ഓസ്‌ട്രേലിയയില്‍ രോഹിത് ശര്‍മ അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുളള ആരോപണത്തില്‍ കളിക്കാരെ പിന്തുണച്ച് ബിസിസിഐ, കളിക്കാരുടെ ഭാഗത്തുനിന്ന് മന:പൂര്‍വം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കളിക്കാര്‍ റസ്റ്ററന്റിന് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നും ചാറ്റല്‍ മഴ ഉള്ളതിനാലാണ് അകത്തേക്ക് കയറി ഇരുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ മനോവീര്യം തകര്‍ക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമിക്കുന്നതെങ്കില്‍ അത് മോശം തന്ത്രമായിയിപ്പോയെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ തുറന്നടിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ ബയോ സെക്യൂര്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് റസ്റ്ററന്റിനകത്തിരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും മറ്റുള്ളവരുമായി ഇടപഴകാനോ റസ്റ്ററന്റിലേക്ക് പോകാനായി പൊതുഗതാതം ഉപയോഗിക്കാനോ പാടില്ലത്രെ. എന്നാല്‍ നിരത്തുകളിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നതിന് തടസമില്ല.

കളിക്കാര്‍ റസ്റ്ററന്റിന് അകത്തിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും തീരുമാനിച്ചത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധകനുമായി അടുത്ത് ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, നവദീപ് സെയ്‌നി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെ ഐസോലേറ്റ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. മെല്‍ബണിലെ റസ്റ്ററന്റില്‍വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടപ്പോള്‍ താരങ്ങളുമായി അടുത്ത് ഇടപഴകിയില്ലെന്നും ആവേശത്തിന്റെ പുറത്ത് പറഞ്ഞാണെന്നും വിശദീകരിച്ച് ആരാധകന്‍ നവല്‍ദീപ് സിംഗും രംഗത്തെത്തിയിട്ടുണ്ട്.