ഗുവാഹട്ടി: അസുലഭമായൊരു അട്ടിമറി വിജയത്തിന്റെ വക്കിലെത്തി ഇന്ത്യ. ഒടുവിൽ എല്ലാം കളഞ്ഞുകുളിച്ച് തോറ്റ് മടങ്ങി. 2022 ഖത്തർ ലോകകപ്പിന്റെ യോഗ്യതാ ഫുട്ബോളിൽ സ്വന്തം മണ്ണിൽ തോൽവിയോടെ തുടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
ഒന്നാം പകുതിയിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യ ഒമാനോട് ഒന്നിനെതിരേ രണ്ട് ഗോളിന് തോറ്റത്. ഇരുപത്തിനാലാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിത്തന്നത്. എന്നാൽ, അവസാന എട്ട് മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങി ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ഇരട്ട ഗോൾ നേടിയ ഇടതുവിംഗർ റാബിയ അലാവി അൽ മന്ദാറാണ് ഇന്ത്യയുടെ സ്വപ്നം തല്ലിക്കെടുത്തിയത്.
ഇരുപത്തിനാലാം മിനിറ്റിൽ ഒമാനെ ഞെട്ടിച്ചുകൊണ്ടാണ് ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ബോക്സിന് ലംബമായി പാഞ്ഞ ബ്രാൻഡൻ ഫെർണാണ്ടസിന്റെ ഒരു ക്രോസ് ഞെട്ടിക്കുുന്നൊരു ഷോട്ടിലൂടെ വലയിലേയ്ക്ക് പായിക്കുകയായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾയന്ത്രം. നിറഞ്ഞുകവിഞ്ഞ ഒമാൻ പ്രതിരോധത്തിന്റെ ഇടയിലൂടെയാണ് ഛേത്രി വെടിയുണ്ട പായിച്ചത്. ഇന്ത്യയ്ക്കുവേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഛേത്രിയുടെ എഴുപത്തിമൂന്നാം ഗോളാണിത്.
ഇതിന് മുൻപ് രണ്ടു തവണ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലക്ഷ്യം തെറ്റിയത്. ഒരിക്കൽ ഉദാന്ത സിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയപ്പോൾ ജിംഗന്റെ ഒരു ഹെഡ്ഡർ ബാറിൽ ഉരസി പുറത്തേയ്ക്ക് പോയി.
അട്ടിമറി പ്രതീക്ഷിച്ച ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു റാബിയുടെ സമനില ഗോൾ. മധ്യനിരയിൽ നിന്നു വന്ന പന്ത് ഓടി പിടിക്കുമ്പോൾ ബോക്സിൽ ഗോളിയും രാഹുൽ ബെക്കെയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഡ്വാൻസ് ചെയ്തു വന്ന ഗുർപ്രീതിന് റാബിയെ തടയാനായില്ല. ഗോളിയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ട പന്ത് സുരക്ഷിതമായി വലയിൽ.
ഈ ഞെട്ടലിൽ നിന്ന് മുക്തരാകും മുൻപ് തന്നെ ഒമാൻ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് പ്രഹരമേൽപിച്ചു. ഇടതു ബോക്സിന്റെ അറ്റത്ത് നിന്ന് ലഭിച്ച പന്തുമായി ചാട്ടൂളിപോലെ കയറിയ മന്ദാർ സ്ഥാനം തെറ്റിനിൽക്കുന്ന ഗുർപ്രീതിനെ കബളിപ്പിച്ച് ഒരു ഡയഗണൽ ഷോട്ട് തൊടുക്കുകയായിരുന്നു വലയിലേയ്ക്ക്. ഗുർപ്രീതിന്റെ ഒരു ഫുൾ ലെംഗ്ത്ത് ഡൈവിന് അത് തടയാനായില്ല. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഒമാൻ മുന്നിൽ.
പുതിയ കോച്ച് സ്റ്റിമാക്ക് പകർന്ന അതിവേഗ പാസുകളുമായി പലപ്പോഴും മേധാവിത്വം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഇന്ത്യയ്ക്ക് വിനയായത് നിസാരമായ ചില പിഴുവുകളാണ്. രണ്ടാം പകുതിയുടെ ഒടുക്കം തളർന്നുപോയ താരങ്ങളാണ്, പ്രത്യേകിച്ച് പ്രതിരോധനിര തോൽവിക്ക് വഴിവച്ചത്. രാഹുൽ ബെക്കെയുടെ ഇത്തരം രണ്ട് പിഴവുകളുടെ ശിക്ഷയാണ് റാബി അടിച്ചുകയറ്റിയ ഗോളുകൾ രണ്ടും. ഇതിന് മുൻപ് മൂന്ന് തവണയെങ്കിലും ഇന്ത്യയെ രക്ഷിച്ചത് ഗുർപ്രീതാണ്. ക്ലോസ് റേഞ്ചിൽ നിന്നുള്ള മൂന്ന് ഹെഡ്ഡറുകളാണ് അവിശ്വസനീയമായി ഗുർപ്രീത് രക്ഷപ്പെടുത്തിയത്. ഒരിക്കൽ ഥാപ്പയുടെ ഒരു സെൽഫ് ഗോളിൽ നിന്നും ഇന്ത്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മറുഭാഗത്ത് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു ഇന്ത്യയ്ക്ക്. ഒന്നാം പകുതിയിൽ തന്നെ ഉദാന്തയുടെ ഒരു ഷോട്ടിന് മുന്നിൽ ക്രോസ് ബാർ വില്ലനായി. ഏറെ വൈകാതെ ജിംഗാന്റെ ഒരു ഹെഡ്ഡർ ഇതേ ക്രോസ് ബാറിനോട് ചേർന്ന് പുറത്തേയ്ക്ക് പറന്നു. രണ്ടാം പകുതിയിൽ ഒരു ഡിഫ്ലക്ഷൻ കണക്ട് ചെയ്യാൻ ബോക്സിൽ കുതിച്ചെത്തിയ മൻവീറിന് കഴിഞ്ഞിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.
ഈ ജയത്തോടെ ഒമാൻ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. പത്തിന് ദോഹയിൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്നു തന്നെ ഒമാൻ സ്വന്തം നാട്ടിൽ അഫ്ഗാനിസ്താനെ നേരിടും.
ബിർമിങ്ഹാം: ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, വൂസ്റ്റർ തെമ്മാടി, എവർഷൈൻ കാറ്റൻബറി എന്നി ടീമുകൾ കൂടിച്ചേർന്ന് ടീം യുകെ എന്നപേരിൽ അമേരിക്കയിൽ ഇറങ്ങിയ യുകെ മലയാളികൾ അമേരിക്കൻ മലയാളികളുടെ ചർച്ചാ വിഷയമായ സംഭവമാണ് റിപ്പോർട്ട് ചെയ്യാൻ ഉള്ളത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ ലണ്ടന്‍ ടീമിന് (ടീം യുകെ) അട്ടിമറി വിജയം. ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയെ പരാജയപ്പെടുത്തി വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ചിക്കാഗോയിലെ പ്രമുഖ പരിപാടികളിൽ ഏറ്റവും അധികം ജനങ്ങളെ ആകർഷിക്കുന്ന ഒരു പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.
ചിക്കാഗോ സോഷ്യൽ ക്ലബിനെക്കുറിച്ചു ഒരു വാക്ക്… അമേരിക്കയിലെ മലയാളി പരിപാടികൾ സംഘടിപ്പിക്കുന്ന മിടുക്കൻമ്മാരുടെ ഒരു കൂട്ടം… സംഘടനമികവിനെപ്പറ്റി മത്സരാത്ഥികൾ പറയുന്നത് തന്നെ സോഷ്യൽ ക്ലബ്ബിന്റെ മഹത്വം വിളിച്ചോതുന്നു. മത്സരാത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് മുതൽ തുടങ്ങുന്നു അവരുടെ ആതിഥേയത്തിന്റെ മികവ്. മത്സരാത്ഥികൾക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം കൃത്യമായി എത്തിക്കുന്നു. ഒരു വിനോദ സഞ്ചാരിയെ എങ്ങനെ ഒരു ഗൈഡ് നോക്കുന്നതുപോലെ സോഷ്യൽ ക്ലബ് ഭാരവാഹികൾ മത്സരാത്ഥികളെ പരിപാലിക്കുന്നു. ഒരിക്കൽ സോഷ്യൽ ക്ലബ് പരിപാടിക്ക് വന്നാൽ വീണ്ടും വരാൻ തോന്നും എന്ന് സാക്ഷ്യപ്പെടുതുയത് മറ്റാരുമല്ല ടീം യുകെയുടെ കളിക്കാർ തന്നെയാണ്.
നാളെ മാഞ്ചെസ്റ്ററിൽ എത്തുന്ന ടീം യുകെ പ്രവർത്തകർക്ക് ബിർമിങ്ഹാമിൽ വൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
[ot-video][/ot-video]
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽനിന്നു പുറത്താക്കിയതിൽ പൊട്ടിത്തെറിച്ചു മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ദേശീയ ടീം സെലക്ടറായ ദേവാംഗ് ഗാന്ധിയുടെ മുറിയിലേക്ക് ഇടിച്ചുകയറിയ ബംഗാർ, സെലക്ടറോടു കയർത്തു സംസാരിച്ചു എന്നാണു റിപ്പോർട്ട്. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി മുഖ്യ പരിശീലകനെ തെരഞ്ഞെടുത്തതിനു പിന്നാലെ ദേശീയ ടീം സെലക്ടർമാർ യോഗം ചേർന്നു. യോഗത്തില്‍ മുഖ്യ പരിശീലകൻ, ബൗളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ എന്നിവരെ നിലനിർത്തി ബംഗാറിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചു.
ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണു ബംഗാർ സെലക്ടറുടെ മുറിയിലേക്ക് ഇടിച്ചുകയറിയത്. പരിശീലക സംഘത്തിൽ അവസരമില്ലെങ്കിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിയമിക്കണമെന്നു ബംഗാർ ഗാന്ധിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ലോകകപ്പോടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും, ബംഗാർ അടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫിനു വെസ്റ്റ്ഇൻഡീസ് പര്യടനം കഴിയുന്നതുവരെ പദവി നീട്ടി നൽകുകയായിരുന്നു. വിക്രം റാത്തൗഡാണു സഞ്ജയ് ബംഗാറിനു പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ എത്തുന്നത്.
ബംഗാറിന്റെ പെരുമാനം സംബന്ധിച്ച് ബിസിസിഐക്കു വിവരം ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ബംഗാറിനു ബിസിസിഐയുമായി കരാറുകൾ ഇല്ലാത്ത സാഹചര്യത്തിൽ മറ്റു നടപടികളിലേക്കു കടക്കേണ്ടത്തില്ലെന്ന വികാരമാണു ബോർഡിന്. അതേസമയം, സംഭവത്തിൽ മുഖ്യ പരിശീലകനോ സെലക്ടറോ പരാതി നൽകിയാൽ ബംഗാറിനെ ബിസിസിഐ നടപടിയെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി.
എന്നാൽ ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
കിങ്സ്റ്റൻ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 257 റൺസിന് തകർത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി .478 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റൺസെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ 28ാം ടെസ്റ്റ് വിജയമാണ്. വിജയക്കണക്കിൽ ധോണിയെ പിന്തള്ളിയ കോലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്സണ് ജോണ്സണ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3:35.24 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ജിൻസണ് അമേരിക്കയുടെ ജോഷ്വ തോംസണു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച 3:37.62 സെക്കൻഡായിരുന്നു ജിൻസന്റെ ഇതുവരെയുള്ള മികച്ച സമയം.
മൂന്നു മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. 800 മീറ്ററിലും ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ് (1:45.65).ദോഹയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുക.
ചാംപ്യൻ വന്നു; ചാംപ്യൻസ് ബോട്ട് ലീഗിന് ആവേശത്തുഴയെറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സാന്നിധ്യത്തിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനു (സിബിഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടതോടെ 5 ജില്ലകളിലായി ഇനി 3 മാസം സിബിഎൽ സീസൺ. 9 ടീമുകളാണ് ഐപിഎൽ മാതൃകയിലുള്ള സിബിഎല്ലിൽ മൽസരിക്കുന്നത്.
പുന്നമടക്കായലിലൂടെ തുറന്ന ബാർജിൽ സഞ്ചരിച്ച സച്ചിൻ കായൽനടുവിൽ ട്രോഫി അനാഛാദനം ചെയ്തു. ‘ക്രിക്കറ്റ് കളിക്കുന്ന കാലത്തേ കണ്ടിട്ടുണ്ട്, സ്പോർട്സിനോടുള്ള കേരളത്തിന്റെ അഭിനിവേശം. ആ ആവേശവും പ്രയാസങ്ങളെ അതിജീവിക്കാനുള്ള ധൈര്യവും പ്രളയകാലത്തും കണ്ടു. ഇനി ചാംപ്യൻസ് ബോട്ട് ലീഗും കേരളത്തിന്റെ ആവേശമാകട്ടെ’– മാസ്റ്റർ ബ്ലാസ്റ്ററുടെ വാക്കുകൾ.
വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സച്ചിന്റെ കയ്യിലൊരു ചിത്രമുണ്ടായിരുന്നു; രണ്ടു കയ്യുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ് എന്ന കുട്ടി ആരാധകൻ കാലുകൊണ്ടു വരച്ചത്. ആ ചിത്രം ഉയർത്തി സച്ചിൻ വികാരനിർഭരമായി പറഞ്ഞു: ഇത്തരം ഓർമകൾ എന്നും കൂടെയുണ്ടാകും. ഏതാനും മത്സരങ്ങൾ കണ്ടിട്ടാണു സച്ചിൻ മടങ്ങിയത്. ആവേശമുയർത്തിയ ഫിനിഷിങ്ങുകൾ സച്ചിൻ വേദിയിൽ എഴുന്നേറ്റു നിന്ന് ആസ്വദിച്ചു.
പള്ളാത്തുരുത്തി ആദ്യ വിജയി
ആലപ്പുഴ ∙ നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടനിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയികളായി.12 മത്സരങ്ങൾ ഉൾപ്പെടുന്ന ലീഗിൽ 10 പോയിന്റോടെ പള്ളാത്തുരുത്തി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 7നു കോട്ടയം താഴത്തങ്ങാടിയിലാണു അടുത്ത മത്സരം. 5 ലക്ഷം രൂപ സമ്മാനവും 4 ലക്ഷം ബോണസും ഉൾപ്പെടെ 9 ലക്ഷം രൂപയാണ് ലീഗ് മത്സരത്തിലെ വിജയിക്കു ലഭിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക.
അതേസമയം, ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ കെ.എൽ.രാഹുലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് വേഗം നഷ്ടമായി. എന്നാൽ മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആറ് റൺസ് നേടി ചേതേശ്വർ പൂജാരയും മടങ്ങി.
മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 127 പന്തിൽ 55 റൺസ് നേടിയ ശേഷമാണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് ഉപനായകൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം. ടീം സ്കോർ 200 കടത്തിയ ശേഷമാണ് കോഹ്‌ലി ക്രീസ് വിട്ടത്. 163 പന്തിൽ 76 റൺസെടുത്ത ഇന്ത്യൻ നായകനെ വിൻഡീസ് നായകൻ ഹോൾഡറാണ് മടക്കിയത്.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 42 റൺസ് നേടിയ ഹനുമ വിഹാരിയും 27 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി നായകൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. കെമർ റോച്ച്, റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്സലോണയുടേയും മുൻ പരിശീലകൻ ലൂയിസ് എന്റിക്വയുടെ മകൾ ഒമ്പതുവയസുകാരി സന മരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എന്റിക്വ തന്നെയാണ് ട്വിറ്ററിലൂടെ മകളുടെ വിയോഗം ലോകത്തെ അറിയിച്ചത്. അസ്ഥിയെ ബാധിച്ച അർബുദത്തോട് പൊരുതിയാണ് സന മരണത്തിന് കീഴടങ്ങിയത്.
നേരത്തെ സനയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എന്റിക്വ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2014 -17 കാലഘട്ടങ്ങളിലാണ് എന്റിക്വ ബാഴ്സലോണയുടെ പരിശീലകനായത്. 2018 ലെ ലോകകപ്പിന് ശേഷം സ്പെയിൻ പരിശീലകനായ എന്റിക്വ കഴിഞ്ഞ ജൂണിലാണ് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പരിശീലക സ്ഥാനം ഒഴിഞ്ഞത്.