പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്. ഇതിനായി  2013ൽ  ‘ഒരു ബെല്‍റ്റ്, ഒരു റോഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദശലക്ഷക്കണക്കിനു ഡോളറാണു റെയില്‍ പാത നിര്‍മ്മിക്കാന്‍ ചെലവായത്.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്. ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രമായ സേജിയാങിലാണ് യിവൂ.

റഷ്യയുടെ ട്രാന്‌സ്-സൈബീരിയന്‍ റെയില്‍വേയ്ക്കു സമാനമാണ് ചൈനയുടെ ഈ പുതിയ പാത. ഏറ്റവും നീളം കൂടിയ റെയില്‍ പാതയായ ചൈന-മാഡ്രിഡ് ലിങ്കിനേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ഈ പാതയ്ക്ക്.

ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വഴി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത്തെ  നഗരമാണ് ലണ്ടന്‍. തീവണ്ടിയിലാകുമ്പോള്‍ കപ്പലിനേക്കാള്‍ 30 ദിവസം മുൻപ് ചരക്കെത്തിക്കാൻ സാധിക്കും. അതിനാൽ വിമാനം, കപ്പല്‍ എന്നിവ വഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ ലാഭകരമാണു റെയില്‍ മാര്‍ഗം എന്നാണു ചൈന പറയുന്നത്. എന്നാൽ  ഈസ്റ്റ് വിന്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ തീവണ്ടിയില്‍ കയറ്റാവുന്ന ഭാരം കുറവാണ്. 88 ഷിപ്പിംഗ് കണ്ടെയ്‌നര്‍ മാത്രമേ കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. കാര്‍ഗോ ഷിപ്പിലാണെങ്കില്‍ 10, 000 മുതല്‍ 20, 000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാം.