Sports

ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.

ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂർണമെന്റിലെ പ്രധാന ആകർഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും. ടൂർണമെൻ്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങൾ ലീഗ് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിച്ച് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരനാണ് (14) മരിച്ചത്.

വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ജ്ഞാനേശ്വരൻ ഹൈ വോൾട്ടേജ് പവർ ലൈനിൽ തൊടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ജൂനിയർ ക്വാളിറ്റി ഇൻസ്‌പെക്ടറാണ് ജ്ഞാനേശ്വരന്റെ പിതാവ്. ഇദ്ദേഹത്തോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കെത്തിയ വിദ്യാർത്ഥി കൗതുകത്തെ തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ജ്ഞാനേശ്വരൻ ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത പ്ലാറ്റ്‌ഫോമിൽ അച്ഛൻ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് നായകൻമാരെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് ഇത്തവണത്തെ നായകൻമാർ എന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. സന്ദേശ് ജിംഗനേയും ബര്‍ത്തലോമ്യു ഒഗ്‌ബെച്ചയേയും ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള ആദ്യ സീസണാണിത്. പുതിയ പരിശീലകന്‍ കിബുവിന്റെ കീഴിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറുടെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസം പകരുന്നു. ഓസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച് അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ.

ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യൻ കോട്ട തികച്ച് എത്തിയ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും. മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതൽ.

ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ.

ബർക്കിനോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും പ്രതിരോധ നിരയിൽ മുതൽക്കൂട്ടാവും. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും.

മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം.തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന്​ ഗ്രാൻപ്രികൾ ശേഷിക്കേയാണ്​ ഹാമിൽട്ടണിന്റെ കിരീടവിജയം.

വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ്​ ഹാമിൽട്ട​ന്റെ പേരിലുള്ളത്​.

കഴിഞ്ഞ പോർചുഗീസ്​ ഗ്രാൻപ്രീയിലാണ്​ ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന 91 വിജയങ്ങളുടെ റെക്കോഡ്​ ഹാമിൽട്ടൺ തിരുത്തികുറിച്ചത്. 2008, 2014, 2015, 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുൻപ് ഹാമിൽട്ടണിന്റെ കിരീടനേട്ടം.

ഇന്ത്യയുടെ ഓസീസ് പര്യടനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് നേരെ ഒളിയമ്പെയ്ത് ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍. കോഹ്‌ലിയെ സാധാരണ ഒരു താരത്തെ പോലെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹത്തെ അടുത്തറിയില്ലെന്നും പെയ്ന്‍ പറഞ്ഞു.

‘കോഹ്‌ലി എനിക്ക് മറ്റൊരു ടീമിലെ കളിക്കാരന്‍ മാത്രമാണ്. അതിനപ്പുറം ഉള്ളതൊന്നും എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ വലിയ സൗഹൃദം കോഹ്‌ലിയുമായില്ല. ടോസിന്റെ സമയത്തും കളിക്കുന്ന സമയത്തുമുള്ള കണ്ടുമുട്ടല്‍ മാത്രമാണുള്ളത്.’

‘വളരെ രസകരമായ വ്യക്തിയാണ് കോഹ്‌ലി. അവനെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അവന്റെ ബാറ്റിംഗ് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല’ ടിം പെയ്ന്‍ പറഞ്ഞു.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. കോഹ്‌ലി വളരെ മത്സരബുദ്ധിയുള്ള ആളാണ്, ഞാനും അങ്ങനെയാണ്. അതിനാല്‍ തന്നെ ചില വേദികളില്‍ വാക് പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്. കാരണം കോഹ്‌ലിയും ഞാനും ക്യാപ്റ്റനാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കോഹ്‌ലിയെ പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും കുറച്ച് അധിക സമ്മര്‍ദ്ദം ഉണ്ടാകും’ ടിം പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്. എന്നാല്‍ താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ടോഗോയ്‌ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് സൂപ്പര്‍ താരത്തിന് കൊവിഡ് പോസിറ്റീവായത്.

അതേസമയം മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം മുറിയില്‍ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരവും നവംബര്‍ 26ന് അറ്റ്‌ലാന്റക്കെതിരായ ചാമ്പ്യന്‍സ്ലീഗ് മത്സരവും സലാഹിന് നഷ്ടമാകും.

ലിവര്‍പൂളിലെ സഹതാരങ്ങളായ തിയാഗേ അല്‍കന്റാര, ഷെര്‍ദാന്‍ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവര്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ഐപിഎൽ 13ാം സീസൺ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ താരം ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.

യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായി കണക്കാക്കിയ സ്വർണ്ണ ശൃംഖലകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അദ്ദേഹം വാങ്ങിയതായി റിപ്പോർട്ടുകൾ. ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് സമ്മതിച്ച പാണ്ഡ്യ, ക്ഷമ ചോദിക്കുകയും പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തു.ഡി‌ആർ‌ഐ തന്നെ വിടാൻ അനുവദിച്ച പിശക് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഐ.പി.എല്‍ 13ാം സീസണിലെ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ മത്സരത്തിന് സാക്ഷിയായി മലയാളം സിനിമാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് താരം ദുബൈയില്‍ എത്തിയത്.

ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ കലാശപ്പോര് നടക്കുന്നത്. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

കൊവിഡ് കാലമായതിനാൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടക്കുന്നത്. ടീം ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സാധരണഗതിയിൽ സ്റ്റേഡിയത്തില്‍ ഉണ്ടാവുകയുള്ളൂ. നിലവിൽ മലയാളി കൂടിയായ ജയേഷ് ജോര്‍ജ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. ജയേഷിനോടൊപ്പമുളള ലാലിന്റെ ചിത്രങങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ ഏഷ്യാനെറ്റ് മേധാവിയും മലയാളിയുമായ കെ മാധവനെയും ഇവര്‍ക്കൊപ്പം കാണാം.

ദൃശ്യം 2ന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ദുബായിലേയ്ക്ക് പറന്നത്. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോകുന്നത്. സുഹൃത്ത് സമീർ ഹംസയും താരത്തിനോടൊപ്പം ദുബായ് യാത്രയിൽ ഉണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചത്. പാക്കപ്പ് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു

സെപ്റ്റംബര്‍ 21 ന് ആയിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. ചിത്രീകരണം കഴിയുന്നത് വരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനായ കൊവി്ഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 പൂർത്തിയാക്കിയത്.

ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയാകുന്നത് മീന തന്നെയാണ് . ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ദുബായിൽ നിന്ന് തിരികെ എത്തി നവംബർ പകുതിയോടെ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പാലക്കാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.

ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്

സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ റഷ്യയിലെ ഫുട്ബോൾ ക്യാപ്ടനെ ദേശീയ ടീമിൽ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്‌ട്രൈക്കറായ ആർടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി. ഇയാൾ ബെഡ്ഡിൽ കിടന്നുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനു പിന്നാലെയാണ് ക്യാപ്ടനെതിരെ നടപടിയെടുത്തത്.

മോൾഡോവ, തുർക്കി, സെർബിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ ക്യാപ്റ്റൻ ഡിസ്യൂബ കളിക്കില്ലെന്ന കാര്യം റഷ്യയുടെ അന്താരാഷ്ട്ര കോച്ച് സ്റ്റാനിസ്ല വ് ചെർചെസോവ് സ്ഥിരീകരിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഡിസ്യൂബയുടെ പ്രവൃത്തിയുമായി ടീമിന് യാതൊരു ബന്ധവുമില്ലെന്ന് ടീം മാനേജർ പ്രതികരിച്ചതായി റഷ്യൻ മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. മോൾഡോവ, തുർക്കി, സെർബിയ എന്നിവയുയി നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മനേജർ ആവശ്യപ്പെട്ടു.

ഫുട്ബോൾ മൈതാനത്തും പുറത്തും ടീം അംഗങ്ങൾ എല്ലാവരും ദേശീയ ടീമിലെ ഒരു കളിക്കാരന്റെ നിലവാരത്തിനും പദവിക്കും അനുയോജ്യമായ രീതിയിൽ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ലോകകപ്പിൽ റഷ്യൻ ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ നിർണായ പങ്കുവഹിച്ചത് 32 കാരനായ ഡിസ്യൂബ ആയിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികരിക്കാൻ ഡിസ്യൂബ ഇതുവരെ തയാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved