ഏഷ്യന്‍ വംശജനായ ഡോക്ടറെ യുണെറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി.

വിമാനത്തില്‍ അധിക ബുക്കിങ്ങ് എന്ന് കാണിച്ചാണ് എയര്‍ലെെന്‍ ജീവനക്കാര്‍ ഏഷ്യന്‍ വംശജനായ യാത്രക്കാരനെ പുറത്താക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി ലീവില്‍ പ്രവേശിപ്പിച്ചു. ചിക്കാഗോ ഓഹരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലൂയിസ്‌വില്ലെ കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണെറ്റഡ് എയര്‍ലൈന്‍സിന്റെ 3411 നമ്പര്‍ വിമാനത്തിലാണ് ഏഷ്യന്‍ വംശജനായ ഡോക്ടര്‍ക്ക് അപമാനം നേരിടേണ്ടി വന്നത്.വിഷയവുമായി ബന്ധപ്പെട്ട് യുണെറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോയിട്ടേഴ്‌സിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടോ മാപ്പു പറഞ്ഞിട്ടോ ഇല്ല

വിമാനത്തില്‍ അധിക ബുക്കിങ്ങായതു കാരണം താങ്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും യാത്രക്കാരന്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയും ജീവനക്കാരുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.                                                                                                                                                                         എന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞത്.

 

അധിക ബുക്കിങ്ങ് കാരണം ടിക്കറ്റ് റദ്ദാക്കേണ്ടതായി വന്നാല്‍ വിവരം സാധാരണഗതിയില്‍ നേരത്തെ യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ യുണെറ്റഡ് എയര്‍ലെെന്‍സില്‍ യാത്രയ്ക്ക് തൊട്ടു മുന്‍പ് മാത്രമാണ് ഇതുമായി ബന്ധപ്പെട്ടവിവരം യാത്രക്കാരനെ അറിയിച്ചത്. വിഷയം അന്വേഷിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പറഞ്ഞു. ഏഷ്യന്‍ വംശജനെതിരായി നടന്ന ആക്രമണത്തിനെതരിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്

 

യുണെറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിഷയം പുറത്തു വന്നത്. വീഡിയോയില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തന്നെ വിമാനത്തിലെ സീറ്റില്‍ നിന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.