‍വീര്‍, റാണാ നവീദ്, അബ്ദു റസാഖ് തുടങ്ങിയ പാക് താരങ്ങളാണ് അണിനിരക്കുക.

കൂടാതെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തകൂടി ഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സ് ലീഗിലേക്ക് തിരിച്ചുവരാനുളള സാധ്യതയേറുന്നു. ആര്‍ബിട്രേറ്റര്‍ വിധി പ്രകാരം ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് 1080 കോടി രൂപ നല്‍കേണ്ടി വരുന്നതാണ് ബിസിസിഐയെ കൊച്ചി ടീമിനെ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണം.

കൊച്ചി ടസ്‌ക്കേഴ്‌സ് അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ആര്‍ബിട്രേറ്റര്‍ വിധിക്കെതിരെ അപ്പീലിന് പോകുകയോ, കോടതിയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയോ ആണ് ബിസിസിഐയ്ക്ക് മുന്നിലുളള രണ്ട് വഴികള്‍. ഇതില്‍ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെങ്കിലാണ് ടസ്‌ക്കേഴ്‌സിന്റെ തിരിച്ചുവരവ് സാധ്യത നിലനില്‍ക്കുന്നത്. അപ്പീലിന് പോയാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരമയാ കൊടുക്കേണ്ടി വന്നേക്കുമെന്ന ഭയവും ബിസിസിഐ അധികൃതര്‍ക്കുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് 2011ല്‍ കൊച്ചി ടസ്‌ക്കേഴ്‌സിനെ ബിസിസിഐ കാരാറില്‍ നിന്നും പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്‌സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്.

റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍ സോര്‍ഷ്യമായാണ് കൊച്ചി ടസക്കേഴ്‌സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്.

2011 സീസണില്‍ കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്‍ കളിച്ചെങ്കിലും ആറ് മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. മഹേല ജയവര്‍ധയായിരുന്നു ടീമിന്റെ നായകന്‍.

ചാംപ്യൻസ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു വി.സാംസണും ബേസിൽ തമ്പിയും ടീമിൽ ഇടംനേടിയില്ല. ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരുടെയും ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഇനിയും അവർക്ക് അനുഭവപരിചയം ആവശ്യമാണെന്നും അതിനുശേഷം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നുമായിരുന്നു ബിസിസിഐയുടെ മറുപടി.

ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡ്യേ.

ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങളെ ഉടൻ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ തീരുമാനം. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി കഴിഞ്ഞ മാസം 25 ആയിരുന്നു.

എല്ലാരാജ്യങ്ങളും  15അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരുന്നില്ല. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇക്കാര്യത്തില്‍ ബി.സി.സി.ഐ മെല്ലപ്പോക്ക് നയം സ്വീകരിക്കാന്‍ ഇടയാക്കിയത്. അടുത്ത ജൂൺ ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ

സിക്‌സുകള്‍ മഴയായ് പെയ്തിറങ്ങിയ രാവായിരുന്നു കഴിഞ്ഞ ദിവസത്തേത്. സുരേഷ് റെയ്‌ന തുടങ്ങിവെച്ച ആ വെടിക്കെട്ട് ദിനേഷ് കാര്‍ത്തികിലൂടെ കത്തിപടര്‍ന്നപ്പോള്‍ അത് ഡല്‍ഹി ടീമിന്റെ അന്ത്യകൂദാശയാകുമെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥ വെടിക്കെട്ട് പിന്നീട് വരാനിരിക്കുന്നേ ഉണ്ടായിരുന്നുളളു.

മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും ഗുജറാത്ത് ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിച്ചപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍  കൊടുങ്കാറ്റും മിന്നലും ഇടിയുമായി പരിണമിച്ചു.

43 പന്തിലാണ് റെയ്‌ന 77 റണ്‍സെടുത്ത. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ 65 റണ്‍സും എടുത്തു.  സഞജു 31 പന്തില്‍ 61 റണ്‍സും റിഷഭ് പന്താകട്ടെ 43 പന്തില്‍ 97 റണ്‍സും അടിച്ചുകൂട്ടി.

ആ  തകപ്പൻ കാഴ്ച കാണാം ….

 

എഴുതിവച്ച തിരക്കഥ പോലെ വീണ്ടുമൊരു മഡ്രിഡ് ഡാർബി. സാഹചര്യവും സന്ദർഭവും മാറി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും ഇത്തവണ സെമിഫൈനലിൽ തന്നെ കണ്ടുമുട്ടി. പക്ഷേ, കഥാനായകനു മാത്രം മാറ്റമില്ല. 2014, 2016 ഫൈനലുകളിൽ അത്‌ലറ്റിക്കോയുടെ പെട്ടിയിൽ അവസാന ആണിയടിച്ച ക്രിസ്റ്റ്യാനോ ഇത്തവണ അതിലും കേമമാക്കി. അത്‌ലറ്റിക്കോയെ വലിച്ചൊട്ടിച്ച റൊണാൾഡോയുടെ മൂന്നു ഗോളുകളിൽ സെമിഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനു 3–0 ജയം. ആവേശകരമായ ആ കളിയുടെ നിമിഷങ്ങൾ…

അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനു പിടിപ്പതു പണിയായിരിക്കും എന്നുറപ്പ്! വലതുവിങ്ങിൽനിന്നു പന്തുമായി ബോക്സിലേക്കു കയറിയ റയലിന്റെ ഡാനി കർവജാൽ അത് ഇസ്കോയ്ക്കു നൽകുന്നു. ഇസ്കോ നൊടിയിടയിൽ തിരിച്ചും. കർവജാലിന്റെ ഷോട്ട് ഒബ്ലാക്ക് തട്ടിയിട്ടു. പിന്നാലെ ബെൻസേമയുടെ തുടർശ്രമം ഒബ്ലാക്കിന്റെ കയ്യിൽതട്ടി പുറത്തേക്ക്.

റൊണാൾഡോ, റയൽ! സെർജിയോ റാമോസിന്റെ ക്രോസ് അത്‌ലറ്റിക്കോ താരങ്ങൾ ക്ലിയർ ചെയ്തു. അതു പക്ഷേ വന്നുവീണതു വലതുഭാഗത്തു മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന കാസിമിറോയുടെ കാൽക്കൽ. ബ്രസീൽ താരം ലക്ഷ്യംവച്ചത് ഗോൾ പോസ്റ്റാണ്. പക്ഷേ, പന്തു പൊങ്ങിയതു വീണ്ടും ഗോൾമുഖത്ത്. ആൾക്കൂട്ടത്തിൽ ഉയരെ റൊണാൾഡോ. പന്തു വലയിൽ.

കളിയൊഴുക്കിന് എതിരായി അത്‌ലറ്റിക്കോ മഡ്രിഡിനു സുവർണാവസരം. റയലിന്റെ പ്രതിരോധം പിളർത്തിയ സുന്ദരൻ പാസ്. ഗമെയ്റോ അത് ഓടിപ്പിടിച്ചെടുത്തു. നവാസ് ഓടിയെത്തി നിലത്തു വീണെങ്കിലും പന്ത് അപ്പുറം പോയെന്നു തോന്നി. ഇല്ല! നവാസിന്റെ കയ്യിൽ തട്ടി പന്തിന്റെ ഗതിമാറി. ഗമെയ്റോ വീണുപോയി.

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

എൽ ക്ലാസിക്കോയിൽ ലയണൽ മെസ്സിയെ പരുക്കനായി പ്രതിരോധിച്ച കാസിമിറോ ഗോഡിനുമായുള്ള പോരിനൊടുവിൽ നിലത്തുവീഴുന്നു. മുഖത്തു കൈമുട്ടുകൊണ്ടു കിട്ടിയ ഇടി കടുപ്പമായിരുന്നു. അന്നു മെസ്സിയെപ്പോലെ ഇന്നു കാസിമിറോയുടെ വായിൽനിന്നും ചോരയൊഴുകുന്നു. റഫറി മാർക്ക് അറ്റ്കിൻസൺ കളി അൽപസമയം നിർത്തിവയ്ക്കുന്നു.

ഇസ്കോ, ഡിസ്കോ… ഗാലറിയുടെ ആരവങ്ങൾക്കിടെ ഇസ്കോ പന്തുമായി മുന്നോട്ട്. ഗാബിയെ അനായാസം ഡ്രിബിൾ ചെയ്യുന്നു. പാസ് മുൻകൂട്ടിക്കണ്ടു ബെൻസേമ സമാന്തരമായി ഓടിക്കയറുന്നു. പക്ഷേ, ഇസ്കോയ്ക്ക് പന്തു കൈമാറാനായില്ല. ചിപ് ചെയ്ത പന്ത് നേരെ ഒബ്ലാക്കിന്റെ കയ്യിൽ.

ക്ലാസ് റൊണാൾഡോ! ഇത്തവണ ബെൻസേമ പ്രായശ്ചിത്തം ചെയ്തെന്നു പറയാം. ബോക്സിനു തൊട്ടു പുറത്തു പന്ത് റൊണാൾഡോയ്ക്കു നൽകി. ഫിലിപ്പെ ലൂയിസിന്റെ കാലിൽ തട്ടി പന്തൊന്ന് ഉയർന്നു പൊങ്ങി. വില്ലുപോലെ തല പിന്നോട്ടു വലിച്ച്, പന്തിനെ പാകത്തിലാക്കി റൊണാൾഡോയുടെ വെടിച്ചില്ലു പോലുള്ള ഷോട്ട്. അപാരമായ നിയന്ത്രണം!

റൊണാൾഡോ കളി തീർത്തു. പക്ഷേ, ആ ഗോളിനുള്ള മാർക്ക് ലൂക്കാസ് വാസ്ക്വെസിന്. റൊണാൾഡോ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പന്തുകിട്ടിയ വാസ്ക്വെസ് ഗോഡിനെ മറികടന്നു. വരയ്ക്കപ്പുറം പോകുന്ന പന്തിനെ നിരങ്ങിവീണു കോരിയെടുത്തു. കൃത്യം ഗോൾമുഖത്തിനു മധ്യത്തിൽ റൊണാൾഡോയ്ക്ക്. കൂൾ ഫിനിഷ്. അത്‌ലറ്റിക്കോ ക്ലോസ്!

 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ എബി ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ചത് വിരാട് കോഹ്‌ലിക്ക് ഇഷ്ടമായില്ലെയെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം അങ്കിത് ചൗധരി. ”മൽസരത്തിലെ 18-ാം ഓവറിലെ അവസാന പന്ത് സ്‌ലോ എറിയണോ അതോ ഫാസ്റ്റ് എറിയണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കാരണം കളിയെ തന്നെ ആ ഒരു ബോൾ മാറ്റിമറിച്ചേനെ. അതിനാൽ ഞാൻ എബി ഡിവില്ലിയേഴ്സിന്റെ അടുത്തുപോയി അഭിപ്രായം ആരാഞ്ഞു. ഹാർദിക് പാണ്ഡ്യ സ്‌ലോ ബോൾ ആയിരിക്കും പ്രതീക്ഷിക്കുകയെന്നും അതിനാൽ ഫാസ്റ്റ് എറിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഡിവില്ലിയേഴ്സിനെപ്പോലൊരു ലോകതാരം പറയുമ്പോൾ അതിനെതിരെ പ്രവർത്തിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നു ഞാൻ ചിന്തിച്ചു. വിരാട് കോഹ്‌ലിക്ക് ഇത് ഇഷ്ടമായില്ല. ഞാൻ ചെയ്തത് തെറ്റാണെന്നും ഫുള്‍ സ്‌ലോ ബോള്‍ ആണ് എറിയേണ്ടിയിരുന്നതെന്നുമാണ് കോഹ്‌ലി കരുതുന്നത്”- അങ്കിത് മൽസരശേഷം പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ-മുംബൈ ഇന്ത്യൻസ് മൽസരത്തിലെ ഏറെ നിർണായകമായിരുന്നു 18-ാം ഓവർ. അങ്കിത് ചൗധരിയാണ് ആ ഓവർ ചെയ്യാനെത്തിയത്. ആദ്യ അഞ്ചു പന്തിൽ അഞ്ചു റൺസ് മാത്രമാണ് അങ്കിത് വിട്ടു നൽകിയത്. ആ സമയത്ത് 13 പന്തില്‍ 25 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്ത് വൈഡ് എറിഞ്ഞു. തുടർന്നാണ് ഉപദേശത്തിനായി ഡിവില്ലിയേഴ്സിനെ സമീപിച്ചത്.

ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ച ശേഷം അങ്കിത് ബോൾ ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ആ ബോൾ സിക്സർ പറത്തി. അതോടെ അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 18 റണ്‍സ് മാത്രം മതിയെന്നായി. മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് അവർ തോൽപ്പിക്കുകയും ചെയ്തു.

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ് ബ്രിട്ടണിൽ ജനിച്ചുവളർന്ന മലയാളിയാണ്.

ഡെൻമാർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ഒന്നാംനമ്പർ താരവും ലോകറാങ്കിംങ്ങിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെൻമാർക്കിന്റ ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകൾക്ക്  21-19, 21-19 ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യൻപട്ടം അണിഞ്ഞത്. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനവുമായി.

ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ബ്രിട്ടനാണ് കിരീടം. താരദമ്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ഡബിൾസിലും കിരീടമണിഞ്ഞതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഡബിൾസിൽ ബ്രിട്ടൺ കിരീടനേട്ടം കൈവരിക്കുന്നത്.

1990ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടണുവേണ്ടി അവസാനമായി യൂറോപ്യൻ ചാമ്പ്യൻപട്ടം നേടിയത്. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാമ്പ്യൻപട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ എട്ടു ടൂർണമെന്റുകളിൽ ഡെന്മാർക്കിന്റെ കുത്തകയായിരുന്ന പുരുഷവിഭാഗം സിംഗിൾസ് കിരീടമാണ് രാജീവിലൂടെ ബ്രിട്ടൺ സ്വന്തമാക്കിയത്. ഇത് മലയാളി ബന്ധങ്ങൾ ഏറെയുള്ള ഈ യുവ കായികപ്രതിഭയുടെ വ്യക്തിഗത നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ്. മുൻപ് രണ്ടുവട്ടം ബ്രിട്ടണ് ഒളിമ്പിക്സിലും പലതവണ കോമൺവെൽത്ത് ഗെയിംസിലും  പ്രതിനീധീകരിച്ചിട്ടുള്ള രാജീവിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കിരീടമാണ്.

നിരവധി തവണ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുള്ള രാജീവ് ഔസേപ്പ് ബംഗലുരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽനിന്നും പരിശീലനവും നേടിയിട്ടുണ്ട്.

തന്റെ കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെന്‍ ചാപ്പലാണെന്ന ആരോപങ്ങള്‍ തള്ളി ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചാപ്പലല്ല തുടര്‍ച്ചയായ വേട്ടയാടിയ പരിക്കുകളാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല
                                                                   ഇര്‍ഫാന്‍ പത്താന്‍                                                                                                                                                                                                     
ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിതിലുളള സന്തോഷവും താരം മറച്ചു വെച്ചില്ല.

ഇവിടെ എത്താനായത് സന്തോഷകരമായ കാര്യമാണ്, എന്നാല്‍ നിങ്ങളെ ആരും തെരഞ്ഞെടുത്തില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്, എന്നാലും ടൂര്‍ണമെന്റ് അവസാനിക്കുന്നതിനോ അതിന് മുമ്പോ ഐപിഎല്ലിലേക്ക് തിരിച്ചെത്താനായത് സന്തോഷകരമാണ്. ഈ അവസരം നന്നായി ഉപയോഗപ്പെടുത്താനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാതിരുന്ന ഇര്‍ഫാന്‍ പരിക്കേറ്റ ഡെയ്ന്‍ ബ്രാവോയുടെ പകരക്കാരനായിട്ടാണ് ഗുജറാത്ത് ലയണ്‍സിനായി കളിക്കുന്നത്. അതെസമയം കഴിഞ്ഞ ദിവസം ബംഗളൂരുവിനെതിരെ നടന്ന ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇര്‍ഫാനെ കളിപ്പിച്ചിരുന്നില്ല.
2007ലെ ഐ.സി.സി ടി20 കിരീടം നേടിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡില്‍ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. പുതുമുഖമായി വന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍ സ്വിങ് യോര്‍ക്കറിലൂടെ ആദം ഗില്‍ക്രിസ്റ്റിനെ ഞെട്ടിച്ചതിന്റെ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. കറാച്ചി ടെസ്റ്റില്‍ തന്റെ ബനാന സ്വിങറിലൂടെ പാകിസ്താനെതിരെ ഹാട്രിക് നേടയിതിന്റെ ഒരു വര്‍ഷം ശേഷവും. ഒരുപക്ഷേ, ഇന്ത്യ യഥാര്‍ത്ഥ പ്രതീക്ഷയോടെ അവതരിപ്പിച്ച ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
2012ലായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”ജോസഫ് മയിലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 5-ാമത് അഖില യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ Willes borough kent Regional Cricket ഗ്രൗണ്ടില്‍ വച്ച് 2017 ജൂണ്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടുകൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മയിലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു പുറമെ 1001 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. യു.കെയില്‍ പ്രവാസികള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ (ഹാര്‍ഡ് ടെന്നീസ് ബോള്‍) ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്ന ടൂര്‍ണമെന്റ് വേറെയില്ല.

കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യു.കെ.യിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി Willes borough Kent Regional Cricket ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാത വൈവിധ്യവും രുചികരവുമായ ഭക്ഷണശാല (കയ്യേന്തി ഭവന്‍) പ്രവര്‍ത്തിക്കുന്നതാണ്.

വര്‍ഷം തോറും 100 കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പല ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം Willes borough, റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സോനു (പ്രസിഡന്റ്) ജോജി (വൈസ് പ്രസിഡന്റ്) രാജീവ് (സെക്രട്ടറി) ലിന്‍സി (ജോ. സെക്രട്ടറി) മനോജ് ജോണ്‍സന്‍ (ട്രഷറര്‍) ജോളി (ക്രിക്കറ്റ് ക്യാപ്റ്റന്‍) ജെറി (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക.

ജെറി – 07861653060, ജോളി ആന്റണി 079134597718, രാജീവ് – 07877124805, മനോജ് – 07983524365

ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional Cricket Union
Ashford Kent
TN 24 OQE

റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിലെ ഹീറോയും വില്ലനും ആരെന്ന് വെളിപ്പെടുത്തി ഐപിഎല്‍ 10ാം സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍ സ്റ്റോക്ക്. ധോണി ബോളിവുഡിലെ ഹീറോ ആകുമ്പോള്‍ സ്റ്റീവ് സ്മിത്ത് വില്ലനാകുമെന്നാണ് സ്‌റ്റോക്ക് പറയുന്നത്. ഗള്‍ഫ് ഓയില്‍ ഇന്ത്യ നടത്തിയ ചോദ്യോത്തര പരുപാടിയിലാണ് സ്റ്റോക്ക് രസകരമായ ഈ ഉത്തരം നല്‍കിയത്.
മഹേന്ദ്ര സിംഗ് ധോണിയും അജിന്‍ക്യ രഹാനയും സ്‌റ്റോക്കും പങ്കെടുത്തതായിരുന്നു ഈ തമാശ ചോദ്യോത്തര പരുപാടി. സംഘാടകര്‍ നല്‍കുന്ന ചോദ്യത്തിന് മുന്നിലെ ടേബിളിലെ താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് മൂവരും ഉത്തരങ്ങള്‍ നല്‍കിയത്.

രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഫാഫ് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേര് തന്നെയും പറയുന്നു. അതെസമയം രഹസ്യം സൂക്ഷിക്കാന്‍ ഒട്ടു കഴിവില്ലാത്ത താരം ആരെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരാണ് മൂവരും ഒരേപോലെ പറയുന്നത്.
ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെയും പേര് പറയുന്നു. അതെസമയം ധോണി ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ തയ്യാറായില്ല.
ടേബിളില്‍ ഒരു ബിരിയാണി വെച്ച് കുളിക്കാന്‍ പോയാല്‍ ആരാണ് അത് കട്ടെടുത്ത് തിന്നാന്‍ സാധ്യത എന്ന ചോദ്യത്തിന് രഹാന ദിണ്ടയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഡാന്‍ ക്രിസ്റ്റിയന്റെ പേരാണ് പറയുന്നത്. ഇത്തരത്തിലുളള നിരവധി ചോദ്യത്തിന് ഒടുവിലാണ് പൂണെ ടീമിന്റെ ബോളിവുഡ് ഹീറോ ആരെന്നും വില്ലനാരെന്നും സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. ആ വീഡിയോ കാണുക

RECENT POSTS
Copyright © . All rights reserved