പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.
വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.
51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.
വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവൻ്റിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിച്ചുകൊണ്ട് ജൂൺ 23 ഞായറാഴ്ച കാർഡിഫിനടുത്തുള്ള ദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ട് ആവേശത്താൽ മുഴങ്ങി. 2013ൽ വെയിൽസിൽ ആദ്യമായി തുടങ്ങിയതാണ് കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്.
സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, ലിറ്റിൽ കൊച്ചി റെസ്റ്റോറൻ്റ് കാർഡിഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നിവയുടെ പിന്തുണയോടെയാണ് കാർഡിഫ് കാമിയോസ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
എഫ്‌സിസി ന്യൂപോർട്ട്, കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട്ട് ടൈറൻ്റ് സിസി, സ്വാൻസീ സ്‌പാർട്ടൻസ് എന്നീ നാല് ടീമുകൾ ആവേശകരമായ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആവേശകരമായ കളികൾക്കൊടുവിൽ ന്യൂപോർട്ട് ടൈറൻ്റ് സിസിയും കാർഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവിൽ, ന്യൂപോർട്ട് ടൈറൻ്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.
അവാർഡ് ദാന ചടങ്ങിൽ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് ചെയർമാൻ ശ്രീ. ജേക്കബ് വിജയികളായ ന്യൂപോർട്ട് ടൈറൻ്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാർഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാൻസീ സ്പാർട്ടസിനും ശ്രീ ജേക്കബ് ട്രോഫികൾ കൈ മാറി.
കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഒരു റാഫിൾ സംഘടിപ്പിച്ചു. അതിൽ
സത്യ, എമിലി, റെൻസ് ജോർജ് എന്നിവർ വിജയികളായി. നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാർഡിഫ് കാമിയോസ് ചെയർമാൻ സനീഷ് ചന്ദ്രൻ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയിൽ ലഭിച്ച തുക പെനാർത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു. കാർഡിഫ് കാമിയോസിൻ്റെ പ്രതിനിധി അസ്വിൻ അൻബു, നെവിൻ സാനി, ശ്രീ സനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമർപ്പിച്ചു.
സ്‌പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ പങ്കാളിത്തത്തിനും അതിൻ്റെ വിജയത്തിന് സംഭാവനകൾ നൽകിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാമും അധികസമയത്ത് ഹാരി കെയ്നും ഇംഗ്ലീഷ് പടയുടെ രക്ഷക്കെത്തി. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട് ജയിച്ചുകയറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്. 95-ാം മിനിറ്റിലെ ഉഗ്രന്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണ് സ്ലൊവാക്യയോട് സമനിലപിടിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. അധികസമയത്ത് ഹാരി കെയ്‌നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. നേരത്തേ 25-ാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇരു ടീമുകളും തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലീഷ് പടയും സ്ലൊവാക്യയും നടത്തിയത്. പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്ലൊവാക്യ കിടിലന്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. അത് തടയാന്‍ ഇംഗ്ലീഷ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് മഞ്ഞ കാര്‍ഡുകളാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചത്. ഇംഗ്ലണ്ട് സ്ലൊവാക്യന്‍ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
പിന്നാലെ 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് സ്ലൊവാക്യ മുന്നിലെത്തി. ഇവാന്‍ ഷ്രാന്‍സാണ് ടീമിനായി ലക്ഷ്യം കണ്ടത്. പ്രതിരോധതാരം ഡെന്നിസ് വാവ്‌റോ ഇംഗ്ലണ്ട് ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. പിന്നാലെ സ്ലൊവാക്യന്‍ താരത്തിന്റെ ഹെഡര്‍ വഴി പന്ത് സ്‌ട്രൈക്കര്‍ ഡേവിഡ് സ്‌ട്രെലക്കിന്റെ കാലിലെത്തി. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ആ സമയം ഓടിയെത്തിയ ഷ്രാന്‍സിന് സുന്ദരമായി സ്‌ട്രെലക് അസിസ്റ്റ് നല്‍കി. അത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ താരത്തിനുണ്ടായുള്ളൂ.
ഗോള്‍ വീണതിന് ശേഷം സൗത്ത്‌ഗേറ്റും സംഘവും തിരിച്ചടിക്കാനായി മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെയാണ് കൂടുതലായും അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്ലൊവാക്യന്‍ പ്രതിരോധം ഭേദിക്കാനയില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനായി ഫോഡന്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. പിന്നാലെ ഇംഗ്ലീഷ് പട മുന്നേറ്റങ്ങള്‍ ശക്തമാക്കി. പരിക്കേറ്റ കീരന്‍ ട്രിപ്പിയറിനെ പിന്‍വലിച്ച് സൗത്ത്‌ഗേറ്റ് സ്‌ട്രൈക്കര്‍ കോള്‍ പാമറിനെ കളത്തിലിറക്കി. ബെല്ലിങ്ങാമും സാക്കയും സ്ലൊവാക്യന്‍ ബോക്‌സിലേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
77-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഹാരി കെയ്ന്‍ തലവെച്ചെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തുപോയി. സാക്ക ഇടതുവിങ്ങിലേക്ക് മാറി കളിമെനഞ്ഞു. 80-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ കെയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബാറിന് മുകളിലൂടെ പോയി. അവസാനമിനിറ്റുകളില്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സ്ലൊവാക്യന്‍ പ്രതിരോധം മികച്ചുനിന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഇംഗ്ലീഷ്പടയ്്ക്ക് ജീവന്‍ നല്‍കി ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെത്തി. 95-ാം മിനിറ്റില്‍ ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്ലൊവാക്യന്‍ ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ താരം മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു. സ്‌കോര്‍ 1-1 എന്ന നിലയിലായി. കളി അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ വീണ്ടും ഇംഗ്ലീഷ് പടയുടെ ഗോളെത്തി. 91-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഇംഗ്ലീഷ് താരം എസെ ഉതിര്‍ത്ത ഷോട്ടില്‍ നിന്നാണ് തുടക്കം. ഉയര്‍ന്ന പന്ത് ഹെഡറിലൂടെ ഇവാന്‍ ടോണി ഹാരി കെയ്ന് നല്‍കി. മറ്റൊരു ഹെഡറിലൂടെ കെയ്ന്‍ വലകുലുക്കി. ഇതോടെ ഇംഗ്ലണ്ട് മുന്നിലെത്തി. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സ്ലൊവാക്യയ്ക്കായില്ല. അതോടെ ത്രില്ലറിനൊടുക്കം ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായി. ഇതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കി.
ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി. 27 പന്തില്‍ 52 റണ്‍സ് താരം സ്വന്തമാക്കി. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി.
ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡായി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്ത് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 59 പന്തുകള്‍ നേരിട്ട കോലി 76 റണ്‍സെടുത്തു പുറത്തായി. 31 പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 47 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ 16 പന്തില്‍ 27 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (അഞ്ച് പന്തില്‍ ഒന്‍പത്), ഋഷഭ് പന്തും, സൂര്യകുമാര്‍ യാദവും (അഞ്ച് പന്തില്‍ മൂന്ന്) പവര്‍പ്ലേ അവസാനിക്കും മുന്‍പേ പുറത്തായിരുന്നു.
ഇപ്സിച്ച് ; ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ് സ്പോർട്സ് ഡേ’ വൻ ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ. ബാർബിക്യൂവും പലതരത്തിലുള്ള ഡിഷുകൾ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങൽ സംഘടിപ്പിച്ചും ‘കെസിഎ ‘സമ്മർ ഫെസ്റ്റ്” ഗംഭീരമാക്കി. സെന്റ് ആൽബൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബാർബിക്യൂ & സ്പോർട്സ് ഡേയിൽ ഇപ്സിച്ചിലെ മുഴുവൻ മലയാളികളും ഏറെ ആവേശപൂർവ്വം പങ്കെടുത്തു.കുട്ടികൾക്ക് വേണ്ടി ഫുട്ബോളും മറ്റ് കായിക ഇനങ്ങളും ക്രമീകരിച്ചിരുന്നു.
ഇന്ത്യൻ, കോണ്ടിനെന്റൽ, യൂറോപ്യൻ ഡിഷുകൾ അടങ്ങിയ ‘ഗ്രാൻഡ് മെനു’ പരിപാടിയുടെ ‘ഹൈ ലൈറ്റായി’. കപ്പയും കാന്താരിയും മീൻ പീരയുമടക്കം നാടൻ വിഭവങ്ങളും വ്യത്യസ്തതരം ബാർബിക്യൂവും ‘ഗ്രാൻഡ് മെനുവിനെ’ ഗംഭീരമാക്കി. കുട്ടികൾക്കായി പ്രത്യേക വിഭവങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
സ്പോർട്സ് ഡേയോടനുബന്ധിച്ച് നടന്ന വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഇപ്സിച്ച് റെഡ് ഡ്രാഗൺസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനെ തകർത്താണ് റെഡ് ഡ്രാഗൺസ് കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെഡ് ഡ്രാഗൺസ് നിശ്ചിത ഓവറിൽ 38 റൺസാണെടുത്തത്. അരുൺ, ജെലിൻ, സായി, റെനി എന്നിവരുടെ കൃത്യതയാർന്ന ബോളിംഗ് കരുത്തിലാണ് റെഡ് ഡ്രാഗൺസ് ചാംപ്യൻമാരായത്. നേരത്തെ സ്പാർട്ടൻസ്, ക്രൈസ്റ്റ് ചർച്ച് ടീമുകളെ റെഡ് ഡ്രാഗൺസ് ലീഗിൽ പരാജയപ്പെടുത്തിയിരുന്നു. നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
കെസിഎ ഭാരവാഹികളിൽ നിന്ന് റെഡ് ഡ്രാഗൺസ് നായകൻ അഭിലാഷ് ഗോപി ചാംപ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങി. കെസിഎ രക്ഷാധികാരി ഡോ അനൂപാണ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.
സമ്മർ ഫെസ്റ്റിലെ ‘ഫാമിലി ഫൺ ഡേ’ പരിപാടികൾക്ക് കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡഎൻ ഡെറിക്, സെക്രട്ടറി ജിജു, ജോയിന്റ് സെക്രട്ടറി വിൽസൺ, ട്രഷറർ നജീം, പിആർഓ സാം എന്നിവർ നേതൃത്വം നൽകി. ബാർബിക്യൂ & സ്പോർട്സ് ഡേയുടെ സ്പോൺസർ ‘ലോയൽറ്റി ഫിനാൻസ് സൊല്യൂഷൻസ്’ പ്രതിനിധി സെബാസ്റ്റ്യൻ വർഗീസും സമ്മർ ഫെസ്റ്റിൽ സന്നിഹിതിതനായിരുന്നു.
2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻറ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു .
രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.
Sujesh: 07438209482 Rahul:07768146907
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഏകദിന ലോകകിരീടം നേടിയ നിമിഷങ്ങൾ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട, 1983-ൽ കപിൽദേവിന്റെ 175 നോട്ട് ഔട്ട് പിറന്ന, അതേ നെവിൽ ഗ്രൗണ്ടിന്റെ ടൺബ്രിഡ്ജ് വെൽസ് നഗരത്തിൽ, അതിന്റെ ആവേശം തെല്ലുംചോരാത്ത ഒരു ജനതയുടെ മുഴുവൻ വികാരവും സംസ്കാരത്തിന്റെ തനിമയും കൈകോർത്ത്, ഇംഗ്ളണ്ടിന്റെ പൂന്തോട്ടമായ കെന്റിലെ “സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്” അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യു.കെ. ക്രിക്കറ്റ് ടൂർണമെന്റിലേക്ക്.
കപിലിന്റെ ചെകുത്താന്മാർ ലോകകിരീടത്തിലേക്കുള്ള വഴിതുറന്ന നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നാട്ടിലെ കായിക മാമാങ്കത്തിലേക്ക്, യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളേയും “സഹൃദയ”ർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം അടയാളപ്പെടുത്തുന്ന സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പേരിൽ അറിയപ്പെടുന്ന യുകെയിലെ പതിനേഴുവർഷം പരിചയ സമ്പത്തുള്ള സംഘടനയാണ് സഹൃദയ, ദ വെസ്റ് കെൻറ് കേരളൈറ്റ്സ്. ഓരോ കായികമത്സരങ്ങളും, ആവേശത്തിലും അച്ചടക്കത്തിലും ഒത്തൊരുമയോടെയും നടത്താൻ പേരുകേട്ട “സഹൃദയയ”യുടെ, അഞ്ചാമത് ഓൾ യു. കെ T15 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരങ്ങളുടെ സമ്മാനങ്ങൾ ആകർഷകമായ ട്രോഫികൾക്കൊപ്പം ഫസ്റ്റ് പ്രൈസ് 701 പൗണ്ട്, സെക്കന്റ് പ്രൈസ് 501 പൗണ്ട് എന്നിങ്ങനെയാണ്. കൂടാതെ, മൂന്നും, നാലും സ്ഥാനക്കാർക്കും, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ എന്നീ ട്രോഫികളും നൽകുന്നുണ്ട് എന്ന് സഹൃദയ പ്രസിഡൻ്റ് ആൽബർട്ട് ജോർജ് അറിയിച്ചു.
രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങൾക്കെത്തുന്നവർക്ക് രുചികരമായ ഭക്ഷണത്തിനായി “ലൈവ് ഫുഡ് ഫെസ്റ്റ്” ഒരുക്കിയിട്ടുണ്ട്, ” മിതമായ നിരക്കിൽ വൈവിദ്ധ്യമുള്ള ഭക്ഷണം ഏവർക്കും ലഭ്യമായിരിക്കുമെന്നും സംഘാടകസമിതിയ്ക്കു വേണ്ടി സെക്രട്ടറി ഷിനോ ടി പോൾ, പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
ഗ്രൗണ്ടുകളുടെ വിലാസം:
സ്കിന്നേഴ്സ് സ്കൂൾ ഗ്രൗണ്ട് റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN4 0BU
ഹോക്കൻബറി റിക്രിയേഷൻ ഗ്രൗണ്ട്, റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN2 5BW
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
അഭി : 07411 454070
മിഥുൻ : 07459 657971
ഐപിഎല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 18. 3 ഓവറില്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറായ 113 റണ്‍സെടുത്ത് പുറത്തായി. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 23 പന്തുകള്‍ നേരിട്ട എയ്ഡന്‍ മര്‍ക്റാം 20 റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി.
കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്.
സ്റ്റാര്‍ക്കും അറോറയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി സ്പിന്നര്‍ ഹര്‍ഷിത് റാണയുടെ പന്തിലാണു പുറത്തായത്.
10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മര്‍ക്റാമിനു പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് മര്‍ക്റാം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി.
അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി. 16.4 ഓവറിലാണ് (100 പന്തുകള്‍) ഹൈദരാബാദ് 100 റണ്‍സ് കടന്നത്.
നാലു റണ്‍സെടുത്ത ജയ്ദേവ് ഉനദ്ഘട്ട് സുനില്‍ നരെയ്ന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആര്‍എസ് എടുത്ത് കൊല്‍ക്കത്ത വിക്കറ്റു സ്വന്തമാക്കി. 19ാം ഓവറില്‍ ക്യാപ്റ്റന്‍ കമിന്‍സിനെ റസ്സല്‍ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു.
2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പ് നോടനുബന്ധിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം കരസ്ഥമാക്കിയാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം ഫൈനലിൽ വിജയിച്ചത് (ഫൈനൽ സ്കോർ 43-21). ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശിയായ ആതിര സുനിലും , വൈസ് ക്യാപ്റ്റനായി പ്രസി മോൾ കെ പ്രെനിയുമാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ വിഭാഗത്തെ നയിച്ചത്.
പുരുഷ വിഭാഗത്തിൽ നോട്ടിംഗ് ഹാം റോയൽസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി . ക്യാപ്റ്റൻ ആയി മലപ്പുറം സ്വദേശിയായ മഷൂദും , വൈസ് ക്യാപ്റ്റനായി ഹരികൃഷ്ണനും ആണ് നോട്ടിംഗ് ഹാം റോയൽസിന്റെ പുരുഷ വിഭാഗം ടീമിനെ നയിച്ചത് .
മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസ് ടീം മാനേജർ : രാജു ജോർജ് , കോച്ച് സജി മാത്യു , കോർഡിനേറ്റർ ജിത്തു ജോസഫ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.
ലണ്ടൻ .: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യും. ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ ഏപ്രിൽ 19 ന് മത്സരം തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് .
അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.. ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്. ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺഎന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ ഗേൾസ് ടീം ഫൈനൽ ൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാമിൽ വച്ച് നടക്കും.
പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റ്: ബർമിംഗ്ഹാം ബുൾസ് നോട്ടിംഗ്ഹാം റോയൽസ് ഗ്ലാസ്ഗോ യൂണികോൺസ് വോൾവർഹാംപ്ടൺ വോൾവ്സ് മാഞ്ചസ്റ്റർ റൈഡേഴ്സ് എഡിൻബർഗ് ഈഗിൾസ് കവൻട്രി ചാർജേഴ്സ് സാൻഡ് വെൽ കിംഗ്സ് വാൽസാൽ ഹണ്ടേഴ്സ്
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ , ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെൻറ് , ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.