റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറിയ മുംബൈ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യറിനേയും, ശിവം ഡൂബെയേയും കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. മുംബൈ 10 വിക്കറ്റിന്റെ ദയനീയ പരാജയം നേരിട്ട ഈ മത്സരത്തിൽ കളിക്കാതിരുന്ന ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.
അഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പ്രധാന താരങ്ങളാണ് ശ്രേയസ് അയ്യറും, ശിവം ഡൂബെയും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ള ഇരുവരും വിശ്രമത്തിന് വേണ്ടിയാണ് റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാതെ പിന്മാറിയത്. എന്നാൽ ഇരുവരും മത്സരം കളിക്കാതെ മാറിയത് സെലക്ടർമാരുടെ നിർദ്ദേശത്തോടെ ആയിരുന്നില്ല. രഞ്ജിയിൽ കളിക്കാതെ വിശ്രമിക്കണമെന്ന് ബിസിസിഐ സെലക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നെന്നാണ് നേരത്തെ ഇരുവരും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതെങ്കിലും അങ്ങനൊരു നിർദ്ദേശം സെലക്ടർമാർ താരങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് വിശദമായ അന്വേഷണത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മനസിലാക്കുകയായിരുന്നു.
ഇരുവരും കളിക്കാതെ പിന്മാറിയ മത്സരത്തിൽ മുംബൈ 10 വിക്കറ്റിന്റെ ദയനീയ തോൽവി കൂടി നേരിട്ടതോടെ സംഭവം കൂടുതൽ വഷളായി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അടുത്ത അപക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും രണ്ട് താരങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ പ്രമുഖ താരം ധന്‍രാജ് കുഴഞ്ഞുവീണ് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഏറെക്കാലം കളിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധൻരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു.
ബംഗാളിലും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ളത്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധൻരാജ്.
ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ എംസി മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
നേരത്തെ മേരി കോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കിയിരുന്നു. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോം മുപ്പത്തിയാറുകാരിയാണ്. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള സരീന്റെ പ്രായം 23. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ബോക്സിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് മേരി കോമിനെ നേരത്തെ വെല്ലുവിളിച്ച് ശ്രദ്ധേപിടിച്ചുപറ്റിയ താരമാണു സറീന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെലക്ഷന്‍ ട്രയല്‍സ് കൂടാതെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തു വന്നിരുന്നു. മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാതെയാണ് മടങ്ങിയത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ടീമില്‍ നിന്ന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടിരുന്നു. ആ പരാതിയില്‍ താരത്തെ ഗൗതം ഗംഭീര്‍ പിന്തുണച്ചു. പാകിസ്ഥാന്റെ യാഥാര്‍ത്ഥ മുഖം ഇതാണെന്നും ഗംഭീര്‍ പറയുന്നു. പാകിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിഷ് കനേരിയ.
അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണിതെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനെ പോലുള്ളവര്‍ ക്യാപ്റ്റനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീര്‍ പറഞ്ഞു.
യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.
ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.
സെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെസെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.ട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ 14.2 ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസൊ റബാദ മൂന്നും നോർഷെ രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.
103 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. 62 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലീഷ് ബൗളർമാർ വീഴ്ത്തി. മാർക്രം (രണ്ട്), എൽഗർ (22), സുബയർ ഹംസ (നാല്), ഫാഫ് ഡുപ്ലസി (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്.
ഇരുപത്തിയെട്ട് വർഷം പിന്നിട്ട പ്രൊഫഷണൽ ടെന്നീസ് രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്. 2020 തന്റെ വിടവാങ്ങൽ വർഷമായിരിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് പതിറ്റാണ്ടിന് അപ്പുറം ലോക ടെന്നീസ് രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള 46 കാരനായ ലിയാണ്ടർ പേസ് ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള ആദ്യത്തെ താരം കൂടിയാണ്.
1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ സിംഗിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പേസ്, പുരുഷ ഡബിൾസിൽ 1999, 2001, 2009, 2006, 2009, 2013 എന്നീ വർഷങ്ങളിൽ യഥാക്രമം മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2012 ൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടവും 1999 ൽ വിംബിൾഡണും നേടി. മിക്സഡ് ഡബിൾസിൽ 2003, 2010, 2015 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പൺ, 2016 ൽ ഫ്രഞ്ച് ഓപ്പൺ, 1999, 2003, 2010, 2015 വർഷങ്ങളിൽ വിംബിൾഡൺ, 2008, 2015 വർഷങ്ങളിൽ യുഎസ് ഓപ്പൺ എന്നിവയും പേസിന്റ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയെന്ന റെക്കോര്‍ഡ് കൂടി നേടിയിട്ടുമുണ്ട്. എടിപി ഡബിൾസ് റാങ്കിംഗ് പ്രകാരം നിലവിൽ ലോകത്ത് 105 ാം സ്ഥാനത്താണ് പേസ്.
“2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”. വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തനിക്ക് പിന്തുണയായും പ്രചോദനവുമായി എക്കാലവും കൂടെ നിന്ന മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് കുറിപ്പിൽ നന്ദി അറിയിച്ചു.
നിലവിൽ മുംബൈ നിവാസിയായ ലിയാണ്ടർ പേസ്, 1973-ല്‍ പശ്ചിമ ബംഗാളിലാണ് ജനിക്കുന്നത്. മുന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയറിനിടെ രാജ്യത്തിന്റെ നിരവധി ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ശ്രീവിദ്യ കെ. എം
യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള റോളർ സ്കേറ്റിംഗ് എന്ന കളി ഇന്ന് നമ്മുടെ ഭാരതത്തിലും ചക്രക്കാലുകളിൽ ഉരുളുന്നു.1940ൽ ഇന്ത്യയിലെത്തിയ ഈ ഗെയിം സാധാരണക്കാർക്കിടയിലെത്താൻ കാരണക്കാരനായത് മലയാളിയായ കേണൽ ഗോദവർമ രാജയാണ്. റോളർ സ്കേറ്റിംഗ് വിവിധയിനത്തിൽ ദേശീയ തലങ്ങളിൽ മലയാളികൾ വിജയം നേടിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് കേവലം വിനോദമായിട്ടാണ് വളർന്നത്.
ആർട്ടിക് പ്രദേശത്തുനിന്നുത്ഭവിച്ച സ്കേറ്റിംഗ് ഇന്ന് ക്ലാസിക്കൽ ഡാൻസ്, ബാസ്കറ്റ്ബാൾ, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ മറ്റ് ഇനങ്ങളുമായും സംയോജിച്ചാണ് കുട്ടികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. കേരളത്തിൽ റോളർ ബാസ്കറ്റ്ബാൾ പ്രചാരം നേടിയത് 2005ലാണ്. കായികാദ്ധ്യാപനായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖല ടൂർണമെന്റുകൾ വരെ നടത്തപ്പെട്ടു. ഇതിനെല്ലാമൊടുവിൽ കേരളത്തിൽ കേവലം വിനോദമായി കണ്ടിരുന്ന റോളർ സ്‌കേറ്റിംഗിന് DPI യുടെയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരം ഇന്ന് ലഭിച്ചിരിക്കുന്നു. ഇതോടുകൂടി മറ്റ് കായികയിനങ്ങൾ പോലെതന്നെ ഇതും സ്കൂൾ ഗെയിംസിലിടം നേടി.കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഗെയിം പ്രചാരം നേടിയതോടെ പരിശീലിപ്പിക്കുന്നവരുടെ എണ്ണവും കൂടി.കുട്ടികൾക്ക് ഗ്രേസ് മാർക്കും സ്പോർട്സ് ക്വാട്ട അഡ്മിഷനുമെല്ലാം റോളർ സ്‌കേറ്റിംഗും പരിഗണിക്കപ്പെടുന്നയിനമായി .
ഇന്ന് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം റോളർ സ്കേറ്റിംഗ് അക്കാദമികൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഇടുക്കി(തൊടുപുഴ), കൊല്ലം എന്നിവിടങ്ങളിലെല്ലാം റോളർ സ്കേറ്റിംഗ് വിവിധ തരത്തിൽ തരംഗമാവുകയാണ്.കേരള റോളർ സ്‌കേറ്റിങ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ Spark roller skating അക്കാദമി റോളർ സ്‌കേറ്റിംഗിന്റെ മറ്റൊരു കേന്ദ്രമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര സരസ്വതി മണ്ഡപം, എറണാകുളം ലുലു മാൾ എന്നിവിടങ്ങളിൽ സ്കേറ്റിംഗ് പഠിക്കാനെത്തുന്ന കുട്ടികൾ പ്രായ വ്യത്യാസമില്ലാതെയാണ് പ്രകടനം നടത്തുന്നത്.
ഈ ഗെയിംന്റെ വിവിധ രൂപങ്ങൾ ലോകതലത്തിൽ നടക്കപ്പെടുന്ന ചാംപ്യൻഷിപ്പുകളാണ്. ഈ ലോകനിലവാരത്തിലും കേരളത്തിന്റെ നാമമെത്തിച്ചിട്ടുള്ള കുട്ടികൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കായികയിനങ്ങളിലെ താരങ്ങൾ പോലെ ഇതിലെ താരങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടാതെ പോകുന്നു.ജില്ലാ,സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ വരെ നടത്തപ്പെടുന്നുണ്ടെങ്കിലും കൂടുതൽ അറിയപ്പെടുന്നില്ല. കൊല്ലം ജില്ലയിലെ അഭിജിത് 2016ൽ ഇറ്റലിയിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.റോളർ സ്‌കേറ്റിംഗിലെ ഐസ് സ്‌കേറ്റിംഗിൽ ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. എന്നാൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കുന്നതിനുള്ള സൗകര്യം ഇന്ന് കേരളത്തിലുള്ള ഏകയിടം കൊച്ചി ലുലുമാളിലാണ്.കേരളത്തിൽ മറ്റെല്ലാ കായികയിനങ്ങൾ പോലെതന്നെ ആംഗികരിക്കപ്പെട്ടിട്ടുള്ള ഈ കായിക രൂപത്തിനും വേണ്ട സംജ്ജീകരണമൊരുക്കേണ്ടത് കായിക മന്ത്രലയങ്ങളുടെ കടമയാണ്.
ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ വരെ നടത്തപ്പെടുന്ന റോളർ സ്കേറ്റിംഗ് എന്ന മത്സരത്തിനൊരുങ്ങുന്ന അല്ലെങ്കിൽ മെഡലുകൾ നേടുന്ന ഇന്ത്യൻ ടീമിനെയോ അതിലെ അംഗങ്ങളെയോ മലയാളികൾക്കറിയാമോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷ ഉത്തരവും അറിയില്ലെന്നായിരിക്കും.ഇതിനൊരു കാരണം സർക്കാരിന്റെയോ മറ്റു മാധ്യമങ്ങളുടെയോ പിന്തുണയും സഹായവും ഈ മേഖലയ്ക്ക് കിട്ടുന്നില്ലെന്നതാണ്. നല്ലൊരു സ്കേറ്റിംഗ് റിങ് പോലും കേരളത്തിൽ റോളർ സ്കേറ്റിംഗ് നായില്ല.
ഇപ്പോൾ റോളർ സ്കേറ്റിംഗ് കേരളത്തിന്റെ പലയിടങ്ങളിലും ഫീസ് വാങ്ങി പരിശീലന അക്കാഡമികൾ വളരുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വശമെന്തെന്നാൽ ഈ ഗെയിം മിനെപ്പറ്റി അറിയില്ലാത്തവരും പരിശീലക വേഷത്തിലെത്തുന്നു. ഇത്തരത്തിൽ വ്യക്തമായ അറിവ് ഗെയിംനെപ്പറ്റി ഇല്ലാത്തവർക്ക് കീഴിൽ പരിശീലനം നേടുന്നത് കുട്ടികളുടെ ഭാവിയെയാണ് ബാധിക്കുന്നത്.അത്‍ലറ്റിക്‌സ്, ബാസ്കറ്റ്ബാൾ, ഫുട്ബോൾ പോലുള്ളയിനങ്ങൾക്ക് ക്വാളിഫൈഡ് ആയ പരിശീലകാരാണോയെന്നു പലപ്പോഴും വിലയിരുത്തപ്പെടുമ്പോഴും എന്തുകൊണ്ട് യൂറോപ്പ്യൻ രാജ്യങ്ങളിൽ വേരുള്ള ഈ ഗെയിം മിന് ഇന്ത്യൻ ടീം പോലും പങ്കെടുക്കുന്നുണ്ടായി ട്ടും ഇവ പരിശീലിപ്പിക്കുന്നവരു ടെ യോഗ്യതയെപ്പറ്റി വിലയിരുത്തപ്പെടുന്നില്ല?
ശ്രീവിദ്യ കെ. എം
വൈക്കം വെള്ളൂരാണ് സ്വദേശം. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം. സ്പോർട്സ് ഇഷ്ട വിഷയം. കൊട്ടാരത്തിൽ വാര്യത്തു മുരളീധര വാര്യരുടെയും ബാലാമണിയുടെയും ഇളയ മകൾ. സഹോദരി ശ്രീദേവി.
ഐപിഎല്ലിന്റെ താരലേലം കൊല്‍ക്കത്തയില്‍ കൊടിയിറങ്ങിയപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ക്കാവശ്യപ്പെട്ട താരങ്ങളെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി മാറിയത്. 15.5 കോടി രൂപയ്ക്കാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ വല വീശിപ്പിടിച്ചത്.
ഓസ്‌ട്രേലിയയുടെ തന്നെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു വില കൂടിയ രണ്ടാമത്തെ താരമായത്. 10.75 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് അദ്ദേഹത്തെ റാഞ്ചുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ തീര്‍ച്ചയായും ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കുമെന്നു കരുതപ്പെട്ടിരുന്ന ചില കളിക്കാരെ ആരും വാങ്ങുകയും ചെയ്തിരുന്നില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്)
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബംഗ്ലാദേശിന്റെ യുവ താരം മുസ്തഫിസുര്‍ റഹ്മാനെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഒരു കോടി രൂപയായിരുന്നു മുസ്തഫിസുറിന്റെ അടിസ്ഥാനവില. 2016ലെ ലേലത്തില്‍ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയിരുന്നു. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തുകയും ചെയ്തു. അന്നു എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മുസ്തഫിസുറിനെ തേടിയെത്തി.
2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ വാങ്ങി. എന്നാല്‍ മുംബൈയ്‌ക്കൊപ്പം വേണ്ടത്ര മല്‍സരങ്ങളില്‍ താരത്തിനു അവസരം ലഭിച്ചില്ല. ഏഴു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകളാണ് മുസ്തഫിസുറിനു ലഭിച്ചത്. കഴിഞ്ഞ സീസണിലാവട്ടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കാത്തതിനെ തുടര്‍ന്നു അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞതുമില്ല.
എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്)
ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് വെസ്റ്റ് ഇന്‍ഡീസ് താരമായ എവിന്‍ ലൂയിസ്. ഒരു കോടി അടിസ്ഥാന വിലയിട്ടിരുന്ന ലൂയിസിനെ പക്ഷെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യക്കെതിരേ അവസാനമായി നടന്ന ടി20 പരമ്പരയില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ ലൂയിസ് കളിക്കുകയും ചെയ്തിരുന്നു.
2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലൂയിസിനെ ടീമിലേക്കു കൊണ്ടു വന്നിരുന്നു. 3.8 കോടി രൂപയായിരുന്നു ഇടംകൈയന്‍ ഓപ്പണര്‍ക്കായി മുംബൈ ചെലവിട്ടത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ലൂയിസിന് പുറത്തെടുക്കാനായില്ല.
മുംബയൈ്ക്കായി രണ്ടു സീസണുകളില്‍ കളിച്ച അദ്ദേഹത്തിനു 16 മല്‍സരങ്ങളില്‍ നിന്നും 430 റണ്‍സാണ് നേടാനായത്. ഇതോടെ ഈ സീസണിലെ ലേലത്തിനു മുമ്പ് ലൂയിസിനെ മുംബൈ ഒഴിവാക്കുകയായിരുന്നു.
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലാന്‍ഡ്)
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ ഒരാളായ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇത്തവണത്തെ ലേലത്തില്‍ തഴയപ്പെട്ടു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം ഗുപ്റ്റിലിനെ ഹൈദരാബാദ് ഒഴിവാക്കി.
ഇത്തവണ ലേലത്തില്‍ ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2016ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ഗുപ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിക്കേറ്റ ലെന്‍ഡ്ല്‍ സിമ്മണ്‍സിനു പകരമാണ് അന്നു താരം മുംബൈയിലെത്തുന്നത്.
പിന്നീട് 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലും തൊട്ടടുത്ത സീസണില്‍ ഹൈദരാബാദിലും ഗുപ്റ്റില്‍ എത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദിനായി കളിക്കാന്‍ ഗുപ്റ്റിലിന് അവസരം ലഭിച്ചത്. നേടിയാതവട്ടെ 81 റണ്‍സും. മറ്റു മല്‍സരങ്ങളിലെല്ലാം ഗുപ്റ്റിലിനെ ഹൈദരാബാദ് പുറത്തിരുത്തുകയായിരുന്നു.
കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്)
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയില്ല. ഒരു കോടി രൂപയായിരുന്നു 33 കാരനായ താരത്തിന്റെ അടിസ്ഥാന വില.
2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയായിരുന്നു ഗുപ്റ്റിലിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നു വെറും നാലു മല്‍സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. 30 റണ്‍സായിരുന്നു അദ്ദേഹം ആകെ നേടിയത്. 2018ല്‍ ഡല്‍ഹി മണ്‍റോയെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നു. ഇവിടെയും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. അഞ്ചു മല്‍സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡ് താരം നേടിയത് 63 റണ്‍സായിരുന്നു.
2019ലെ സീസണിലും മണ്‍റോയെ ഡല്‍ഹി നിലനിര്‍ത്തി. ഇത്തവണ നാലു കളികളില്‍ നിന്നും 84 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതോടെ സീസണിനു ശേഷം മണ്‍റോയ്ക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. കരിയറിലാകെ ഐപിഎല്ലില്‍ വെറും 13 മല്‍സരങ്ങളിലാണ് താരം കളിച്ചത്.
യൂസഫ് പഠാന്‍ (ഇന്ത്യ)
ഐപിഎല്ലിലെ മുന്‍ വെടിക്കെട്ട് താരവും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ യൂസഫ് പഠാനാണ് ലേലത്തില്‍ ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ കളിക്കാരന്‍. ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു യൂസഫ്. എന്നാല്‍ സീസണിനു ശേഷം താരത്തെ ടീം പറഞ്ഞുവിട്ടു.
ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള കളിക്കാരനാണ് യൂസഫ്. ഇതുവരെ 174 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട കരിയറില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു യൂസഫ്.
2017ലെ ഐപിഎല്ലില്‍ മുംബൈ ഇമന്ത്യന്‍സിനെതിരേ വെറും 37 പന്തില്‍ സെഞ്ച്വറിയുമായി യൂസഫ് കത്തിക്കയറിയിരുന്നു.
ഐപിഎൽ 2020 ലേലത്തിൽ വിൽക്കാൻ കഴിയാത്ത കളിക്കാരുടെ പട്ടിക
ഹനുമ വിഹാരി, ചേതേശ്വർ പൂജാര, യൂസഫ് പത്താൻ, കോളിൻ ഡി ഗ്രാൻഹോം, സ്റ്റുവർട്ട് ബിന്നി, ഹെൻറിക് ക്ലാസൻ, മുഷ്ഫിക്കർ റഹിം, നമൻ ഓജ, കുശാൽ പെരേര, ഷായ് ഹോപ്പ്, ടീം സൗത്തി , ഇഷ് സോധി, ആദം ജമ്പ, ഹെയ്ഡൻ വാൽഷ്, സഹീർ കടം, ഹർപ്രീത് സിംഗ്, ഡാനിയൽ സൈംസ്, ഷാരൂഖ് ഖാൻ, കേദാർ ദിയോധർ, കെഎസ് ഭാരത്, അങ്കുഷ് ബെയ്‌ൻസ്, വിഷ്ണു വിനോദ്, കുൽവന്ത് ഖെജ്രോളിയ, റിലേ മെറെഡിത്ത്, മിഥുൻ സുദർശൻ, നൂർ അഹമ്മദ്, കെ സി കരിയപ്പ, എവിൻ ലൂയിസ്, മനോജ് വരി, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗുപ്റ്റിൽ, കാർലോസ് ബെര്ഥ്വെത്, അംദിലെ ഫെലുക്വയൊ, കോളിൻ മുൺറോ, റിഷി ധവാൻ, ബെൻ കട്ടിംഗ്, എൻറിക്ക് നൊത്ര്ഗെ, ബ്രിംദെര് അമ്മനേഷ്യ, മാർക്ക് വുഡ്, അല്ജരി ജോസഫ്, മുസ്ത്ഫിജുര് റഹ്മാൻ, ആദം മിൽനെ, ആയുഷ് ബ്ദൊനി, പ്രവീൺ ദുബെ.
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി(എന്‍സിഎ)വിസമ്മതിച്ചതായുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കും എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബുംറയെ അറിയിക്കുകയായിരുന്നു. പകരം ബുംറ സ്വന്തമായി കണ്ടെത്തുന്ന വിദഗ്ധ സംഘത്തെ ചികിത്സക്കായി സമീപിക്കാനാണ് ഇരുവരും നിര്‍ദ്ദേശിച്ചത്. നേരത്തെ പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍സിഎ സംഘത്തെ ചൊടിപ്പിച്ചത്.
മാത്രമല്ല, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്‍സിഎയെ കുറിച്ച് മറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ള അഭിപ്രായവും അത്ര നല്ലതായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് താരം സ്വയം പരിശീലക സംഘത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വിശാഖപട്ടണത്ത് നെറ്റ് സെഷനുശേഷം ബുംറ നേരത്തെ നിശ്ചയിച്ച പ്രകാരം ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തി. എന്നാല്‍ എന്‍സിഎ ടെസ്റ്റ് നടത്താന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതം അറിയിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് തുടക്കം മുതല്‍ എന്‍സിഎ സമീപിക്കാത്ത താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ നല്‍കും, നാളെ എന്തെങ്കിലും സംഭവിച്ചാല്‍? ദ്രാവിഡ് വിസമ്മതം അറിയിച്ചതിന്റെ കാരണം ഇതായിരുന്നു. നേരത്തെ ബുംറയെ പരിശോധിക്കാനായി ടീം ഇന്ത്യ പരിശീലകന്‍ നിക്ക് വെബിനെ ബാംഗ്ലൂരിലേക്ക് ക്ഷണിക്കാനായിരുന്നു എന്‍സിഎയുടെ മുന്‍ തീരുമാനം.
എന്നാല്‍ പിന്നീട് ബുംറയുടെ ഫിറ്റ്‌നസ് ടെസ്റ്റ് എന്‍സിഎയില്‍ നടക്കില്ലെന്ന് ദ്രാവിഡ് ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ട്രെയിനര്‍ യോഗേഷ് പര്‍മാറിനെ അറിയിച്ചു. നിങ്ങള്‍ക്ക് സുഖമാണ്. അതിനാല്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിന്റെ ആവശ്യമില്ല. നിങ്ങള്‍ പോയി നിങ്ങളെ സഹായിക്കുന്ന സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കണം, കാരണം അവര്‍ നിങ്ങളെ നേരത്തെ ചികിത്സിച്ചവരാണ്. ഇതായിരുന്നു താരത്തിന് എന്‍സിഎയില്‍ നിന്ന് ലഭിച്ച മറുപടി റിപോര്‍ട്ടുകള്‍ പറയുന്നു. ചില കളിക്കാരില്‍ നിന്ന് എന്‍സിഎയിലെ അവരുടെ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞതായും ഇതേതുടര്‍ന്നാണ് ബുംറ പരിശോധനയ്ക്ക് അക്കാദമിയില്‍ എത്താന്‍ നേരത്തെ തയാറാകാതിരുന്നത്.
രാഹുല്‍ ദ്രാവിഡ് എന്‍സിഎയില്‍ അധികാരമേറ്റ് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അക്കാദമിയില്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കുന്നതെയുള്ളു. എന്‍സിഎയില്‍ നിലവില്‍ രാജ്യത്തുടനീളമുള്ള 200 ലധികം ക്രിക്കറ്റ് കളിക്കാര്‍ പരിശീലനത്തിനും പഠനത്തിനുമായി എത്തുന്നു. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.