ഇന്ത്യ ലോകകപ്പ് സെമിയുറപ്പിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ ഒരു മുഖമുണ്ട്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ 87കാരി ചാരുലത പട്ടേൽ. ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ആരാധകർ വളരെ കുറവായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത പട്ടേൽ.
താരങ്ങൾ തന്നെ സൂപ്പർ ദാദിയുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകകയും ചെയ്തിട്ടുണ്ട്. “എല്ലാ ആരാധകർക്കും അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയോട്. 87 വയസുള്ള അവർ ഒരുപക്ഷെ ഞാൻ കണ്ടിരിക്കുന്ന ഒരുപാട് സമർപ്പണവും അഭിനേശവുമുള്ള ആരാധികയാണ്.” ഈ അടിക്കുറിപ്പോടു കൂടിയാണ് കോഹ്ലിയുടെ ട്വീറ്റ്.
പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്പെഷ്യൽ ഫാനാണ്.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും എല്ലായ്പ്പോഴും തന്റെ പ്രാർഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.
Also would like to thank all our fans for all the love & support & especially Charulata Patel ji. She’s 87 and probably one of the most passionate & dedicated fans I’ve ever seen. Age is just a number, passion takes you leaps & bounds. With her blessings, on to the next one. 🙏🏼😇 pic.twitter.com/XHII8zw1F2
— Virat Kohli (@imVkohli) July 2, 2019
കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീല്‍ 2–0 ന്റെ വിജയം . 19ാം മിനിറ്റില്‍ ഗബ്രിയല് ജിസ്യൂസും 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം അര്‍ജന്റീന ഏറ്റെടുത്തു. എന്നാല്‍ മനോഹരമായ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് . മെസിയുെട രണ്ടുഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി പുറത്തായി. 62ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഡാനി ആൽവസും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവർ ഗോളിനായി ദാഹിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ബ്രസീലിയൻ പ്രതിരോധത്തിന് മുന്നിൽ നിഷ്ഫലമായപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഗോളിന്റെ ലീഡ്.
ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ സമ്മർദ്ദത്തിലാണ് അർജന്റീന രണ്ടാം പകുതിയിൽ ഇറങ്ങിയത്. അത് അവരുടെ കളിശൈലിയിലും വ്യക്തമായിരുന്നു. പരുക്കനടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഫൗളുകളും മഞ്ഞകാർഡുകളും വർദ്ധിച്ചു ഇതിനിടയിൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.
ഫൗളിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് അർജന്റീന താരങ്ങൾ തന്നെയായിരുന്നു. 19 ഫൗളുകൾ അർജന്റീന നടത്തിയപ്പോൾ ബ്രസീൽ താരങ്ങൾ 12 തവണ ഫൗൾ ചെയ്തു. മത്സരത്തിൽ ആകെ ഏഴ് മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. അതിൽ അഞ്ചും അർജന്റീനക്കെതിരെ.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ജസ്പ്രീത് ബൂംറ നാലുവിക്കറ്റും ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. അവസാനം വരെ പൊരുതിയ ബംഗ്ലദേശ് 49 ഓവറിൽ 286 റൺസെടുത്ത് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു.
ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 92 പന്തു നേരിട്ട രോഹിത് ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്തു. ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്. 90 പന്തിൽ നിന്നാണ് ബംഗ്ലാദേശിനെതിരെ രോഹിത് സെഞ്ചുറി നേടിയത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡിനൊപ്പമെത്തി. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുമായാണ് രോഹിത് റെക്കോർഡ് പങ്കിട്ടത്. ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇനി രോഹിതിന് സ്വന്തം.
രോഹിത്തിന് ഉറച്ച പിന്തുണയുമായി ക്രീസിൽനിന്ന സഹ ഓപ്പണർ ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടി. 92 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 77 റൺസാണ് സമ്പാദ്യം. ഈ ലോകകപ്പിൽ രാഹുലിന്റെ രണ്ടാമത്തെയും ഏകദിനത്തിൽ നാലാമത്തെയും അർധസെഞ്ചുറിയാണിത്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് വിക്കറ്റ് കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യം 180 റൺസാണ് അടിച്ചെടുത്തത്. 29.2 ഓവറിൽനിന്നാണ് ഇരുവരും 180 റൺസടിച്ചത്.
ബെർമിങ്ഹാം: ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്.
ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.
നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്.. കോദാറും കുല്‍ദീപും പുറത്ത്. പകരം ദിനേശ് കാർത്തിക്കും ഭുവനേശ്വറും ടീമില്‍.
ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യക്ക് സെമിയുറപ്പിക്കാം. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടത്തിനാണ് പാഡ് കെട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് മത്സരം.
ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം നമ്പരിൽ ഋഷഭ് പന്തിനെ നിലനിർത്തി കേദാർ ജാദവിനെ പുറത്തിരുത്തിയേക്കും. പകരം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു. ഇതോടെ ടീമിൽ മറ്റൊരു സ്പിന്നറുടെ സാന്നിധ്യം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ യുസ്വേന്ദ്ര ചാഹലിനെ മാറ്റി പേസർമാരുടെ എണ്ണം മൂന്നാക്കാനും ഇന്ത്യൻ ടീം ശ്രമിക്കും.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെതിരെ. ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പാപഭാരം കഴുകി കളയണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ബംഗ്ലദേശിനാകട്ടെ സെമി സാധ്യത നിലനിര്‍ത്താന്‍ ഈ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ. ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം നടന്ന എജ്ബാസ്റ്റണിലാണ് ഇന്നത്തെ മല്‍സരവും.സെമി ബര്‍ത്തിനപ്പുറം ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ കറ കഴുകിക്കളായാനാകും ഇന്ത്യ ബംഗ്ലദേശിനെതിരെ എജ്ബാസറ്റനില്‍ ഇറങ്ങുക. ജയം ഇന്ത്യയെ ആധികാരികമായി സെമിയിലെത്തിക്കും. തോറ്റാല്‍ ആരാധകരുടെ വിമര്‍ശന ശരങ്ങളേറ്റ് സമ്മര്‍ദത്തോടെ ശ്രീലങ്കയ്ക്കെതിരെ കളിക്കേണ്ടി വരും.
എജ്ബാസ്റ്റണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സ്പിന്നറെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. പകരം ഒരു ബാറ്റ്്സ്മാനോ ഭുവനേശ്വര്‍ കുമാറോ ടീമിലെത്താം. ബാറ്റ്സ്മാന് അവസരം നല്‍കാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കായിരിക്കും നറുക്ക്. ഫോമിലല്ലാത്ത കേദാര്‍ ജാദവിനെ മാറ്റുകയാണെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കാം. കഴിഞ്ഞ മല്‍സരത്തിനിടെ പരുക്കേറ്റ കെഎല്‍ രാഹുല്‍ ബംഗ്ലദേശിനെതിരെ കളിക്കുമെന്നാണ് സൂചന.
മറുവശത്ത് ഒരു തോല്‍വി ബംഗ്ലദേശിന്റെ ലോകകപ്പ് സാധ്യതകള്‍ക്ക് പൂര്‍ണ വിരാമം ഇടും. ഇന്ത്യക്കും പാക്കിസ്ഥാനും എതിരെ ജയിച്ചാല്‍ മാത്രമേ ബംഗ്ലദേശിന് സെമിയിലേക്ക് അല്പമെങ്കിലും സാധ്യതയുള്ളൂ. ഇന്ത്യക്കെതിരെ എന്നും തിളങ്ങിയിട്ടുള്ള ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനിലാണ് ബംഗ്ലദേശിന്റെ പ്രതീക്ഷകള്‍. ഈ ലോകകപ്പില്‍ 476 റണ്‍സും പത്ത് വിക്കറ്റും നേടിക്കഴിഞ്ഞ ഷാക്കിബ് ഉജ്വല ഫോമിലാണ്. ഇന്ത്യക്കെതിരെ മൂന്നു പേസര്‍മാരെ കളിപ്പിക്കുന്നത് ബംഗ്ലദേശിന്റെ പരിഗണനയിലുണ്ട്.
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന വെറ്ററന്‍ താരം മുഹമ്മദുള്ള തിരികെയെത്തുന്നത് ബംഗ്ലദേശിന്റെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസും ബംഗ്ലാ നിരയിലുണ്ടാകും. ഏഷ്യാകപ്പിലും നിദാഹസ് കപ്പിലും ഫൈനലില്‍ ഇന്ത്യയോട് തോറ്റ ബംഗ്ലദേശിന് എജ്ബാസ്റ്റണില്‍ ജയിച്ചാല്‍ അത് ത്രിമധുരമാകും.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോല്‍വി മനപൂര്‍വമെന്ന വാദത്തില്‍ വിവാദം കത്തുകയാണ്. അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത്. സിംഗിള്‍ എടുത്തുകളിച്ച ധോണിയും ജാദവും ജയത്തിനായി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. ജാദവിനെ ബോള്‍ ചെയ്യിപ്പിക്കാത്തതും വിമര്‍ശനത്തിന് ഇടയായി.
അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സ് മാത്രം. അവസാന അഞ്ച് ഓവറില്‍ 71റണ്‍സ് വേണ്ടിടത്ത് തട്ടീം മുട്ടീം നിന്ന ധോണി ജാദവ് സഖ്യം നേടിയത് വെറും 39 റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്.
ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന് സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’.
‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇങ്ങനെ . ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’
അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പരുക്കു കളി തുടരുന്നു. ഓപ്പണർ ശിഖർ ധവാനു പിന്നാലെ ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായി. പരിശീലനത്തിനിടെ കാൽവിരലിനേറ്റ പരുക്കാണ് വിജയ് ശങ്കറിന് തിരിച്ചടിയായത്. ഇതോടെ ഐസിസിയുടെ അനുവാദത്തോടെ പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. കർണാടകക്കാരനായ മായങ്ക് അഗർവാൾ പകരക്കാരനാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ വിജയ് ശങ്കർ കളിച്ചിരുന്നില്ല. താരത്തിനു പരുക്കേറ്റ വിവരം ടോസിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലി പുറത്തുവിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ യുവതാരം ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു.
ആദ്യമെറിഞ്ഞ പന്തിൽത്തന്നെ വിക്കറ്റ് സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ മൂന്നു മൽസരങ്ങൾ കളിച്ചു. പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ ഭുവനേശ്വർ കുമാർ പരുക്കേറ്റു മടങ്ങിയതിനെ തുടർന്ന് ഓവർ പൂർത്തിയാക്കാനെത്തിയാണ് വിജയ് ശങ്കർ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഈ മൽസരത്തിൽ നേടിയ രണ്ടു വിക്കറ്റുകളാണ് മൂന്നു മൽസരങ്ങളിൽനിന്നുള്ള സമ്പാദ്യം. മൂന്ന് ഇന്നിങ്സുകളിൽനിന്നായി 58 റൺസും നേടി. അതേസമയം, പ്രതീക്ഷിച്ച മികവു പുലർത്താനാകാതെ പോയതോടെ ആരാധകർ വിജയ് ശങ്കറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, വിജയ് ശങ്കറിനെ പിന്തുണച്ച ക്യാപ്റ്റൻ വിരാട് കോലി, താരത്തിന്റെ മികച്ച പ്രകടനം ഉടനുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
‘കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ ഏറുകൊണ്ട് വിജയ് ശങ്കറിന്റെ കാൽവിരലിനു പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ ഇനിയും മെച്ചപ്പെട്ടിട്ടില്ല. ലോകകപ്പിൽ തുടർന്നു കളിക്കാനാകുമെന്നും കരുതാൻ വയ്യ. അദ്ദേഹത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചയയ്ക്കും’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
‘കർണാടക താരം മായങ്ക് അഗർവാളിനെ പകരക്കാരനായി ആവശ്യപ്പെടാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. അദ്ദേഹം ഓപ്പണറായതിനാൽ ഋഷഭ് പന്ത് അടുത്ത മൽസരങ്ങളിൽ നാലാം നമ്പർ സ്ഥാനത്ത് പരാജയപ്പെട്ടാലും ലോകേഷ് രാഹുലിനെ നാലാം നമ്പർ സ്ഥാനത്തേക്ക് മാറ്റി പരീക്ഷിക്കാനാകും’– ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ ഏകദിനത്തിൽ അദ്ദേഹം കളിച്ചിട്ടുമില്ല. ഇന്ത്യൻ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടുള്ളത് രണ്ടു ടെസ്റ്റുകൾ മാത്രമാണ്. 2018 ഡിസംബറിലും 2019 ജനുവരിയിലുമായി ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റുകളിലായിരുന്നു ഇത്. രണ്ട് ടെസ്റ്റുകളിലും നിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 65.00 ശരാശരിയിൽ 195 റൺസും നേടി. 77 റൺസാണ് ഉയർന്ന സ്കോർ. ഇക്കഴിഞ്ഞ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ എവേ ജഴ്സി ഇന്നലെയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഓറഞ്ചും കടുംനീല നിറവും കലർന്നതാണ് ജേഴ്സി. പിന്നിൽ മുഴുവനായും ഓറഞ്ച് നിറവും മുൻപിൽ കടുംനീലയുമാണ് ഉള്ളത്.
ഓറഞ്ച് ജഴ്സി വഴി ഇന്ത്യൻ കായിക ലോകത്തെ കാവിവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിതെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്ന് വരെ ആരോപിച്ചു.
പാക്കിസ്ഥാന്റെ ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇംഗ്ലണ്ട് ജീവന്മരണ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ ജയിച്ചാല്‍ സെമിഫൈനല്‍ ഉറപ്പാക്കും. മല്‍സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും പാക്കിസ്ഥാനും ബംഗ്ലദേശിനും ശ്രീലങ്കയ്ക്കും നിര്‍ണായകമാണ്. ഇംഗ്ലണ്ട് തോറ്റാല്‍ പാക്കിസ്ഥാന് നാലാം സ്ഥാനത്ത് തുടരാം. ബംഗ്ലദേശിനും ലങ്കയ്ക്കും അവസാന രണ്ടുമല്‍സരങ്ങള്‍ വിജയിച്ച് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താം.
ആറുമല്‍സരങ്ങള്‍ വിജയിച്ചെത്തുന്ന ഇന്ത്യയ്ക്ക് ഒരുജയമകലെ കാത്തിരിക്കുന്നത് ലോകകപ്പ് സെമിഫൈനല്‍. ലോര്‍ഡ്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകിരീടം ഉയര്‍ത്തുന്നത് സ്വപ്നം കണ്ടുതുടങ്ങിയ ഓയില്‍ മോര്‍ഗന്റെ സംഘത്തിന് ഇത് നിലനിലനില്‍പ്പിനുള്ള പോരാട്ടം. ഏഴുമല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് സ്വന്തം എട്ടുപോയിന്റ് മാത്രം. ഒന്നാം റാങ്കുകാരായി ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ട് പാതിവഴിയിലെത്തിയപ്പോള്‍ കിരീടവും ചെങ്കോലും ഇന്ത്യയ്ക്കായി കൈമാറി.
പുതിയ ഒന്നാമനും രണ്ടാമനും ഏറ്റുമുട്ടുമ്പോള്‍ മേല്‍ക്കൈ പുത്തന്‍ ജഴ്സിയില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെ. ബുംറയും ഷമിയും നയിക്കുന്ന ബോളിങ്ങ് നിര ബാറ്റിങ് നിരയുടെ പോരായ്മ മറികടക്കാന്‍ കരുത്തുള്ളവര്‍. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് മാത്രമാണ് ഇന്ത്യയ്ക്ക് തലവേദന. വിജയ് ശങ്കറിനെ ടീമില്‍ നിന്ന് മാറ്റില്ലെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മോര്ഗന്, റൂട്ട് , ബെയര്‍സ്റ്റോ തുടങ്ങിയ ഇംഗ്ലീഷ് വമ്പന്മാര്ക്ക് സ്ഥിരതകൈവരിക്കാനാകുന്നില്ല.
ജേസന്‍ റോയിക്ക് പകരമെത്തിയ ഓപ്പണര്‍ ജെയിംസ് വിന്സിന് തൊട്ടതെല്ലാം പിഴച്ചു. ബെന്‍ സ്റ്റോക്സിന്റെ ഓറ്റയാന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ കിട്ടാത്തതും ഇംഗ്ലീഷ് ദുരന്തത്തിന് കാരണമാകുന്നു. ഇന്ത്യയ്ക്കെതിരെ തോറ്റാല്‍ ഒരുമല്‍സരം മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ലോകകപ്പ് സെമിബെര്‍ത്ത് ഉറപ്പാക്കണമെങ്കില്‍ അവസാന മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രം പോര മറ്റുടീമുകളുടെ തോല്‍വിക്കായും കാത്തിരിക്കണം.
ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവി വഴങ്ങിയതോടെ ന്യൂസിലാന്റിന്റെ സെമി സാധ്യത ത്രിശങ്കുവിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റ് 157 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
താരതമ്യേന കുറഞ്ഞ സ്കോറായിരുന്നിട്ടും ഓസീസിന്റെ ബോളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കീവീസ് പടയ്ക്ക് സാധിച്ചില്ല. കീവീസ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്. 40 റൺസ് നേടിയ വില്യംസണാണ് അവരുടെ ടോപ് സ്കോറർ. റോസ് ടെയ്ലർ 30 റൺസും മാർട്ടിൻ ഗുപ്ടിൽ 20 റൺസും നേടി.
ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക് 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ബെഹ്റെന്റോഫ് രണ്ടും കുമ്മിൻസ്, ലിയോൻ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാൻ ഖവാജയുടെ 88 റൺസ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അലക്സ് കാരി 71 റൺസ് നേടി പുറത്തായി. കീവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടി.
പോയിന്റ് പട്ടികയിൽ ഇതോടെ ഓസീസിന് 14 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 11 പോയിന്റാണ്. എന്നാൽ ഇന്ത്യക്കിനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.
മൂന്നാം സ്ഥാനത്തുള്ള കീവീസിന് ഇപ്പോൾ 11 പോയിന്റാണ്. ഒരു മത്സരം മാത്രമാണ് ഇവർക്കിനി അവശേഷിക്കുന്നത്. അതും കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. സെമിഫൈനലിൽ കടക്കണമെങ്കിൽ രണ്ടിലും ഇവർക്ക് വിജയം അനിവാര്യമാണ്. എന്നാൽ ഇന്ത്യയാണ് ഇനി ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടുന്ന മറ്റൊരു ടീം.
അതേസമയം അഫ്ഘാനോട് ശ്വാസം മുട്ടിയാണെങ്കിലും ജയിച്ച പാക്കിസ്ഥാൻ സെമിഫൈനൽ സാധ്യത സജീവമാക്കി. നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒൻപത് പോയിന്റുണ്ട്. ബംഗ്ലാദേശുമായുള്ള അടുത്ത മത്സരത്തിൽ ജയിക്കാനായാൽ പിന്നെ പാക്കിസ്ഥാന് സെമിയിലേക്കുള്ള സാധ്യത കൂടുതൽ സജീവമാക്കാം. എന്നാൽ അതിന് ഇംഗ്ലണ്ട് ഇനിയുള്ള രണ്ട് മത്സരത്തിലും പരാജയപ്പെടണം.
ഇംഗ്ലണ്ട് അടുത്ത രണ്ട് മത്സരങ്ങളിലും ജയിക്കുകയും ബംഗ്ലാദേശിനെ പാക്കിസ്ഥാൻ ഉയർന്ന മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ ഈ ഇരു രാഷ്ട്രങ്ങളും സെമിയിലേക്ക് മുന്നേറും. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുകയാണെങ്കിൽ ഇംഗ്ലണ്ടിന് ഒരു കളി ജയിച്ചാൽ സെമിയിലേക്ക് പ്രവേശിക്കാനാവും.
എന്നാൽ സെമി സാധ്യതകൾ സജീവമാക്കി ആവേശപ്പോരില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് പാക്കിസ്ഥാന് മറി കടന്നത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. രണ്ട് പന്ത് ബാക്കി നില്‍ക്കെ പാക്കിസ്ഥാന് ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റിനാണ് പാക് വിജയം.
ഇതോടെ പോയന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാന് നാലാമതെത്തി.നിര്‍ണായക നിമിഷത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായ ഫില്‍ഡിങ് പിഴവും അവര്‍ക്ക് തിരിച്ചടിയായി.
രണ്ട് വിക്കറ്റും 49 റണ്‍സും നേടിയ ഇമാദ് വസീമാണ് പാക്കിസ്ഥാന്റെ വിജയ ശില്‍പ്പി. അവസാന ഓവറുകളിലേക്ക് അടുക്കവെ പാക്കിസ്ഥാന് കളി കൈവിട്ടെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇമാദ് പാക്കിസ്ഥാനെ കൂറ്റനടികളിലൂടെ തിരികെ കൊണ്ടു വരികയായിരുന്നു. 54 പന്തില്‍ 49 റണ്‍സാണ് ഇമാദ് നേടിയത്. ഒമ്പതാമനായി ഇറങ്ങിയ വഹാബ് റിയാസ് 9 പന്തില്‍ 15 റണ്‍സ് നേടി വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു.
ഓപ്പണര്‍ ഫഖര്‍ സമാനെ റണ്‍ ഒന്നും എടുക്കാതെ അഫ്ഗാന് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന് തെല്ലൊന്ന് ഭയന്നു. എന്നാല്‍ ഇമാം ഉള് ഹഖും ബാബര്‍ അസമും നല്ല അടിത്തറ പാകിയതോടെ കളി പാക്കിസ്ഥാന്റെ വരുതിയിലായി. ബാബര്‍ 51 പന്തില്‍ 45 റണ്‍സ് നേടി. 36 റണ്‍സാണ് ഇമാമിന്റെ സമ്പാദ്യം. ഹാരിസ് സൊഹൈല്‍ 27 റണ്‍സും സര്‍ഫ്രാസ് അഹമ്മദ് 18 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.
നേരത്തെ മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുമായി തിളങ്ങിയ ഷഹീന് അഫ്രീദിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്.
റഹ്മത്ത് ഷായും ഗുല്‍ബാദിന്‍ നയിബും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഷാ 35 റണ്‍സും നയിബ് 15 റണ്‍സുമെടുത്തു. ഷായെ ഇമാദും നയിബിനെ ഷഹീനുമാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഹഷ്മത്തുള്ളയെ ആദ്യ പന്തില്‍ തന്നെ ഷഹീന് മടക്കി. എന്നാല്‍ മധ്യനിര ശക്തമായി ചെറുത്തു നിന്നു.
ഇക്രം അലി 24 റണ്‍സെടുത്ത് ഇമാദിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ അസ്ഗര്‍ അഫ്ഗാന് 35 പന്തില്‍ 42 റണ്‍സുമായി തകര്‍ത്തടിച്ചു. 16 റണ്‍സെടുത്ത നബിയെ വഹാബ് റിയാസ് പുറത്താക്കി. നജീബുള്ള സദ്രാന് 42 റണ്‍സെടുത്ത് നില്‍ക്കെ ഷഹീന്റെ പന്തില്‍ പുറത്തായി. 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചത് അഫ്ഗാന്റെ ചെറുത്തു നില്‍പ്പിന്റെ ഫലമാണ്. ഒമ്പത് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.
എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിക്കാനായി വിക്കറ്റ് കീപ്പറായി മാറിയ താരമാണ് രാഹുല്‍ ദ്രാവിഡ്. മുന്‍ നായകന് സൗരവ്വ് ഗാംഗുലിയുടെ കാലത്തായിരുന്നു ദ്രാവിഡ് വിക്കറ്റ് കീപ്പറാകുന്നത്. ഇതോടെ മുഹമ്മദ് കൈഫിനെ ടീമിലെടുക്കാന്‍ സാധിച്ചു. ഇന്ത്യയുടെ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായ തീരുമാനമായിരുന്നു അത്.
ബാറ്റ്സ്മാനായിരുന്ന ദ്രാവിഡ് അത്ര അസാമാന്യ ഫില്‍ഡറായിരുന്നില്ല. ഫൂട്ട് വര്‍ക്കില്‍ വീക്കായിരുന്നു. എന്നിട്ടും ഗാംഗുലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദ്രാവിഡ് കീപ്പറുടെ ജോലി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഏറെക്കാലം ദ്രാവിഡ് ഇന്ത്യയുടെ കീപ്പിങ് റോള്‍ മനോഹരമായി തന്നെ നിര്‍വ്വഹിച്ചു. 73 ഏകദിനങ്ങളില്‍ ദ്രാവിഡ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ് ചെയ്തു. ഇതില്‍ നിന്നും 71 ക്യാച്ചുകളും 13 സ്റ്റമ്പിങ്ങും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഒരു അഭിമുഖത്തില്‍ എങ്ങനെയാണ് ഗാംഗുലി തന്നോട് വിക്കറ്റ് കീപ്പര്‍ ആകാന്‍ ആവശ്യപ്പെട്ടതെന്ന് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 15-ാം വയസുവരെ താന്‍ കീപ്പിങ് ചെയ്തിരുന്നുവെന്നും കൂടാതെ തനിക്കായി ഇന്ത്യന്‍ ടീം പ്രത്യേക കീപ്പിങ് പരിശീലകനെ നിയമിച്ചിരുന്നുവെന്നും ദ്രാവിഡ് വെളിപ്പെടുത്തുന്നു.
”നീ ശ്രമിച്ചു നോക്കുമോ? എന്ന് എന്നോട് ചോദിച്ചു. അവസാനമായി ഞാന്‍ വിക്കറ്റ് കീപ്പിങ് ചെയ്തത് 15 വയസുള്ളപ്പോഴായിരുന്നു. ഞാനൊരു നല്ല വിക്കറ്റ് കീപ്പറുമായിരുന്നില്ല. എന്നെ വിക്കറ്റ് കീപ്പിങ് പരിശീലിപ്പിക്കാനായി ഒരു പ്രത്യേക പരിശീലനകനെ കൊണ്ടു വന്നു. ജോണ്‍ റൈറ്റിന്റെ സുഹൃത്തായിരുന്നു” ദ്രാവിഡ് പറഞ്ഞു.
”സ്ലിപ്പിലെ ഫീല്‍ഡറായിരുന്നതിനാല്‍ ക്യാച്ച ്ചെയ്യുക എളുപ്പമായിരുന്നു. പക്ഷെ എന്റെ ഫൂട്ട് വര്‍ക്ക് മോശമായിരുന്നു. അതുകൊണ്ടാണ് ലെഗ് സൈഡില്‍ ഞാനിത്ര മോശമായത്. പക്ഷെ, അത് നല്ലൊരു തീരുമാനമായിരുന്നു. ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ ഉള്‍പ്പെടുത്താന്‍ സാധിച്ചു” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ദിനേശ് മോംഗിയയുടെ പരുക്കിനെ തുടര്‍ന്നാണ് രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുന്നത്. 2002 വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് ദ്രാവിഡ് ഫുള്‍ ടൈം വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുന്നത്. 2002 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോഴും നാറ്റ് വെസ്റ്റ് സീരിന് നേടുമ്പോഴും 2003 ല്‍ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പ് ആകുമ്പോഴെല്ലാം ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പര്‍. അവസാനമായി രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പിങ് ചെയ്തത് 2004 ല്‍ പാക്കിസ്ഥാനെതിരെയാണ്. പിന്നീടാണ് എംഎസ് ധോണിയെന്ന റാഞ്ചിക്കാരന് വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. രാഹുല്‍ ദ്രാവിഡ് എന്ന ടീം പ്ലെയറേയും അദ്ദേഹം സൗരവ്വ് ഗാംഗുലി എന്ന നായകന് നല്കുന്ന ബഹുമാനത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ സംഭവം