Sports

ഇന്ത്യയുടെ ഓസീസ് പര്യടനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് നേരെ ഒളിയമ്പെയ്ത് ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍. കോഹ്‌ലിയെ സാധാരണ ഒരു താരത്തെ പോലെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹത്തെ അടുത്തറിയില്ലെന്നും പെയ്ന്‍ പറഞ്ഞു.

‘കോഹ്‌ലി എനിക്ക് മറ്റൊരു ടീമിലെ കളിക്കാരന്‍ മാത്രമാണ്. അതിനപ്പുറം ഉള്ളതൊന്നും എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ വലിയ സൗഹൃദം കോഹ്‌ലിയുമായില്ല. ടോസിന്റെ സമയത്തും കളിക്കുന്ന സമയത്തുമുള്ള കണ്ടുമുട്ടല്‍ മാത്രമാണുള്ളത്.’

‘വളരെ രസകരമായ വ്യക്തിയാണ് കോഹ്‌ലി. അവനെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അവന്റെ ബാറ്റിംഗ് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല’ ടിം പെയ്ന്‍ പറഞ്ഞു.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. കോഹ്‌ലി വളരെ മത്സരബുദ്ധിയുള്ള ആളാണ്, ഞാനും അങ്ങനെയാണ്. അതിനാല്‍ തന്നെ ചില വേദികളില്‍ വാക് പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്. കാരണം കോഹ്‌ലിയും ഞാനും ക്യാപ്റ്റനാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കോഹ്‌ലിയെ പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും കുറച്ച് അധിക സമ്മര്‍ദ്ദം ഉണ്ടാകും’ ടിം പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്. എന്നാല്‍ താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ടോഗോയ്‌ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് സൂപ്പര്‍ താരത്തിന് കൊവിഡ് പോസിറ്റീവായത്.

അതേസമയം മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം മുറിയില്‍ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരവും നവംബര്‍ 26ന് അറ്റ്‌ലാന്റക്കെതിരായ ചാമ്പ്യന്‍സ്ലീഗ് മത്സരവും സലാഹിന് നഷ്ടമാകും.

ലിവര്‍പൂളിലെ സഹതാരങ്ങളായ തിയാഗേ അല്‍കന്റാര, ഷെര്‍ദാന്‍ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവര്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ഐപിഎൽ 13ാം സീസൺ വിജയികളായ മുംബൈ ഇന്ത്യൻസിന്റെ താരം ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.

യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യൻ നിയമപ്രകാരം അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായി കണക്കാക്കിയ സ്വർണ്ണ ശൃംഖലകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അദ്ദേഹം വാങ്ങിയതായി റിപ്പോർട്ടുകൾ. ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് സമ്മതിച്ച പാണ്ഡ്യ, ക്ഷമ ചോദിക്കുകയും പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തു.ഡി‌ആർ‌ഐ തന്നെ വിടാൻ അനുവദിച്ച പിശക് ആവർത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഐ.പി.എല്‍ 13ാം സീസണിലെ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ മത്സരത്തിന് സാക്ഷിയായി മലയാളം സിനിമാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് താരം ദുബൈയില്‍ എത്തിയത്.

ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ കലാശപ്പോര് നടക്കുന്നത്. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

കൊവിഡ് കാലമായതിനാൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടക്കുന്നത്. ടീം ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സാധരണഗതിയിൽ സ്റ്റേഡിയത്തില്‍ ഉണ്ടാവുകയുള്ളൂ. നിലവിൽ മലയാളി കൂടിയായ ജയേഷ് ജോര്‍ജ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. ജയേഷിനോടൊപ്പമുളള ലാലിന്റെ ചിത്രങങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ ഏഷ്യാനെറ്റ് മേധാവിയും മലയാളിയുമായ കെ മാധവനെയും ഇവര്‍ക്കൊപ്പം കാണാം.

ദൃശ്യം 2ന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ദുബായിലേയ്ക്ക് പറന്നത്. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോകുന്നത്. സുഹൃത്ത് സമീർ ഹംസയും താരത്തിനോടൊപ്പം ദുബായ് യാത്രയിൽ ഉണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചത്. പാക്കപ്പ് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു

സെപ്റ്റംബര്‍ 21 ന് ആയിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. ചിത്രീകരണം കഴിയുന്നത് വരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനായ കൊവി്ഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 പൂർത്തിയാക്കിയത്.

ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയാകുന്നത് മീന തന്നെയാണ് . ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ദുബായിൽ നിന്ന് തിരികെ എത്തി നവംബർ പകുതിയോടെ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പാലക്കാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.

ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്

സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ റഷ്യയിലെ ഫുട്ബോൾ ക്യാപ്ടനെ ദേശീയ ടീമിൽ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്‌ട്രൈക്കറായ ആർടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി. ഇയാൾ ബെഡ്ഡിൽ കിടന്നുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനു പിന്നാലെയാണ് ക്യാപ്ടനെതിരെ നടപടിയെടുത്തത്.

മോൾഡോവ, തുർക്കി, സെർബിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ ക്യാപ്റ്റൻ ഡിസ്യൂബ കളിക്കില്ലെന്ന കാര്യം റഷ്യയുടെ അന്താരാഷ്ട്ര കോച്ച് സ്റ്റാനിസ്ല വ് ചെർചെസോവ് സ്ഥിരീകരിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഡിസ്യൂബയുടെ പ്രവൃത്തിയുമായി ടീമിന് യാതൊരു ബന്ധവുമില്ലെന്ന് ടീം മാനേജർ പ്രതികരിച്ചതായി റഷ്യൻ മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. മോൾഡോവ, തുർക്കി, സെർബിയ എന്നിവയുയി നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മനേജർ ആവശ്യപ്പെട്ടു.

ഫുട്ബോൾ മൈതാനത്തും പുറത്തും ടീം അംഗങ്ങൾ എല്ലാവരും ദേശീയ ടീമിലെ ഒരു കളിക്കാരന്റെ നിലവാരത്തിനും പദവിക്കും അനുയോജ്യമായ രീതിയിൽ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ലോകകപ്പിൽ റഷ്യൻ ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ നിർണായ പങ്കുവഹിച്ചത് 32 കാരനായ ഡിസ്യൂബ ആയിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികരിക്കാൻ ഡിസ്യൂബ ഇതുവരെ തയാറായിട്ടില്ല.

പെൺസുഹൃത്തിനെ നഷ്ടമാകാതിരിക്കാൻ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ സഹോദരന് നാലര വർഷം ജയിൽശിക്ഷ. ഖവാജയുടെ മൂത്ത സഹോദരനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർസലാൻ താരിഖ് ഖവാജ. സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമാർ നിസാമുദ്ദീൻ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് അർസലാൻ പൊലീസിൽ അറിയിച്ചത്.

ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ അർസലാന്റെ സഹപ്രവർത്തകനായിരുന്നു കമർ നിസാമുദ്ദീൻ. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.

ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാലര വർഷത്തെ തടവിൽ ആദ്യ രണ്ട് വർഷം പരോൾ പോലും അർസലാന് ലഭിക്കുകയില്ല. പക്ഷേ ഉത്തരവിന് മുൻകാല പ്രാബല്യം കോടതി അനുവദിച്ചതോടെ അടുത്തവർഷം അർസലാന് പരോൾ ലഭിച്ചേക്കും.

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും – ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള പോരാട്ടം. പ്ലേഓഫില്‍ ഒന്നാം സ്ഥാനക്കാരായി മുംബൈ സ്ഥാനമുറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തങ്ങളുടെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ വീഴ്ത്തി 2-ാം സ്ഥാനക്കാരായി പ്ലേഓഫ് ഉറപ്പിച്ചു. രണ്ട് ടീമും ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.

ഐപിഎല്ലില്‍ എല്ലാ സീസണുകളിലും ശക്തി കാണിച്ച മുംബൈ നാല് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയെ സംബന്ധിച്ച് ഈ സീണണില്‍ അവരുടെ ബൗളിംഗ് യൂണിറ്റും ബാറ്റിംഗ് യൂണിറ്റും ശക്തമാണ്. രോഹിത് ശര്‍മ്മ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തിയതോടെ വലിയ പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഡി കോക്ക്. സൂര്യകുമാര്‍ യാദവ്,യുവതാരം ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ് തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. ബൗളിംഗ് യൂണിറ്റിലാകട്ടെ ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും മികവ് കാണിക്കുന്നു. റണ്ണൊഴുക്കിന് തടയിട്ട് ബാറ്റ്‌സ്മാരെ സമ്മര്‍ദ്ത്തിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും.

കന്നി ഐപിഎല്‍ കിരീടത്തിനായുള്ള പോരാട്ടമാണ് ഡല്‍ഹിക്കിത്. പ്രാഥമിക ഘട്ടത്തില്‍ മുംബൈയോട് 2 വട്ടം തോറ്റ കണക്കു തീര്‍ക്കലും അവര്‍ക്കു മുന്നിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹിയുടെ പ്രതീക്ഷ കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ചത് ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്നതാണ്. അതേസമയം റിഷഭ് പന്ത് പരുക്ക് മാറി തിരിച്ചെത്തിയെങ്കിലും ഫോമിലേക്ക് എത്തിയിട്ടില്ല. രഹാനെ,പ്രഥ്വി ഷാ,ഹെറ്റ്‌മെയര്‍ എന്നിവരും നിരാശയാണ് നല്‍കുന്നത്. സ്റ്റോയ്‌നിസ് പ്രതീക്ഷ ഉണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാദയും നോര്‍ജയും ഉള്‍പ്പെടുന്ന പേസ് നിരയും അശ്വിനും അക്‌സര്‍ പട്ടേലും അടങ്ങുന്ന സ്പിന്‍നിരയിലും ഡല്‍ഹിക്ക് പ്രതീക്ഷയുണ്ട്.

ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പ്രതികരിച്ചു.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. വിഷാദരോഗമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. ശേ,ം, ന
ടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങള്‍ അദ്ദേഹം നേരിട്ടത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ പിവി സിന്ധു ഒരു ട്വീറ്റ് കൊണ്ട് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡെൻമാർക്ക് ഓപ്പണാണ് അവസാനത്തേത്, ഞാൻ വിരമിക്കുന്നുവെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്താണ് സിന്ധു സകലരേയും ഞെട്ടിച്ചത്.

പക്ഷേ, താരത്തിന്റെ ട്വീറ്റിന് പിന്നിലെ യഥാർത്ഥ്യമറിഞ്ഞതോടെ കായിക ലോകത്തിന് തന്നെ ആശ്വാസവുമായിരിക്കുകയാണ്. കൊവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത് എന്ന് ഒടുവിൽ വ്യക്തമായി.

‘ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാൻ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാൽ അദൃശ്യനായ ഈ വൈറസിനെ ഞാൻ എങ്ങനെയാണ് നേരിടുക. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെൻമാർക്ക് ഓപ്പണിൽ കളിക്കാൻ സാധിക്കാത്തത് അതിൽ അവസാനത്തേത്തായിരുന്നു. ഞാൻ നെഗറ്റിവിറ്റിയിൽ നിന്ന് വിരമിക്കുന്നു. ഭയത്തിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും വിരമിക്കുന്നുട- ഇതായിരുന്നു സിന്ധുവിന്റെ കുറിപ്പിൽ പറയുന്നത്.

മനസിനെ പൂർണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കൊവിഡ് കാലമെന്നും സിന്ധു വിശദീകരിക്കുന്നു.

ചുറ്റുമുള്ള അനിശ്ചിതാവസ്ഥയിൽ നിന്നും പേടികളിൽ നിന്നും അനാരോഗ്യകരമായ ശുചിത്വക്കുറവിൽ നിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയിൽ നിന്നുമെല്ലാം താൻ വിരമിക്കുകയാണ് തുടങ്ങിയ സിന്ധുവിന്റെ വാക്കുകൾ, യഥാർത്ഥത്തിൽ കൊവിഡ് ബോധവത്കരണമാണ്. പക്ഷേ ഇതുകണ്ട് ആരാധകർ ഞെട്ടിത്തരിച്ചെന്നാണ് യാഥാർത്ഥ്യം.

Copyright © . All rights reserved