ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .
പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാവുക ഏവരും കരുതിയത് പോലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ജൂൺ പതിനെട്ട് മുതൽ 22 വരെയാണ് ഫൈനൽ. ജൂൺ 23 ഫൈനൽ മത്സരത്തിനുള്ള
റിസർവ് ദിനമായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്.ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിൽ നിൽക്കുന്നുണ്ട് . ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ തീരുമാനിക്കുവാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .ശേഷം ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. കൂടാതെ ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് പരമ്പര കളിച്ചപ്പോൾ അതിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും കരസ്ഥമാക്കി .
നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഇത്തവണയും സ്റ്റെന്റ് നടപടിക്രമങ്ങള്‍ വേണ്ടിവന്നേക്കും. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ വന്നതിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു.
പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പേടിക്കാനൊന്നുമില്ലെന്നും ഗാംഗുലിയെ രണ്ടാം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തര്‍ഷി ബസു, ഡോ. സരോജ് മൊണ്ഡല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. അഫ്താബ് ഖാന് സ്റ്റെന്റിംഗ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വാരണാസി സന്ദർശിച്ചത്. കാശി വിശ്വാനാഥ അമ്പലത്തിലും കാൽ ഭൈരവ് അമ്പലത്തിലും ദർശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ഫൊട്ടോസും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ബോട്ട് തുഴച്ചിലുകാരന് വിനയായി. ശിഖർ ധവാൻ സഞ്ചരിച്ചിരുന്ന ബോട്ട് തുഴഞ്ഞ ആൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പക്ഷിപനി വാരണാസിയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ പക്ഷികൾക്ക് ഭക്ഷണം നൽകാൻ പാടില്ലായെന്നത്. ഇത് സംബന്ധിച്ച നിർദേശം തുഴച്ചിലുകാർക്കും നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
സഞ്ചാരികൾക്കെതിരെ നടപടിയുണ്ടാവുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബോട്ടുകരോട് വിശദീകരണം ചോദിക്കുമെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
View this post on Instagram
ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിനുശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. പെറ്റേണിറ്റി ലീവിന് ശേഷം മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. 16 അംഗ ടീമിൽ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരെ മിന്നും പ്രകടനവുമായി തിളങ്ങിയ ജോ റൂട്ട് നയിക്കുന്ന ടീമിൽ കോവിഡ് ബാധിച്ച മൊയിൻ അലിയും ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ മൊയിൻ അലി ഇപ്പോൾ വിശ്രമത്തിലാണ്.
ആൻഡേഴ്സണും ബ്രോഡും നയിക്കുന്ന ലോകോത്തര ബോളിങ് നിരയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കുന്ന ആർച്ചറും സ്റ്റോക്സും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. റൂട്ട് തന്നെയാണ് ടീമിലെ പ്രധാന ബാറ്റിങ് കരുത്ത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജോഫ്ര ആർച്ചർ. മൊയ്ൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബൺഡ്, ജോസ് ബട്‌ലർ, ജാക് ചൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൻ, ക്രിസ് വോക്സ്
മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയാധിക്ഷേപം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ യുവ പേസർ സിറാജ്.വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയർമാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.
സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.ഓസ്ട്രേലിയയില്‍ താന്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സിറാജ് വ്യക്തമാക്കി.
എന്നെ ചില കാണികള്‍ തവിട്ട് നിറമുള്ള കുരങ്ങനെന്ന് വിളിച്ചു. കളിക്കാരനെന്ന നിലയില്‍ ഇക്കാര്യം ഞാനെന്‍റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അത് ഓണ്‍ഫീല്‍ഡ് അമ്പയർമാരായ പോള്‍ റീഫലിന്‍റെയും പോള്‍ വില്‍സണിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി. എനിക്ക് നീതി ലഭിച്ചോ എന്നത് വിഷയമല്ല.
ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോൾ അത് ക്യാപ്റ്റന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് എന്‍റെ കടമയാണ്.അമ്പയർ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയർമാരെ അറിയിച്ചു.
മോശമായി പെരുമാറുന്ന കാണികളെ നിയന്ത്രിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു.
കാണികളുടെ ക്രൂരമായ പെരുമാറ്റം തന്‍റെ പോരാട്ടവീര്യം ഉയര്‍ത്തുകയാണ് ചെയ്തയെന്നും സിറാജ് പറഞ്ഞു.ഓസ്ട്രേലിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്നെ മാനസികമായി കരുത്തനാക്കി.
അതൊന്നും എന്‍റെ കളിയെ ബാധിക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും സിറാജ് വ്യക്തമാക്കി. വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയശേഷമായിരുന്നു പിന്നീട് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പു പറയുകയുംചെയ്തിരുന്നു.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചും സ്മിത്ത് വിവാദത്തിലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സ് ഹര്‍ഭജന്‍ സിങ്ങിനെ ഒഴിവാക്കി. റെയ്നയെ നിലനിര്‍ത്തി. 22.7 കോടി രൂപയാണ് നിലവില്‍ ചെന്നൈയുടെ അക്കൗണ്ടില്‍ ഉള്ളത്. ഗ്ലെന്‍ മാക്സ്‌വെല്ലിനെ കിങ്സ് ഇലവന്‍ പഞ്ചാബും ലസിത് മലിംഗയെ മുംബൈ ഇന്ത്യന്‍സും റിലീസ് ചെയ്തു. ജേസന്‍ റോയ്, അലക്സ് കാരി എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. മൊയീന്‍ അലി, ആരണ്‍ ഫിഞ്ച് തുടങ്ങിയ താരങ്ങളെ ആര്‍സിബിയും നിലനിര്‍ത്തിയില്ല.
ഓസ്‌ട്രേലിയയുടെ എല്ലാ തന്ത്രങ്ങളും എട്ടായി മടക്കി കൊടുത്ത് പകരക്കാരുടെ നിരയുമായി വിജയം കൊയ്ത ഇന്ത്യയ്ക്ക് നാനഭാഗത്തു നിന്നും പ്രശംസാപ്രവാഹമാണ്. നാലാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ മനസിൽ അവശേഷിപ്പിച്ചത് മാറാത്ത മുറിവ് മാത്രമാണ്. ഗാബ ഗ്രൗണ്ടിൽ 32 വർഷത്തെ വിജയത്തടുർച്ചയുടെ ചരിത്രം മാത്രമുള്ള ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ്.
അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ വെറും 18 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 21ന് സ്വന്തമാക്കിയ ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടവും ബോർഡർ ഗാവസ്‌ക്കർ ട്രോഫി സ്വന്തമാക്കി.
പരമ്പരയിലെ അവസാന ടെസ്റ്റ് നടന്ന ഗാബ ഗ്രൗണ്ടിന്റെ ചരിത്രമെടുത്താൽ ഓസ്‌ട്രേലിയ 1988ന് ശേഷം ഇവിടെ തോൽവിയെന്തെന്ന് അറിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ യുവനിര ആ റെക്കോഡ് തകർത്ത് കൈയ്യിൽ കൊടുക്കുകയായിരുന്നു. 1988ൽ വെസ്റ്റ് ഇൻഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളിൽ 24 എണ്ണത്തിലും ഓസീസ് വിജയം നേടി. ഏഴുമത്സരങ്ങൾ സമനിലയിലുമായി.
ഇന്ത്യയുടെ യുവപ്രതീക്ഷയായ ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും ചേർന്നാണ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഇന്ത്യ ഇതിനുമുൻപ് ഗാബയിൽ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലുമായി. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ അവരെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണിൽ, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.
അതേസമയം, ഇന്ത്യയുടെ വിജയത്തിൽ ആരാധകർ അതീവ ആഹ്ലാദത്തിലാണെങ്കിലും ഓസ്‌ട്രേലിയയ്ക്ക് വലിയ നാണക്കേടാണ് ഈ തോൽവി സമ്മാനിച്ചിരിക്കുന്നത്. ബോർഡർ -ഗാവസ്‌ക്കർ ട്രോഫി കൈവിട്ടതിനു പിന്നാലെ പോസ്റ്റ് മാച്ച് പ്രസന്റേഷനായി ഗ്രൗണ്ടിലെത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌നിനെ കാണികൾ കൂവി വിളിച്ചാണ് വരവേറ്റത്. അതേസമയം, ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയ്ക്ക് നിറകൈയ്യടിയായിരുന്നു സമ്മാനം.
മുൻനിരതാരങ്ങൾക്കെല്ലാം വിശ്രമവും പരിക്കും ഒക്കെയായി വലഞ്ഞ ഇന്ത്യ പകരക്കാരെ ഇറക്കിയാണ് പരമ്പര നേടിയത്. പരമ്പര തോറ്റതോടെ പെയ്‌നിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കാനാണ് സാധ്യത.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിര തന്നെ ഇതിനോടകമുണ്ട്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.
കൂടാതെ വിരാട് കോലിയുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്താണ് നടത്തിയതെന്ന് കരുതുന്നില്ലെന്ന് ലാംഗര്‍ പറഞ്ഞു.ഈ സമ്മറില്‍ എത്ര കളിക്കാര്‍ക്ക് പരിക്കേറ്റു എന്നത് നോക്കുക. ശരിയായ സമയത്തല്ല ഐപിഎല്‍ നടന്നത്. പരിക്കുകള്‍ ഓസ്ട്രേലിയയേയും ഇത്യയേയും ബാധിക്കാന്‍ കാരണം ഇതാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടാന്‍ ഐപിഎല്ലിലൂടെ സാധിക്കും. എന്നാല്‍ ഐപിഎല്‍ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ലാംഗര്‍ പറഞ്ഞു.
ഏപ്രില്‍-മെയ് മാസത്തില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്‌റ്റംബര്‍ നവംബര്‍ മാസത്തിലാണ് നടത്തിയത്.ഇതിന് ശേഷം ഇന്ത്യ-ഓസീസ് താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി.ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്ബെ ക്വാറന്റെയ്‌നില്‍ ടീമുകള്‍ക്ക് പ്രവേശിക്കേണ്ടി വന്നു.
ഇത് മാനസികമായി വലിയ തിരിച്ചടിയായി. കൂടാതെ തുടര്‍ച്ചയായി രണ്ട് മാസത്തെ മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയില്ലാതെ മത്സരം കളിച്ചതോടെയാണ് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്.ഓസ്‌ട്രേലിയക്ക് പരിക്ക് അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടണിലെ അതിതീവ്ര കോവിഡ് വൈറസ്. ശ്രീലങ്കന്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
രാജ്യത്ത് ആദ്യമായാണ് അതിതീവ്ര കോവിഡ് വൈറസ് ബാധ സ്ഥീരീകരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഹേമന്ത ഹെരാത്ത് പറയുന്നു. അതിനാല്‍ തന്നെ രാജ്യത്ത് മോയിന്‍ അലിയില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.
ശ്രീലങ്കയില്‍ എത്തിയതിന് ശേഷം ജനുവരി നാലിനാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. അലിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, വോക്സിന്റെ ഫലം നെഗറ്റീവായിരുന്നു.
സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാള്‍ താരം ദിലീഷ് ദേവസ്യ അന്തരിച്ചു. 28 വയസായിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ദിലീഷ് ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിലെ ഒരു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ കൂടിയായിരുന്നു തൃശ്ശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ദിലീഷ്.
നാലുമാസത്തെ അവധിക്കാണ് ദിലീഷ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പരേതനായ ചുക്രിയന്‍ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വര്‍ഷമായി അല്‍ഖോബാറില്‍ പ്രവാസിയാണ്.
ബെല്‍വിന്‍ ഏക സഹോദരനാണ്. മാതൃസഹോദരി ഭര്‍ത്താവ് ബെന്നി തുഖ്ബയിലുണ്ട്. ദമ്മാമിലെ പ്രവാസി ഫുട്ബാള്‍ ക്ലബായ ഇഎംഎഫ് റാക്കയുടെ കളിക്കാരനായിരുന്നു ദിലീഷ്. ദിലീഷിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) അനുശോചിച്ചു.