Travel
കാട്! ജീവസ്സുറ്റ ശുദ്ധവായുവും നിറഞ്ഞ ശാന്തതയും വശ്യമായ കുളിര്‍മയുംകൊണ്ട് നമ്മെ ഹരംപിടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടെ കാണുന്ന കാഴ്ചകള്‍ മറ്റൊരിടത്തും കാണാനും അറിയാനും കഴിയില്ല. അതിനാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും കാടു കണ്ടിരിക്കണം, ആ സൗന്ദര്യം ആസ്വദിച്ചിരിക്കണം. പക്ഷേ, ആ യാത്ര ഒരിക്കലും അതിനെ നശിപ്പിക്കാനാകരുത്. വനം എന്താണെന്നും അവിടേക്ക് എങ്ങനെയാണ് കയറേണ്ടതെന്നും മനസ്സിലാക്കിയതിനുശേഷം മാത്രമേ പ്രവേശിക്കാവൂ. അത്തരത്തിലൊരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കര്‍ണാടകയിലെ നാഗര്‍ഹൊളെ വനത്തിലേക്ക്.
Image may contain: tree, plant, sky, outdoor and nature
വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ ഒരു യാത്രയില്‍ മനസ്സില്‍ ഉടക്കിയ കാഴ്ചയായിരുന്നു കൊടുംവനത്തിന് നടുവിലെ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റിന്റെ ജംഗ്ള്‍ ലോഡ്ജ്. വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കുതിരയെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കാട്ടിനുള്ളിലെ അതി മനോഹരമായ കെട്ടിടം. ഒരുനാള്‍ ആ പച്ചവിരിപ്പിന്റെ മാറത്തെ കുടിലില്‍ ചാഞ്ഞുകൊണ്ട് കാനനഭംഗി ആസ്വദിക്കണമെന്നും അഗാധമായ ഇരുട്ടിന്റെ മറവില്‍ മുറവിളി കൂട്ടുന്ന ചീവീടുകള്‍ക്ക് കൂട്ടായി ഇവിടെ അന്തിയുറങ്ങണമെന്നും അന്നേ മനസ്സില്‍ കുറിച്ചിരുന്നു. അങ്ങനെയിരിക്കെ ആ ആഗ്രഹസാഫല്യത്തിന് വഴിയൊരുങ്ങി. കര്‍ണാടകയിലെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ അത് നേടിയെടുത്തു എന്നുപറയാം. ഒരു ശനിയാഴ്ച രാവിലെ തൃശൂരില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ വയനാട് ചുരവും കയറി സന്ധ്യ മയങ്ങിയപ്പോള്‍ കേരള അതിര്‍ത്തിയും പിന്നിട്ട് കര്‍ണാടകയിലെ നാഗര്‍ഹോളെ വനത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
കബനിയുടെ കൈവഴിയായ ഒരു നദിയുടെ പേരാണ് നാഗര്‍ഹോളെ. നാഗ് എന്നാല്‍ പാമ്പ് എന്നും ഹോളെ എന്നാല്‍ അരുവി എന്നുമാണ് അര്‍ഥം. പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവിയാണ് നാഗര്‍ഹോളെ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മൈസൂര്‍ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഇവിടം. അധികം താമസിയാതെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മുന്നില്‍ എത്തി. ഇവിടന്നങ്ങോട്ട് നിബിഡ വനമാണ്. നാഗര്‍ഹോളെയുടെ വശ്യത മുഴുവന്‍ ഒളിച്ചിരിക്കുന്നത് ഈ വനാന്തരങ്ങളിലാണ്. താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ജംഗ്ള്‍ ലോഡ്ജില്‍ എത്തണമെങ്കില്‍ ഉള്‍വനത്തിലൂടെ കുറച്ചുദൂരം അകത്തേക്ക് സഞ്ചരിക്കണം.
എന്തായാലും ചെക്ക്പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയശേഷം ധൈര്യപൂര്‍വം വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് കാറിന്റെ പിന്‍സീറ്റിലിരുന്ന ചങ്ങാതിയുടെ ചോദ്യം: ”കുറെ വര്‍ഷങ്ങളായി കാടുകളെല്ലാം കയറിയിറങ്ങുന്നു. ഇന്നുവരെ ഒരു വന്യജീവിയും ആക്രമിക്കാന്‍ വന്നിട്ടില്ലേ?”
വര്‍ഷങ്ങള്‍ക്കുമുമ്പ് കാട് എന്താണെന്ന് അറിയുന്നതിനുംമുമ്പ് എന്‍.എ. നസീറിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച അതേ ചോദ്യം. അദ്ദേഹം അന്ന് എനിക്ക് തന്ന മറുപടിതന്നെ ഞാനും പറഞ്ഞു: ”ഞാന്‍ ഇന്നുവരെ ഒരു വന്യജീവിയെയും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ല, അതുകൊണ്ട് അവ എന്നെയും ഇതുവരെ ആക്രമിച്ചിട്ടില്ല.” ഈ സംഭാഷണത്തിനിടയില്‍ പെട്ടെന്നാണ് കാട്ടിനുള്ളില്‍ ഒരനക്കം കേട്ടത്. ഒരുപറ്റം കാട്ടുപോത്തുകള്‍. സന്ധ്യയുടെ ചുവപ്പിലും സൂര്യന്റെ മങ്ങിത്തുടങ്ങിയ പ്രകാശത്തിലും അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
Image may contain: tree, plant, grass, outdoor and nature
കുറച്ചുദൂരംകൂടി പിന്നിട്ടുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി സ്വപ്നംകണ്ട ആ കൂടാരത്തിനു മുന്നിലെത്തി. നല്ല തണുത്ത അന്തരീക്ഷം. രാത്രിയായതിനാല്‍ കാഴ്ചകളെല്ലാംതന്നെ ഇരുട്ടിന് അടിമപ്പെട്ടിരുന്നു. റൂമില്‍ കയറി ഫ്രഷായി കുറച്ചുനേരം പുറത്തു തീര്‍ത്തിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ഒരുങ്ങിയതും അവിടത്തെ ഒരു ഉദ്യോഗസ്ഥന്‍ വന്ന് തമിഴും കന്നടയും കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു. കേട്ടത് പാതിയും മനസ്സിലായില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി. വന്യജീവികള്‍ വിഹരിക്കുന്ന സ്ഥലമായതിനാല്‍ രാത്രി ഇവിടെ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു. എന്തായാലും പിറ്റേന്ന് കാണാന്‍ പോകുന്ന ആ സുന്ദര കാഴ്ചകള്‍ സ്വപ്നംകണ്ട് അധികം വൈകാതെ നിദ്രയിലാണ്ടു.
പ്രഭാതത്തില്‍ എപ്പോഴോ കേട്ടുമറന്ന ഒരു ശബ്ദം കാതുകളില്‍ മുഴങ്ങി. മനസ്സില്‍ ആഹ്ലാദം തുടികൊട്ടി. എന്താണെന്ന് ചിന്തിച്ചു. അത് മറ്റൊന്നുമല്ല, മയിലുകള്‍തന്നെ. ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളില്‍ ഒന്നാണ് മയില്‍. മസിനഗുഡിയില്‍ മയിലുകള്‍ ഉയരമുള്ള മരത്തിനു മുകളിലിരുന്ന് ഉറങ്ങുന്നതും ടോപ് സ്ലിപ്പില്‍ കൂട്ടംകൂട്ടമായി വന്ന് പീലിവിടര്‍ത്തി നൃത്തമാടുന്നതുമൊക്കെ മനസ്സില്‍ ഫ്ളാഷ്ബാക്കായി തെളിഞ്ഞു. ഉറക്കത്തിന് തല്‍ക്കാലം ഗുഡ്ബൈ പറഞ്ഞ് ആ തണുത്ത പ്രഭാതത്തില്‍ കാമറയും എടുത്ത് പുറത്തേക്കിറങ്ങി.
Image may contain: bird, outdoor and nature
മിന്നിത്തിളങ്ങുന്ന കഴുത്തും പൂചൂടിയ ശിരസ്സും പീലിചൂടിയ വാലുംകൊണ്ട് എന്നെ കണ്ട മാത്രയില്‍ അത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. എന്തായാലും ആ പരുക്കന്‍ ശബ്ദം എന്നെ വിളിച്ചുണര്‍ത്തിയത് വേറൊരു കാഴ്ച കാണിക്കാനായിരുന്നു. ഗെസ്റ്റ് ഹൗസിന് മുന്നിലൂടെ റോഡിലേക്കിറങ്ങിയതും റോഡിന് ഇടതുവശത്തായി അനേകം മാനുകള്‍. ഇവരുടെ ‘സംസ്ഥാന സമ്മേളനം’ വല്ലതും നടക്കുന്നുവോ എന്ന് തോന്നിപ്പോയി. കാമറയുമായി എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവ യഥേഷ്ടം മേയുകയാണ്.
Image may contain: grass, tree, outdoor and nature
ആ കാഴ്ച ആസ്വദിച്ചും ആ സുന്ദരനിമിഷങ്ങളെ കാമറയില്‍ പകര്‍ത്തിയും അവിടെ തീര്‍ത്തിരുന്ന ഇരിപ്പിടങ്ങളില്‍ ഞാന്‍ കുറച്ചുനേരം ഇരുന്നു. കോടമഞ്ഞിന്റെ നേര്‍ത്ത പുകപടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടപ്പുണ്ട്. ശീതക്കാറ്റ് വൃക്ഷത്തലപ്പുകളെ സംഗീതസാന്ദ്രമാക്കുന്നുണ്ട്. ഒരു ധ്യാനത്തിന്റെ സാക്ഷാത്കാര നിമിഷം ഇതാ അടുത്തെത്തിയിരിക്കുന്നു. തണുപ്പ് അകലുന്നതും കോടമഞ്ഞ് ഘനീഭവിക്കുന്നതും കാത്ത് ഞാന്‍ അവിടെത്തന്നെ ഇരുന്നു. നമ്മള്‍ മലയാളികള്‍ അധികം എത്താത്തതിനാലാണോ ഈ വനഭൂമി ഇത്ര പവിത്രമായി കിടക്കുന്നതെന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തുപോയി. അല്‍പം കഴിഞ്ഞ് കോടമഞ്ഞ് പിന്‍വാങ്ങിയപ്പോള്‍ ഞാനും തിരിച്ച് റൂമിലേക്ക് നടന്നു.
Image may contain: plant, tree, outdoor, water and nature
ഫ്രഷായി പ്രഭാതഭക്ഷണത്തിനു ശേഷം അവിടെ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിനായി ഞങ്ങള്‍ തയാറെടുത്തു. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, മഴക്കാലമായതിനാല്‍ അന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ട്രക്കിങ് നിര്‍ത്തിവെച്ചിരുന്നു. അങ്ങനെ നിരാശനായിനിന്ന ഞങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി വേറൊരു കാഴ്ച സമ്മാനിച്ചു.
റോഡിന് മറുവശത്തായി ഒരുപറ്റം ചെന്നായ്ക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഈ വശത്തു നില്‍ക്കുന്ന മാന്‍കൂട്ടത്തെ അവ വീക്ഷിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡിന് ഒരു വശത്ത് മാന്‍കൂട്ടം, മറുവശത്ത് ചെന്നായ്ക്കൂട്ടം. ഏതുനിമിഷവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാം. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാന്‍കൂട്ടം ഇപ്പുറത്തേക്കോ ചെന്നായ്ക്കൂട്ടം അപ്പുറത്തേക്കോ പോകുന്നില്ല. അക്ഷമരായ ഞങ്ങള്‍ നാഗര്‍ഹോളെ വനത്തിന്റെ വന്യത ആസ്വദിക്കാന്‍ കാട്ടിനുള്ളിലൂടെ ഹുന്‍സൂര്‍ വരെ ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ അധികം ചക്രങ്ങള്‍ ഉരുളാത്ത ആ കുഞ്ഞുവഴിയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങിത്തുടങ്ങി.
രാത്രിമഴയുടെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങിയ വഴിലൂടെ ഒരുപാട് ദൂരം പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അതാ കാടിനകത്തേക്ക് സൂര്യപ്രകാശം കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ തീവ്രതകൊണ്ടും മയക്കത്തിന്റെ മതിവരായ്മകൊണ്ടും ഉറക്കമുണരാത്ത പുല്‍ത്തകിടികളെ സൂര്യന്‍ തട്ടിയുണര്‍ത്തുകയാണ്. വിജനമായ വഴിയില്‍ കാടിന്റെ ഗന്ധവും സൗന്ദര്യവും ഉണര്‍ത്താന്‍ ആ സൂര്യപ്രഭ വളരെ പാടുപെടുകയാണ്. ഇതെല്ലാം ആസ്വദിച്ച് കാടിന്റെ മനോഹാരിത നുകര്‍ന്നുകൊണ്ട് യാത്രതുടര്‍ന്നു.
വഴിയില്‍ ഞങ്ങള്‍ക്കെതിരെ കുറച്ചകലെയായി ഒരു വാഹനം കണ്ടു. ഞങ്ങളെ കണ്ടമാത്രയില്‍ തന്നെ അവര്‍ അവിടെനിന്ന് ലൈറ്റടിച്ചു കാണിച്ചു. എന്തോ അപകടമാണ്, ഞങ്ങളുടെ വണ്ടി നിര്‍ത്താനാണ് ആ ലൈറ്റിന്റെ ഉദ്ദേശ്യം. എല്ലാവരും ഒന്നു ഭയന്നു. കാരണം കാടിനകത്ത് എവിടെയാണ് ഒറ്റയാന്‍ പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. പെട്ടെന്നാണ് ആ ഭയത്തിന് വിരാമമിട്ട് ഒരുകൂട്ടം മാനുകള്‍ റോഡിലേക്കിറങ്ങിയത്. റോഡ് മുറിച്ചുകടക്കാനുള്ള തത്രപ്പാടിലാണ് അവ. റോഡിനിരുവശവും വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം പതുക്കെ റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങി.
പുള്ളികളാല്‍ നെയ്ത യൂനിഫോം അണിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടികള്‍ റോഡ് ക്രോസ്ചെയ്യുന്നതുപോലെ ആയിരുന്നു അവരുടെ പോക്കും. അവരുടെ യാത്രാസൗകര്യത്തിനായി ഞങ്ങള്‍തന്നെ അല്‍പസമയം കാട്ടിലെ ട്രാഫിക് പൊലീസിന്റെ റോള്‍ ഏറ്റെടുത്തു. വളരെ ഒതുക്കത്തോടെയും അച്ചടക്കത്തോടെയും കുണുങ്ങിക്കുണുങ്ങി ഓരോ മാന്‍കിടാവും തന്റെ പാതയിലൂടെ പോകുന്ന കാഴ്ച എത്രയേറെ മനോഹരമാണെന്ന് കണ്ടറിയുകതന്നെ വേണം. 300 മാനുകളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്തായാലും അവസാനം അവയെല്ലാം പോയിത്തീര്‍ന്നു എന്ന് ഉറപ്പുവരുത്തിയശേഷം വണ്ടി മുന്നോട്ടെടുത്തു.
അല്‍പം ദൂരംകൂടി പിന്നിട്ടപ്പോള്‍ മണ്ണില്‍ പണിത ഒരു പുല്‍ക്കൂടാരം ശ്രദ്ധയില്‍പെട്ടു. അവിടത്തെ കാട്ടുമക്കളുടെ വീടാണ് അത്. കണ്ടാല്‍ ഒരു കളിവീട് പോലുണ്ട്. നാലുപാടും മണ്ണിനാല്‍ മേഞ്ഞെടുത്ത ചുവരുകള്‍ക്ക് മുകളില്‍ ഒരു ഓലക്കുട നിവര്‍ത്തിവെച്ചതുപോലെ. വീടിന് മുറ്റത്തും പലയിടങ്ങളിലും കുട്ടികള്‍ ഓടിക്കളിക്കുന്നു. മണ്ണിലും മരത്തിലും എല്ലാം അവര്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അവരുടെ കൈവിരലുകള്‍ സ്മാര്‍ട്ട്ഫോണിലും ടാബിലും ഒക്കെയാണല്ലോ പതിപ്പിക്കുന്നതെന്ന് അറിയാതെ ഓര്‍ത്തുപോയി.
കാടിന്റെ മടിത്തട്ടില്‍ കിനിഞ്ഞുനില്‍ക്കുന്ന തേനും നെല്ലിക്കയും കാട്ടുവള്ളിയിലെ കിഴങ്ങും സര്‍പ്പഗന്ധിയും ഒക്കെ ഇവരുടെ ജീവിതമാര്‍ഗങ്ങളാണ്. എന്തായാലും കാനനക്കാഴ്ചകള്‍ നീളുകയാണ്. ഏകദേശം 50 കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാട് അവസാനിച്ച് ഉച്ചയോടുകൂടി ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തില്‍ എത്തിയിരുന്നു. വിശപ്പിന്റെ വിളി വന്നിരുന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടാകാം ബാക്കി യാത്ര എന്ന് തീരുമാനിച്ചു. നാഗര്‍ഹോളെ വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍വേണ്ടി മാത്രമുള്ളതായിരുന്നു ഈ യാത്ര. അതുകൊണ്ടുതന്നെ ഭക്ഷണത്തിനുശേഷം അല്‍പം വിശ്രമത്തിനൊടുവില്‍ വന്നവഴിക്കുതന്നെ തിരിച്ചുവിട്ടു.
വീണ്ടും മാനുകളെ കണ്ടുതുടങ്ങി. കാടിന്റെ ഉള്‍ത്തട്ടിലേക്ക് എന്നും വലിയാന്‍ ഭയപ്പെട്ടിരുന്ന മാനുകള്‍ റോഡിനിരുവശങ്ങളിലുമായി നിര്‍ഭയരായി മേയുകയാണ്. ആ മാന്‍കൂട്ടത്തിലും വൃക്ഷങ്ങള്‍ക്കിടയിലുമെല്ലാം ഞങ്ങള്‍ തേടിയത് കാട്ടിലെ വലിയ മൃഗത്തെ തന്നെയായിരുന്നു. കാരണം, കാട്ടില്‍ ഭക്ഷണത്തിനുവേണ്ടി ഇവ ദിവസവും 30 മുതല്‍ 50 നാഴിക വരെ നടക്കുന്നു. ആ നടപ്പ് ചിലപ്പോള്‍ ഞങ്ങളുടെ മുന്നിലും എത്തിപ്പെടാം. കാട്ടുപോത്ത്, മാനുകള്‍, മലയണ്ണാന്‍, പരുന്ത്, മൂങ്ങ, ചെന്നായ്, മ്ലാവ് തുടങ്ങിയവയെയെല്ലാം കണ്ട് ആസ്വദിച്ച ആ വനയാത്ര ഒടുവില്‍ സന്ധ്യയോടെ ചെക്ക്പോസ്റ്റിന് മുന്നില്‍ തിരിച്ചെത്തി. മൃഗങ്ങളെയൊക്കെ കണ്ടോ എന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാരന്‍ ഞങ്ങളോട് അന്വേഷിച്ചു. ധാരാളമായി കണ്ടു. പക്ഷേ, ആനയെ മാത്രം കണ്ടില്ലെന്ന് വളരെ നിരാശയോടെ മറുപടി പറഞ്ഞു.
അപ്പോഴാണ് പുള്ളിക്കാരന്റെ പേടിപ്പിക്കുന്ന ഒരുപദേശം. ഇവിടങ്ങളില്‍ കുറച്ചു ദിവസങ്ങളായി സന്ധ്യയാകുമ്പോള്‍ ഒരു ഒറ്റക്കൊമ്പന്‍ ഇറങ്ങുന്നുണ്ട്. കുറച്ച് അപകടകാരിയാണ്. നാട്ടില്‍ ഇറങ്ങി വിളകളൊക്കെ നശിപ്പിക്കുന്നു. അതിനാല്‍ രാത്രി ഇപ്പോ ആരും പുറത്തിറങ്ങാറില്ല. അതുകൊണ്ട് അവന്റെ മുന്നില്‍ പെടാതെ സൂക്ഷിച്ച് പോകണം. അതുവരെ ഞങ്ങളെ നിരാശരാക്കിയതെന്താണോ അത് ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കൂരാക്കൂരിരുട്ടിലൂടെ പതുക്കെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഒരു വളവുവളഞ്ഞതും അതാ നില്‍ക്കുന്നു റോഡിനെ കുറുകെ ആ ഒറ്റക്കൊമ്പന്‍, എല്ലാവരുടെയും ഉള്ളില്‍ ഭയം വന്നുനിറഞ്ഞു. അവന്റെ ആടിയാടിയുള്ള നില്‍പും ചീവീടുകളുടെ പേടിപ്പിക്കുന്ന ശബ്ദവും എല്ലാം ഞങ്ങളെ വല്ലാതെ ഭീതിയുടെ നിഴലില്‍ ആഴ്ത്തി. വണ്ടിയുടെ പ്രകാശം കണ്ടിട്ടും അവന്‍ മാറാനുള്ള ഒരു തയാറെടുപ്പുമില്ല. ഹോണടിക്കാനും ലൈറ്റ് അടിച്ചുകാണിക്കാനും ഒക്കെ പിറകിലിരുന്ന ചങ്ങാതിമാര്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അതിന് തയാറായില്ല. സമാധാനപരമായി നില്‍ക്കുന്ന അവനെ ഒരുരീതിയിലും പ്രകോപിപ്പിക്കാന്‍ ഞാന്‍ തയാറായില്ല. 30 മിനിറ്റ് കാത്തിരിപ്പിനൊടുവില്‍ അവന്‍ ഞങ്ങള്‍ക്ക് വഴിമാറി. റോഡിനരികിലേക്ക് നിന്നു. അപ്പോള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്ത് അവനടുത്ത് എത്തുമ്പോഴേക്കും ഞങ്ങളെ ഒരുനോട്ടം നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയോ അര്‍ഥമുള്ളതുപോലെ മനസ്സില്‍ തോന്നി. എന്തായാലും ഞങ്ങളെ ഉപദ്രവിക്കാതെ കടത്തിവിട്ടു.
അങ്ങനെ നാഗര്‍ഹോളെയോട് യാത്രപറഞ്ഞ് ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങാന്‍ തുടങ്ങി.
കടപ്പാട് : Sabari Varkala / Sabari The Traveler/ Trip advisor

വിവരണം കടപ്പാട് ; ശബരി വർക്കല

ലോകത്തിൻറെ എല്ലാ കോണിലുമുണ്ട് ദൂരത്തെ മനസുകൊണ്ട് കീഴടക്കിയ മലയാളികൾ . അവസാനത്തെ ഒരിടവും ഇന്ന് മലയാളിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം ..അപ്രാപ്യമായിരുന്ന ഓരോ ദൂരവും ഇന്ന് അവനു അരികത്തായി മാറുകയാണ് ..അത്തരത്തിൽ മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ ..

Image may contain: plant, flower, nature and outdoor

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ മൂന്നാറിനെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല .എന്നാൽ ഇവിടെ പരിചയ പെടുത്തുന്നത് മൂന്നാറിന്റെ ഒരു അവസാന ഗ്രാമമായ കൊട്ടാക്കമ്പൂരിനെ ആണ് ..റോഡിനിരുവശവും കുഞ്ഞു വീടുകള്‍. അത്യാവശ്യത്തിന് തിരക്കുണ്ട്. റോഡ് നന്നെ ചെറുതായിരിക്കുന്നു.ഒരു വണ്ടിക്കുമാത്രം പോകാവുന്ന വീതി. ഇറക്കങ്ങളും കയറ്റങ്ങളും .കിതച്ചു കിതച്ച് ഞങ്ങളുടെ വണ്ടിയും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരില്‍ എത്തിയിരിക്കുന്നു…

Image may contain: sky, tree, plant, outdoor and nature

.മൂന്നാറില്‍നിന്നും തുടങ്ങിയ റോഡ് ഇവിടെ അവസാനിക്കുന്നു.ഇവിടെനിന്നും കൊടൈക്കനാലിലേക്ക് ട്രക്കിങ് പാതയുണ്ട്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി ആവഴിയെ പതുക്കെ നടന്നുതുടങ്ങി. ചുറ്റും മലനിരകള്‍, പച്ചവിരിച്ചുതാഴ്വാരങ്ങള്‍, പുല്‍പ്രദേശങ്ങള്‍. ജീപ്പ് വരുന്ന വഴി തെളിഞ്ഞുകണ്ടു, നടപ്പാതയിലൂടെ മുന്നോട്ടുനടന്നു.വഴിയില്‍ പലയിടങ്ങളിലും യൂക്കാലി, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചടുക്കിവെച്ചിരിക്കുന്നു..ഒരുവശം മലനിരകളും മറുവശം താഴ്വരകളുമാണ്. അങ്ങകലെ കൊടൈക്കനാല്‍ മലനിരകള്‍ കാണാം. പെട്ടെന്നാണ് ആകാഴ്ച ഞങ്ങളുടെ കണ്ണുകളിലേക്കോടിയത്തെിയത്. കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന നിരവധി ഓറഞ്ചുമരങ്ങള്‍.അതില്‍ തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഓറഞ്ചുകളില്‍നിന്നും മഞ്ഞുതുള്ളികള്‍ ഇറ്റിറ്റ് താഴേക്കുവീഴുന്നു. ചെറിയകുട്ടികളെപ്പോലെ ഞങ്ങള്‍ ഓറഞ്ച് മരങ്ങള്‍ക്കടുത്തേക്ക് ഓടിയടുത്തു. കൈ എത്തുന്ന ശിഖരങ്ങളില്‍നിന്നെല്ലാം ഓറഞ്ചുകള്‍ പറിച്ചു….

Image may contain: mountain, sky, outdoor and nature

തണുത്ത തൊലികള്‍ പൊളിച്ച് ഓരോ അല്ലിയായി രുചിച്ചു. ഓറഞ്ചിന്‍െറ നീര് ശരീരത്തിലെ ഓരോ ഞരമ്പുകള്‍വഴിയും ഓടിയിറങ്ങി മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിച്ചു. നഗരങ്ങളിലെ കടകളില്‍നിന്ന് ആയിരം ഓറഞ്ചുകള്‍ രുചിച്ചാലും ഇതിനടുത്തത്തെില്ല.ഈ യാത്രപോലും ഓറഞ്ചിന്‍െറ തേനൂറുന്നരുചി നുകരാനായിരുന്നോയെന്ന് ചിന്തിച്ചുപോയി.ആ രുചിയില്‍ മതിമറന്നുനിന്ന ഞങ്ങളെ തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രമെന്നപോലെ കാര്‍മേഘങ്ങള്‍ മൂടി ഒരു വലിയ മഴക്കുള്ള സാധ്യത. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്രയുംനല്ല ഓറഞ്ചിന്‍െറ രുചി അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ആവലിയ മഴക്കുമുന്നെ ഞങ്ങള്‍ മടങ്ങി….

Image may contain: sky, horse, outdoor and nature

Image may contain: mountain, sky, outdoor and nature

Image may contain: plant, flower, sky, nature and outdoor

Image may contain: outdoor and nature

 

ദൂരം- മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷന്‍ 35കി.മീ. വട്ടവട 42 കി.മീ. കൊട്ടകമ്പൂര്‍ 47 കി.മീ. …

മൂന്നാറില്‍ കൊടുംതണുപ്പ് തുടരുന്നു. മഞ്ഞുപാളികള്‍ അടര്‍ന്ന് വീഴുന്ന കാഴ്ചയാണ്. മൂന്നാറിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രി അനുഭവപ്പെടുമ്പോള്‍ 30 കിലോമീറ്റര്‍ അകലെയുള്ള ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളില്‍ കുറഞ്ഞ താപനില മൈനസ് രണ്ടാണ്.ജനുവരി ആദ്യം മുതല്‍ തുടങ്ങിയ തണുപ്പ് മാറ്റമില്ലാതെ തുടരുന്നത് ഇവിടുത്തെ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

Image result for munnar weather zero water folse

എസ്റ്റേറ്റ് മേഖലകളില്‍ കൊടും തണുപ്പിനെ തുടര്‍ന്ന് പുല്‍ മൈതാനത്ത് മഞ്ഞുപാളികള്‍ നിരന്നുകിടക്കുന്ന കാഴ്ച കൗതുകകരമാണ്.ഇത് നേരില്‍ കാണുന്നതിന് നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. റോഡുകള്‍ കോടമഞ്ഞു കൊണ്ട് മൂടിയതിനാല്‍ പുലര്‍ച്ചെയുള്ള വാഹനയാത്രയും മൂന്നാര്‍ റൂട്ടില്‍ ദുസഹമാണ്. കൊടും തണുപ്പിനെ തുടര്‍ന്ന് മൂന്നാര്‍ ഹില്‍സ്റ്റേഷനില്‍ മഞ്ഞ് പാളികള്‍ അടന്നുവീഴുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related image

താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിൽ കനത്ത മഞ്ഞ് വീഴ്ച. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വാവുകയാണ് ഈ മഞ്ഞുകാലം.
മഞ്ഞില്‍ ചവിട്ടാനും, കുളിരുതേടിയും വേറെയെവിടെയും പോകേണ്ടതില്ല. ഇടുക്കിയിലെ മിടുക്കിയായ മൂന്നാറിലേയ്ക്ക് വണ്ടികയറാം.

Image result for munnar-temperature-dip-below-zero

പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞ് പുതച്ച പ്രഭാതങ്ങള്‍ ഇവിടെയുണ്ട്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. മൂന്നാറിലും വട്ടവടയിലും, കൊളുക്കുമലയിലും മീശപ്പുലിമലയിലുമെല്ലാം പൂജ്യത്തിന് താഴെയാണ് താപനില.

Image result for munnar-temperature-dip-below-zero

ഈ തണുപ്പിലേയ്ക്ക് സഞ്ചാരികളും എത്തിതുടങ്ങി. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ.
പ്രളയകാലത്ത് പ്രതിസന്ധിയിലായ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതിക്ഷ കൂടിയാണ് മഞ്ഞുകാലം.

Image result for munnar-temperature-dip-below-zero

മനില: യാത്രയ്ക്കിടെ കുഞ്ഞിനെ എടുത്ത് മുലയൂട്ടുന്ന ഇരുപത്തി നാലുകാരിയായ എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ലോക മാധ്യമങ്ങളിലും നിറയുന്നത്. എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോ എന്ന യുവതിയാണ് വിമാന യാത്രിക്കാരിയുടെ കുഞ്ഞിനെ പാലൂട്ടിയത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ പട്രീഷ്യയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നായി അഭിനന്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ.

ഫ്‌ലൈറ്റ് പുറപ്പെട്ട് അധികം വൈകാതെ  ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷയുടെ ശ്രദ്ധയിൽ പെട്ടത്. അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് എന്താണ് കരയുന്നതിന്റെ കാരണം തിരക്കിയ പട്രീഷ്യ, വിശന്നിട്ടാണ് കുട്ടി കരയുന്നതെന്നു മനസിലാക്കി. പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു കരയുന്ന കുട്ടിയുടെ അമ്മ. തലേദിവസം രാത്രി ഒന്പത് മണി മുതൽ വിമാനത്താവളത്തിൽ കുഞ്ഞിനേയും ആയി യാത്രക്കെത്തിയ യുവതി കരുതിയ ഫോർമുല മിൽക്ക് തീർന്നു പോയ കാര്യം എയർ ഹോസ്റ്റസിനെ അറിയിക്കുകയായിരുന്നു. വെളിപ്പിനു 5.10 ന് പുറപ്പെട്ട വിമാനത്തിൽ ഫോർമുല മിൽക്ക് ഇല്ല എന്ന് അറിയാവുന്ന പട്രീഷ്യ സ്വയം സഹായിക്കാമെന്നറിയിച്ചു.

അമ്മയെയും കുഞ്ഞിനേയുമായി വിമാനത്തിന്റെ ഗള്ളിയിലേക്ക് പോയി പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. അമ്മയെയും കുഞ്ഞിനെയും തിരികെ സീറ്റിലിരുത്തി സ്വന്തം ജോലിക്കായി പുറപ്പെടുമ്പോൾ കുഞ്ഞിന്റെ അമ്മ പട്രീഷയോട് നന്ദിയും പറഞ്ഞു. തീന്നില്ല വിമാന യാത്ര പൂർത്തിയാക്കി ഇറങ്ങാൻ നേരവും തികെ വന്ന് നന്ദി പറഞ്ഞു കുഞ്ഞിന്റെ ‘അമ്മ.. എല്ലാമറിഞ്ഞ വിമാനക്കമ്പനി പാട്രിഷയുടെ ജോലിയിൽ പ്രൊമോഷനും നൽകി.

വിശന്നു കരയുന്ന കുഞ്ഞിന് ഒന്നും നൽകാനില്ലാത്ത ഒരമ്മയുടെ ദുരവസ്ഥ നാന്നായി അറിയാവുന്നത് കൊണ്ടാണ് സഹായിച്ചത് എന്ന് പറഞ്ഞ പട്രീഷ്യ.. മുലപ്പാല് എന്നത് ഒരമ്മയുടെ ഏറ്റവും വലിയ അനുഗ്രഹവുമാണ് എന്ന് പറയാൻ മടികാണിച്ചില്ല എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

ഹോളിഡേ പ്ലാനിംഗ് ഒരു തലവേദന പിടിച്ച അനുഭവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫ്‌ളൈറ്റ് ടിക്കറ്റും താമസവു വെവ്വേറെ ക്രമീകരിക്കേണ്ടി വരികയാണെങ്കില്‍ ചെലവിനെക്കുറിച്ചുള്ള ടെന്‍ഷന്‍ കൂടും. എന്നാല്‍ വിദേശത്തേക്ക് ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ഈ ടെന്‍ഷനൊന്നും ഇല്ലാതെ വളരെ ചെലവു കുറഞ്ഞ യാത്ര സാധ്യമാക്കാമെന്ന് ഒരു പുതിയ വെബ്‌സൈറ്റ് വാഗ്ദാനം നല്‍കുന്നു. വീക്കെന്‍ഡ് ഡോട്ട്‌കോം എന്ന സൈറ്റാണ് യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമുള്ള ചെലവു കുറഞ്ഞതും എന്നാല്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതുമായ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത്. ഈ സൈറ്റ് ബാര്‍ഗെയിനിംഗ് രീതിയിലൂടെയാണ് ഡീലുകള്‍ നല്‍കുന്നത്. ഇപ്രകാരം ഒരാള്‍ക്ക് ടിക്കറ്റും താമസവുമുള്‍പ്പെടെ 57 പൗണ്ട് വരെ മാത്രം ചെലവാകുന്ന ഡീലുകള്‍ ഈ സൈറ്റ് നല്‍കുന്നു. ഇതിന്റെ മൊബൈല്‍ ആപ്പും ലഭ്യമാണ്.

ഒന്നിലേറെ സൈറ്റുകളിലൂടെ കയറിയിറങ്ങി ബുദ്ധിമുട്ടാതെ ഹോളിഡേ യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഈ സൈറ്റ് നിങ്ങളെ സഹായിക്കും. വ്യത്യസ്ത പ്രൊവൈഡര്‍മാരുടെ ഓഫറുകള്‍ നിരവധി തവണ പരിശോധിച്ച്, അതില്‍ നിങ്ങള്‍ക്കു ചേര്‍ന്ന ഫ്‌ളൈറ്റും ഹോട്ടല്‍ ഓഫറുകളും എത്തിച്ചു തരികയാണ് ഇതിന്റെ അല്‍ഗോരിതം ചെയ്യുന്നത്. ട്രാവല്‍ എക്‌സ്‌പെര്‍ട്ടുകളാണ് ഈ സൈറ്റിനു പിന്നില്‍ ലക്ഷ്യങ്ങളിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും ത്രീസ്റ്റാര്‍ വരെ നിലവാരമുള്ള മികച്ച ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഏറ്റവും ചുരുങ്ങിയത് രണ്ടു രാത്രി വരെയുള്ള താമസ സൗകര്യമാണ് ഇതില്‍ ലഭിക്കുക.

നോര്‍ത്തേണ്‍ പോളണ്ടിലെ ബൈഗോഷ് എന്ന പ്രദേശമാണ് സൈറ്റില്‍ ഏറ്റവും ചെലവു കുറഞ്ഞ ഹോളിഡേ ഡെസ്റ്റിനേഷന്‍. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നീളുന്ന രണ്ടു രാത്രി താമസവും ഫ്‌ളൈറ്റ് ടിക്കറ്റും ഉള്‍പ്പെടെ വെറും 57 പൗണ്ടാണ് ഇവിടേക്ക് ഒരാള്‍ക്ക് നല്‍കേണ്ടി വരിക. ലണ്ടനില്‍ നിന്ന് ലൂട്ടനിലേക്കുള്ള ഫ്‌ളൈറ്റാണ് ഏറ്റവും ചെലവു കുറഞ്ഞ ഫ്‌ളൈറ്റ് എന്ന് അറിയപ്പെടുന്നത്.

ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വേയ്‌സ് അധികൃതർ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്.

അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുൽഖറിനെ അനുകൂലിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങി പോയത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഇത് പലയിടത്തും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം. വാഹനത്തില്‍ വെള്ളം കയറിയാല്‍ ചെയ്യേണ്ടത് എന്തൊക്കെ ?

വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത് എന്നതാണ്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലതാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.

ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിലുമുണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് ഹെവിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറേണ്ടതായി വരും. ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്‌ക്കേണ്ടതായും വരും. ഇതിനൊക്കെ മുന്‍പെ, വാഹനത്തില്‍ വെള്ളം കയറുന്നതിനും മുന്‍പ് ചെയ്യേണ്ട ഒരു കാര്യമുണ്ട് – ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ന്യൂസ് ഡെസ്ക്

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  ഭാഗികമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന.

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും  ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത്  കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്‌. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.

നാട്ടില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകള്‍ സംഘടിപ്പിക്കുന്ന സംഘം ഹിമാചല്‍ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പോകാന്‍ പാകത്തിനാണ് യാത്ര.

ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതല്‍ പതിനാല് വരെയും ജുലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാര്‍വ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്, താമസം, ഭക്ഷണം എന്നിവയടക്കം ഒരാള്‍ക്ക് 20,000 രൂപയാണ് 14 ദിവസത്തെ യാത്രയ്ക്ക് ചിലവ് വരുന്നത്. രണ്ടാംഘട്ടത്തിലെ യാത്രയുടെ ടിക്കറ്റ് ബുക്കിങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത് പേരില്‍ കൂടുതല്‍ പേര്‍ ഒരു ട്രിപ്പിന് ഉണ്ടാവില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്താന്‍ സാധിക്കുന്ന ഹിമാചല്‍ യാത്ര എന്ന പേരില്‍ ഈ യാത്രയുടെ പോസ്റ്റര്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.

പ്രവാസികള്‍ക്കായി വിമാനടിക്കറ്റ് അടക്കമുള്ള പാക്കേജും സംഘം ചെയ്യുന്നുണ്ട്. വിമാനയാത്രയാണെങ്കില്‍ യാത്ര 9 ദിവസമായി ചുരുങ്ങുമെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

മണ്‍സൂണ്‍ തുടങ്ങിയശേഷമുള്ള പാര്‍വ്വതി നദിയും അതിന്റെ ഇരുകരകളിലുമുള്ള ഗ്രാമ, നഗരങ്ങളുമാണ് യാത്രയുടെ മുഖ്യലക്ഷ്യങ്ങള്‍. ചലാല്‍, കള്‍ഗ, പുള്‍ഗ, തുള്‍ഗ എന്നീ ഗ്രാമങ്ങളും, ടോഷ്, ഘീര്‍ഗംഗാ, ചലാല്‍- മലാന ട്രക്കിങ്ങ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.

പത്ത് ദിവസത്തോളം പാര്‍വ്വതി വാലി എംക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ ഓരംചേര്‍ന്ന് നടക്കാം, കസോളിലെ ലിറ്റില്‍ ഇറ്റലിയില്‍നിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഫുഡ് കഴിക്കാം. മാര്‍ക്കറ്റില്‍ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിച്ച് കൂട്ടാം. അങ്ങനെ പലതരം കാര്യങ്ങള്‍ നടക്കും. ഹിമാലയന്‍ ഗ്രാമങ്ങളാണ് മുഖ്യലക്ഷം. അതുകൊണ്ടുതന്നെ കട്ടലോക്കല്‍ താമസവും ഭക്ഷണവും ആയിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലെ സൗകര്യങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതവും അതിന്റെ പരിമിത സൗകര്യങ്ങളുമായിരിക്കും ഉണ്ടാകുക.

പത്ത് ദിവസംകൊണ്ട് വളരെ സാവധാനത്തില്‍ പാര്‍വ്വതി വാലി കാണാം എന്നതാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പാതി ദിവസങ്ങളെങ്കിലും ടെന്റുകളിലായിരിക്കും താമസം. ബാക്കി ദിവസങ്ങളില്‍ റും സൗകര്യമുണ്ടാകും. ഗ്രാമങ്ങളിലെ വീടുകളിലെ പരമ്പരാഗത താമസസൗകര്യങ്ങളാണ് ഒരുക്കുക.

ഇത് കൂടാതെ ഓണാവധിക്ക് രാജസ്ഥാന്‍ യാത്ര, സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് യാത്ര, നാഗലാന്‍ഡ് യാത്ര എന്നിങ്ങനെ വിവിധ യാത്രകള്‍ വരുംമാസങ്ങളില്‍ നടത്തും. പ്രവാസികള്‍ക്ക് പ്രത്യേകമായി ഫാമിലി ടൂറുകളും (കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും), അഡൈ്വഞ്ചര്‍, ട്രക്കിങ്ങ്, സ്പിരിച്വല്‍, ഹണിമൂണ്‍ ടൂര്‍ പാക്കേജുകളും സംഘം ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
6282213809 (call)
8281777893 (whatsapp/call)
[email protected]

Copyright © . All rights reserved