Sports

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. ഇന്ത്യയുടെ യുവനിര പ്രഥമ ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് എല്ലാ അർത്ഥത്തിലും അത് പുതുയുഗമായിരുന്നു. ധോണിയെന്ന നായകനെ കിട്ടുന്നതും കരുത്തും കഴിവുമുള്ള ഒരു കൂട്ടം യുവതാരങ്ങൾ ടീമിൽ സ്ഥാനമുറപ്പിക്കുന്നതുമെല്ലാം 2007ലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ്. എന്നാൽ ആ സന്തോഷത്തിന്റെ ഭാഗമാകാതിരുന്ന മൂന്ന് ഇന്ത്യൻ ഇതിഹാസങ്ങളുണ്ട്, സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്.

ഇപ്പോഴും പല ആളുകളും വിശ്വസിക്കുന്നത് മൂവരും യുവനിരയ്ക്ക് അവസരം നൽകാൻ വേണ്ടിയായിരുന്നു അത്തരത്തിലൊരു പിൻമാറ്റം നടത്തിയതെന്നാണ്. എന്നാൽ സച്ചിൻ ടെൻഡുൽക്കർ ശരിക്കും അന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി അന്നത്തെ ടീം മാനേജറുടെ വെളിപ്പെടുത്തൽ. ലാൽചന്ദ് രജ്പുത്താണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഗാംഗുലിയെയും സച്ചിനെയും ടൂർണമെന്റിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചില താരങ്ങൾ നേരിട്ടാണ് ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തിയത്. ഈ സാഹചര്യത്തിൽ യുവനിരയ്ക്ക് അവസരം നൽകാമെന്ന് ദ്രാവിഡാണ് അവരോട് പറഞ്ഞത്,” ലാൽചന്ദ് രജ്പുത് പറഞ്ഞു.

എന്നാൽ ലോകകപ്പ് നേടിയതിന് ശേഷം അവർ അതേക്കുറിച്ച് പശ്ചാത്തപിച്ചിരിക്കണം, കാരണം താൻ ഇത്രയും വർഷമായി കളിക്കുന്നുണ്ടെന്നും ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്നും സച്ചിൻ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നായകത്വ മികവിനെയും അദ്ദേഹം പ്രശംസിച്ചു. “സത്യം പറഞ്ഞാൽ, അവൻ വളരെ ശാന്തനായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്ത് തീരുമാനമെടുക്കേണ്ടതിനാൽ അദ്ദേഹം രണ്ട് തവണ ചിന്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അദ്ദേഹം ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു എന്നതാണ്,” ലാൽചന്ദ് രജ്പുത് കൂട്ടിച്ചേർത്തു.

100 വർഷത്തോട് അടുക്കുന്ന ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റവിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. 2 തവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ചു ബാർസിലോനയ്ക്കെതിരെ സെൽറ്റവിഗോ നേടിയ 2–2 സമനില സമീപകാലത്തെ ഏറ്റവും വലിയ ഫുട്ബോൾ അട്ടിമറികളിലൊന്നാണ്.

കാരണം, ഈ സമനിലയോടെ ലാ ലിഗ കിരീടപ്പോരിൽ റയൽ മഡ്രിഡിന് ഒപ്പമുണ്ടായിരുന്ന ബാർസയുടെ കുതിപ്പിടറി. ഒരേ പോയിന്റായിരുന്നിട്ടും ഗോൾവ്യത്യാസത്തിൽ റയലിനു പിന്നിലായിരുന്ന ബാ‍ർസയ്ക്കു ശേഷിക്കുന്ന 6 മത്സരങ്ങൾ ജയിച്ചാൽ മാത്രം മതിയാവില്ല; റയൽ വീഴാൻ പ്രാർഥിക്കുക കൂടി വേണം! എസ്പന്യോളിനെ എവേ ഗ്രൗണ്ടിൽ തോൽപിച്ചാൽ റയലിനു 2 പോയിന്റ് ലീഡാകും. ഇനിയുള്ള മത്സരങ്ങളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെവരെ നേരിടേണ്ട ബാർസയുടെ സ്ഥിതി ഒട്ടും ഭദ്രമല്ല.

20, 67 മിനിറ്റുകളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽനിന്നു ലൂയി സ്വാരെസ് നേടിയ ബാർസയുടെ 2 ഗോളുകൾ 50–ാം മിനിറ്റിൽ റഷ്യക്കാരൻ ഫയദോർ സ്മോളോവും 67–ാം മിനിറ്റിൽ സ്പാനിഷ് ഫുട്ബോളർ ഇയാഗോ അസ്പസും നേടിയ ഗോളുകളിലൂടെ സെൽറ്റവിഗോ നിർവീര്യമാക്കിക്കളഞ്ഞു. കളി അവസാനിക്കാൻ നേരത്തു മറ്റൊരു ഗോൾ ബാർസയുടെ ഗോൾമുഖത്ത് ഇടിത്തീ വീഴ്ത്താതിരുന്നതു ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടു മാത്രം.

മത്സരഫലത്തിൽ തനിക്കു നിരാശയും ദേഷ്യവുമുണ്ടെന്നു ലൂയി സ്വാരെസ് പറഞ്ഞതു ബാർസയുടെ ഇപ്പോഴത്തെ പ്രതിസന്ധികളിലേക്കാണു വിരൽ ചൂണ്ടുന്നത്. ‘ഈ സമനില ഞങ്ങൾ ചോദിച്ചു വാങ്ങിയതാണ്. പോയിന്റ് നഷ്ടപ്പെടുത്തിയതിന് ഒരു ന്യായീകരണവും പറയാനില്ല’ – മത്സരശേഷം സ്വാരെസ് പറഞ്ഞു.

ചെമ്പടയുടെ 30 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇനി അധികം കാത്തിരിപ്പ് വേണ്ട. ഇന്ന് നടന്ന ക്രിസ്റ്റർ പാലസിനെതിരായ മത്സരം ജയിച്ചതോടെ ലിവർപൂളിന് ഇനി കിരീടത്തിൽ മുത്തമിടാൻ വേണ്ടത് രണ്ട് പോയിന്റുകൾ മാത്രമാണ്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഷീഫിൽഡ് യുണൈറ്റഡിനെ മഞ്ചസ്റ്റർ മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

ആൽഫീൽഡിലെ ആധിപത്യം ചെമ്പടയ്ക്ക് തന്നെയായിരുന്നു. 23-ാം മിനിറ്റിൽ ട്രെന്റ് ആർണോൾഡിന്റെ ഗോളിൽ മുന്നിലെത്തിയ ലിവർപൂളിന് വേണ്ടി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മുഹമ്മദ് സലാ ലീഡ് ഉയർത്തി (44-ാം മിനിറ്റ്). ഫ്രീകിക്കിലൂടെയായിരുന്നു അർണോർഡ് ഗോൾ നേടിയതെങ്കിൽ ഫാബിയാനോയിൽ നിന്ന് അളന്ന് മുറിച്ച ലഭിച്ച പാസ് സലാ വലയിലാക്കുകയായിരുന്നു.

മൂന്നാം ഗോൾ പിറന്നത് ഫാബിയാനോയുടെ തന്നെ കാലിൽ നിന്ന്. 55-ാം മിനിറ്റിൽ തകർപ്പൻ ലോങ് റേഞ്ചിലൂടെ ഫാബിയാനോ ലീഡ് മൂന്നാക്കി. അടുത്ത അവസരം സൂപ്പർ താരം മാനെയ്ക്ക്. 69-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിലെ അവസാന ആണിയും ആൻഫീൽഡിലെ പോരാളികൾ തറച്ചതോടെ ചെമ്പടയ്ക്ക് സീസണിലെ 28-ാം ജയം.

അന്തോണി മർത്തിയാലിന്രെ ഹാട്രിക് മികവിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഏഴ് വർഷത്തിന് ശേഷമാണ് ഒരു യുണൈറ്റഡ് താരം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നത്. അതിന് ഒരു മറുപടി നൽകാൻ പോലും ഷീഫീൽഡിന് കഴിഞ്ഞില്ല. സീസണിന്റെ തുടക്കത്തിൽ പതറി പോയെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് തോൽവിയറിഞ്ഞിട്ടില്ല. ഇത് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താൻ സഹായകമായി.

ആദ്യ പകുതിയിലായിരുന്നു മർത്തിയാലിന്റെ രണ്ട് ഗോളുകൾ. ഏഴാം മിനിറ്റിലും 44-ാം മിനിറ്റിലും നേടിയ ഗോളിനൊപ്പം രണ്ടാം പകുതിയിൽ മത്സരത്തിന്റെ 74-ാം മിനിറ്റിൽ നേടിയ ഗോളിൽ അദ്ദേഹം പട്ടിക പൂർത്തിയാക്കി. നില

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. കഴിഞ്ഞ 11 മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുന്ന ധോണിക്കു ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങി വരവുണ്ടാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നതെങ്കിലും ശ്രീശാന്ത് ഇതിനോടു യോജിക്കുന്നില്ല.

രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിക്ക് അര്‍ഹിച്ച രാജകീയമായ യാത്രയയപ്പ് തന്നെ നല്‍കണമെന്ന് ശ്രീ പറയുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണി കിരീടവിജയത്തില്‍ പങ്കാളിയാവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമംഗങ്ങള്‍ തോളിലേറ്റി വലം വച്ചത് പോലെ ധോാണിയെയും സഹതാരങ്ങള്‍ തോളിലേറ്റി ആദരിക്കണമെന്നും ശ്രീ പറയുന്നു

ധോണി തീര്‍ച്ചയായും ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി ഭായിയുടെ ‘ക്രേസി’ ഇന്നിങ്‌സുകള്‍ കാണണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.

കാരണം ഭാവിയെക്കുറിച്ച് ധോണി പാലിക്കുന്ന മൗനത്തെക്കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്നു നല്ല ബോധ്യമുള്ളയാളാണ് ധോണിയെന്നു ശ്രീ വ്യക്തമാക്കി.

ലോകത്തെ എന്തു വേണമെങ്കിലും പറയാന്‍ അനുവദിക്കുന്നയാളാണ് ഒരു നല്ല മനുഷ്യന് ഏറ്റവും മികച്ച ഉദാഹരണം. ആളുകള്‍ എന്തും പറഞ്ഞോട്ടെ, ധോണി നമ്മുടെ രാജ്യത്തെ സേവിക്കുകയാണ്, ആര്‍മിയെ സേവിക്കുകയാണ്.

രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പ്പര്യമില്ലെന്നു ധോണി വ്യക്തമാക്കിക്കഴിഞ്ഞു. മറിച്ച് സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കു അര്‍ഹതയുണ്ടോയെന്ന് പോലും തോന്നുന്നില്ലെന്നു ശ്രീ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഭാവിയെക്കുറിച്ച് ധോണി ഭായി തന്നെ തീരുമാനമെടുക്കട്ടെ. ഒരു ക്രിക്കറ്റ് ഫാനെന്ന നിലയിലാണ് സച്ചിന്‍ പാജിയെ കാണുന്നത്. ധോണി ഭായി ടി20 ലോകകപ്പില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നു.

പിന്നീട് സച്ചിന്‍ പാജി താന്‍ കളി നിര്‍ത്തുന്നതായി ഒരു ദിവസം പറഞ്ഞതു പോലെ ധോണി ഭായിക്കും തിരുമാനമെടുക്കാം. ടീമംഗങ്ങള്‍ ധോണിയെ തോളിലേറ്റി ഗ്രൗണ്ട് ചുറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അത് നടക്കുക തന്നെ ചെയ്യുമെന്നും ശ്രീ അഭിപ്രായപ്പെട്ടു.

ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. 10 പാക് താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് താരങ്ങള്‍ കൂടി കോവിഡിന് പിടിയിലാണെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്.

പാക് താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പാക് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ മലാംഗ് അലിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊന്നും ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച താരങ്ങളെ ക്വാറന്റൈന്‍ ചെയ്തു. കഴിഞ്ഞ ദിവസം പാക് താരങ്ങളായ ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 24-ന് താരങ്ങളെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് നെഗറ്റീവായ താരങ്ങളെ മാത്രമാകും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ഇംഗ്ലണ്ടിലെത്തിയ ശേഷവും താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും.

ഇതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമെ കളിക്കാരെ മത്സരത്തിനായി ഇറക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് മുമ്പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും പാക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.

ജൂലൈ അവസാനമാണ് പാകിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരിച്ചു.

വിസ്ഡന്‍ ഇന്ത്യ ഫേസ്ബുക്കില്‍ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി രാഹുല്‍ ദ്രാവിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്രാവിഡ് നേട്ടം സ്വന്തമാക്കിയത്

11,400 ആരാധകര്‍ പങ്കെടുത്ത പോളില്‍ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്. ചൊവാഴ്ച രാവിലെ 42 ശതമാനം വോട്ടുകള്‍ മാത്രം നേടിയ ദ്രാവിഡിന്റെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. കളിക്കളത്തില്‍ ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലി പോലെ തന്നെ ആയിരുന്നു അദ്ദേഹം വോട്ടെടുപ്പിലും പൊരുതി ഒടുവില്‍ മാന്യമായ ലീഡ് നേടിയത്.

വിസ്ഡന്‍ ഇന്ത്യയുടെ വോട്ടെടുപ്പ് തുടക്കത്തില്‍ 16 ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളാണ് മത്സരത്തിനുണ്ടായത്. സെമി ഫൈനല്‍ ഘട്ടത്തില്‍ അത് നാലായി കുറഞ്ഞു, അവിടെ ദ്രാവിഡ് സുനില്‍ ഗവാസ്‌കറിനെയും സച്ചിനെയും വിരാട് കോഹ്ലിയെയും പരാജയപ്പെടുത്തി.

ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ബാഴ്‌സ ക്യാംപിൽവച്ച് സഹതാരവുമായി മെസി തർക്കത്തിലേർപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്‌സ ക്യാംപ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് സ്‌പാനിഷ് വെബ്‌സൈറ്റായ ‘ദിയാരിയോ ഗോൾ’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയിലെ മറ്റൊരു താരമായ അന്റോയ്‌ൻ ഗ്രീസ്‌മാനുമായാണ് മെസി തർക്കത്തിലേർപ്പെട്ടതെന്നാണ് വാർത്തകൾ. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പരിശീലനത്തിനിടെ മെസിയും ഗ്രീസ്‌മാനും തമ്മിൽ ഉന്തും തള്ളും നടന്നെന്നാണ് സ്‌പാനിഷ് വെബ്‌സൈറ്റിലെ റിപ്പോർട്ട്. ഒടുവിൽ ബാഴ്‌സ മാനേജറും സഹതാരങ്ങളും ചേർന്ന് ഇരുവരെയും പിടിച്ചുനീക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നാളെ ലാ ലിഗയിൽ ബാഴ്‌സയ്‌ക്ക് മത്സരമുണ്ട്. ഇതിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഇരു താരങ്ങളും കൊമ്പുകോർത്തത്.

ലാ ലിഗയിൽ ലെഗാനസിനെതിരായ മത്സരത്തിൽ മെസി ഗ്രീസ്‌മാനു പാസ് നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് ഗ്രീസ്‌മാൻ ബാഴ്‌സയിലേക്ക് എത്തിയത്. എന്നാൽ, ബാഴ്‌സയിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്‌മാനു സാധിച്ചിട്ടില്ല. ബാഴ്‌സയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രീസ്‌മാൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നും സൂചനകളുണ്ട്. നാൽപത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ മാത്രമാണ് ഗ്രീസ്‌മാൻ ബാഴ്‌സയ്‌ക്കു വേണ്ടി ഇതുവരെ നേടിയത്. അതിനാൽ തന്നെ ഗ്രീസ്‌മാനെ ബാഴ്‌സ കയ്യൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മെസിയുമായുള്ള കരാർ പുതുക്കാൻ നിൽക്കുകയാണ് ബാഴ്‌സ. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സ വിടുന്നതിനെ കുറിച്ച് മെസിയും ആലോചിക്കുന്നില്ല.

അതേസമയം, ബാഴ്‌സയും പ്രതിരോധത്തിലാണ്. ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോൾ. ഇനിയുള്ള മത്സരങ്ങൾ ബാഴ്‌സയ്‌ക്ക് വളരെ നിർണായകമാണ്. നാളെ പുലർച്ചെ അത്‌ലറ്റിക്കോ ബിൽബാവോയുമായാണ് ബാഴ്‌സയുടെ മത്സരം. മെസി-സുവാരസ്-ഗ്രീസ്‌മാൻ ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ.

മൂന്നുപതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ഇതിഹാസം ദി അണ്ടര്‍ടേക്കര്‍ റെസ്്്ലിങ് റിങ്ങിനോട് വിടപറഞ്ഞു. അണ്ടര്‍ടേക്കര്‍ – ദി ലാസ്റ്റ് റൈഡ് എന്ന് പരമ്പരയുടെ അവസാന എപ്പിസോഡിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെസല്‍മാനിയ 36ല്‍ എ.ജെ.സ്റ്റൈല്‍സിനെതിരെയായിരുന്നു അണ്ടര്‍ടേക്കറിന്റെ അവസാനമല്‍സരം.

മരണമണിമുഴക്കത്തിന്റെ അകമ്പടിയോടെ ഗോദയിലേയ്ക്കെത്തുന്ന മരണത്തെ കീഴടക്കിയവന്‍… പലതലമുറകളെ ത്രസിപ്പിച്ച മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ മുഖത്തെ ആ ക്രൂരഭാവം വെടിഞ്ഞ് പുഞ്ചിരിയോടെ അണ്ടര്‍ടേക്കര്‍ റിങ്ങിനോട് വിടപറഞ്ഞു

ഷോണ്‍ മൈക്കിള്‍സ്, ബിഗ് ഷോ, സ്റ്റോണ്‍ കോള്‍ഡ്, ബ്രോക് ലെസ്നര്‍, ട്രിപ്പിള്‍ എച്ച്, കെയിന്‍ എന്നിവരുടെയൊക്കെ എതിരാളിയായി അണ്ടര്‍ടേക്കര്‍ റിങ്ങില്‍ മെനഞ്ഞ കഥകള്‍ സിനിമപോലെ റസ്ലിങ് പ്രേമികള്‍ കണ്ടിരുന്നു. റോയല്‍ റമ്പിള്‍ മുതല്‍ ഹെവിവെയ്റ്റ് കിരീടം വരെ ഇടിച്ചുനേടിയാണ് 55കാരന്‍ കരിയര്‍ അവസാനിപ്പിച്ചത്.

സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചിരുന്നതിനാലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് മികച്ച നായകനാവാന്‍ സാധിക്കാതെ പോയതെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ മദന്‍ ലാല്‍. സച്ചിന്‍ ഒരിക്കലും മികച്ച ക്യാപ്റ്റനായിരുന്നില്ല എന്ന് മദന്‍ ലാല്‍ പറഞ്ഞു.

സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത സച്ചിന് ടീമിനെ നന്നായി നോക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനാവുമ്ബോള്‍ നിങ്ങളുടെ പ്രകടനം മാത്രം മെച്ചപ്പെട്ടാല്‍ പോരാ, ബാക്കി 10 കളിക്കാരില്‍ നിന്നും മികച്ച പ്രകടനം നേടിയെടുക്കാനാവണം. ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ടതാണ്, മദന്‍ ലാല്‍ പറഞ്ഞു.

ടെസ്റ്റില്‍ 25 മത്സരങ്ങളിലാണ് സച്ചിന്റെ ഇന്ത്യയെ നയിച്ചത്. ഇതില്‍ 9 കളിയില്‍ തോറ്റപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.സച്ചിന് കീഴില്‍ നാല് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏകദിനത്തിലേക്ക് എത്തുമ്ബോള്‍ സച്ചിന്‍ ഇന്ത്യയെ നയിച്ച 73 മത്സരങ്ങളില്‍ ഇന്ത്യയ ജയിച്ചത് 23 എണ്ണത്തില്‍ മാത്രം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായപ്പോഴും സച്ചിന് തിളങ്ങാനായില്ല. സച്ചിന്റെ കീഴില്‍ മുംബൈ കിരീടത്തിലേക്ക് എത്തിയിരുന്നില്ല. സച്ചിന് കീഴില്‍ കളിച്ച 55 കളിയില്‍ നിന്ന് 32 ജയമാണ് മുംബൈ നേടിയത്.

2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചത് ഒത്തുകളിയിലൂടെയാണെന്ന ശ്രീലങ്കൻ മുൻ കായിക മന്ത്രി മന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയുടെ വാദങ്ങളെ ചോദ്യം ചെയ്ത് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ മഹേലാ ജയവർധനെയും കുമാർ സംഘക്കാരയും. ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. എന്നാൽ ശ്രീലങ്ക ഇന്ത്യയ്‌ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മഹിന്ദാനന്ദ അലുത്‌ഗാമേഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്‌ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി.

ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ധരിപ്പിക്കണമെന്ന് ശ്രീലങ്കൻ കായിക മന്ത്രി ഡള്ളാസ് അലഹപ്പെരുമ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച മുൻ കായിക മന്ത്രിയോട് അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരയും ആവശ്യപ്പെട്ടു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലിൽ ഇന്ത്യക്കെതിരേ 103 റൺസ് നേടിയിരുന്നു ജയവർധനെ.

തെളിവ് ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരെയും ആവശ്യപ്പെട്ട ശേഷം ഇരുവരെയും കുറിച്ച് അവർ ഈ വിഷയത്തെ വലിയ കാര്യമായി കാണാൺ ശ്രമിക്കുകയാണെന്നാണ് മുൻ കായിക മന്ത്രി മറുപടി പറഞ്ഞത്. ” മഹേല പറഞ്ഞത് സർക്കസ് ആരംഭിച്ചെന്നാണ്. എന്തുകൊണ്ടാണ് സംഗയും മഹേലയും ഇതിനെ വലിയ കാര്യമായി കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അർജുന രണതുംഗെ പോലും നേരത്തെ ഒത്തുകളി പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം, ഞാൻ നമ്മുടെ കളിക്കാരെയൊന്നും പരാമർശിച്ചിരുന്നില്ല, ” അലുത്‌ഗാമേ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ ജയവർധനേ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. “ഞങ്ങൾ 2011 ലോകകപ്പ് കിരീടം വിറ്റും എന്ന് ആരെങ്കിലും ആരോപിക്കുമ്പോൾ സ്വാഭാവികമായും ഇത് ഒരു വലിയ കാര്യമാണ്, കാരണം ഒരാൾക്ക് എങ്ങനെ ഒരു മത്സരം ഒത്തുകളിച്ച് പ്ലേയിങ്ങ് 11ന്റെ ഭാഗമാകാതിരിക്കാനാവും എന്ന് ഞങ്ങൾക്കറിയില്ല? 9 വർഷത്തിനുശേഷം ഞങ്ങൾക്ക് ഉത്ഭുദ്ധത നേടുമെന്ന് പ്രതീക്ഷിക്കാം. ”- ജയവർധനേ ട്വീറ്റ് ചെയ്തു

2011 ലോകകപ്പ് ഫൈനലിൽ മുമ്പ് 10 പന്തുകൾ ബാക്കി നിൽക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റൺദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുൻപ് ലങ്കൻ ടീം അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മുരളീധരൻ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനിൽക്കുകയും ചെയ്തു.

ഫൈനലിൽ ഒത്തുകളി നടന്നതായും ഇതിൽ ചില സംഘങ്ങൾ പങ്കാളികളായിരുന്നെന്നുമാണ് ആലുത്ഗാമെ പറയുന്നത്. “2011 ലെ ഫൈനൽ ഒത്തുകളിച്ചതാണ്. ഞാൻ അത് ഉത്തരവാദിത്തത്തോടെയാണ് പറഞ്ഞത്, അതിനായി ഒരു സംവാദത്തിന് ഞാൻ മുന്നോട്ട് വരാം. ഇതിൽ ഞാൻ ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തില്ല. എന്നിരുന്നാലും, ഒത്തുകളിയിൽ ചില ഗ്രൂപ്പുകൾ തീർച്ചയായും പങ്കാളികളായിരുന്നു. അവസാന മത്സരം കളിച്ച ടീം ഞങ്ങൾ തിരഞ്ഞെടുത്തു അന്തിമായി പ്രഖ്യാപിച്ച് അയച്ചതുമായ ടീമായിരുന്നില്ല,” എന്ന് ആലുത്ഗാമെ നേരത്തെ ഡെയ്‌ലി മിററിനോട് പറഞ്ഞിരുന്നു.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി സംഗക്കാര നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു ഫലമെന്നും എന്നാൽ ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞിരുന്നു. രണ്ടാമത് ടോസ് വീണപ്പോഴും ശ്രീലങ്കയ്ക്ക് തന്നെ ലഭിച്ചെന്നും ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു.

ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തുകയും ചെയ്തു.

Copyright © . All rights reserved