വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചിരുന്നു.
രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.
2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.
എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. പുതുതലമുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഈ തീരുമാനം തന്റേത് മാത്രമാണ്. ഇത് തനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്നും” ശ്രീശാന്ത് പറഞ്ഞു.
അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്റിനിടെ താരത്തിന്റെ കൈക്ക് പരുക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും താരം നേടി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് മാര്‍ച്ച് തുടങ്ങാനിരിക്കെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്.
ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര് ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര് ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും.
ഗ്രൂപ്പുകള്‍ തിരിച്ചപ്പോള്‍ ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഒരു തവണ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്സ്കിന്. വോണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അബോധാവസ്ഥയിലായതെന്ന് പറഞ്ഞു.
‘തായ്ലന്ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’
‘വോണിനെ കാണാനായി ആന്‍ഡ്രൂ എന്ന സുഹൃത്ത് വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരിച്ചു’ ജെയിംസ് എര്സ്കിന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്‍ണതകളുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം താരം വെന്റിലേറ്ററിലായിരുന്നു.
ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന് വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന് വോണ്‍. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.
മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.
സൗമ്യതയ്ക്കും ശാന്തതയ്ക്കും അതേസമയം ഗൗരവത്തിനും ഏറെ പേരുകേട്ടയാളാണ് ഇന്ത്യയുടെ മൂന് നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡ്. വൃദ്ധിമാന്‍ സാഹയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉണ്ടായ വിവാദം തന്നെ സമചിത്തതയോടെ ദ്രാവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ്. കളിക്കാരനായിരുന്നപ്പോഴും പിന്നീട് പരിശീലകനായപ്പോഴും ഏറെ പ്രകോപിതമാകേണ്ട സാഹചര്യത്തില്‍ പോലും ദ്രാവിഡിന് മാറ്റമൊന്നും വന്നിരുന്നില്ല.
ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളോട് അങ്ങേയറ്റം മാന്യമായും ശാന്തമായും പ്രതികരിക്കുന്ന ദ്രാവിഡിന് ദേഷ്യം വന്ന സാഹചര്യം പോലും വളരെ കുറവാണ്. ആവശ്യമില്ലാതെ എംഎസ്് ധോണി കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞത്, 2014 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ 195 റണ്‍സ് ചേസ് ചെയ്ത് ജയിച്ചത് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ദ്രാവിഡിന്റെ രോഷം ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ കണ്ടിട്ടുള്ളൂ. എന്നാല്‍ ഒരിക്കല്‍ പാകിസ്താനില്‍ വെച്ച് തന്നെ അലോസരപ്പെടുത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് രൂക്ഷമായിട്ട് പ്രതികരിക്കുകയും അയാളെ പുറത്താക്കുകയും ചെയ്തു.
2004 ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നാലു മത്സരങ്ങളുടെ ഒരു പരമ്പരയിലെ അവസാന മത്സരത്തില്‍ വെച്ചായിരുന്നു സംഭവം. പരമ്പരയില്‍ ഇന്ത്യ 2-1 ന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നായകന് ഇന്‍സമാം ഉള് ഹക്കിന്റെ സെഞ്ച്വറി മികവില്‍ പാകിസ്താന് 293 റണ്‍സ് എടുത്തു. എന്നാല്‍ നന്നായി ചേസ് ചെയ്ത ഇന്ത്യ 132 റണ്‍സില്‍ നില്‍ക്കുകയാണ്. രാഹുല്‍ദ്രാവിഡ് 76 റണ്‍സ് അടിച്ചു പുറത്താകാതെയും മൊഹമ്മദ് കൈഫ് 71 റണ്‍സ് എടുത്തും നില്‍ക്കുകയാണ്. കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ഒത്തുകളിയെക്കുറിച്ചുള്ള ചോദ്യം ദ്രാവിഡിനെ പ്രകോപിതനാക്കി.
അസംബന്ധം എന്ന് ആദ്യം തന്നെ പ്രതികരിച്ച ദ്രാവിഡ് ഇയാളെ മാധ്യമസമ്മേളനം നടക്കുന്ന ഹാളില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇത് അസംബന്ധം ആണെന്നും ഇയാളെ മുറിയില്‍ നിന്നും പുറത്തേക്ക് എറിയാന്‍ ആരുമില്ലേ എന്നുമായിരുന്നു പ്രതികരിച്ചത്.
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ