ലണ്ടന്‍: ലോകകപ്പിന്‍റെ സെമി പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ആദ്യ സെമിയില്‍ ഇന്ത്യ, ന്യൂസിലൻഡിനെ നേരിടും. എന്നാല്‍ മഴപ്പേടിയിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മാറി മാനം തെളിയണമെന്നും കിടിലനൊരു പോരാട്ടം കാണണമെന്നുമാണ് ഇരുടീമിന്‍റെയും ആരാധകരുടെ ആഗ്രഹം.

പക്ഷേ മാഞ്ചസ്റ്ററിൽ മഴ പെയ്താൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത് ഇങ്ങനെയാകും. ടോസിനു ശേഷം മഴ രസം കൊല്ലിയായാൽ കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ലെന്ന് ചുരുക്കം. ഇനി രണ്ടാം ദിവസവും മഴപെയ്താൽ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും.

അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും. 1999 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്.

സെമി ഫൈനല്‍ നടക്കുന്ന ഇന്ന് പ്രാദേശിക സമയം രാവിലെ പത്ത് മണിമുതൽ മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിസർവ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ മഴയുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യുസിലൻഡ് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.