അമ്പയറിന്റെ പിഴവ്, സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐപിഎൽ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പരാജയം

അമ്പയറിന്റെ പിഴവ്,  സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐപിഎൽ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പരാജയം
September 21 06:41 2020 Print This Article

ആവേശം സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐ.പി.എല്ലിലെ രണ്ടാംമത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 157 റണ്‍സ് നേടാനേ കഴിഞ്ഞൂള്ളൂ..തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.. അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സര്‍ പായിച്ചു.

രണ്ടാം പന്തില്‍ ഡബിള്‍ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാല്‍ മൂന്നാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തില്‍ പുറാന്റെ കൈകളില്‍ പുറത്തായി. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തില്‍ ജോര്‍ദാനെയും നഷ്ടമായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്

ഒരു പക്ഷെ 19 ആം ഓവറിലെ മൂന്നാം പന്തിൽ അമ്പയറിന്റെ പിഴവ് മൂലം 1 റൺസ് നഷ്ട്ടപ്പെടാതിരുന്നേൽ മത്സര ഫലം പഞ്ചാബിന് അനുകൂലം ആയേനെ. പഞ്ചാബ് താരം ജോർദാൻ ഓടി റൺസ് പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 1 റൺസ് കുറച്ചത്. പിന്നീട് റിപ്ലേയിൽ പിഴവ് വ്യക്തമായത്

സൂപ്പര്‍ ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സാണ് പഞ്ചാബ് നേടിയത്.. ഡല്‍ഹി വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സെടുത്ത് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുന്‍നിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ 21 റണ്‍സെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കരുണ്‍ നായരുടെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റണ്‍സില്‍ അവസാനിച്ചു. സര്‍ഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകര്‍ത്തടിക്കുന്നതിനിടയില്‍ കൃഷ്ണപ്പ ഗൗതവും 20 റണ്‍സിന് പുറത്ത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്ബോഴും ക്രീസില്‍ നിലയുറപ്പിച്ച മായങ്ക് അഗര്‍വാള്‍ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശര്‍മയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അര്‍ധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. 60 പന്തില്‍ 89 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. മുന്‍നിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. നായകന്‍ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാര്‍ക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്. 20 പന്തില്‍ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡല്‍ഹിയുടെ രക്ഷകനാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 13 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റണ്‍ഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറില്‍ പൃഥ്വി ഷായെ ജോര്‍ദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നല്‍കുകയായിരുന്നു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അയ്യര്‍-പന്ത് കൂട്ടുകെട്ട് ക്രീസില്‍ നിലയുറപ്പിച്ചു. സാവധാനം ഡല്‍ഹി സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താന്‍ തുടങ്ങിയതോടെ ഡല്‍ഹി ഭേദപ്പെട്ട നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ കൂട്ടുകെട്ട് കൂടുതല്‍ അപകടകരമാകുന്നതിന് മുമ്ബ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റണ്‍സും പന്ത് 31 റണ്‍സും നേടി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡല്‍ഹി ഇന്നിങ്സില്‍ നിര്‍ണായകമായി. അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോര്‍ദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡല്‍ഹിയുടെ ടീം സ്കോര്‍ ഉയര്‍ത്തി. 21 പന്തില്‍ 53 റണ്‍സാണ് ഓസിസ് താരം നേടിയത്.

തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളില്‍ റണ്‍സ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ട്ടന്‍ കോട്ടരല്‍ രണ്ടും അരങ്ങേറ്റക്കാരന്‍ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles