കോവിഡ് ബാധിച്ചു മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച സ്വന്തം മകനെ താന്‍ കൊന്നതാണെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹർ ടോക്ടാഷ്. ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്.
മകന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മകന്‍ മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ച് ടോക്ടാഷിന്റെ മൊഴിയിങ്ങനെ:”കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാൻ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാൻ തലയിണ മാറ്റിയത്.
അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല”.
പിന്നീട് കുറ്റബോധം വേട്ടയാടിയെന്നും സഹിക്കാതെ വന്നപ്പോളാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.
2014 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യുവരാജ് തിരിച്ചെത്തിയപ്പോൾ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ ഇടങ്കയ്യന്‍ ബാറ്റിങ്ങ് വിസ്മയം കാണാനായിരുന്നു കാത്തിരിപ്പ്. എന്നാൽ ഫൈനലിൽ ശ്രീലങ്കയോട് ഇന്ത്യ തോല്‍വി സമ്മതിച്ചു. 21 പന്തിൽ 11 റൺസ് മാത്രമായിരുന്നു യുവ്‍രാജ് നേടിയത്.
ഈ ഫൈനലിന് ശേഷം കരിയർ അവസാനിച്ചു എന്നുവരെ കരുതിയിരുന്നെന്ന് യുവരാജ്സിങ്ങ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുറഖത്തില്‍ പറഞ്ഞു. ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങി ജീവിതം മടുത്തുവെന്നും ആരെയോ കൊന്ന ഒരു വില്ലനെപ്പോലെ തോന്നിയെന്നും യുവി പറയുന്നു.
അതു സാധാരണ ഒരു മത്സരമായിരുന്നെങ്കിൽ ഇത്രേയും വിമർശനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നില്ല. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു വില്ലനെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ഇന്നിങ്സിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നന്നായി കളിക്കാന്‍ സാധിച്ചില്ല.
ആരാധകർ വീടിനുനേരെ കല്ലെറിഞ്ഞു. ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കൊലപാതകിയെപ്പോലെയാണ് എന്നെത്തന്നെ എനിക്കു തോന്നിയത്. ആ സമയത്ത് തന്റെ കരിയര്‍ അവസാനിച്ചെന്നുവരെ തോന്നിപ്പോയെന്നും യുവ്‍രാജ് പറയുന്നു
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മികച്ച ഫിനീഷറാക്കിയത് താനാണെന്ന അവകാശ വാദവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ഗ്രെഗ് ചാപ്പല്‍ രംഗത്തെത്തിയിരുന്നു. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു ചാപ്പലിന്റെ അവകാശവാദം. എന്നാല്‍ ചാപ്പലിന്റെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്. എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നിന്ന് ചിന്തിച്ച്, കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് ധോണിയെ എത്തിച്ചത് താനാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
എന്നാല്‍ ചാപ്പലിന്റെ അവകാശ വാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. ചാപ്പല്‍ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹര്‍ഭജന്‍ ചേര്‍ത്തിട്ടുണ്ട്. ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതായി ലൈവ് ചാറ്റിനിടെ ചാപ്പല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു വാര്‍ത്ത റീട്വീറ്റ് ചെയ്താണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പരിഹാസമുയര്‍ത്തിയത്. ‘അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത് ശരിയായിരിക്കും. കാരണം, അദ്ദേഹം ആ സമയത്ത് എല്ലാവരെയും ‘സിക്‌സടിക്കുന്ന’ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
2005-ല്‍ ജയ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സ് മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ല. പുണെയിലായിരുന്നു അടുത്ത മത്സരം. അതിനു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ധോണിയോട് പറഞ്ഞതായും ചാപ്പല്‍ വ്യക്തമാക്കിയിരുന്നു. പുണെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആയിരുന്നു വിജയലക്ഷ്യം. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്‌സാണ് ധോണി ഇവിടെ കാഴ്ചവെച്ചത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12-ാമനായ ആര്‍.പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി സിക്സറുകള്‍ അടിക്കട്ടേയെന്ന് ചോദിച്ചു. എന്നാല്‍ പാടില്ലെന്നും വിജയലക്ഷ്യം ഒറ്റയക്കത്തിലെത്തുന്നതുവരെ കാത്തിരിക്കാനും താന്‍ പറഞ്ഞു. ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്‌സറിലൂടെ വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പ്രശ്‌നങ്ങളും കുപ്രസിദ്ധമാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ് തുടങ്ങിയ താരങ്ങള്‍ക്കും ചാപ്പലിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
രാജ്യാന്തര പുരസ്‌കാരം നേടി ഇന്ത്യന്‍ കായിക താരം സാനിയ മിര്‍സ. ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം കൂടിയാണ് സാനിയ. അമ്മയായതിനു ശേഷം സാനിയ കരിയറിലേക്ക് നടത്തിയ ശക്തമായ തിരിച്ചു വരവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
ഏഷ്യ-ഓഷിയാന മേഖലയില്‍ നിന്നും പോള്‍ ചെയ്ത 16,985 വോട്ടുകളില്‍ 10000 വോട്ടുകള്‍ നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തിയ വോട്ടുകള്‍ പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. അതേസമയം, പുരസ്‌കാരത്തുകയായി ലഭിച്ച 1,51790 രൂപ ( 2000 യുഎസ് ഡോളര്‍) തെലുങ്കാന കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരിക്കുകയാണ് സാനിയ.
‘ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ഒരു ബഹുമതിയാണ്. ഈ അവാര്‍ഡ് എന്റെ മുഴുവന്‍ ആരാധകര്‍ക്കും രാജ്യത്തിനും സമര്‍പ്പിക്കുന്നു. വോട്ട് ചെയത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഭാവിയില്‍ രാജ്യത്തേക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കൊണ്ടു വരാനാവുമെന്ന് പ്രതീക്ഷിക്കുന്നു, ലോകം ഈ വൈറസ്( കൊറോണ ) മൂലം കടുത്ത ഘട്ടത്തിലൂടെ പോവുന്ന സാഹചര്യത്തില്‍ ഈ പണം തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്,’ സാനിയ മിര്‍സ അറിയിച്ചു.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആണ് ഫെഡ്കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് 2009 ല്‍ തുടക്കമിട്ടത്. കരിയറില്‍ അസാമാന്യമായ കഴിവും ആത്മാര്‍ത്ഥയും കാണിക്കുന്ന ടെന്നീസ് താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭ്യമാകുന്നത്.
കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള ലോക്ഡൗണ്‍ ഒരു മാസം പിന്നിട്ടതേ ഉള്ളൂവെങ്കിലും ക്രിക്കറ്റ് കരിയറിൽ കഴിഞ്ഞ ആറര വർഷമായി താൻ ലോക്ഡൗണിലാണെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മുതൽ ബിസിസിഐ വിലക്കിയ സാഹചര്യത്തിലാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറര വർഷമായി താൻ ലോക്ഡൗണിലാണെന്ന ശ്രീശാന്തിന്റെ വാക്കുകൾ. ലോക്ഡൗണിൽ അകപ്പെട്ട് കൊച്ചിയിലെ വീട്ടിൽ കഴിയുന്ന ശ്രീശാന്ത് ഒരു അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട് മനസ് തുറന്നത്. ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് കാലാവധി ഏഴു വർഷമാക്കി കുറച്ചതോടെ വരുന്ന സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാമെന്ന ആവേശത്തിലാണ് ശ്രീശാന്ത്.
എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാൻ എന്റെ പ്രഫഷന്റെ കാര്യത്തിൽ ആറര വർഷമായി ലോക്ഡൗണിലാണ്. ഈ സമയത്ത് സിനിമയുമായും ടെലിവിഷൻ പരിപാടികളുമായും ബന്ധപ്പെട്ടു മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. പക്ഷേ, ഞാൻ ഏറെ സ്നേഹിച്ചിരുന്ന ക്രിക്കറ്റ് എന്നിൽനിന്ന് എടുത്തുമാറ്റപ്പെട്ടു. ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ക്രിക്കറ്റ് മൈതാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ പരിശീലിക്കാൻ സ്വന്തമായൊരു സംവിധാനം തയാറാക്കി’ – ശ്രീശാന്ത് വിശദീകരിച്ചു.
വിലക്ക് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഈ വർഷം സെപ്റ്റംബർ മുതൽ താൻ ക്രിക്കറ്റിൽ സജീവമാകുമെന്നും ശ്രീശാന്ത് പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ സമയമത്രയും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഇപ്പോൾ 37 വയസ്സായെങ്കിലും കളത്തിലേക്കു തിരിച്ചെത്തുമ്പോൾ 25കാരന്റെ കായികക്ഷമതയോടെ കളിക്കുന്നതിനാണ് പ്രാമുഖ്യമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
‘കായികക്ഷമത നിലനിർത്താൻ ഇക്കാലമത്രയും വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. യുവതാരങ്ങളെല്ലാം കായികക്ഷമതയുടെ കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നതിനാൽ 37–ാം വയസ്സിലും 25കാരന്റെ കായികക്ഷമത നിലനിർത്താനാണ് ശ്രമം. ഞാൻ ക്രിക്കറ്റിൽനിന്ന് വിലക്കപ്പെട്ട കാലത്ത് 30 വയസായിരുന്നു പ്രായം. തിരിച്ചുവരുമ്പോൾ 30കാരനെപ്പോലെ കളിക്കാൻ തന്നെയാണ് ഇഷ്ടം’ – ശ്രീശാന്ത് പറഞ്ഞു.
പന്തിൽ തുപ്പൽ പുരട്ടുന്നതുൾപ്പെടെയുള്ള പതിവുകൾ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കാനുള്ള നീക്കത്തെ ശ്രീശാന്ത് എതിർത്തു.
‘അങ്ങനെയൊരു തീരുമാനം (പന്തിൽ തുപ്പൽ പുരട്ടാൻ പാടില്ലെന്ന) വരില്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം തുപ്പൽ പുരട്ടുന്നത് നിരോധിച്ചാൽ റിവേഴ്സ് സ്വിങ് കിട്ടാതെ വരും. അല്ലെങ്കിലും ഈ പ്രതിസന്ധിക്കെല്ലാം ഒടുവിൽ മത്സരം പുനഃരാരംഭിക്കുമ്പോൾ വൈറസ് ബാധയുള്ളവർ എങ്ങനെയാണ് കളിക്കാനിറങ്ങുക? തീർച്ചയായും കളിക്കാരെ പരിശോധനകൾക്ക് വിധേയമാക്കി പ്രശ്നമില്ലെന്ന് ഉറപ്പാക്കിയശേഷമാകും കളിക്കാന്‍ അനുവദിക്കുക. രോഗമില്ലാത്തവരാണ് കളിക്കുന്നതെന്നിരിക്കെ തുപ്പൽ പുരട്ടുന്നതിൽ എന്താണ് പ്രശ്നം?’ – ശ്രീശാന്ത് ചോദിച്ചു.
കളിക്കളത്തിലേക്കു തിരിച്ചെത്തിക്കഴിയുമ്പോൾ ഏറ്റവും മികച്ച പേസ് ബോളറെന്ന നിലയിലേക്ക് ഉയരാമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ശ്രീശാന്ത് വിശദീകരിച്ചു.
ഇന്ത്യന്‍ ടീമില്‍ സ്ഥിര സാനിധ്യമല്ലെങ്കിലും മലയാളി താരം സഞ്ജു വി. സാംസണ്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ത ബാറ്റ്സ്മാനാണ്. ഐപിഎലില്‍ സഹതാരങ്ങളുമായി നല്ല ബന്ധവും താരത്തിനുണ്ട്. ഇപ്പോള്‍ ഓസീസ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തുമായുള്ള രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സഞ്ജു.
സ്മിത്തിനെ ‘ചാച്ചു’ എന്നാണ് താന്‍ വിളിക്കുന്നതെന്നും സ്മിത്ത് തിരിച്ച് വിളിക്കുന്നതും അതുതന്നെയാണെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഈ പേര് വന്ന സംഭവവും സഞ്ജു വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ കണ്‍സല്‍റ്റന്റ് ഇഷ് സോധിയുമൊത്തുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ”ബ്രാഡ് ഹോഡ്ജാണ് ഇത് തുടങ്ങിയത്. അദ്ദേഹമാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഡ്ജി പോയതിനു ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചു തുടങ്ങി. തിരിച്ച് സ്മിത്തും എന്നെ ചാച്ചു എന്നാണ് വിളിക്കുന്നത്. ആ പേര് പരസ്പരം വിളിക്കുന്നത് ഞങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്”- സഞ്ജു പറയുന്നു. സ്മിത്തുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ മാതൃകയാക്കിയാണ് താനും പരാജയങ്ങളെ അംഗീകരിക്കാന്‍ പഠിച്ചതെന്ന് സഞ്ജു പറയുന്നു. കഴിവ് മനസ്സിലാക്കാനും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനും പഠിച്ചെന്നും ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു പറഞ്ഞു.
മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചതിച്ചെന്ന് ആരോപണം. യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.
മകനെ കുടുക്കിയ കഥകൾ പറഞ്ഞപ്പോൾ ടീമിനുള്ളിലെ ചേരിതിരിവും പടലപ്പിണക്കങ്ങളും പറഞ്ഞ വഴി മലയാളി താരം ശ്രീശാന്ത് വാതുവയ്പ്പിൽ ബലിയാടായതായും അദ്ദേഹം പറഞ്ഞു. പിന്നിൽ ധോണിയുടെ കളികൾ എന്നും എല്ലാത്തിനും ഒത്തുതീർപ്പു ഫോർമുല ആയി ചെന്നൈ സൂപ്പർ കിംഗ് ടീമിനെ ഐപിഎൽ വിലക്ക് നൽികിയത് എന്നും യോഗ്രാജ് പറയുന്നു. ശ്രീശാന്ത് ഉൾപ്പെടെ ചില താരങ്ങൾ മാത്രം ബലിയാടായി. പിന്നിൽ കളിച്ച വമ്പന്മാർ പുറത്തും എല്ലാം ഒരിക്കൽ പുറത്തുവരുമെന്നും അദ്ദേഹം പറയുന്നു
ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‌രാജിന്റെ വിമര്‍ശനം. മുന്‍പും മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് യോഗ്‌രാജ് സിങ്. മുന്‍ ഇന്ത്യന്‍ താരം കൂടിയാണ് അറുപത്തിരണ്ടുകാരനായ യോഗ്‌രാജ്. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളുമാണ് കളിച്ചത്
ധോണിയും കൊഹ്ലിയും മാത്രമല്ല സിലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചെന്ന് ഞാന്‍ പറയും. അടുത്തിടെ ഞാന്‍ രവിയെ ശാസ്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാന്‍ എന്നെ ക്ഷണിച്ചു. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലൊരു യാത്രയയപ്പ് നല്‍കാനുള്ള ചുമതല ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ധോണിയും കൊഹ്ലിയും രോഹിത് ശര്‍മയുമൊക്കെ വിരമിക്കുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി വളരെയധികം സംഭാവനകള്‍ നല്‍കിയവരാണ് അവര്‍. യുവരാജിനെ ഒട്ടേറെപ്പേര്‍ പിന്നില്‍നിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണെന്നും യോഗ്രാജ് പറഞ്ഞു.
യോഗ്യതയില്ലാത്തവരെ സിലക്ഷന്‍ കമ്മിറ്റി അംഗമാക്കിയെന്നു ചൂണ്ടിക്കാട്ടി ബിസിസിഐക്കെതിരെയും യോഗ്‌രാജ് വിമര്‍ശിച്ചു. സിലക്ഷന്‍ കമ്മിറ്റി അംഗം ശരണ്‍ദീപ് സിങ്ങിനെതിരെയായിരുന്നു യോഗ്‌രാജിന്റെ ദേഷ്യം. ‘ഇന്ത്യന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ് എല്ലാ സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലും യുവരാജിനെ ഒഴിവാക്കണമെന്ന് വാദിച്ചിരുന്ന വ്യക്തിയാണ്. ക്രിക്കറ്റിന്റെ എബിസിഡി അറിയാത്ത ഇത്തരക്കാരെയാണോ സിലക്ടറാക്കുന്നത്. അവരില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാനാണ്. പിന്നില്‍നിന്ന് കുത്തുന്നത് എപ്പോഴും വേദനിപ്പിക്കുന്നതാണെന്നും യോഗ്രാജ് പറഞ്ഞു.
ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്ട്രയിൽ പര്യടനവും റദ്ധാക്കിയാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത സമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. വരുമാനത്തിൽ വലിയൊരു പങ്ക് കൊണ്ടു വരും എന്നു വിശ്വസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് മേളകൾ എങ്ങനെയെങ്കിലും നടത്തണമെന്ന വാശിയിലാണ് അവർ. ഒന്ന് ഇന്ത്യയുള്ള ക്രിക്കറ്റ് പരമ്പര. രണ്ട് ട്വന്റി20 ലോകകപ്പ്. കളിക്കാരെ താമസിപ്പിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ ഒരുക്കിയും യാത്രാ ഇളവുകൾ പ്രഖ്യാപിച്ചും ഇന്ത്യയോട് അവർ പറയാതെ പറയുന്നത്
എന്നാൽ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെങ്കിൽ നഷ്ടം കുറയ്ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അഞ്ചുകോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 250 കോടി രൂപ) വായ്പയെടുത്തു എന്നാണു പുതിയ വാർത്ത.
ഒക്ടോബർ മുതൽ 2021 ജനുവരി വരെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകൾ, മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യും എന്നിവയാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ്. എന്നാൽ ലോകമെങ്ങും ലോക്ഡൗണിലായതോടെ പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇന്ത്യൻ പര്യടനത്തിനിടെ, ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി20 ലോകകപ്പ്. ലോക്ഡൗൺ മൂലം രണ്ട് ചാംപ്യൻഷിപ്പുകളും നടക്കാതായാൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും.
ഇന്ത്യൻ പരമ്പര റദ്ദാക്കിയാൽ മാത്രം 300 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1450 കോടി രൂപ) ആയിരിക്കും നഷ്ടം. സാമ്പത്തിക അടിത്തറ തകർന്നതോടെ 80 ശതമാനം ജീവനക്കാരെ ഇപ്പോൾ തന്നെ താൽക്കാലികമായി പിരിച്ചു വിട്ട ബോർഡിന്റെ നട്ടെല്ല് അതോടെ ഒടിയും.
ഇന്ത്യൻ പര്യടനമാണ് മുഖ്യം എന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇപ്പോഴുള്ള പോക്ക്. അഡ്‌ലെയ്ഡ് ഓവലിൽ പണി തീർത്ത പുതിയ ആഡംബര ഹോട്ടൽ ഇന്ത്യൻ ടീമിന് നിർബന്ധിത എസൊലേഷൻ കേന്ദ്രമായി നൽകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിന് പ്രത്യേക ഇളവ് നൽകുന്ന കാര്യം ഓസ്ട്രേലിയൻ സർക്കാരും പരിഗണിക്കുന്നുണ്ട്. ബിസിസിഐ പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ട്വന്റി20 ലോകകപ്പ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ പര്യടനം നീട്ടി വയ്ക്കുക എന്ന പ്ലാൻ ബിയും ഓസ്ട്രേലിയയുടെ മനസ്സിലുണ്ട്.
പര്യടനത്തിനായി ഇന്ത്യ വരാതിരുന്നാൽ അതു ഞങ്ങളെ തകർത്തു കളയും. രാജ്യത്തെ സാഹചര്യങ്ങളൊക്കെ വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. 3–4 അല്ലെങ്കിൽ 4–5 മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇവിടെ വരാം എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. – മാർനസ് ലബുഷെയ്ൻ (ഓസീസ് ബാറ്റ്സ്മാൻ)
ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി സഞ്ജു സാംസണിനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള യുവതാരങ്ങൾക്ക് സംരക്ഷണം നൽകാനും അവരെ വളർത്തിയെടുക്കാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ താരവും നിലവിൽ ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ ഗംഭീർ നിലപാട് വ്യക്തമാക്കിയത്. രോഹിത് ശർമ ഉൾപ്പെടെയുള്ള ഇപ്പോഴത്തെ ടീമിലെ മിക്ക താരങ്ങളും മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റന്റെ ദീർഘദർശനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതേ മാതൃകയിൽ ഭാവിയിലെ താരങ്ങളെ വാർത്തെടുക്കാൻ ഗംഭീറിന്റെ ഉപദേശം.
‘മുതിർന്ന താരങ്ങളുടെ കരുതലും സംരക്ഷണവുമുണ്ടെങ്കിൽ ഒരു താരത്തിന്റെ കരിയർ മാറിമറിയാമെന്നതിന് ഏറ്റവും വലിയ ഉദാഹരണം രോഹിത്തിന്റെ കരിയർ തന്നെയാണ്. ഇന്ന് രോഹിത് എന്തായിരിക്കുന്നുവോ അതിനു കാരണം ധോണിയാണ്. രോഹിത് ടീമിലില്ലാത്ത കാലത്തുപോലും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ ധോണി ശ്രദ്ധിച്ചിരുന്നു. അങ്ങനെ രോഹിത്തിനെ എക്കാലവും തന്റെ ടീമിന്റെ ഭാഗമാക്കി നിലനിർത്തി. രോഹിത് ഒരിക്കലും അവഗണിക്കപ്പെടുന്നില്ല എന്നും അദ്ദേഹം ഉറപ്പാക്കി’ – ഗംഭീർ ചൂണ്ടിക്കാട്ടി.
2007ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ രോഹിത്തിനെ 2013ൽ ഓപ്പണറായി പരീക്ഷിച്ചത് ധോണിയാണ്. രോഹിത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞതും ഈ തീരുമാനത്തോടെയാണ്. ഇത്തരത്തിൽ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാൻ രോഹിത്തും കോലിയും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നാണ് ഗംഭീറിന്റെ നിർദ്ദേശം. ‘ഇപ്പോഴത്തെ യുവതാരങ്ങൾക്ക്, അത് ശുഭ്മാൻ ഗില്ലോ സഞ്ജു സാംസണോ ആകട്ടെ, സമാനമായ കരുതൽ ഉറപ്പുവരുത്തേണ്ടത് കോലിയുടെയും രോഹിത്തിന്റെയും ചുമതലയാണ്’ – ഗംഭീർ പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിനോടുള്ള താൽപര്യം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് ഗംഭീർ
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായി പിഎസ്ജി)യെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. കൊവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലീഗ് ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ് അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.
ഫ്രഞ്ച് ലീഗ് പുനരാരാംഭിക്കുന്ന കാര്യം അധികൃതര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. അടുത്തവര്‍ഷത്തെ ലീഗ് വണ്‍ സീസണ് ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും കൊവിഡിന്റെ പ്ശ്ചാത്തലത്തില്‍ നീട്ടിവെക്കാനാണ് സാധ്യത. കൊവിഡ് മൂലം രാജ്യത്ത് പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്‍ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന് മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു