മലയാളിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി; അയര്‍ലന്‍ഡിനെ അട്ടിമറിച്ചു യുഎഇയുടെ ജയം

മലയാളിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി; അയര്‍ലന്‍ഡിനെ അട്ടിമറിച്ചു യുഎഇയുടെ ജയം
January 09 16:06 2021 Print This Article

മലയാളി താരം ചുണ്ടംഗാപൊഴിയില്‍ റിസ്വാന്റെ സെഞ്ച്വറി കരുത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ യുഎഇയ്ക്ക് അട്ടിമറി ജയം. കരുത്തരായ ഐറിഷ് ടീമിനെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് തകര്‍ത്താണ് യുഎഇ തങ്ങളുടെ ജയം ആഘോഷിച്ചത്. ആറ് വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം.

ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടം റിസ്വാന്‍ സ്വന്തമാക്കി. 136 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് യുഎഇ ദേശീയ ടീം അംഗമായ റിസ്വാന്‍ 109 റണ്‍സ് എടുത്തത്. റിസ്വാനെ കൂടാതെ മറ്റൊരു യുഎഇ താരം മുഹമ്മദ് ഉഥ്മാനും സെഞ്ച്വറി നേടി. 107 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സാണ് ഉഥ്മാന്‍ നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് പുറത്താകാതെ സെഞ്ച്വറി സ്വന്തമാക്കി. 148 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 131 റണ്‍സാണ് സ്റ്റിര്‍ലിംഗ് നേടിയത്. ക്യാപ്റ്റന്‍ ആന്റി ബാല്‍ബിര്‍നി അര്‍ധ സെഞ്ച്വറി (53) നേടി.

മറുപടി ബാറ്റിംഗില്‍ യുഎഇ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ത്തിന് യുഎഇ മുന്നിലെത്തി.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഏകദിനത്തില്‍ യുഎഇയ്ക്കായി ഒന്‍പത് മത്സരങ്ങള്‍ ഇതിനോടകം താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്നെ ആദ്യമായാണ് ഒരു സെഞ്ച്വറി നേടുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles