Travel

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട്  വില്‍പനയ്ക്ക്.എവിടെയെന്നല്ലേ ,  അമേരിക്കയിലെ അരിസോണയില്‍. മലനിരകള്‍ക്കു ഇടയിലെ ഈ സ്വപ്നവീട് സ്വന്തമാക്കണം എങ്കില്‍ കുറച്ചു പണം ഒന്നും പോര എന്ന് മാത്രം . 1.5 മില്ല്യന്‍ ഡോളര്‍  അതായത്ഏകദേശം 9,72,00,000 രൂപ ഉണ്ടെങ്കില്‍ ഈ വീട് സ്വന്തമാക്കാം .

അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മലനിരകള്‍ക്ക് നടുവിലെ മനോഹരമായ ഭൂപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീടിന്റെ പേരും രസകരം ആണ് ,ഫാല്‍കണ്‍ നെസ്റ്റ് അഥവാ പരുന്തിന്‍കൂട്.6,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള  ഈ പത്തു നില വീട്ടില്‍ പക്ഷെ ഒരു കുടുംബത്തിനു തങ്ങാന്‍ ഉള്ള സ്ഥലം മാത്രമേ ഉള്ളൂ എന്നതാണ് മറ്റൊരു കൗതുകം .124 അടി ഉയരവും ഒരു നിലയില്‍ നിന്ന് അടുത്ത നിലയിലേക്ക് എത്താന്‍ ഹൈഡ്രോളിക് എലവേറ്ററുമുള്ള ഈ ആഡംബര സൗധത്തില്‍ മൂന്ന് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളത്.ഇന്ത്യന്‍ വംശജനായ സുകുമാര്‍ പാലാണ് ഫാല്‍കണ്‍ നെസ്റ്റിന്റെ നിര്‍മ്മാതാവ്.

മെക്‌സിക്കോയില്‍ ഒരു അമ്മയും മകനും തമ്മില്‍ മുട്ടന്‍ പ്രേമം.ഒടുവില്‍ നാട്ടുകാര്‍ മാത്രമല്ല മകന്‍ വീട്ടില്‍ കയറുന്നത് കോടതി തന്നെ വിലക്കേണ്ടി വന്നു .മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്.തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.അങ്ങനെ ഇരുവരും മുട്ടന്‍ പ്രേമമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.

തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.

ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. കഥകളും കവിതകളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പാണ് ജ്വാലയുടെ ഈ ലക്കം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പ് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ എന്ന കവിത തന്നെ ഏറ്റവും വലിയ ഉദാഹരണം. കൂടാതെ ജനപ്രിയ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കൊണ്ട് സമ്പുഷ്ഠമായ ഈ ലക്കത്തിന് മുഖ ചിത്രം ആയിരിക്കുന്നത്, യുകെ മലയാളികളുടെയിടയില്‍ പ്രസിദ്ധി നേടിയ ‘ കാന്തി’ എന്ന നാടകത്തില്‍ വൈശാലിയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അമ്പിളി കുര്യനാണ്.

ജ്വാല ഇ മാഗസിന്‍ വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

 

അയര്‍ലണ്ടില്‍ നടന്ന ടീച്ചേര്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് അപര്‍ണ്ണ ജയകൃഷ്ണനെ പരിചയപ്പെട്ടത്. ആംഗലേയ സാഹിത്യത്തിലെ പ്രണയ കവികളായ വോര്‍ദ്‌സ്‌വോര്‍ത്തിന്റെയും കീറ്റ്സിന്റെയും കവിതകളെ ആസ്പദമാക്കി ‘പ്രകൃതിയും പ്രണയവും കവിതയില്‍’ എന്നാ വിഷയത്തില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രഭാഷണവും അവതരണവും. കവിത ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും റൊമാന്റിക് പോയട്രിയില്‍ ഇത്രയും ഭംഗി ഒളിഞ്ഞു കിടക്കുന്നതായി അപര്‍ണ്ണക്ക് മുന്‌പെങ്ങും അനുഭവപ്പെട്ടിരുന്നില്ല. വായനയുടെ ലോകം അത്ര വിപുലമല്ലെങ്കിലും, പ്രണയം പോലെ കാല ദേശ ഭാഷാന്തരങ്ങള്‍ ഇല്ലാത്ത കവിത അപര്‍ണ്ണക്ക് എന്നും ഒരു ഹരമാണ്‍. അന്യ ദേശത്ത് അഭിനന്ദനം അറിയിക്കാനെത്തിയ മലയാളി സാന്നിദ്ധ്യം ജയകൃഷ്ണനും ആഹ്ലാദം പകര്‍ന്നു.
തന്റെ ഗവേഷണ വിഷയം റൊമാന്റിക് പോയട്രി തന്നെ ആണ് എന്ന് അറിയിച്ചപ്പോള്‍ സംസാരത്തിന് ദൈര്‍ഘ്യമേറി. അങ്ങനെ കവിതയ്ക്ക് വേണ്ടി അവര്‍ പരസ്പരം മെയില്‍ അഡ്രസ് കൈമാറിപ്പിരിയുകയാണ് ഉണ്ടായത്. ഇവിടെ എത്തുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നാം കാള വാലു പൊക്കുമ്പോഴേ നമുക്കറിയാം എന്തിനാന്ന്. എന്നാല്‍ ഇത് അങ്ങനെയല്ല ജയകൃഷ്ണന്‍ എന്ന നല്ല സമരിയാക്കാരന്‍ വിവാഹിതനും ഒരു പൂമ്പാറ്റക്കുട്ടിയുടെ പിതാജിയും ആണ്‍.

അന്ന് പരസ്പരം ബൈ പറഞ്ഞ ശേഷം അപര്‍ണ്ണയും ജയകൃഷ്ണനും അവരവരുടെ തിരക്കുകളില്‍ മുഴുകി. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു അസൈന്‍മെന്റിന്റെ കാര്യത്തിനാണ് അപര്‍ണ്ണ ആദ്യമായി ജയകൃഷ്ണന് ആദ്യമായി മെയില്‍ അയച്ചത്. ജെ എന്‍ യു വിലെ ഇംഗ്ലീഷ് പ്രൊഫസറുടെ തിരക്കൊഴിഞ്ഞു ഒരു മറുപടി കിട്ടാന്‍ അപര്‍ണ്ണക്ക് ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. പിന്നെയും വൈകിയൊരു ശരത്കാല സന്ധ്യയില്‍ സമയ പരിമിതിയെ കുറിച്ച് പരാമര്‍ശിക്കവേ കുടുംബ കാര്യങ്ങളിലേക്ക് സംസാരം കടന്നു വന്നു. എന്തേ ഇങ്ങനെ ഒറ്റയ്ക്ക് ? വിദേശ സംസ്‌കാരത്തിന്റെ അനുകരണമാണോ എന്ന് ജയകൃഷ്ണന്‍ പകുതി തമാശ ആയും പകുതി ഗൌരവമായും ചോദിച്ചപ്പോള്‍ എന്ത് പറയണം എന്ന് അറിയാതെ അപര്‍ണ്ണ ഒന്ന് പരുങ്ങി.

എങ്കിലും ശരീര ഭാഷ പരസ്പരം കാണാതെയുള്ള ആശയ വിനിമയമായതിനാല്‍ അപര്‍ണ്ണക്ക് തന്റെ ചമ്മിയ മുഖം അകലെയുള്ള ആള്‍ കാണാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. ദിവസങ്ങള്ക്ക് ശേഷം അപര്‍ണ്ണ അറിയിച്ചു കോളേജ് അദ്ധ്യാപിക ആകാന്‍ വര്ഷങ്ങളുടെ തപസ്യ ആണ് വേണ്ടി വന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മറ്റെല്ലാം മറന്നു പോയിരുന്നു, ലക്ഷ്യത്തിലെത്തിക്കഴിഞ്ഞപ്പോഴോ സമയവും വൈകി, വേറെയും ഒരുപാട് തടസങ്ങള്‍. ജനിതക ദോഷം മുതല്‍ ജാതക ദോഷം വരെ! ഏഴു വര്ഷത്തെ പഠനം, പിന്നെ നെറ്റ് തുടങ്ങിയ നൂലാ മാലകള്‍. കൈക്കൂലി കൊടുത്ത് ജോലി നേടില്ലാന്നും അദ്ധ്യാപനം തന്നെ ആണ് തന്റെ തട്ടകം എന്നും ഉറപ്പിച്ചിരുന്നു. അല്പം വൈകി എങ്കിലും അത് നേടിയെടുത്തപ്പോള്‍ ഉണ്ടായ ആനന്ദ ലബ്ധിക്കു അതിരുകളില്ലായിരുന്നു.

അപര്‍ണ്ണയുടെ മനസ്സ് പ്രണയം വിളയാത്ത ഊഷര ഭൂമി ആയതു കൊണ്ടൊന്നുമല്ല അതുണ്ടാകാതെ പോയത്. ചുറ്റുവട്ടത്തെ ചൂടിന് അതൊക്കെ കരിയിച്ചു കളയാനുള്ള പ്രാപ്തി ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരം മൃദുല വികാരങ്ങള ഒന്നും അവിടെ വിളയാന്‍ ഇടയില്ലാതെ പോയത്. ഡിഗ്രി ക്ലാസില്‍ വീട്ടില് നിന്ന് പഠിച്ചപ്പോള്‍ തന്നെ വീട്ടില് എന്നും വഴക്കും ബഹളവും ആയിരുന്നു. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നതാണ് റിട്ടയേര്‍ഡ് പട്ടാളക്കാരനായ അച്ഛന്റെ ചിട്ട. പെണ്ണ് ഒരുങ്ങിയാല്‍ കുറ്റം, പുറത്തിറങ്ങിയാല്‍ കുറ്റം ഉദ്യോഗത്തിന് പോയാല്‍ കുറ്റം തുടങ്ങി പുരാതന ദുരാചാരങ്ങളുടെ വിളഭൂമിയാണ് ആ മനസ്സ്.

ഏതു കാര്യവും കുറേ കേട്ടും അനുഭവിച്ചും കഴിയുമ്പോള്‍ മനസ്സ് മടുക്കുമല്ലോ. പിന്നെ ഒന്നും ബാധിക്കാത്ത ഒരു അവസ്ഥ എത്തും. അമ്മ അത്തരം ഒരു നിസ്സംഗതയില്‍ എത്തി കഴിഞ്ഞിരുന്നു. കുഞ്ഞമ്മ ഒക്കെ ഇടപെട്ടാണ് സ്വസ്ഥമായി പഠിക്കാന്‍ ഹോസ്റ്റല്‍ ആണ് നല്ലതെന്ന് പറഞ്ഞ് തന്നെ MA ക്ക് ആയപ്പോള്‍ അവിടുന്ന് രക്ഷിച്ചെടുത്തു കൊണ്ട് ഹോസ്റ്റലില്‍ ആക്കിയത്. ജോലി വേണം എന്ന് ശഠിച്ചപ്പോള്‍ അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് എന്ന് പറഞ്ഞു കുറ്റപ്പെടുത്തി. ഒടുവില്‍ മലബാറിലുള്ള ഒരു കോളേജില്‍ ജോലി കിട്ടുമ്പോള്‍ ജീവിതത്തിലെ മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞിരുന്നു. ഇടയ്ക്കിടെ ചില ആലോചനകള്‍ ഒക്കെ വന്നും പോയുമിരുന്നിരുന്നു. പക്ഷെ ഇത്ര കഷ്ട്ടപ്പെട്ടു നേടിയ ജോലി കളഞ്ഞു വിദേശത്തേക്ക് പോയിട്ട് എന്ത് കാര്യം? അത് കൊണ്ട് നാട്ടില്‍ തന്നെ ജോലിയുള്ള വരനെ കാത്തിരുന്നു കാലം വീണ്ടും കടന്നു പോയി.

അതീവ സുന്ദരി ഒന്നുമല്ല അപര്‍ണ്ണ. മുട്ടോളമെത്തുന്ന മുടിയും കറുപ്പ് നിറവും ഐശ്വര്യമുള്ള മുഖവുമുള്ള സാധാരണ പെണ്‍കുട്ടി. പക്ഷെ അനുഭവം കൊണ്ട് ഒന്നവള്‍ മനസ്സിലാക്കി. കാലം എത്ര പുരോഗമിച്ചാലും മലയാളിയുടെ സൌന്ദര്യോപാധികളില്‍ ഒന്നാം സ്ഥാനം തൊലിവെളുപ്പാണ് എന്ന്. പക്ഷെ നല്ല ആത്മ വിശ്വാസവും സ്വന്തമായ അഭിപ്രായവും തന്റേടവും ഉണ്ടായിരുന്നത് കൊണ്ട് അവള്‍ എവിടെയും തല കുനിച്ചില്ല. തന്നെ ഇഷ്ട്ട്‌പ്പെടാന്‍ കഴിയുന്നോരാള്‍ വരുന്നതും കാത്തു അവള്‍ കഴിഞ്ഞു പോന്നു. ശിശിരവും ഗ്രീഷ്മവും പലത് വന്നു പോയി. ഇനിയും വരാതെ പോയ വസന്തവും കാത്തു അവള്‍ പ്രതീക്ഷയോടെ കര്‍ത്തവ്യ നിരതയായി മുന്നോട്ടു പോയി.

മുപ്പതു പിന്നിട്ട അവിവാഹിത; അവള്‍ ഇനി എത്ര നിഷ്‌കളങ്ക ആയാലും ആളുകള് വെറുതെ വിടില്ല, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. നാട്ടുകാര്‍ അവളുടെ ചുമലില്‍ ഒരു പരാജയ പ്രണയത്തിന്റെയോ ഭാവി ഒളിച്ചോട്ടത്തിന്റെയോ ഭാണ്ഡം ചാര്‍ത്തിക്കൊടുക്കും. ധാരാളം ആലോചനകള്‍ വന്നു പോയി. ഒന്നുകില്‍ വിവരമില്ലാത്ത വിദേശ ജോലിക്കാര്, അല്ലെങ്കില്‍ നാട്ടില്‍ ജോലിയുള്ള അത്യാഗ്രഹികള്‍, ഇത് രണ്ടുമല്ലെങ്കില്‍ ഒരുതരത്തിലും സഹിക്കാന്‍ പറ്റാത്ത അല്പ്പന്മാര്‍. ഇനി എല്ലാം ഒരു വിധം ഒത്തുവന്നാല്‍ ജാതകം എന്ന വാസുകി ഫണം വിടര്‍ത്തിയോടിക്കും.

ഉദ്യോഗസ്ഥയായ മകള്‍ടെ മംഗല്യം വൈകിയാല്‍ ആദായത്തിനായി അവിവാഹിതയാക്കി നിര്‍ത്തിയിരിക്കുന്നു എന്ന് അച്ഛനമ്മമാരും ക്രൂശിക്കപ്പെടും. ആ അപവാദത്തിനു മുന്നില് ആത്മാഭിമാനത്തിന് മുറിവേറ്റ അച്ഛന്‍ വെളിച്ചപ്പാടായി. ഓരോ ആലോചന മുടങ്ങുമ്പോഴും ശകാരപ്പെരുമഴ. അച്ഛന്റെ ഭാഗം ചേരണോ മകളുടെ ഭാഗം ചേരണോ എന്നറിയാതെ തൃശങ്കു സ്വര്‍ഗ്ഗത്തിലാകുന്ന അമ്മ. ഒടുവില്‍ എല്ലാത്തില്‍ നിന്നും ഒരു മോചനത്തിനായി കണ്ടു പിടിച്ച വഴിയാണ് വിദേശത്തൊരു PhD . ഒന്നുമില്ലാത്തവര്‍ക്കും ജാഡ കാണിക്കാന്‍ മാത്രമല്ല ഡോക്ടറേറ്റ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട്. റിസര്‍ച്ചിനൊപ്പം പാര്‍ട്ട് ടൈം ജോലിയും തരപ്പെട്ടതോടെ അപര്‍ണ്ണ പരിക്കില്ലാതെ ഒരു വിധം സ്വസ്ഥമായി ജീവിച്ചു പോന്നു. ആഴമുള്ളോരു ജലാശയം പോലെ നിശ്ചലമായി കിടന്ന ആ മനസ്സിലേക്കാണ് ജയകൃഷ്ണന്‍ കല്ലെറിഞ്ഞു കല്ലോലങ്ങള്‍ ഇളക്കി കടന്നു പോയിരിക്കുന്നത്.

ദിവസങ്ങള്ക്ക് ശേഷം അപര്‍ണ്ണ ജയകൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിച്ചതിങ്ങനെ. ‘അദ്ധ്യാപനം എന്ന ലക്ഷ്യവും വീട്ടിലെ അലക്ഷ്യവും ഒക്കെ ആയി ഒറ്റപ്പെട്ടു പോയി. ഇപ്പോള്‍ ഈ ഏകാന്ത ജീവിതത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു’. സാറിന്റെ കുടുംബം? എന്ന മറുചോദ്യത്തിന് ഏറെ താമസിയാതെമറുപടി വന്നു. വിവാഹിതനാണ് ഏഴു വയസ്സുള്ള ഒരു മകളുണ്ട്, ഇപ്പോള്‍ നാട്ടിലാണ്. ഞങ്ങള്‍ ബന്ധം പിരിഞ്ഞിട്ടു രണ്ടു വര്‍ഷമാകുന്നു. സാഹിത്യവും ബാങ്കിലെ കണക്കും തമ്മില്‍ ചേര്‍ന്ന് പോയില്ല. കേട്ടത് അശുഭകരമായ വാര്‍ത്ത ആണെങ്കിലും അപര്‍ണ്ണക്ക് ആശ്വാസമാണ് തോന്നിയത്. അവള്‍ പോലുമറിയാതെ അവള്‍ അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു.

മൂന്നു പതിറ്റാണ്ടിന്റെ മൂപ്പ് എത്തിയ പ്രണയം. കൂടുതല്‍ സമയവും അവര്‍ക്കിടയിലെ ചര്ച്ച സാഹിത്യവും കവിതയും അദ്ധ്യാപനവും ഒക്കെ ആയിരുന്നു. ജയകൃഷ്ണന്റെ രചനകളുടെ ആരാധികയും നല്ലൊരു വായനക്കാരിയുമായി മാറിക്കഴിഞ്ഞിരുന്നു അപര്‍ണ്ണ. അദ്ധ്യാപനത്തിലെ നവീന സാധ്യതകളെ കുറിച്ചും തിരുത്തി എഴുതപ്പെടെണ്ട പഴയ വ്യവ്സ്ഥിതിയെകുറിച്ചും കുരങ്ങിന്റെ കയ്യിലെ പൂമാല പോലെ പാടേ തകര്‍ന്നു പോയ കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ചും ഒക്കെ അവര്‍ ചര്‍ച്ച ചെയ്തു. അവള്‍ക്കു അയാള് ജെകെ ആയി, ചിലപ്പോള്‍ ജയേട്ടനായി, മറ്റു ചിലപ്പോള്‍ കൃഷ്ണന്‍ ആയി. അയാള് അവളെ അമ്മു എന്നു വിളിക്കാന്‍ ഇഷ്ട്ടപ്പെട്ടു.

കാലം മിന്നല്‍ വേഗത്തില്‍ കുതിച്ചു പാഞ്ഞു. വേനലിലും ശിശിരത്തിലും ഒക്കെ അപര്‍ണ്ണക്ക് മനസ്സില്‍ വസന്തമായിരുന്നു. മനസ്സാകെ മഞ്ഞിന്റെ കുളിര്‍. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കിട്ടിയ പ്രതീതി. ഒരിക്കല്‍ അമ്മയുടെയും മകളുടെയും ഫോട്ടോ അവള്‍ക്കു അയച്ചു കൊടുത്തു ജയകൃഷ്ണന്‍. വെളുത്തു മെലിഞ്ഞു സുന്ദരി എങ്കിലും വളരെ ധാര്‍ഷ്ട്യവും ഗൌരവവും സ്ഫുരിക്കുന്ന മുഖം. ആരെയും വരച്ച വരയില്‍ നിരത്താന്‍ പോന്നവളെന്നു തോന്നിക്കുന്ന ശരീര ഭാഷ. മോള്‍ ജയകൃഷ്ണനെ പോലെ സൌമ്യമായ മുഖവും നിഷ്‌ക്കളങ്കമായ ചിരിയും. അമ്മയല്ലെങ്കിലും അവളെ ഒന്നാലിംഗനം ചെയ്തു നെഞ്ചോടണയക്കാന്‍ അപര്‍ണ്ണക്ക് കൊതി തോന്നി.

വീണ്ടും ജയ കൃഷ്ണന്റെ ഗൌരവമായൊരു സന്ദേശം അപര്‍ണ്ണയെ തേടിയെത്തി. അമ്മയുടെ കത്തുണ്ടായിരുന്നു, ഏറെക്കാലമായുള്ള ആവശ്യം വീണ്ടും. ഞാന്‍ പോയി രമ്യയോട് ഒന്ന് കൂടി സംസാരിച്ചു നോക്കണം, ‘അന്നപൂര്‍ണ്ണ ഒരു പെണ്‍കുട്ടിയാണ്, അവള്‍ക്കു നാളെ അച്ഛനും അമ്മയും വേണം, രമ്യ നല്ലവള്‍ ആണ്. അതല്ല നിങ്ങള്ക്ക് ഇനി ഒരിക്കലും ഒത്തു പോകാന്‍ പറ്റില്ല എങ്കില്‍ നീ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിക്കണം’ ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍. ഞാന്‍ അമ്മയോട് അപര്‍ണ്ണയെ കുറിച്ച് പറഞ്ഞു! സമ്മതമെങ്കില്‍ ജൂലൈയില്‍ നാട്ടിലേക്ക് വരണം. കൊച്ചിയില്‍ വന്നാല്‍ മതി. നമുക്ക് ഒരുമിച്ചു തൃപ്പൂണിത്തുറയില്‍ പോയി അമ്മയെ കണ്ടിട്ട് അപര്‍ണ്ണ വീട്ടിലേക്കു പൊയ്‌ക്കൊള്ളു. ഒരു തീരുമാനമായിട്ടു വീട്ടില്‍ അറിയിച്ചാല്‍ മതി. അല്ലെങ്കില്‍ ഇനി അച്ഛന്‍ പ്രശനം ആക്കിയാലോ. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം ഇവിടെ ജാതകത്തിന് പ്രസക്തിയില്ല. പിന്നെ അപര്‍ണ്ണ നേരെത്തെ എത്തി രണ്ടു ദിവസം റിലാക്‌സ് ചെയ്യൂ. എന്റെ ഫ്‌ലാറ്റിന്റെ കീ തരാന്‍ ഞാന്‍ കസിന്‍ ദീപയോട് പറയാം. ദീപ അപര്‍ണ്ണക്ക് നല്ലൊരു കൂട്ടായിരിക്കും. വേണ്ട സഹായങ്ങള്‍ ഒക്കെ അവള്‍ ചെയ്‌തോളും. അപര്‍ണ്ണക്ക് താന്‍ ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നു ഉയരുന്നതായി തോന്നി.

അടുത്ത ആറു മാസക്കാലം അപര്‍ണ്ണ കവിതയെക്കാളും അദ്ധ്യാപനത്തെക്കാളും സമയം ചിലവഴിച്ചത് തനിക്കു വേണ്ടി തന്നെ ആണ്‍. മധ്യാഹ്ന്‌നത്തോട് അടുത്തു മങ്ങിത്തുടങ്ങിയ സൌന്ദര്യം തേച്ചു മിനുക്കി എടുക്കാന്‍. പണ്ട് മുത്തശ്ശി പറയാറുണ്ടായിരുന്നു ‘മണ്ണും പെണ്ണും സംരക്ഷിക്കുന്നിടത്തോളമേ ഉള്ളു, അതിന്റെ മേന്മ അത് കിട്ടുന്നവനെ ആശ്രയിച്ചിരിക്കും എന്ന്’!. തന്നെ സംരക്ഷിക്കാനും സൌന്ദര്യം ആസ്വദിക്കാനും ആരും വന്നില്ല അത് കൊണ്ട് തന്നെ സൌന്ദര്യ ചിന്തകള് ഇതേ വരെ മനസ്സിലേക്ക് വന്നിട്ടുമില്ല. പക്ഷെ ഇപ്പോള്‍ അപര്‍ണ്ണ കണ്ണാടിക്കു മുന്നില്‍ തന്നെത്തന്നെ കാണാന്‍ തുടങ്ങി. ഭക്ഷണത്തിലും, മനസ്സു സന്തോഷമാക്കി വെയ്ക്കാനും ശ്രദ്ധിച്ചു. മുടങ്ങാതെ യോഗ ചെയ്തു. കടല്‍ക്കരയില്‍ മണ്ണ് മൂടി ക്ലാവ് പിടിച്ചു കിടന്ന ഒരു പ്രതിമയെ തുടച്ചു മിനുക്കും പോലെ ഓരോ അയവയവങ്ങളിലും അവള്‍ ശ്രദ്ധ ചെലുത്തി സുന്ദരമാക്കി.

ജയ കൃഷ്ണന്റെ ഇഷ്ട്ടങ്ങള്‍ ഓരോന്നും ചോദിച്ചറിഞ്ഞു അത് അനുസരിച്ച് ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങി. അയാളുടെ ഇഷ്ട്ട നിറം കറുപ്പായിരുന്നു. അതിനു ചേരുന്ന സില്‍വര്‍ ആഭരണങ്ങള്‍ വാങ്ങി. ഉപകരണ സംഗീതം അയാള്‍ക്ക് ഇഷ്ട്ടമാണെന്ന് അറിഞ്ഞു രവി ശങ്കറിന്റെ സിത്താറും, ലാല്‍ ഗുഡി ജയറാമിന്റെ വയലിനും, ഗുലാം അലിയുടെ ഗസലും ശേഖരിച്ചു. തങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ട്മുള്ള ഓരോന്നും ആദ്യ കൂടിക്കാഴ്ചക്ക് മധുരം കൂട്ടാന്‍ അവള്‍ സ്വരൂപിച്ചു വെച്ചു.

പുല്‍നാമ്പുകളില്‍ തുഷാരബിന്ദുക്കള്‍ മൂക്കുത്തിയണിയിച്ച ഒരു പുലരിയില്‍ അയര്‍ലണ്ടില്‍ നിന്നും പുറപ്പെട്ട അപര്‍ണ്ണയെ കൊച്ചിയില്‍ വരവേറ്റത് കോരിച്ചൊരിയുന്ന മഴയാണ്. മഴ ഒരു നല്ല ശകുനമായി അവള്‍ക്കു തോന്നി. ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷനെ കാണാന്‍ വേണ്ടി താനും തയ്യാറെടുത്തിരിക്കുന്നു. ഇന്നേവരെ ലോകത്ത് മറ്റൊരുപെണ്ണും ഒരു പുരുഷന് വേണ്ടി ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടാവില്ലെന്ന്! അവള്‍ക്കു തോന്നി. അവളുടെ ഉളളില്‍ ഒരു പക്ഷി ചിറകു കുടഞ്ഞു. വെറുതെയല്ല അര്‍ദ്ധ നാരീശ്വര സങ്കല്പം. പുരുഷനും സ്ത്രീയും പരസ്പര പൂരകങ്ങളാണ്‍. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്പ്പില്ല. ശിവന്‍ ഇല്ലാതെ ശക്തിയെന്തിന്? അവളുടെ ഉള്ളിലെ സന്തോഷ ചിന്തകള് ഇങ്ങനെ ഓരോന്നായി അലയടിച്ചുയര്ന്നു.

ജയ കൃഷ്ണന്‍ വരുന്ന ദിനമെത്തി. അപര്‍ണ്ണ രാവിലെ തന്നെ തയാറെടുപ്പുകള്‍ തുടങ്ങി. അഞ്ജന കണ്ണെഴുതി…. ആലില താലി ചാര്‍ത്തി…. എന്ന ഗാനം മൂളിക്കൊണ്ട് അവള്‍ കറുത്ത സാരിക്ക് ചേരുന്ന വെള്ളി ആഭരണങ്ങള്‍ ഒന്നൊന്നായി അണിഞ്ഞു. ഇന്നെനിക്കു… പൊട്ടു കുത്താന്‍…… എന്ന ഗാനം മൂളി മുഖം മിനുക്കി പൊട്ടു തൊട്ടു. ജയകൃഷ്ണന് ഏറ്റവും ഇഷ്ട്ട പ്പെട്ട ആഭരണം കൊലുസ്സ് ആണ്. അത് കൊണ്ട് അവള്‍ പൊന്നിന്‍ പാദസരം തന്നെ അണിഞ്ഞു. പി. ലീല യുടെ ‘പ്രിയ മാനസ്സാ നീ വാ വാ…., പ്രേമ മോഹനാ ദേവാ.. വാതിലു തുറന്നു നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍…… എന്ന ഗാനം പാടിക്കൊണ്ട് സാരിയില്‍ കൈ വെയ്ക്കവേ മൊബൈലില്‍ ‘ജസ്‌നെ ബഹാരെ’ പാടി വിളിച്ചു.

അങ്ങേ തലക്കല്‍ ജയകൃഷ്ണന്‍ ആയിരുന്നു. ശബ്ദത്തിന് വല്ലാത്ത പതര്‍ച്ച. അമ്മൂ..ഒരു പ്രശ്‌നം ഉണ്ട്; രമ്യ മോളെയും കൂട്ടി ഇങ്ങോട്ടേക്കു വന്നു. അമ്മയാണ് അവളെ എന്റെ വരവിന്റെ കാര്യം അറിയിച്ചതും ഉപദേശിച്ചതും. അവള്‍ക്കു ഇനിയും എന്റെ ഒപ്പം ജീവിക്കണന്ന്. മകളുടെ ഭാവി ഓര്‍ത്ത് അവള്‍ എന്ത് വിട്ടു വീഴ്ചക്കും തയ്യാര്‍ ആണത്രേ. ഞാന്‍ എന്ത് ചെയ്യാനാ അമ്മൂ?..അന്നപൂര്‍ണ്ണയുടെ മുഖം ഓര്‍ക്കുമ്പോള്‍ എനിക്ക് രമ്യയോട് നോ പറയാന്‍ കഴിയുന്നില്ല. അമ്മു എന്നോട് പൊറുക്കണം. ഇനി ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്യല്ലേ, അത് വീണ്ടും കൂടുതല്‍ കുഴപ്പമാകും. മൈ അപ്പോളജീസ്, ഐ ആം സോറി . ജയകൃഷ്ണന്‍ പറഞ്ഞത് മുഴുവനും അപര്‍ണ്ണ കേട്ടില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ശരീരത്തിലെ എല്ലുകളാകെ വാര്ന്നു വെറുമൊരു മാംസപിണ്ഡം ആയിപ്പോയത് പോലെ അവള്‍ കിടക്കയിലേക്ക് കുഴഞ്ഞു വീണു. ഫോണ്‍ താഴെ വീണുടഞ്ഞു, അവളുടെ സ്വപനങ്ങള്‍ പോലെ! അടുത്ത ഏതോ ഫ്‌ലാറ്റില്‍ നിന്നും ആരുമാരും വന്നതില്ല…., ആരുമാരുമാരും അറിഞ്ഞതില്ല……., ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍…. എന്ന ഗാനം ഒഴുകിയെത്തി.

sreekalaശ്രീകല നായര്‍

പ്രശസ്ത യുകെ മലയാളി സാഹിത്യകാരിയായ ശ്രീകല നായരുടെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടികള്‍ മലയാളം യുകെയില്‍ തുടര്‍ന്ന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

 
 

 

 

 

 

 

കാരൂര്‍ സോമന്‍
സൂര്യോദയം കാണണമെങ്കില്‍-
സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍സേവര്‍
അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ്
അല്ലെങ്കില്‍ ജനല്‍ തുറന്നു
നോക്കുമ്പോള്‍ കാണുന്ന തെരുവു
തൂപ്പുകാരുടെ നീളന്‍ കുപ്പായം
അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
കുഞ്ഞു പെണ്ണിന്‍ സ്‌കര്‍ട്ട്
വലിയൊരു ഭാരവുമായി ജോലിക്ക്
ഓടുന്ന ഭാര്യയുടെ വേവലാതി
പിന്നെയും പണിയൊന്നുമില്ലാതെ
നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ്
ഇവരുടെ മുഖകാന്തിയില്‍ നിന്ന്
എനിക്കു കാണാം സൂര്യോദയം

എന്റെ സൂര്യോദയം, ഒരു കണക്കിന്
പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്റാണ്
ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്റെ
കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്
മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും
തൂക്കിപിടിച്ച സഞ്ചി, ചന്തയിലെ തിരക്കില്‍
പൊട്ടി വീഴുമ്പോള്‍ എടുത്തു സഹായിക്കാന്‍
ആര്‍ത്തിപുരണ്ടെത്തുന്നവരുടെയും
ഒരു കൈയില്‍ കത്തിയുമായി മീന്‍വെട്ടുമ്പോഴും
പെണ്ണിന്റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി
ചോരചിന്തുന്ന മാംസത്തിന്റെ നറുമേനിയില്‍
കൈയിട്ടിളക്കുന്നവന്റെ രതിമൂര്‍ച്ഛയാണ്.

ഇങ്ങനെയൊഴുകുന്ന എന്റെ പുഴയില്‍
എവിടെയെങ്കിലും സൂര്യോദയം കാണാമോ
ഇങ്ങനെ നടക്കുന്ന എന്റെ പകലില്‍
എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം
സൂര്യന്‍ ഒരു മിഥ്യയാണെന്നും, അത്
ഒരു മിറാഷ് പെയിന്റിങ്ങുമാണെന്ന്
നോര്‍വെയുടെ തെരുവില്‍ ഒരു റൊട്ടികഷണം
നുണയവേ തിരിച്ചറിഞ്ഞ മാത്രയില്‍
ഞാനെഴുതി, അറിവിന്റെ നൂറ്റൊന്നു മാത്ര
നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം!!

 

 
 

 

 

 

 

 

 

നരഭോജികള്‍

ചുവരുകള്‍ ചിരിക്കുന്നു.
ഈര്‍പ്പം പടര്‍ന്ന ചിരി.
മിഴിനീരിന് നനയിക്കാന്‍
പറ്റുമെന്ന പുനരറിയല്‍.

ആവര്‍ത്തന വിരസത
കൊണ്ടു പൊറുതി മുട്ടിയ
മൌനം, നിറ ചഷകത്തില്‍
തുളുമ്പുന്ന പളുങ്ക് മഞ്ഞ്.

വാതിലിനപ്പുറം മരിച്ചു
പോകുന്ന വെയിലിനു
പതിര് കവിഞ്ഞ ഗോതമ്പ്
പാടത്തിന്റെ പ്രതികാരം.

അന്നം മുട്ടുകയാണെന്നുറക്കെ
വഴി മുക്കിലാരോ ആണയിടുന്നു,
കീശയില്‍ശേഷിച്ച ചെമ്പ്
ചേര്‍ത്തു പിടിക്കട്ടെ.

അന്തിക്കുണക്കിയ പോച്ച
പുകച്ചുറങ്ങാന്‍ തീറ്റ
തീണ്ടാപ്പാടകറ്റുകെന്നു
ദേശാടനംമടുത്ത പറവകള്‍

സിംഫണിയിലുണര്‍ത്തുന്ന
യുപനിഷത് സൂക്തങ്ങള്‍
വ്യാഖ്യാനിച്ച കശാപ്പു
കാരന്റെ കടയില്‍ തിരക്ക്.

അളന്നും തൂക്കിയും പകുത്തും
പങ്കിട്ടും ഭാണ്ഡം മുറുക്കുക,
ഉണക്കി സൂക്ഷിക്കുക, ഉപ്പിലിട്ടും
മഞ്ഞിലിട്ടും കരുതുക.

വരാന്‍പോണത് വിശപ്പിന്റെ
നവോദ്ധാനമെന്ന് ദിക്കുകള്‍.
വാക്കുകള്‍ മൂര്‍ച്ചചേര്‍ത്ത
അണുസംയോജക ശക്തി.

കോപ്പുകൂട്ടി കാത്തിരിക്കണം
കോലങ്ങള്‍ തുള്ളുന്ന തളത്തില്‍.
കണ്ണുകള്‍ ശേഷിക്കുന്ന പറവകള്‍ക്ക്
കൊടുത്തേക്കൂ.

നാവരിഞ്ഞു രാവിനുനല്‍കൂ.
ചുണ്ടുകള്‍ സ്‌നേഹചുംബനം
തേടിത്തളര്‍ന്ന തെരുവ്
വേശ്യക്ക്.

തുടയെല്ലുകള്‍ പെരുമ്പറ
ക്കോലുകള്‍ക്കെടുക്കുക.
നഖമരച്ചു ചായങ്ങള്‍ തീര്‍ക്കുക.
ഞരമ്പിലെ കറുത്തരക്തം
കട്ടയാക്കിയറുത്തെടുത്തുവില്‍ക്കാം.

ഉരസ്സുമുദരവും ചേര്‍ന്ന
ഭാരിച്ച ഖണ്ഡം കൊക്കികളില്‍
തൂക്കിയും, സ്ഫടിക പേടകങ്ങളില്‍
വിലയിട്ടുവച്ചും വിപണിയിലേക്ക്.

വാരിയെല്ലിന്‍ കൂടിലെ
തളര്‍ന്ന കൂമ്പ്, ഈ കവലയില്‍
കുഴിച്ചുമൂടണമെന്നു യാചിക്കുന്നു.
അടുത്ത യുഗപ്പിറവിയില്‍
ആദ്യകോശമായാത് മുളപൊട്ടും.

വെയില്‍ ചത്തു വെന്ത വെളിമ്പറമ്പില്‍
സന്ധ്യ രമിക്കുന്ന മഴ.
ഇപ്പോഴും എന്റെ ചുവരുകള്‍
ചിരിക്കുന്നു.
ഒപ്പം കരയുകയും കൂടി ചെയ്യുന്നു.

മുരുകഷ് പനയറ

murukeshയുകെയിലെ മലയാളി സാഹിത്യകാരന്മാരില്‍ പ്രമുഖ സ്ഥാനത്തുള്ള മുരുകേഷ് പനയറ കഥ, കവിത, ലേഖനം തുടങ്ങി എല്ലാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് മുരുകേഷ് പനയറ

 

ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഈ മലയാളിയുടെ പ്രഥമ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയവര്‍ക്ക് വായനക്കാരുടെ താല്പര്യമനുസരിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്‍ അര്‍ഹനായി. സാഹിത്യരംഗത്ത് ഇരുപതോളം സാഹിത്യപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കാരൂര്‍, മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ബാലരമയിലൂടെ ചെറുകവിതകള്‍ എഴുതി കടന്നുവന്ന കാരൂര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാടകം, നോവല്‍, കഥ, കവിത, ലേഖനം, സഞ്ചാര സാഹിത്യം, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം മേഖലകളില്‍ കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പ്രസിദ്ധീകരിച്ച നാല്‍പതോളം കൃതികളുടെ ഉടമയാണ്.
ഈയിടെയാണ് കാരൂരിന്റെ ഇംഗ്ലീഷ് നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകാശനം ചെയ്തത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്നതിനൊപ്പം എല്ലാവര്‍ഷവും കേരളത്തില്‍നിന്നിറങ്ങുന്ന ഓണപ്പതിപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രവാസികള്‍ എന്നും അവഗണനകള്‍ നേരിടുന്നവരാണ്. ആ കൂട്ടത്തില്‍ കാരൂരിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ വൈകുന്നുണ്ടോ എന്ന ആശങ്കയും ഈ മലയാളി രേഖപ്പെടുത്തി.

karoor-soman-1

അമേരിക്കയില്‍ നിന്നുള്ളവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഡോ. എ. കെ.ബി. പിള്ള (സമഗ്രസംഭാവന), തമ്പി ആന്റണി (കവിത), ലൈല അലക്‌സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍). തുടര്‍ന്നും ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുന്നതിനൊപ്പം സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും, സംഘടനാ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ സാഹിത്യ സെമിനാറും സംവാദവും നടക്കുമെന്ന് ഈ മലയാളി എഡിറ്റര്‍ അറിയിച്ചു.

karoor-soman-2

യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് സാഹിത്യ പ്രസിദ്ധികരണം ആയി ജ്വാല മാറിയതും യുക്മ സാംസ്‌കാരികവേദിയുടെ നേട്ടമാണ്.
ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് ജ്വാലയുടെ ജനുവരി ലക്കം .ശ്രീലതാ വര്‍മ്മ എഴുതിയ മാതൃഭാഷാ പഠനങ്ങള്‍ ചില വിചാരങ്ങള്‍ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന മാഗസിനില്‍ ഒരു കൂട്ടം ഭാവനാ സമൃദ്ധമായ സാഹിത്യ സൃഷിടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പ്രിയവര്‍ധന്‍ സത്യവര്‍ധന്റെ നിഴലുകള്‍ എന്ന കവിത, പങ്കു ജോബിയുടെ അരുന്ധതി എന്ന കഥ,  സുനില്‍ എം എസിന്റെ കള്ളന്‍ എന്ന കഥ, പയ്യപ്പള്ളി ജോസ് ആന്റണിയുടെ സത്വം തേടുന്ന യുകെ മലയാളികള്‍ എന്ന ലേഖനം, ഫാറുഖ് എടത്തറയുടെ ശിരുവാണിയിലേക്ക് വരൂ എന്ന യാത്രാവിവരണം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോയിസ് സേവ്യറിന്റെ മാതൃസ്മൃതി എന്ന കവിത, ദിവ്യാ ലക്ഷ്മിയുടെ പ്രണയത്തിന്റെ ചൊവ്വാ ദോഷം എന്ന കഥ, കിളിരൂര്‍ രാധാകൃഷ്ണന്റെ നല്ല നടപ്പ് എന്ന അനുഭവം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എയ്‌ന്ജലിന്‍ അഗസ്റ്റിന്റെ Roles of Values in Shaping your Future എന്ന ലേഖനം എന്നിവയാണ് ജനുവരി ലക്കം ജ്വാലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ചീഫ് എഡിറ്റര്‍ റജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണ് മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രശസ്ത നര്‍ത്തകി മീരാ മഹേഷ് ആണ് ജ്വാല ഇ മാഗസിന്റെ ജനുവരി പതിപ്പിന്റെ മുഖചിത്രം.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.

ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാനിപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല…
എനിക്ക് ചുറ്റും വെളളം നിറഞ്ഞിരിക്കുന്നു അതില്‍ ഞാന്‍ നീന്തുകയാണ് കണ്ണുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ കണ്ണുകള്‍ തുറക്കണമെന്ന് തോന്നുന്നു. എന്‍റെ വയറ്റില്‍ ഒരു കയറു കെട്ടിയത് പോലെ ഞാനതില്‍ തൂങ്ങിയാടുകയാണ്.

ഇവിടം മുഴുവനും മൂകതയാണ് ഒരു ശബ്ദവും കേള്‍ക്കാനില്ല ഒരുപാട് നാളായി ഒരേ ഒരു ശബ്ദമേ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ ഒരു ഹൃദയത്തിന്റ മിടിപ്പ്.
എന്നെ ആരോ തൊടുന്നത് പോലെ എന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.
ആ സ്പര്‍ശനവും സംസാരവും എനിക്ക് ഒത്തിരി സുഖവും സന്തോഷവും തോന്നുന്നതായിരുന്നു.
അതിനു മറുപടി പറയാന്‍ ശ്രമിക്കാറുണ്ട് ഞാന്‍, എന്റെ കയ്യും കാലും അനക്കി.

പിന്നെ എനിക്ക് വേറെ ഒരു സ്വരവും കേള്‍ക്കാം, വല്ലപ്പോഴും പക്ഷെ അത് കുറച്ചു കൂടി ഗൗരവം ഉളള ശബ്ദമായിരുന്നു.
എത്ര ശബ്ദ ശകലങ്ങള്‍ എനിക്ക് കേട്ടാലും എപ്പോഴും മാറാതെ ഒരു മാറ്റവുമില്ലാതിരുന്നത് ആ ഹൃദയമിടിപ്പിനായിരുന്നു.

തീര്‍ച്ചയായും ഒരു ദിവസം ആ ഹൃദയമിടിപ്പ് എവിടെ നിന്നു വരുന്നുവെന്ന് എനിക്ക് കാണണം.
എന്താണെന്നറിയില്ല രണ്ട് മൂന്ന് ദിവസമായി തോനുന്നു ഇവിടെ നിന്നും പുറത്തേക്കു പോകാന്‍.
കയ്യും കാലും ഇളക്കി നോക്കി ഒരുപാടു ശ്രമിച്ചിട്ടും പറ്റുന്നില്ല. അവസാനം ഒരു ദിവസം ഞാനിരുന്ന സ്ഥാനം മാറിതുടങ്ങി. ഞാന്‍ അവിടെ നിന്നും പതുക്കെ നീന്തി തുടങ്ങി. ഞാന്‍ തലകീഴായി കിടക്കാന്‍ തുടങ്ങി.
ആ ഹൃദയമിടിപ്പിന്‍റെ താളം കുറേശ്ശെ ഇല്ലാതായി തുടങ്ങിയിരിക്കുന്നു.

എന്‍റെ ലോകത്തു നിന്നും വേറെ എവിടെക്കോപോവുകയണെന്ന്‍ എനിക്ക് ഭയം തോന്നി തുടങ്ങി.
എനിക്ക് സന്തോഷം തന്ന ആ സ്വരം ഇപ്പോള്‍ വേദനയില്‍ നിലവിളിക്കുന്നു. എന്തോ ഒരു സങ്കടം തോന്നി. എല്ലാം ഞാന്‍ കാരണമാണ്. ഞാന്‍ കയ്യും കാലും കൊണ്ട് ചവിട്ടുകയും അനക്കുകയും ചെയ്തത് കൊണ്ടാവും. പെട്ടെന്ന് ഞാന്‍ നീന്തി കൊണ്ടിരുന്ന വെളളം നിറഞ്ഞ കുടത്തില്‍ ഓട്ടകള്‍ വീണു. വെളളത്തിന്‍റെ കൂടെ ഞാനും എങ്ങോട്ടോ ഒലിച്ചു പോകുന്നു.

ഇടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നു. ആരോ എന്‍റെ തലയില്‍ പിടിച്ചു വലിക്കുന്നു. അതേ സമയത്ത് ആ സ്വരവും ജീവന്‍ പോകുന്നത് പോലെ നിലവിളിക്കുന്നു. എനിക്കും വേദനിക്കുന്നു. ഒരു വിധത്തില്‍ വെളിയില്‍ വന്നു വീണു. എനിക്കും ആ ലോകത്തിനും ഉണ്ടായിരുന്ന അവസാന ബന്ധത്തിന്‍റെ വള്ളിയും അറുത്തു കളയുന്നു. ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന ഹൃദയതിന്റ താളവും കേള്‍ക്കാനില്ല .നിലവിളിച്ചു കൊണ്ടിരുന്ന ആ ശബ്ദവും ഇപ്പോള്‍ കേള്‍ക്കാനില്ല.

ആ ശബ്ദവും കേള്‍ക്കാതായപ്പോള്‍ അതെനിക്ക് സഹിക്കാന്‍ വയ്യാതായി. ആദ്യമായിട്ട് ഞാന്‍ വായ്തുറന്നു. ഉറക്കെ കരഞ്ഞു. എന്‍റെ ചുറ്റിലുമുളളവര്‍ ചിരിക്കുന്നു. അപ്പോഴെനിക്ക് തോന്നി ഇത് ഒരു നാണം കെട്ട ലോകമാണെന്ന്‍. തണുത്ത വെളളത്തില്‍ എന്നെ കുളിപ്പിക്കുന്നു. അപ്പോഴും ഞാന്‍ കരയുന്നു.
ഒരു തുണിയില്‍ ചുറ്റി എല്ലാവരെയും കൊണ്ടുപോയി കാണിക്കുന്നു. എന്‍റെ വയറിനു താഴെ എന്തോ നോക്കി എല്ലാരും ചിരിക്കുന്നു. എന്നാലും ഞാന്‍ കരയുന്നു. ആ ഹൃദയത്തിന്‍റെ മിടിപ്പും പതുക്കെയുളള സ്വരവും ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല.

എന്നെ കൊണ്ടുപോയി ആരുടെയോ അടുത്ത് കിടത്തി. അപ്പോഴേക്കും എന്‍റെ കരച്ചില്‍ നിലച്ചിരുന്നു. കാരണം ഇപ്പോള്‍ എനിക്ക് കേള്‍ക്കാമായിരുന്നു ആ മാധുര്യമേറിയ സ്വരം. കൈകള്‍ കൊണ്ടെന്നെ മെല്ലെ തഴുകാന്‍ തുടങ്ങി. അതെ എന്‍റെ ലോകത്തിരുന്നു ഞാനറിഞ്ഞ അതേ സ്പര്‍ശം. ഇതാരാണെന്ന് എനിക്കറിയണം. പക്ഷെ കയ്യും കാലും മാത്രമേ ചലിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. എങ്ങനെയും എനിക്കാ മുഖം കാണണമെന്നു ആശിച്ച സമയത്ത് രണ്ടു കൈകള്‍ എന്നെ വാരിയെടുക്കുന്നു. തന്‍റെ മുഖത്തിനു നേരായി കൊണ്ടുവന്നു.
മരണത്തിനടുത്തുവരെ പോയി വന്ന വേദനക്കു നടുവിലും സന്തോഷം നിറഞ്ഞ പുഞ്ചിരി ആ മുഖം നിറയെ. എനിക്ക് മനസ്സിലായി ഇതാണെന്‍റെ അമ്മ.

എന്നാലും എന്തിനോ വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ കരയുമ്പോള്‍ എന്റ അമ്മ
ചിരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ദേഷ്യം വന്നു തുടങ്ങി പക്ഷെ എനിക്കപ്പോള്‍ അറിയില്ലായിരുന്നു.
എന്‍റെ മുഴുവന്‍ ജീവിതത്തിലും ഞാന്‍ കരയുന്നത് കണ്ട് എന്‍റെ അമ്മ ചിരിക്കുന്ന ഒരൊറ്റ ദിവസമേ ഉള്ളൂ അതിതാണെന്ന്.

പിന്നീട് ഈ അമ്മയുടെ മടിയിലിരുന്നാണ് ഞാന്‍ ലോകം കണ്ടത്… അമ്മയുടെ കൈ പിടിച്ചാണ് നടക്കാന്‍ പഠിച്ചത്… അമ്മയിലൂടെയാണ് സംസാരിക്കാന്‍ പഠിച്ചത്… അമ്മയില്‍ നിന്നാണ് ഉണ്ണാനും ഉടുക്കാനും പഠിച്ചത്… അമ്മയില്‍ നിന്നാണ് തെറ്റും ശരിയും പഠിച്ചത്…  എന്നിട്ടും പറയുന്നു ഈ അമ്മക്കൊന്നുമറിയില്ലെന്ന്‍…

അത് കേട്ട് അമ്മ പതിഞ്ഞ സ്വരത്തില്‍ മറുപടി പറയുന്നത് ഇങ്ങിനെയാണ്. എനിക്കൊന്നുമറിയില്ല കുട്ടികളെ… എനിക്ക് നിങ്ങളുടെ അത്ര പഠിപ്പും വിവരവുമില്ല… കഴിയുമോ കൂട്ടുകാരെ ഇന്ന് തന്നെ അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാന്‍… ഒരു പിടി ചോറ് വാരി ആ വായില്‍ വെച്ചുകൊടുക്കാന്‍… എങ്കില്‍ നിങ്ങള്‍ക്ക് ആ കണ്ണുകളില്‍ ദൈവത്തെ കാണാം…

കടപ്പാട് – ഫേസ്ബുക്ക് പോസ്റ്റ്‌ 

 

 
 

 

 

 

 

 

 

ബീന റോയ്

ഇത്രനാളും ഞാന്‍
നടന്നു തീര്‍ത്ത
വഴികളൊക്കെയും
നിന്നിലേക്കുള്ളതായിരുന്നു
ഇത്രനാളും എന്റെ
മിഴികള്‍ തേടിയതും
നിന്നെമാത്രമായിരുന്നു

ചുവടുകള്‍ ഇടറിവീണ്
ചുടുനിണം പൊടിഞ്ഞിട്ടും
നിന്റെ ഹൃദയമെന്ന
ഒരേയൊരു ലക്ഷ്യംതേടി
ഞാനെന്റെ പ്രയാണം
തുടര്‍ന്നുകൊണ്ടേയിരുന്നു

ഒടുക്കം കണ്ടെത്തിയപ്പോള്‍,
എനിക്ക് അപ്രാപ്യമായ,
എന്നില്‍നിന്ന് ദൂരേക്ക്
അകന്നുകൊണ്ടിരിക്കുന്ന,
ഒരു മരീചികയാണ്
നീയെന്ന തിരിച്ചറിവില്‍,

ഇനിയുമൊരു യാത്രയ്ക്ക്
തെല്ലും ത്രാണിയില്ലാതെ,
അറുതിയില്ലാ വ്യസനത്തിന്റെ
ചെന്തീക്കനലുകളിലേക്ക്
എന്റെ തളര്‍ന്നപ്രാണനെ
നിനക്കായ് ആഹുതിചെയ്യുന്നു

 

Copyright © . All rights reserved