ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 78 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി (2-0). മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ എത്തിയതായിരുന്നു കഴിഞ്ഞ‌ദിവസം പൂനെയിൽ നടന്ന മൂന്നാം ടി20 മത്സരത്തിന്റെ പ്രത്യേകത. എന്നാൽ മത്സരത്തിന് ശേഷം പരമ്പര വിജയികൾക്കുള്ള ട്രോഫി വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവുണ്ടായിരുന്നില്ല.

മൂന്നാം ടി20 മത്സരത്തിൽ കളിച്ച സഞ്ജു എന്ത് കൊണ്ടാണ് ട്രോഫി വാങ്ങിയ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകാതിരുന്നത് എന്ന കാര്യം ക്രിക്കറ്റ് പ്രേമികൾക്ക് ആദ്യം പിടികിട്ടിയില്ല‌. എന്നാൽ പിന്നീട് എന്ത് കൊണ്ടാണ് സഞ്ജു ടീമിനൊപ്പം ഫോട്ടോ സെഷന്റെ സമയത്ത് ഉണ്ടാകാതിരുന്നത് എന്ന കാര്യം വ്യക്തമായി.

ന്യൂസിലൻഡ് എ ടീമിനെതിരെ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലുള്ള താരമാണ് സഞ്ജു‌. ഈ പരമ്പരയുടെ മുന്നൊരുക്കത്തിനായി ന്യൂസിലൻഡിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു. മൂന്നാം ടി20 അവസാനിച്ചയുടനേ ടീം ഹോട്ടലിലേക്ക് മടങ്ങിയ മലയാളി താരം അവിടുന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്നു. ഇക്കാര്യം കൊണ്ടാണ് ടീമിന്റെ ഫോട്ടോ സെഷനിൽ സഞ്ജുവിന് ഉൾപ്പെടാൻ കഴിയാതിരുന്നത്‌.

യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുറത്തിരുത്തിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ കളിച്ചത്. പന്തിന് പകരം മലയാളി താരം സഞ്ജു വി സാംസണായിരുന്നു ഇന്നലെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയത്. ഏറെക്കാലത്തിന് ശേഷം കളിക്കാൻ അവസരം ലഭിച്ച മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയെങ്കിലും രണ്ടാം പന്തിൽ ഔട്ടായി സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

മത്സരത്തിന് ശേഷം സംസാരിക്കവെ സഞ്ജുവിനേയും, മനീഷ് പാണ്ടെയേയും കളിപ്പിച്ചത് എന്ത് കൊണ്ടാണെന്ന് ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാൻ വ്യക്തമാക്കി. ടി20 ലോകകപ്പ് വരെ താരങ്ങളെ വെച്ച് പരീക്ഷണങ്ങൾ നടത്താനാണ് ടീമിന്റെ പദ്ധതിയെന്നും അതിനാലാണ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്നും പറഞ്ഞ ധവാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, ” ലോകകപ്പിന് മുൻപ് താരങ്ങളെയെല്ലാം പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം‌‌. ഈ പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവർക്ക് അതുണ്ടാക്കിക്കൊടുക്കുകയായിരുന്നു ഇന്ന് ഇന്ത്യൻ ടീമിന്റെ പദ്ധതി.

ഒരു ടീമെന്ന നിലയിൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നു എന്നത് ഉറപ്പ് വരുത്തേണ്ടത് ടീം മാനേജ്മെന്റിന്റെ ജോലിയാണ്. അത് കൊണ്ടാണ് റൊട്ടേഷൻ പോളിസി ടീമിൽ കൊണ്ട് വന്നിരിക്കുന്നത്. സഞ്ജുവിനെയും, മനീഷിനേയും പോലുള്ള താരങ്ങൾക്ക് ഇത് കൊണ്ട് അവസരം കിട്ടി.” ധവാൻ പറഞ്ഞുനിർത്തി.