ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് ഇറങ്ങിയ സാനിയ മിര്‍സയ്ക്ക് കിരീടം. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസിലാണ് സാനിയക്ക് കിരീടം. തിരിച്ചുവരവിനുശേഷമുള്ള സാനിയയുടെ ആദ്യ ടൂര്‍ണമെന്റാണ് ഇത്.
സാനിയ-നാദിയ കിചേനോക് സഖ്യം ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. സ്‌കോര്‍ 6-4, 6-4.
ആദ്യ ഏകദിനത്തിലേറ്റ കനത്ത തോല്‍വിക്ക് തിരിച്ചടി നല്‍കിയേ തിരിച്ചു കയറൂ എന്നുറപ്പിച്ചായിരുന്നു രാജ്‌കോട്ടില്‍ കോലിപ്പട ഗ്രൗണ്ടിലിറങ്ങിയത്. കൂറ്റന്‍ വിജയലക്ഷ്യം ഒസീസിനു മുന്നില്‍ വെച്ച് ബാറ്റിംഗ് നിരയും. ക്യത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ബൗളര്‍മാരും തങ്ങളുടേതായ പങ്കുവഹിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. ആദ്യ ഏകദിനത്തിലെ പത്തുവിക്കറ്റ് തോല്‍വി മറക്കാന്‍ പരമ്പര വിജയത്തിനെ സാധിക്കൂ എങ്കിലും ചെറിയൊരു തിരിച്ചടി കംഗാരുപ്പടയ്ക്ക് നല്‍കാന്‍ ടീം ഇന്ത്യക്കായി. വിജയം 36 റണ്‍സിന്
പത്തു വിക്കറ്റ് പരാജയമെന്ന കനത്ത ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെണീറ്റ് ഓസീസിനെപ്പോലൊരു ടീമിനോട് വിജയം നേടാന്‍ കരുത്തരായ ടീമാണ്, ഒരേയൊരു ടീമാണ് ഇന്ത്യ എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 340 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സിന് അവസാനിച്ചു.
കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ വാര്‍ണറിന്റേയും ഫിഞ്ചിന്റേയും മുഖത്തുണ്ടായിരുന്നു. എന്നാല്‍ കരുതലോടെയായിരുന്നു ഇന്ത്യ. 15 റണ്‍സെടുത്ത വാര്‍ണറെ മനീഷ് പാണ്ഡെ ഒറ്റക്കൈയില്‍ ഒതുക്കിയപ്പോള്‍ ഫിഞ്ചിനെ രാഹുല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി. പിന്നീട് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി സ്മിത്തും ലംബുഷെയ്‌നും ചെറിയൊരു ഭീഷണിയായെങ്കിലും 46 റണ്‍സില്‍ ലംബുഷെയ്‌നെയും സെഞ്ചുറിക്കരികെ 98-ല്‍ സ്മിത്തിനേയും വീഴ്ത്തി.
അലക്‌സ് ക്യാരി(18), ടര്‍ണര്‍(13), ആഷ്ടണ്‍(25). കമ്മിന്‍സ്(0), മിച്ചല്‍ സ്റ്റാര്‍ക്ക്(6), ആദം സാംപ(6) എന്നിങ്ങനെ ആരേയും അധികം ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയപ്പോള്‍ ഓസീസ് പോരാട്ടം 304 ല്‍ അവസാനിച്ചു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ്. നവദീപ് സെയ്‌നി , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മുന്‍നിരതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 96 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോഹ്ലി 78 റണ്‍സ് നേടി. എന്നാല്‍ അഞ്ചാമനായി ഇറങ്ങി തകര്‍ത്തടിച്ച കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയും ഉയര്‍ത്തിയത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 80 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.
ഓപ്പണര്‍ രോഹിത് ശര്‍മ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കായി ആദം സാമ്പ മൂന്നും കെയിന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് സാനിയ-കിച്ചെനോക്ക് സഖ്യം. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ മികച്ച പ്രകടനമാണ് നടത്തിയത്. സെമിയില്‍ സ്ലൊവേനിയന്‍-ചെക്ക് ജോഡികളായ സിദാന്‍സെക്-മാരി ബൗസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-2
നാളെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ് സഖ്യത്തെയാണ് സാനിയ- കിച്ചെനോക്ക് സഖ്യം നേരിടുക.33 കാരിയായ സാനിയ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യുടിഎ സര്‍ക്യൂട്ടിലേക്ക് മടങ്ങിവരുന്നത്. പരിക്കിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ കളിക്കളത്തില്‍ നിന്നും മാറി നിന്ന സാനിയ അമ്മയാതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.
ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍. 27 താരങ്ങളാണ് ബിസിസിഎ കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.
സ്പാനിഷ് ചാമ്പ്യൻമാരും ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നുമായ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയതിന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ക്വികെ സെറ്റിയെൻ. ബാഴ്സയുടെ പരിശീലകനാകുക എന്നത് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് സെറ്റിയെൻ പറഞ്ഞു.
ഇന്നലെ വരെ പശുക്കളുമായി തന്റെ പട്ടണത്തിൽ ചുറ്റിത്തിരിയുകയായിരുന്ന താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കൈകാര്യം ചെയ്യുന്ന ബാഴ്സലോണയിലാണ്- സെറ്റിയൻ ആശ്ചര്യം മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിജയിക്കാൻ കഴിയുന്നതെല്ലാം, ക്ലബിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ഫുട്ബോൾ കളിക്കുന്നതാണ് വിജയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് താൻ കരുതുന്നത്. ഒരു ദിവസത്തേയ്ക്കു മാത്രമല്ല, ഇത് തുടരുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയാണ് ബാഴ്സ സെറ്റിയനെ ചുമതലയേൽപ്പിച്ചത്. സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജ യപ്പെട്ടതിനു പിന്നാലെയാണ് വാൽവെർദയുടെ തല ഉരുണ്ടത്. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനാണ് അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയെൻ. 2022 വരെയാണ് കരാർ. സ്പാനിഷ് മുൻ കളിക്കാരനുമാണ് സെറ്റിയെൻ.
2017 മേയിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി അമ്പത്തഞ്ചുകാരനായ വാൽവെർദ ബാഴ്സ പരിശീലകനായത്. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കപ്പും ബാഴ്സ വാൽവെർദയുടെ കീഴിൽ നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ 3-0നു ജയിച്ചശേഷം രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0നു പരാജയപ്പെട്ട് പുറത്തായതോടെ വാൽവെർദയുടെ മേൽ സമ്മർദമേറിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയര്‍ത്തിയ 255 മറികടക്കുയുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 128 റണ്‍സും ആരോണ്‍ ഫിഞ്ച് 110 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ശിഖര്‍ ധവാന്‍ 74 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 47 റണ്‍സ് എടുത്ത് പുറത്തായി.
തുടര്‍ന്ന് ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കം ആര്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ 28 റണ്‍സ് എടുത്ത റിഷഭ് പന്തും 25 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.
ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏകദിന പരമ്പരകളിലെ വിജയ തുടര്‍ച്ച തേടിയാണ് ഓസീസ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 3-2നായിരുന്നു ഇന്ത്യക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ പരമ്പര വിജയം. ഇന്ത്യയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള വിദേശ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യയില്‍ കളിച്ച 91 ഏകദിനങ്ങളില്‍ 52 തവണ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 34 മത്സരങ്ങളില്‍. ഇതില്‍ ഇന്ത്യയില്‍ ഇന്ത്യക്കെതിരെ കളിച്ചത് 61 തവണ. 29 വിജയവും 27 പരാജയവുമാണ് ഓസീസിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യയില്‍ ഒരു വിദേശ ടീമിന്റെ മികച്ച വിജയശരാശരിയാണ് ഓസ്ട്രേലിയയുടേത്.
ഇരുരാജ്യങ്ങളും മുഖാമുഖം വന്ന ഒന്‍പത് പരമ്പരകളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ കങ്കാരുക്കള്‍ക്കായി. ഇതും വിദേശ ടീമുകളില്‍ റെക്കോര്‍ഡാണ്. അഞ്ചില്‍ നാല് പരമ്പര ജയങ്ങളും 1994-2009 കാലഘട്ടത്തിലാണ്. തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടവും(1987), 2006ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഓസീസ് നേടിയത് ഇന്ത്യയില്‍ വെച്ചാണ്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങി.
ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം മികച്ച ഫോമില്‍ കളിക്കുന്ന കെ.എല്‍.രാഹുലോ ഓാസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിഖര്‍ ധവാനോ ആരിറങ്ങും എന്നത് വ്യക്തമല്ല. അതേസമയം രാഹുലിനു വണ്‍ ഡൗണ്‍ പൊസിഷനില്‍ അവസരം നല്‍കാന്‍ താന്‍ നാലാമനായി ഇറങ്ങാന്‍ തയാറാണെന്ന് ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. പരിക്കു മാറി പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര ശക്തമായി തിരിച്ചെത്തിയതും ടീമിന് ആശ്വാസമാണ്.
ലബുഷെയ്ന്‍, ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ പിച്ചുകളെയും ബോളര്‍മാരെയും നന്നായി മനസ്സിലാക്കിയിട്ടുള്ള സ്മിത്തും വാര്‍ണറും തന്നെയാകും ഇത്തവണ ഓസീസ് ബാറ്റിങ് നിരയെ നയിക്കുക. ബൗളിംഗ് നിരയെ കുറിച്ച് പറയുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവരുടെ പേസ് കരുത്താണ് ഓസീസിന്റെ ആയുധം. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. രണ്ടാം ഏകദിനം 17ന് രാജ്കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും.
ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതിപോരാളി ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്. പെട്രോളിയം ഖനനമേഖലയില്‍ നിക്ഷേപം നടത്തുന്ന സ്വിസ് ബാങ്കിന്റെ സ്പോണ്‍സര്‍ഷിപ്പ് ഫെഡററര്‍ സ്വീകരിച്ചതാണ് ഗ്രേറ്റയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
റോജര്‍ വേക്ക് അപ്പ് നൗ എന്ന് ഹാഷ് ടാഗോടെയാണ് 17 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ടെന്നിസ് ഇതിഹാസത്തിന്റെ നിലപാടുകളുെട ചോദ്യംചെയ്തത്. ആഗോള ബാങ്കായ ക്രെഡിറ്റ് സ്യൂസാണ് ഫെഡററുടെ സ്പോണ്‍സര്‍മാര്‍. ഇന്ധന ഖനനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ക്രെഡിറ്റ് സ്യൂസ് ഇതുവരെ 57 ബില്യന്‍ ഡോളര്‍ നല്‍കിയെന്ന വാര്‍ത്ത ഗ്രേറ്റ ട്വീറ്റ് ചെയ്തു. താങ്കള്‍ ബാങ്കിനെ പിന്തുണയ്ക്കുന്നോ എന്ന് ചോദിച്ച് റോജര്‍ ഫെഡററെ ഗ്രേറ്റ ടാഗ് ചെയ്യുകയും ചെയ്തു. ഉണരൂ റോജര്‍ എന്ന ഗ്രേറ്റയുടെ ഹാഷ്ടാഗ് യൂറോപ്പ് ഏറ്റെടുത്തു.
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ധനസമാഹാരണവുമായി ബന്ധപ്പെട്ട് മെല്‍ബണിലാണ് ഫെഡറര്‍. വിമര്‍ശനങ്ങള്‍ക്ക് ഫെഡറര്‍ കൃത്യമായ മറുപടി പറഞ്ഞില്ലെങ്കിലും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പരിസ്ഥിതി ആഘാതങ്ങള്‍ താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യക്തിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിന് നന്ദിയെന്നും ഫെഡറര്‍ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 78 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി (2-0). മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ എത്തിയതായിരുന്നു കഴിഞ്ഞദിവസം പൂനെയിൽ നടന്ന മൂന്നാം ടി20 മത്സരത്തിന്റെ പ്രത്യേകത. എന്നാൽ മത്സരത്തിന് ശേഷം പരമ്പര വിജയികൾക്കുള്ള ട്രോഫി വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവുണ്ടായിരുന്നില്ല.
മൂന്നാം ടി20 മത്സരത്തിൽ കളിച്ച സഞ്ജു എന്ത് കൊണ്ടാണ് ട്രോഫി വാങ്ങിയ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകാതിരുന്നത് എന്ന കാര്യം ക്രിക്കറ്റ് പ്രേമികൾക്ക് ആദ്യം പിടികിട്ടിയില്ല. എന്നാൽ പിന്നീട് എന്ത് കൊണ്ടാണ് സഞ്ജു ടീമിനൊപ്പം ഫോട്ടോ സെഷന്റെ സമയത്ത് ഉണ്ടാകാതിരുന്നത് എന്ന കാര്യം വ്യക്തമായി.
ന്യൂസിലൻഡ് എ ടീമിനെതിരെ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലുള്ള താരമാണ് സഞ്ജു. ഈ പരമ്പരയുടെ മുന്നൊരുക്കത്തിനായി ന്യൂസിലൻഡിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു. മൂന്നാം ടി20 അവസാനിച്ചയുടനേ ടീം ഹോട്ടലിലേക്ക് മടങ്ങിയ മലയാളി താരം അവിടുന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്നു. ഇക്കാര്യം കൊണ്ടാണ് ടീമിന്റെ ഫോട്ടോ സെഷനിൽ സഞ്ജുവിന് ഉൾപ്പെടാൻ കഴിയാതിരുന്നത്.
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുറത്തിരുത്തിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ കളിച്ചത്. പന്തിന് പകരം മലയാളി താരം സഞ്ജു വി സാംസണായിരുന്നു ഇന്നലെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയത്. ഏറെക്കാലത്തിന് ശേഷം കളിക്കാൻ അവസരം ലഭിച്ച മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയെങ്കിലും രണ്ടാം പന്തിൽ ഔട്ടായി സഞ്ജു നിരാശപ്പെടുത്തിയിരുന്നു.
മത്സരത്തിന് ശേഷം സംസാരിക്കവെ സഞ്ജുവിനേയും, മനീഷ് പാണ്ടെയേയും കളിപ്പിച്ചത് എന്ത് കൊണ്ടാണെന്ന് ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാൻ വ്യക്തമാക്കി. ടി20 ലോകകപ്പ് വരെ താരങ്ങളെ വെച്ച് പരീക്ഷണങ്ങൾ നടത്താനാണ് ടീമിന്റെ പദ്ധതിയെന്നും അതിനാലാണ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്നും പറഞ്ഞ ധവാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, ” ലോകകപ്പിന് മുൻപ് താരങ്ങളെയെല്ലാം പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ഈ പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവർക്ക് അതുണ്ടാക്കിക്കൊടുക്കുകയായിരുന്നു ഇന്ന് ഇന്ത്യൻ ടീമിന്റെ പദ്ധതി.
ഒരു ടീമെന്ന നിലയിൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നു എന്നത് ഉറപ്പ് വരുത്തേണ്ടത് ടീം മാനേജ്മെന്റിന്റെ ജോലിയാണ്. അത് കൊണ്ടാണ് റൊട്ടേഷൻ പോളിസി ടീമിൽ കൊണ്ട് വന്നിരിക്കുന്നത്. സഞ്ജുവിനെയും, മനീഷിനേയും പോലുള്ള താരങ്ങൾക്ക് ഇത് കൊണ്ട് അവസരം കിട്ടി.” ധവാൻ പറഞ്ഞുനിർത്തി.