ബെന്നി പെരിയപ്പുറം (പി ആർ ഒ )
കേരളത്തിൽ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ അതിദാരുണവും, വേദനാജനകവും, ഭയാനകവുമായ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി വോയ്സ് ഓഫ് വയനാട് ഇൻ യുകെ കഴിഞ്ഞദിവസം കൂടിയ സംഘടനയുടെ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. പ്രിയപ്പെട്ടവരുടെ വേർപാട് മൂലം ഒറ്റപ്പെട്ടവരെയും അപകടം മൂലം വേദന അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കേണ്ടതും അവരെ ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്ന് കരുതുന്നു. ഇത്തരുണത്തിൽ വയനാട് ജില്ലയിൽ നിന്നും യുകെയിൽ താമസമാക്കിയവരുടെ സംഘടനയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ ഒരു ഫണ്ട് ശേഖരണം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
നാളിതുവരെയും ചെയ്തിരിക്കുന്നത് പോലെ നൂറു ശതമാനവും അർഹതപ്പെട്ടവർക്ക് സുതാര്യമായും, വിശ്വസ്തതയോടെയും ഫണ്ട് ചിലവഴിക്കുവാനാണ് സംഘടന ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് മേപ്പാടി പഞ്ചായത്തിൽ നിന്നും യുകെയിൽ താമസമാക്കിയ ജെയിംസ് മേപ്പാടിയുടെ നേതൃത്വത്തിലുള്ളവരാണ് തദ്ദേശീയർ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക. ആയത് കൊണ്ട് വയനാട്ടിലെ വേദനയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ സംഘടനകളുടെയും വ്യക്തികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
രാജപ്പൻ വർഗീസ് (ചെയർമാൻ) – 07988959296
സജിമോൻ രാമച്ചനാട് – 07916347245
ബെന്നി പെരിയപ്പുറം – 07735623687
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് വിവരം
അക്കൗണ്ട് പേര് – വോയ്സ് ഓഫ് വയനാട് ഇൻ യു കെ
അക്കൗണ്ട് നമ്പർ – 56150431
Sort Code – 60 – 08 – 02
ന്യൂസ് ഡെസ്ക് മലയാളം യുകെ
പൗലോസ് കുയിലാടൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ലഘുചിത്രം ‘തന്ത’ യുകെയിൽ റിലീസ് ചെയ്തു. ജൂലൈ 27 ന് ലീഡ്സിലെ സെൻ്റ്. വിൽഫ്രിഡ്സ് ചർച്ച് ഹാളിൽ സീറോ മലബാർ സഭ ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം , ഫാ. ആഡ്രൂസ് ചെതലൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ റിലീസ് കർമ്മം ഔദ്യോഗികമായി നിർവ്വഹിച്ചു. ഫാ. ജോസഫ് വാളുപറമ്പിൽ, നടനും സംവിധായകനുമായ ജേക്കബ് കുയിലാടൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ ജോസ് തോമസിൻ്റെ യൂ ടൂബ് ചാനലായ ജോസ് തോമസ് എൻ്റെടൈൻമെൻ്റ്ലൂടെയാണ് ഈ ലഘുചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും സംവിധായകൻ ജോസ് തോമസ്സിൻ്റെ മേൽനോട്ടത്തിലാണ് ഈ ലഘുചിത്രം അണിഞ്ഞൊരുങ്ങിയത്.
സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗലോസ് കുയിലാടനാണ്. 46 വർഷം നാടകരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള പൗലോസ് കുയിലാടൻ കേരളത്തിലും അമേരിക്കയിലും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പൗലോസ് കുയിലാടൻ അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
അഞ്ചന അപ്പുക്കുട്ടൻ, പാർവ്വതി, അവിനാശ്, ജോഹാൻ ജോസ് തോമസ്സ് എന്നിവർ പ്രധാന വേഷമിടുന്നു. ഹെൽത്ത് ആൻ്റ് ആട്സ് യു എസ് എ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം സംവിധായകൻ ജോസ് തോമസാണ് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നത്. എബി വർഗ്ഗീസ് തിരക്കഥയും ആദർശ് ഛായാഗ്രഹണവും നിർവ്വഹിച്ചു. പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ, എഡിറ്റർ: ജിബിൻ ജെയിംസ്, കോസ്റ്റ്യൂം ഡിസൈനർ : സിന്ധു, കലാസംവിധാനം : മാത്യൂസ്, മേക്കപ്പ് : ധർമ്മൻ, സൗണ്ട് ഡിസൈൻ: ബാലു, മെട്രോ ഡി.ഐ: മഡ് ഹൗസ്, ഡിസൈൻ: മീഡിയാ വോ ഫാക്ടർ , വാർത്താ പ്രചരണം: റഹിം പറവൂർ എന്നിവരും നിർവ്വഹിച്ചു. കോട്ടയം, കുറവിലങ്ങാട്ടായിരുന്നു ചിത്രീകരണം നടന്നത്.
അത്യധികം ആവേശകരമായ പ്രതികരണമാണ് തന്ത എന്ന ലഘുചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 27 ന് ലീഡ്സിൽ വെച്ചു നടന്ന ചിത്രത്തിൻ്റെ റിലീസ് കർമ്മങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹരീഷ് ദാസ്, ബെന്നി വേങ്ങച്ചേരിൽ, ജേക്കബ് കുയിലാടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/heEjfWYVs0Y?si=835DvmolkDxw5laJ
ബെന്നി പെരിയപ്പുറം, പി ആർ ഒ വോയിസ് ഓഫ് വയനാട് ഇൻ യുകെ
കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ചികിത്സയിൽ ഇരിക്കുന്നവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും വേദനയിലും വേർപാടിലും വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയിസ് ഓഫ് വയനാട് ഇൻ യുകെ ഭാരവാഹികളുടെ യോഗം അഗാധമായ വേദനയും ദുഃഖവും രേഖപ്പെടുത്തി. മരണമടഞ്ഞവരുടെയും ബന്ധുക്കളുടെയും ചികിത്സയിൽ കഴിയുന്നവരുടെയും, കാണാതായവരുടെയും വേദനയിൽ പങ്കുചേരുകയും ആശുപത്രികളിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യോഗം അറിയിച്ചു.
വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം കുടുംബമായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയവർ തങ്ങളുടെ പ്രദേശത്ത് സംഭവിച്ച അതി ഭയാനകവും, ദാരുണവുമായ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. സമയത്തിന്റെ മാറ്റത്തിനനുസരിച്ച് പലരും ഉറങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ . വയനാട് മാനന്തവാടി സ്വദേശിയായ ഞാൻ 36 വർഷങ്ങൾക്ക് മുൻപ് മേപ്പാടി പ്രൈമറി ഹെൽത്ത് സെൻററിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നപ്പോൾ, ചൂരൽമല , മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങൾ ജോലിയുടെ ഭാഗമായി സന്ദർശിച്ചിരുന്നത് ഇപ്പോഴും ഓർക്കുകയാണ്. കൂടാതെ മേപ്പാടി, വടുവൻ ചാൽ തുടങ്ങിയ പരിസരപ്രദേശങ്ങളിൽ നിന്നും ധാരാളം പേരാണ് ഇംഗ്ലണ്ടിൽ ഇപ്പോൾ താമസിക്കുന്നത്.
എല്ലാവരും പരസ്പരം ബന്ധപ്പെടുകയും, വേദനകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ അടുത്ത ദിവസം തന്നെ വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചതായി ചെയർമാൻ രാജപ്പൻ വർഗീസ് അറിയിച്ചു. സംഭവമറിഞ്ഞപ്പോൾ തന്നെ അടിയന്തിരമായി സ്ഥലത്തെത്തുകയും വേണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേന അംഗങ്ങളെയും വിവിധ അർദ്ധ സൈനിക അംഗങ്ങളെയും കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങളെയും പ്രാദേശിക സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസികളായ വയനാട്ടുകാർക്ക് വേണ്ടി നന്ദിയോടെ ഓർക്കുന്നു. സ്വന്തം ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരുടെയും മുൻപിൽ ഞങ്ങൾ വേദനയോടെ നന്ദിയോടെ നമസ്കരിക്കുന്നു .
യുകെയില്‍ ജനവാസമില്ലാത്ത ദ്വീപ് വിലയ്ക്കു വാങ്ങി ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാന്‍ ധനസമാഹരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് വിവാദത്തിലായിട്ടുള്ള ഇസ്ലാംമത പണ്ഡിതന്‍ ഷെയ്ഖ് യാസര്‍ അല്‍-ഹബീബാണ് വിശ്വാസികള്‍ക്ക് മാത്രമായി രാജ്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
സ്‌കോട്ട്ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ടോര്‍സ ദ്വീപ് വിലയ്ക്ക് വാങ്ങാന്‍ മൂന്ന് മില്യണ്‍ പൗണ്ട് സംഭാവന ചെയ്യണമെന്ന് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ് അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. 85 വര്‍ഷമായി ജനവാസമില്ലാത്ത ദ്വീപ് 1.5 മില്യണ്‍ പൗണ്ടിന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ബോട്ട് മാര്‍ഗം മാത്രമാണ് ഈ ദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കുക.
ദ്വീപ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍, ദി സണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഇസ്ലാമിക സ്‌കൂളും ആശുപത്രിയും പള്ളിയും മറ്റും നിര്‍മിക്കാനാണ് പദ്ധതി.
യുകെയിലെ സൗത്ത് ബക്കിങ്ഹാംഷെയറിലുള്ള മതസംഘടനയായ മഹ്ദി സെര്‍വന്‍സ് യൂണിയന്റെ തലവനാണ് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. ശരിഅത്ത് നിയമം പിന്തുടരുന്ന രാജ്യം സ്ഥാപിക്കാന്‍ എന്ന പേരില്‍ ദ്വീപ് വാങ്ങാന്‍ ഇതിനകം മൂന്ന് മില്യണ്‍ പൗണ്ടിലധികം സ്വരൂപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
20 വര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്ന് പലായനം ചെയ്ത് യുകെയില്‍ അഭയം തേടിയ ആളാണ് 45 കാരനായ ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. സൈനിക മാതൃകയിലുള്ള പരിശീലന ക്യാമ്പുകള്‍ ഇദ്ദേഹം നടത്തുന്നതായും സൂചനയുണ്ട്.
സ്വന്തം സാറ്റലൈറ്റ് ടിവി ചാനലായ ഫഡക് ടിവിയിലൂടെ തന്റെ എതിരാളികളായ സുന്നി വിഭാഗത്തിനെതിരെ പ്രഭാഷണ പരമ്പരകള്‍ നടത്തി അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അറബി ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഇയാള്‍ക്ക് ബ്രിട്ടനില്‍ മാത്രം നാലു ലക്ഷത്തിലധികം അനുയായികളായുണ്ട്.
ഫഡക് ടിവി അടച്ചുപൂട്ടണമെന്ന ആവശ്യം യുകെയില്‍ എംപിമാര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച്, അല്‍-ഹബീബ് വിദ്വേഷം പടര്‍ത്തുന്നത് തുടരുകയാണ്.
രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.
യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.
യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തും ബന്ധുവും ചേർന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതി. ലുധിയാന സ്വദേശിയായ 22 കാരിയായ യുവതി ആണ് പരാതിക്കാരി.
ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടർന്ന് യുകെയിലേക്ക് മാറാൻ സഹായിക്കാമെന്ന് പ്രതി ഉറപ്പുനൽകി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.
ഹോട്ടലിൽ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്ന് ഇവർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിവിട്ട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
പ്രതികളിൽ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാൾ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികൾ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.
സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.
കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ കരുത്തനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെൻ്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെൻ്റിലെ ടൺബ്രിഡ്ജ് വെൽസിലെ സെൻ്റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ വ്യാഴാഴ്ച്ച നടന്നു.
കക്ഷി രാഷ്ട്രിയതിനപ്പുറുമായി ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചു കെൻ്റിലെ സുഹൃത്തുക്കൾ ഒത്തു കൂടിയ അനുസ്മരണ യോഗത്തിൽ കെൻ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ എത്തിചേർന്നു.
ശ്രീ അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ശ്രീ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോൾ ശ്രീ ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യു.കെ നാഷണൽ സെക്രട്ടറി ശ്രീ. ജിജോ അരയത്ത്, ശ്രീ ഷിനോ ടി പോൾ, ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ മെബിൻ വറുഗീസ്, ശ്രീ. ആൽബർട്ട് ജോർജ്, ശ്രീ സുരേഷ് ജോൺ, ശ്രീ ജോഷി സിറിയക്ക്, ശ്രീ. മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ ഇമ്മാനുവേൽ ജോർജ്, ശ്രീ സതീഷ് കുമാർ, ശ്രീ സതീഷ് കമ്പ്രത്ത്, ശ്രീ ജയ്സൺ ജോസഫ്, ശ്രീ ഫെബി മാത്യു, ശ്രീ സുജിത്ത് മുരളി, ശ്രീ. സാജു മാത്യു, ശ്രീ. സിൻ്റോ ജോൺ, ശ്രീ വിജിൽ പോത്തൻ, ശ്രീ ഷിബി രാജൻ തുടങ്ങിയവർകൊപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
ഇന്ന് ഭൗതികമായി ഉമ്മൻ ചാണ്ടി നമ്മളോടൊപ്പം ഇല്ലങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമ്മകളും, ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച വികസന സ്വപ്നങ്ങളും, സാധാരണകാരനു കൈതാങ്ങായി നടത്തിയ ജനസമ്പർക്ക ജനസേവന പരിപാടികളും, കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള അദ്ദേഹത്തിൻ്റെ നയപരമായബന്ധങ്ങളും സമീപനങ്ങളും ഏകാലവും ഓർമ്മകളിൽ നിലനിൽക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ പങ്കുവെച്ചു.
അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവായി മാറിയ ഉമ്മൻ ചാണ്ടിയോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൻ്റെ നല്ല ഓർമ്മകൾ പലരും എടുത്തു പറഞ്ഞു.
വൈകുന്നേരം എട്ടുമണിയോടെ അവസാനിച്ച അനുസ്മരണ യോഗത്തിൽ ശ്രീ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിക്കുന്ന മൂന്നാമത്തെ ഷോർട്ട് ഫിലിം ‘ദി ഫൈനൽ കട്ട്‘ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
ജിഷ്ണു വെട്ടിയാർ രചന നിർവഹിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന ഈ ഹൃസ്വചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതസംവിധാനം ഋതു രാജ്, മേക്കപ്പ് ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മാത്തുക്കുട്ടി ജോൺ, ഷൈൻ അഗസ്റ്റിൻ
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഒരു മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന ‘ദി ഫൈനൽ കട്ട്‘ ഈ വരുന്ന ഓണനാളുകളിൽ യുട്യൂബ് റിലീസിന് ഒരുങ്ങുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെഡ്ഫോർഡിനടുത്തു സെയിന്റ് നിയോട്സിൽ ജൂൺ 28 ന് മരണമടഞ്ഞ ചങ്ങനാശേരി മാമ്മൂട്, കുറുമ്പനാടം സ്വദേശി ജോജോ ഫ്രാൻസിസിന്റെ മൃതദേഹം ഇന്ന് (July 17th Wednesday at 4:00pm) ബെഡ്ഫോർഡ് ക്രൈസ്റ്റ് ദി കിംഗ് കാത്തോലിക് ദേവാലയത്തിൽ 4 മണിക്ക് പൊതു ദർശനത്തിനു വെയ്ക്കുകയും,തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയും അന്തിമോപചാര ചടങ്ങുകളും നടക്കും, അന്തിമോപചാര കർമ്മങ്ങൾക്ക് ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC നേതൃത്വം വഹിക്കും തുടർന്ന് ഈ ആഴ്ച അവസാനം നാട്ടിൽ ജോജോയുടെ ഇടവകയായ കുറുമ്പനാടം സെയിന്റ് അന്തോണീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കാര ശുസ്രൂഷകൾ നടത്തുന്നതാണ്.
പള്ളിയുടെ വിലാസം താഴെ കൊടുത്തിരിക്കുന്നു.
Church address:
Christ the King Catholic Church
Harrowden Road
Bedford
MK42 0SP
കേരളത്തിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.
ജോജോ ഫ്രാൻസിസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.