രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.

രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.

പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.