ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ റോറി ബേണ്‍സ്(81), ക്യാപ്റ്റന്‍ ജോ റൂട്ട്(71) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലെത്തിയത്. രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ട് 297 റണ്‍സ് പിന്നിലാണ്. ജോഷ് ഹേസല്‍വുഡിന്‍റെ മികവിലാണ് ഓസ്ട്രേലിയ കളിയില്‍ പിടിമുറിക്കിയത്. 48 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് നേടി.

മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ 25ല്‍ നില്‍ക്കെ ക്രെയ്ഗ് ഓവര്‍ട്ടന്‍(5) ഹേസല്‍വുഡിന്‍റെ പന്തില്‍ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൈപിടിച്ചുയര്‍ത്തിയ കൂട്ടുകെട്ടുണ്ടായത്. 25ല്‍ ഒത്തു ചേര്‍ന്ന റൂട്ടും ബേണ്‍സും സ്കോര്‍ 166 വരെ എത്തിച്ചു. ബേണ്‍സിനെ സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ഹേസല്‍വുഡാണ് കൂട്ടുകെട്ട് പൊളിച്ചത്.

സ്കോര്‍ 175ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആഘാതമായി ക്യാപ്റ്റന്‍ റൂട്ടും എല്‍ബിയില്‍ പുറത്തായി. ഹേസല്‍വുഡിന് തന്നെയായിരുന്നു വിക്കറ്റ്. കളിയുടെ അവസാന നിമിഷത്തില്‍ ജേസണ്‍ റോയിയുടെ(22) കുറ്റി തെറിപ്പിച്ച ഹേസല്‍വുഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. കഴിഞ്ഞ മത്സരത്തിലെ താരം ബെന്‍ സ്റ്റോക്സ്(7നോട്ടൗട്ട്), ബെയര്‍സ്റ്റോ(2 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍.