കോവിഡ് 19 കളംപിടിക്കും മുൻപ് നിർത്തിയിടത്തുനിന്നുതന്നെ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും വീണ്ടും ആരംഭിച്ചു; ഇന്ത്യയും. ഫലം, റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 ടൂർണമെന്റ് പുനരാരംഭിച്ചപ്പോൾ, ആദ്യ മത്സരത്തിൽ സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലെ‍ജൻഡ്സിന് തകർപ്പൻ ജയം. ബംഗ്ലദേശ് ലെജൻഡ്സിനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് ലെജൻഡ്സ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ സേവാഗും സച്ചിനും തകർത്തടിച്ചതോടെ ഇന്ത്യൻ ലെജൻഡ്സ് 59 പന്തു ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും കളയാതെ ലക്ഷ്യത്തിലെത്തി.

35 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന സൂപ്പർ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ഇന്നിങ്സാണ് ഇന്ത്യൻ ലെജൻഡ്സിനു കരുത്തായത് 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് സേവാഗിന്റെ ഇന്നിങ്സ്. സച്ചിൻ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും തകർത്തടിച്ചതോടെ വെറും 61 പന്തിലാണ് ഇന്ത്യൻ ലെജൻഡ്സ് 114 റൺസടിച്ചത്. സേവാഗാണ് കളിയിലെ കേമൻ. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ സേവാഗ്, രണ്ടാം പന്തിൽ വീണ്ടും ഫോർ കണ്ടെത്തി. മൂന്നാം പന്തിൽ സിക്സറും. 11–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പൻ സിക്സറോടെ തനി ‘വീരു ശൈലി’യിലാണ് സേവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചതും. ഇനി മാർച്ച് ഒൻപതിന് ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇതോടെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യൻ ലെജൻഡ്സ് 12 പോയിന്റുമായി പട്ടികയിൽ മുന്നിലെത്തി. കോവിഡ് വ്യാപനത്തിനു മുൻപ് കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ലെജൻഡ്സിനെ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ അഞ്ച് വിക്കറ്റിനുമാണ് തകർത്തത്. ആദ്യം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങളെങ്കിൽ, കോവിഡ് വ്യാപനത്തിനുശേഷം മത്സരങ്ങൾ റായ്പുരിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിൻമാറിയ ഓസ്ട്രേലിയൻ ലെജൻഡ്സിനു പകരമാണ് സംഘാടകർ ബംഗ്ലദേശ് ലെജൻഡ്സിനെ ടൂർണമെന്റിന് എത്തിച്ചത്. ഇത്തവണ ഇംഗ്ലണ്ട് ലെജൻഡ്സും ടൂർണമെന്റിനുണ്ട്. കോവിഡ് വ്യാപനത്തിനു മുൻപ് ടൂർണമെന്റിലെ നാലു മത്സരങ്ങൾ നടന്നിരുന്നു. ഇതോടെ, പുതിയ ടീമുകളെക്കൂടി ഉൾപ്പെടുത്തി പുനഃക്രമീകരണങ്ങളോടെയാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഫലത്തിൽ, ടൂർണമെന്റിലെ അഞ്ചാം മത്സരമാണ് ഇത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശിനെ പഴയ പടക്കുതിരകളായ യുവരാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ, യൂസഫ് പഠാൻ, മൻപ്രീത് ഗോണി എന്നിവരുടെ സഹായത്തോടെയാണ് ഇന്ത്യ വീഴ്ത്തിയത്. ഓജ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയും യുവരാജ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച വിനയ് കുമാർ 3.4 ഓവറിൽ 25 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യൂസഫ് പത്താൻ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർക്കു മാത്രം.

33 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത നസിമുദ്ദീനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നസിമുദ്ദീനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 19 പന്തിൽ 12 റണ്‍സെടുത്ത ഓപ്പണർ ജാവേദ് ഒമർ, 24 പന്തിൽ ഒരേയൊരു ഫോർ സഹിതം 12 റൺസെടുത്ത രജിൻ സലേ എന്നിവരാണത്.

നഫീസ് ഇഖ്ബാൽ (10 പന്തിൽ ഏഴ്), ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് (മൂന്നു പന്തിൽ ഒന്ന്), ഹന്നൻ സർകാർ (ആറു പന്തിൽ മൂന്ന്), അബ്ദുൽ റസാഖ് (എട്ടു പന്തിൽ അഞ്ച്), മുഹമ്മദ് മഷൂദ് (അഞ്ച് പന്തിൽ പുറത്താകാതെ ആറ്), ഖാലിദ് മഹ്മൂദ് (ഏഴു പന്തിൽ ഏഴ്), അലാംഗിർ കബീർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.