ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്ഥാന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു.

2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. ഇന്ത്യയും പാകിസ്ഥാനും കളിക്കാനിറങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമെല്ലാം കളിക്കളത്തിലും പ്രതിഫലിക്കാറുണ്ട്. അത്രമേല്‍ ആവേശമാണ് ഇന്ത്യ-പാക് പോര് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഈ വര്‍ഷത്തെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ മാസമാണ് ഇന്ത്യന്‍ ടീമിന് പരമ്പരകളില്ലാത്തത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജൂലൈ മാസമാകും ഇന്ത്യ-പാക് പോരാട്ടത്തിന് സാദ്ധ്യത.