ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനരികെ ഇന്ത്യ. ധരംശാല ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 137 റണ്‍സിന് പുറത്തായി. ഉമേഷ് യാദവും അശ്വിനും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി . മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍െസടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സെടുത്ത ഇന്ത്യ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 45 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.
ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ നിര തകർന്നടിയുകയായിരുന്നു. ആറു റണ്ണെടുത്ത ഡേവിഡ് വാര്‍ണറെയും എട്ടു റണ്ണെടുത്ത റെന്‍ഷോയേയും നേഥൻ ലിയോണിനെയും ഉമേഷ് യാദവ് പുറത്താക്കി. 17 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ഭുവനേശ്വറും 18 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പിനെയും 45 റൺസെടുത്ത മാക്സ്‌വെല്ലിനെയും ഹേസൽ വുഡിനെയും അശ്വിനും ഒരു റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെയും പാറ്റ്കമ്മിൻസിനെയും ഓക്കേഫിയെയും ജഡേജയും വീഴ്ത്തി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 332 റണ്‍സിന് പുറത്തായി. ഏഴാം വിക്കറ്റിലെ സാഹ-ജഡേജ കൂട്ടുകെട്ടിന്റെ 96 റണ്‍സാണ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. ജഡേജ 63ഉം സാഹ 31ഉം റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കായി നേഥന്‍ ലയണ്‍ അഞ്ചും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി
അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. ഷൂട്ടൗട്ട് ഇല്ലാത്തതിനാൽ എട്ടു മണിക്കു തുടങ്ങുന്ന കളി 10 മണിക്കു തീരും.
ഒക്ടോബർ 18ന് പ്രീക്വാർട്ടർ എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും. രണ്ടും ഷൂട്ടൗട്ടിലേക്കോ സഡൻ ഡെത്തിലേക്കോ പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ രാത്രി എത്രമണി വരെ മൽസരം നീളുമെന്ന് പറയാൻ സാധിക്കില്ല.
ഐഎസ്എൽ മൽസരങ്ങളിലെ കാണികളുടെ വൻ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിക്കു സെമിഫൈനൽ സാധ്യതയുണ്ടെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഒരുക്കങ്ങളിലെ മെല്ലെപ്പോക്കും ലോകകപ്പ് എന്ന വലിയ ടൂർണമെന്റിന്റെ പ്രാധാന്യം ശരിയായ അർഥത്തിൽ മനസ്സിലാക്കാത്തതുമാണ് സെമിഫൈനൽ നഷ്ടമാകാൻ കാരണം എന്നാണ് സൂചന.
സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.
ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടൈറ്റ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഷോണ്‍ ടൈറ്റ് ഇനി ‘പ്രവാസി’ ഇന്ത്യക്കാരനായിരിക്കും. 2014ല്‍ ഇന്ത്യന്‍ മോഡല്‍ മഷ്‌റൂം സിന്‍ഹയെ ടൈറ്റ് വിവാഹം ചെയ്തതോടെയാണ് ഇന്ത്യക്കാരനാകാനുളള മോഹം ടൈറ്റിന് ഉണ്ടായത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കാനെത്തിയപ്പോഴായിരുന്നു മഷ്‌റൂം സിന്‍ഹയെ ടൈറ്റ് പരിചയപ്പെട്ടത്. നാല് വര്‍ഷത്തെ ഒരുമിച്ചുളള ജീവിതത്തിന് ശേഷമായിരുന്നു വിവാഹം.
അതെസമയം ഷോണ്‍ ടൈറ്റിന് ഇന്ത്യന്‍ ടീമിന് വേണ്ടി ഇനി കളിക്കാനാകുമോ എന്ന കൗതുക ചോദ്യം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ താരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാനാകില്ല. ഐസിസിയുടെ നിയമപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചതിന്റെ നാല് വര്‍ഷത്തിന് ഇപ്പുറം മാത്രമാണ് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാരന് ജെഴ്‌സി അണിയാനാകു. 2016 ജനുവരിയിലാണ് ഷോണ്‍ ടൈറ്റ് അവസാനമാണ് ഓസ്‌ട്രേലിയക്കായി ജഴ്‌സി അണിഞ്ഞത്. ഇനി 2020ല്‍ മാത്രമാണ് ടൈറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യനാകൂ. അപ്പോഴേക്കും താരത്തിന് 38 വയസ്സാകും.
ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റും 35 ഏകദിനവും 21 ടി20യും കളിച്ചിട്ടുളള താരമാണ് ഷോണ്‍ ടൈറ്റ്. അതിവേഗത്തില്‍ പന്തെറിയാനുളള കഴിവാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.
വിവഹ ശേഷം ടൈറ്റ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തിനാല്‍ ടൈറ്റിനെ ഇന്ത്യയുടെ പ്രവാസി പൗരനാക്കുകയായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെ തന്റെ പാസ്‌പോർട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
— Shaun Tait (@shaun_tait32) March 19, 2017
പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍.
സ്വിസ് സഹതാരം സ്റ്റാനിസ്ലാവ് വാവ്‍റിങ്കയെ തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ കിരിടം ചൂടിയത്. സ്കോര്‍ 6-4, 7-5. വാവ്‍റിങ്കയ്ക്ക് എതിരെയുള്ള 23 മത്സരങ്ങളില്‍ ഫെഡററുടെ ഇരുപതാം വിജയമാണിത്.
കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തിന് പുറത്തുപോയ ഫെഡറര്‍ ഐതിഹാസികമായ തിരിച്ചു വരവാണ് നടത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ 18-ാം ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ 35-ാം വയസ്സില്‍ തന്‍റെ 90-ാം എടിപി കിരിടീമാണ് ഇന്ത്യന്‍ വെല്‍സില്‍ നേടിയത്.
റാഞ്ചി ടെസ്റ്റില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തോളെല്ലിലെ പരുക്കിനെ പരിഹസിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍മാക്‌സ് വെല്ലിനേയും നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പരുക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്ലിയെ അനുകരിച്ചായിരുന്നു സ്മിത്തിന്റേയും മാക്സ്വെല്ലിന്റേയും പരിഹാസം.
ഇതിനു മറുപടി എന്നപോലെ കിട്ടി അവർക്കും തിരിച്ചു പണി. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 58-ാം ഓവറിലാണ് സംഭവം. ഇന്ത്യന്‍ സ്‌കോര്‍ ഒന്നിന് 149. ക്രീസിലുള്ളത് ചേതേശ്വര്‍ പൂജാരയും മുരളി വിജയും. സ്പിന്നര്‍ ഒക്കീഫെയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ പൂജാരയുടെ എല്‍ബിഡബ്ലിയുവിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ വിളിച്ചു. എന്നാല്‍ അമ്പയര്‍ ഔട്ടല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ സ്മിത്ത് ഡിആര്‍എസ് വിളിച്ചു.
പരിശോധനയില്‍ പന്ത് ബാറ്റിന്റെ എഡ്ജില്‍ കൊണ്ടാണ് പാഡില്‍ തട്ടിയതെന്ന് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം ശരിവെച്ച് തേഡ് അമ്പയറുടെ ഫലം വന്നു. നോട്ടൗട്ട്. ആ സമയം ഡ്രെസിങ്ങ് റൂമില്‍ നിന്നിരുന്ന കോഹ്ലി, സ്മിത്തിന്റെ ഡിആര്‍എസ് വീഴ്ച്ച കയ്യടിച്ചാണ് ആഘോഷിച്ചത്.
81-ാം ഓവര്‍ വരെ ഒരു ഡിആര്‍എസ് മാത്രമേ ഓസീസിന് അവശേഷിച്ചിരുന്നുള്ളൂ. അത് പാഴായതിലുള്ള സന്തോഷമായിരുന്നു കോഹ്ലിയുടെ കയ്യടിയില്‍ പ്രതിഫലിച്ചത്.
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 451 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നല്ല തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 67 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്നാമനായി കോഹ്‍ലിക്ക് പകരം ചേതേശ്വര്‍ പൂജാരയാണ് ക്രീസിലെത്തിയത്. ഇന്നലെ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ കോഹ്‌ലി ഇന്നും ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോര്‍ നല്‍കിയത്. മാക്സ്‌വെല്‍ 104ഉം മാത്യു വെയ്ഡ് 37ഉം ഒക്കീഫി 25ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയയിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ക്രിക്കറ്റിൽ മോശം പെരുമാറ്റത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിനു പുതിയ നിയമങ്ങൾ വരുന്നെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഓസ്ട്രേലിയയിൽ നടന്ന ഈ പ്രാദേശിക മത്സരത്തിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവരുന്നത്.
വിക്ടോറിയയിലെ യാക്അൻഡാദിൽ നടന്ന മത്സരത്തിനിടെയാണു സംഭവം. യകൻദാദ് ടീമിലെ ബൗളർ എതിരാളികളായ എസ്ക്ഡേൽ ക്രിക്കറ്റ് ക്ലബിന്റെ ബാറ്റ്സ്മാനെ ഔട്ടാക്കുന്നു. ബാറ്റ്സ്മാന്റെ മുന്നിൽനിന്നു പ്രകോപനപരമായ ആഹ്ലാദം കാണിക്കുന്ന ബൗളറെ അദ്ദേഹം ഷോർഡർ കൊണ്ട് ഇടിച്ചു പിച്ചിൽ ഇടുന്നു. ഇതു കണ്ടു നിന്ന ഒരു ഫീൽഡർ ബാറ്റ്സ്മാനെ മർദിക്കുന്നു – ഇതാണു വിഡിയോയിലുള്ളത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട കളിക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് ക്രിക്കറ്റ് അൽബറി വൊഡോംഗ അസോസിയേഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരിവരെ കളിക്കാർക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് തയാറായെന്നാണു സൂചന.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ അനില്‍ കുബ്ലെയെ ടീം ഡയറക്ടറായി നിയമിച്ചേക്കും. കഴിഞ്ഞ വര്‍ഷം രവി ശാസ്ത്രി ഒഴിഞ്ഞശേഷം ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചിരുന്നില്ല. കുബ്ലെയ്ക്ക് പുതിയ ചുമതല നല്‍കിയാല്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ നമ്പര്‍വണ്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒരൊറ്റ ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയമറിഞ്ഞില്ല. വെസ്റ്റിന്‍ഡീസിനെ അവരുടെ പാളയത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടിയ നീലപ്പട, നാട്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയും വിജയകൊടി നാട്ടി.
നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ദ്രാവിഡിന്റെ പരിശീലന മികവില്‍ അണ്ടര്‍ 10 ലോകകപ്പ് ഫൈനലില്‍ കടന്ന ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്.
സുപ്രീംകോടതി നിയോഗിച്ച, വിനോദ് റായ് അധ്യക്ഷനായ ഭരണകര്‍തൃസമിതിയ്ക്കാണ് നിലവില്‍ ടീമിന്റെ ഭരണചുമതല. ബിസിസിഐയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കുബ്ലെയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനമെന്ന് അറിയുന്നു.
ഇന്ത്യ ജയിച്ച ബാഗ്ലൂര്‍ ടെസ്റ്റിന് ശേഷം അനില്‍ കുബ്ലെ ഭരണകര്‍ത്യ സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ സീനിയര്‍, എ, ജൂനിയര്‍, വനിതാ ടീമുകളെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കുബ്ലെയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ പതിനാലിന് കുബ്ലെയെ ടീം ഡയറക്ടറാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുബ്ലെയുടെ അവസാന പരമ്പരയായിരിക്കും.
ഐപിഎല്ലില്‍ നാല് കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദ് സ്വന്തമാക്കിയ യുവസ്പിന്നര്‍ റാഷിദ് ഖാന്റെ അവിശ്വസനീയ പ്രകടന മികവില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് അഫഗാനിസ്ഥാന്‍. രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.
ഇതോടെ ടി20യില്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ താരം എന്ന റെക്കോര്‍ഡ് റാഷിദ് ഖാന്‍ സ്വന്തമാക്കി. തനിക്ക് ലഭിച്ച ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഒബ്‌റീനും വില്യംസനെയും വീഴ്ത്തിയ റാഷിദ് രണ്ടാം ഓവറില്‍ റണ്‍സൊന്നും നല്‍കാതെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. തുക്കര്‍. തോംസണ്‍, എസികാര്‍ത്തെ എന്നിവരാണ് റാഷിദിന്റെ രണ്ടാം ഓവറില്‍ പുറത്തായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. 90 റണ്‍സെടുത്ത നജീബാ തറാകയ് ആണ് അഫ്ഗാനിനെ മികച്ച സ്‌കോറിലെത്തിച്ചത്. 58 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു തറായയ്യുടെ ബാറ്റിംഗ്.
മറുപടി ബാറ്റിംഗിനിങ്ങിയ അയര്‍ലന്‍ഡ് 11 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 93 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്നതിനിടെ മഴയെത്തി. തുടര്‍ന്ന് ഡെത്ത് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അഫ്ഗാന്‍ 17 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. റാഷിദ് ഖാനെ കൂടാതെ കരീം ജനത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ടി20 പരമ്പര 2-0ത്തിന് അഫ്ഗാന്‍ സ്വന്തമാക്കി.
നേരത്തെ ഐപിഎല്‍ താരലേലത്തില്‍ നാല് കോടി രൂപ സ്വന്തമാക്കി റാഷിദ് ഖാന്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. റാഷിദിനെ കൂടാതെ മറ്റൊരു അഫ്ഗാന്‍ താരമായ മുഹമ്മദ് നബിയും ഐപിഎല്‍ കളിക്കുന്നുണ്ട്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം ദി ഡെയ്‌ലി ടെലിഗ്രാഫ്. ബാഗ്ലൂര്‍ ടെസ്റ്റില്‍ കോഹ്ലിയും കുബ്ലെയും അപമര്യാദയായി പെരുമാറിയെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദം കെട്ടടങ്ങും മുമ്പെയാണ് എരിതിയില്‍ എണ്ണയൊഴിച്ചുള്ള പത്രത്തിന്റെ ആരോപണങ്ങള്‍.
ഓസ്‌ട്രേലിയന്‍ അധികൃതനെ എനര്‍ജി ഡ്രിങ്ക് ബോട്ടില്‍ കൊണ്ട് തല്ലിയെന്നാണ് കോഹ്ലിക്കെതിരായ ആരോപണം. രണ്ടാം ഇന്നിംഗ്‌സിലെ കോഹ്ലിയുടെ പുറത്താകലില്‍ വിശദീകരണം തേടി കുബ്ലെ മാച്ച് ഒഫീഷ്യലുകളുടെ ബോക്‌സിലേക്ക് ഇരച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു. ഡിആര്‍എസ് റിവ്യൂവിലും കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതിന് പിന്നാലെ കുബ്ലെ ക്ഷുഭിതനായെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.
ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള മങ്കിഗേറ്റ് വിവാദത്തിന് പിന്നിലെ മുഖ്യ കാരണക്കാരനായി കുബ്ലെയെ ചിത്രീകരിക്കാനും പത്രം ശ്രമിക്കുന്നുണ്ട്. മങ്കിഗേറ്റ് വിവാദത്തിലേത് പോലെ ബാഗ്ലൂര്‍ ടെസ്റ്റില്‍, അണിയറയ്ക്ക് പിന്നിലെ പാവക്കളിക്കാരന്റെ വേഷം കുബ്ലെ വീണ്ടും എടുത്തണിഞ്ഞെന്നാണ് പത്രത്തിന്റെ വിമര്‍ശനം.
ഓസ്‌ട്രേലിയന്‍ ബോക്‌സിലേക്ക് നോക്കി ഹാന്‍ഡ്‌സ്‌കോമ്പിനെ ഉന്നമിട്ട് കഴുത്ത് കീറുമെന്ന ആംഗ്യം കാട്ടിയെന്നാണ് കോഹ്ലിയ്‌ക്കെതിരായ മറ്റൊരു ഗുരുതര ആരോപണം. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന്‍ രണതുംഗയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്ലി. ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.