ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്
ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ തൽക്കാലം വിരമിക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്നാണ് അരുൺ പാണ്ഡെ പറയുന്നത്
“നിലവിൽ ധോണിക്ക് വിരമിക്കാൻ പദ്ധതിയില്ല. അദ്ദേഹത്തെ പോലൊരു താരത്തിന്റെ ഭാവി സംബന്ധിച്ച് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്,” അരുൺ പാണ്ഡെ പറഞ്ഞു.
ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് ധോണി ഉണ്ടാകില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് അരുൺ പാണ്ഡെയുടെ പ്രസ്താവന. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.
അതേസമയം, ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം എന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരുന്നു. എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാൽ സെലക്ടർമാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണമെന്നും സെവാഗ് പറഞ്ഞു.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ”യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,” ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന് കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
”കഴിഞ്ഞ തവണ മുൻ കോച്ച് അനിൽ കുബ്ലെയുമായി ഒത്തുപോകാൻ തനിക്കും ടീമിനും ബുദ്ധിമുട്ടുണ്ടെന്ന് കോഹ്ലി അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ കോഹ്ലിക്ക് അഭിപ്രായം പറയാനാവില്ല. ഇത്തവണ കപിൽ ദേവ് ആണ് കോച്ചിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തലവൻ. അദ്ദേഹം കോഹ്ലിയുടെ കോഹ്ലിയുടെ വാക്കുകൾ കേൾക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തവണ മുഖ്യ പരിശീലകനെ സഹായിക്കുന്നതിനുളള സപ്പോർട്ടിങ് സ്റ്റാഫിനെയും സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്താൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. ”സപ്പോർട്ടിങ് സ്റ്റാഫിനെയും സെലക്ഷൻ കമ്മിറ്റി ആയിരിക്കും തിരഞ്ഞെടുക്കുക. സാധാരണ പരിശീലകനെയാണ് സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ അനുവദിക്കാറുളളത്. എന്നാൽ ഇത്തവണ, സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിനു മുൻപേ പരിശീലകനെ തിരഞ്ഞെടുത്താൽ മാത്രം അദ്ദേഹത്തിനും ഈ പ്രക്രിയയിൽ പങ്കാളിയാകാം,” ഉദ്യോഗസ്ഥൻ പറഞ്ഞു.
2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി.
സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്.ശ്രീധര്‍ എന്നിവക്ക് പുതിയ അപേക്ഷകൾ നൽകാവുന്നതാണ്.
2022 ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായി. ഗ്രൂപ്പ് ഇയില്‍. ഇടം നേടി ഇന്ത്യക്ക് ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നി ടീമുകളാണ് എതിരാളികള്‍. ഓസീസ് ഇതിഹാസം ടിം കാഹിലാണ് ഡ്രോയില്‍ ടീമുകളെ ഓരോ ഗ്രൂപ്പുകളിലാക്കി തിരിച്ചത്. ആതിഥേയരാജ്യം എന്ന നിലയില്‍ ലോകകപ്പിലേക്ക് ഖത്തര്‍ യോഗ്യത നേടിക്കഴിഞ്ഞു.
മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം. അതിന്, ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാമത് എത്തുകയോ, എല്ലാ ഗ്രൂപ്പുകളിലുമായി രണ്ടാമത് എത്തുന്ന ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതാവണം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. സെപ്തംബര്‍ അഞ്ചിനാണ് ഒമാനെതിരായ മത്സരം. ഇന്ത്യയുടെ മത്സര ക്രമം ഇങ്ങനെ.
സെപ്തംബര്‍ അഞ്ച് 2019- ഇന്ത്യ-ഒമാന്‍(ഹോം മത്സരം)
സെപ്തംബര്‍ 10,2019 -ഇന്ത്യ-ഖത്തര്‍(എവേ മത്സരം)
ഒക്ടോബര്‍ 15,2019 – ഇന്ത്യ-ബംഗ്ലാദേശ്(ഹോം)
നവംബര്‍ 14, 2019- അഫ്ഗാനിസ്ഥാന്-ഇന്ത്യ(എവേ)
നവംബര്‍ 19, 2019- ഇന്ത്യ-ഒമാന്‍(എവേ)
മാര്‍ച്ച് 26, 2020- ഇന്ത്യ-ഖത്തര്‍(ഹോം)
ജൂണ്‍ നാല്, 2020- ബംഗ്ലാദേശ്-ഇന്ത്യ(എവേ)
ജൂണ്‍ 9, 2020- ഇന്ത്യ-അഫ്ഗാനിസ്ഥാന്(ഹോം)
ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത ദിവസങ്ങളിലായി വിരമിക്കല്‍ ചര്‍ച്ചകള്‍ ഒന്നു കൂടി കൊഴുക്കാന്‍ തുടങ്ങി. താരം കളി നിര്‍ത്തുന്നതിലും തുടരുന്നതിലും ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നു.
എന്നാല്‍ ധോണി കളി മതിയാക്കണമെന്ന് പറയുന്നത് ഇപ്പോള്‍ മറ്റാരുമല്ല. താരത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന് ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.
എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്നും താന്‍ ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു.
ലോകകപ്പ് സൂപ്പർ ഓവറിലെ അവസാന പന്തിൽ ഡബിൾ എടുക്കാനുള്ള ഓട്ടത്തിനിടെ കിവീസ് താരം മാർട്ടിൻ ഗപ്ടിലിനു വേഗം അൽപം കുറഞ്ഞിരുന്നോ? വേഗം കുറവായിരുന്നു എന്നതാണു വാസ്തവം. ഗപ്ടിലിന്റെ ഇടതു കാലിൽ രണ്ടു വിരലുകളേയുള്ളു! 13–ാം വയസ്സിൽ, ഇടതുകാലിൽ ട്രക്ക് കയറിയപ്പോൾ ചതഞ്ഞരഞ്ഞ 3 വിരലുകൾ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.
എന്നാൽ പഴയതുപോയ ഓടാനും നടക്കാനും ഇടതു കാലിൽ അവശേഷിച്ച രണ്ടുവിരലുകൾ മതി എന്ന തിരിച്ചറിവ് മാർട്ടിൻ ഗപ്ടിൽ എന്ന പോരാളിയെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിൽ എത്തിച്ചു. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്സ്മാനെന്ന റെക്കോർഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ കിവീസിനെ വിജയലക്ഷ്യത്തിൽ എത്തിക്കാനായില്ല.
സൂപ്പർ ഓവറിലെ അവസാന പന്തു മാത്രമാണു ഗപ്ടിൽ നേരിട്ടത്. അപ്പോൾ കിവീസ് വിജയത്തിനു വേണ്ടിയിരുന്നത് 2 റൺസ്. ഗപ്ടിൽ ആദ്യ റൺ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റിൽനിന്നു വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈകളിലേക്കു ത്രോ എത്തി. ക്രീസിലേക്കുള്ള മുഴുനീളൻ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. ബൗണ്ടറിക്കണക്കിൽ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ എത്തിയാണ് ആശ്വസിപ്പിച്ചത്.
കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീൽഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓർമിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയിൽ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്. ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓർമച്ചിത്രങ്ങളാണ്!
ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലൻഡ് താരമാണ് മാർട്ടിൻ ഗപ്ടിൽ. വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയ ഗപ്ടിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 2009 ജനുവരി 10ന് ഓക്ലൻഡിൽ നടന്ന ഈ മൽസരം മഴമൂലം പൂർത്തിയാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. ഓപ്പണറായെത്തിയ ഗപ്ടിൽ 135 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 10.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസെടുത്തു നിൽക്കെ മൽസരം മഴ മുടക്കി.
ഏകദിനത്തിൽ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ മാർട്ടിൻ ഗപ്ടിലിന്റെ പേരിലാണ്. 2015 ലോകകപ്പ് ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ ഗപ്ടിൽ നേടിയത് പുറത്താകാതെ 237 റൺസ്! 163 പന്തിൽ 24 ബൗണ്ടറിയും 11 സിക്സും സഹിതമാണ് ഗപ്ടിൽ 237 റൺസെടുത്ത്. ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 250ൽ അവസാനിച്ചു. ഏകദിനത്തിൽ ന്യൂസീലൻഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറി കൂടിയാണിത്. ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെ. ഏകദിനത്തിൽ ഗപ്ടിലിനേക്കാൾ ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു (264) മാത്രം.
ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങൾ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിലെ പ്രധാനികൾ ഉൾപ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ടൂർണമെന്റ് ഉൾപ്പെടെ മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ധോണി സ്വയം തീരുമാനമെടുക്കാൻ കാക്കുകയാണവർ. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ധോണി ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനെയും വിമർശനമുണ്ട്.
വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ ഞങ്ങൾക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ ധോണി ഇപ്പോൾ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല. ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ – ബിസിസിഐയോട് അടുത്തുനിൽക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. 2020 ലോകകപ്പ് പദ്ധതികളിൽ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ലോകകപ്പിനുശേഷം ടീമിൽ തുടരണമോ എന്ന കാര്യത്തിൽ ധോണിയും ടീം മാനേജ്മെന്റും തമ്മിൽ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ കളയാതിരിക്കാനാകും ഇക്കാര്യം സംസാരിക്കാതിരുന്നത്. എന്നാൽ, ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
മുൻകാല പ്രകടനങ്ങളുടെ പേരിലോ മുതിർന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമിൽ നിലനിർത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുൻ ഇന്ത്യൻ താരത്തെ ഉദ്ധരിച്ച് ഇതേ റിപ്പോർട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പോലും തീർച്ചയില്ലാത്ത അവസ്ഥയാണ്. ഇക്കുറി ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്നതാണ് യാഥാർഥ്യം. ചോദ്യങ്ങൾക്കുള്ള ഉത്തരം മുകളിൽനിന്നുള്ളവരിൽ നിന്നു തുടങ്ങി തേടണം – റിപ്പോർട്ട് പറയുന്നു.
അതിനിടെ, മുതിർന്ന താരങ്ങളെ ടീമിൽനിന്ന് നീക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഓസീസ് ക്രിക്കറ്റ് ബോർഡെന്ന് കഴിഞ്ഞ ദിവസം അവരുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ പ്രതികരിച്ചിരുന്നു. അതേസമയം, ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റ് താരങ്ങളെ ദൈവത്തെപ്പോലെയും ഇതിഹാസങ്ങളായും കാണുന്ന സാഹചര്യത്തിൽ അത്തരമൊരു നിലപാട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2004ന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായിട്ടാണ് ഓസ്ട്രേലിയൻ ടീമിൽനിന്ന് വോ പുറത്താക്കപ്പെട്ടത്.
ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.
ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
We were all @KBrunt26 at 7.30pm… 😂#CWC19 #WeAreEngland pic.twitter.com/VKVUUN3IXD
— England Cricket (@englandcricket) July 14, 2019
വിംബിള്‍ഡന്‍ ടെന്നിസില്‍ ക്ലാസിക് പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി. വിംബിള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാശപ്പോരാട്ടത്തിനൊടുവിലാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ജോക്കോവിച്ച് ചാംപ്യനായത്. സ്കോർ– 7-6, 1-6, 7-6, 4-6, 13-12.
ഓപ്പണ്‍ ഇറ കണ്ടതില്‍ വച്ചേറ്റവും മികച്ച താരകങ്ങള്‍ കലാശപ്പോരിന്റ വേദിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മല്‍സരം ഐതിഹാസികമാകാതിരിക്കുന്നതെങ്ങിനെ.. ആദ്യസെറ്റ് തന്നെ ടൈ ബ്രേക്കറിലേക്ക് നീങ്ങിയത് വരാനിരിക്കുന്നതിന്റെ ഒരു സൂചനയായിരുന്നു. 7–6ന് ജോക്കോവിച്ച് സെറ്റ് നേടി.
രണ്ടാംസെറ്റില്‍ ശക്തമായി തിരിച്ചുവെന്ന ഫെഡറര്‍ 6–1ന് സെറ്റ് നേടി. മൂന്നാംസെറ്റ് വീണ്ടും ടൈ ബ്രേക്കറില്‍. 7–6ന് വീണ്ടും ജോക്കോവിച്ചിന്റെ കൈകളിലേക്ക്. നാലാസെറ്റില്‍ വീണ്ടും ഫെഡററുടെ വമ്പന്‍ തിരിച്ചുവരവ്. 6–4ന് സെറ്റ് സ്വിസ് ഇതിഹാസത്തിന് സ്വന്തം.. മല്‍സരം നിര്‍ണായകമായ അഞ്ചാംസെറ്റിലേക്കും.
എട്ടാം ഗെയിമിൽ മൽസരം ഫെഡറർ സ്വന്താക്കുമെന്നു തോന്നിച്ച ഇടത്തുനിന്ന് 2 ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 12 പോയിന്റുകൾ വരെ തുല്യത പാലിച്ചതോടെ മൽസരം ടൈബ്രേക്കറിലേക്ക്. 7–3ന് ടൈ ബ്രേക്കര്‍ വീണ്ടും ജോക്കോയ്ക്ക് സ്വന്തം. സെര്‍ബിയന്‍ താരത്തിന്റെ 5–ാം വിമ്പിൾഡന്‍ കിരീടം. 16–ാം ഗ്രാന്‍ഡ്സ്ലാം നേട്ടം.
അപ്പോഴേക്കും നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. എയ്സുകളും കൃത്യതയാർന്ന ഫോർഹാൻഡുകളും പായിക്കുന്നതിൽ മുന്നിട്ടു നിന്നത് ഫെഡററായിരുന്നു. പക്ഷേ സമ്മര്‍ദം മറികടക്കുന്നതില്‍ ജോക്കോ വിജയിച്ചു.
വിമ്പിള്‍ഡന്‍ കിരീടം നിലനിര്‍ത്തുന്ന 30 വയസിന് മുകളില്‍ പ്രായമുള്ള ആദ്യതാരമാണ് ജോക്കോവിച്ച്. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ഫെഡ് എക്സ്പ്രസിന് മുന്നില്‍ റെഡ് സിഗ്നലായി സെര്‍ബിയയുടെ ഒന്നാംസീഡ്.
15 consecutive years at #Wimbledon
5 titles.@DjokerNole 👏 pic.twitter.com/EnhkpEBBiV
— Wimbledon (@Wimbledon) July 14, 2019
ഇതിലും മികച്ചൊരു ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇനിയുണ്ടാവുമോ? അവസാനപന്തുവരെ നാടകീയത നിറഞ്ഞുനിന്ന കളിയിലാണു ക്രിക്കറ്റിന്റെ തറവാട്ടുകാർ തറവാട്ടുമുറ്റത്തുതന്നെ ആദ്യമായി ലോകകപ്പ് ഉയർത്തിയത്. ഒടുവിൽ ക്രിക്കറ്റ്, അതിന്റെ ജൻമനാടിനോടു കാവ്യനീതി കാട്ടിയിരിക്കുന്നു. തുല്യശക്തികളുടെ പോരാട്ടത്തിൽ വഴിത്തിരിവായത് അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്കു പാഞ്ഞ മാർട്ടിൻ ഗപ്ടിലിന്റെ ആ ത്രോയാണ്.
സ്റ്റോക്സ് രണ്ടാം റൺ പൂർത്തിയാക്കുന്നതിനിടെ പാഞ്ഞുവന്ന ത്രോ, താരത്തിന്റെ ബാറ്റിൽ അബദ്ധത്തിൽ തട്ടി ഫോറാവുകയായിരുന്നു. ഒറ്റപ്പന്തിൽ ഇംഗ്ലണ്ടിന് 6 റൺസ്. സെമിയിൽ ഡയറക്ട് ത്രോയിൽ എം.എസ്.ധോണിയെ റണ്ണൗട്ടാക്കി കളി ന്യൂസീലൻഡിന്റെ കൈകളിലെത്തിച്ച ഗപ്ടിലിന്റെ ‘മോശമല്ലാത്ത ത്രോ’ ഫൈനലിൽ കിരീടം അവരിൽനിന്നു തട്ടിത്തെറിപ്പിച്ചു.
ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.
ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.
സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.
ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.
60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.
മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.