UK

ബ്രിസ്റ്റോളിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന് പിന്നിൽ ‘പോസ്റ്റ് കോഡ് ഗ്യാങ് വാർ’ ആണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുറച്ചു നാളുകളായി പ്രദേശത്തെ രണ്ടു വില്ലേജുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ ശത്രുതയും ഇടയ്ക്കിടയ്ക്ക് ചെറിയ അക്രമങ്ങളും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശക്തി പ്രകടനത്തിന്റെ ഭാഗമായുണ്ടായ ആക്രമണത്തിലാണ് നിരപരാധികളായ രണ്ടു കുട്ടികൾ കൊല്ലപ്പെടാനിടയായത് എന്നും നാട്ടുകാർ ആരോപണമുന്നയിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെ ആണ് ബ്രിസ്‌റ്റോളിലെ ഇൽമിൻസ്റ്റർ അവന്യുവിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ഒരു സംഘം ആൾക്കാരുടെ കത്തിക്കുത്തേറ്റ്‌ ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15 ) എന്നിവരാണ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മരണമടഞ്ഞത്. ഇവരുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു കാറിൽ ഇവിടെയെത്തിയ സംഘം കത്തിയും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്തെ രണ്ടു പോസ്റ്റ് കോഡുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ അടുത്തിടെ ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുട്ടികൾ ഒരു ഗ്യാങ്ങിന്റെയും ഭാഗമായിരുന്നില്ലയെന്നാണ് അറിയുന്നത്. ആള് മാറിയാണ് ഇവർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇവരുടെ കുടുംബങ്ങളും അയൽക്കാരും പറയുന്നത്.

 

ബഹളം കേട്ടെത്തിയ സമീപവാസികളും ഇവിടെ ആ സമയം നിർത്തിയിട്ടിരുന്ന ഒരു ബസിലെ യാത്രക്കാരും കുത്തേറ്റു വീണ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ നിന്നെടുത്ത് കൊണ്ട് വന്ന തുണി ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഗ്യാങ്ങുകളുടെ ഉപദ്രവം ഉള്ളതിനാൽ പേര് വെളിപ്പെടുത്തരുത് എന്നും ഇയാൾ അഭ്യർത്ഥിച്ചു. ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് സ്ഥലത്തെത്തിയത് എന്നും അപ്പോഴേക്കും ധാരാളം രക്തം വാർന്നു പോയിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഇരുവരെയും ബ്രിസ്റ്റോളിൽ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

 

കൊലപാതകത്തിൽ പങ്കെടുത്തു എന്ന് കരുതുന്ന നാല് പേർ ഇതുവരെയായി പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. നാൽപ്പത് വയസ്സുള്ള ഒരാളെയും പതിനഞ്ചുകാരനായ ഒരു കൗമാരക്കാരനെയും ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു ഇരുപതുകാരനും ഇരുപത്തി രണ്ടു വയസ്സുകാരനും തിങ്കളാഴ്ച പോലീസ് പിടിയിലായി. ഒരു വാഹനവും കസ്റ്റഡിയിൽ എടുത്തതായി ഡെവൺ ആൻഡ് സോമർസെറ്റ് പോലീസ് അറിയിച്ചു.

കുട്ടികളുടെ മരണത്തിൽ ദുഖാർത്തരായ ഏകദേശം ഇരുനൂറിലധികം ആളുകൾ ഇന്നലെ ഇവർ കുത്തേറ്റ് വീണ സ്ഥലത്ത് ഒരുമിച്ച് കൂടി ആദരാഞ്ജലി അർപ്പിച്ച്. പൂക്കളും മെഴുകുതിരികളുമായി എത്തിച്ചേർന്ന ഇവർ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് എഴുതിയ ബാനറുകളും സ്ഥലത്ത് സ്ഥാപിച്ചു.

ബ്രിട്ടനിൽ കത്തിക്കുത്ത് ഏറ്റു മരണമടയുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധന ആണ് ഉണ്ടായിരിക്കുന്നത്. 2025 ഓടെ കത്തിയുമായി പൊതു ഇടങ്ങളിൽ തിരിച്ചറിയുന്ന ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇത് മൂലം സർക്കാർ ഇപ്പോൾ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന്റെ വാർത്തയാണ് ഷെഫീൽഡ് നിന്ന് പുറത്തുവന്നിരിക്കുന്നത്. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടിയോട് മോഷ്ടാവ് അതിക്രൂരമായ ലൈംഗികാതിക്രമം നടത്തിയതിന്റെ വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

മോഷ്ടാവ് മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ ജനലിലൂടെ പ്രവേശിച്ച് അവളെ ലൈംഗികമായി ആക്രമിച്ചപ്പോൾ ആ കുരുന്ന് ആദ്യം കരുതിയത് ഇത് ഒരു പേടിസ്വപ്നമാണെന്നാണ്. അവൾ ഉണർന്നപ്പോൾ അക്രമി തുറന്ന ജനലിലൂടെ പുറത്ത് ചാടി രക്ഷപ്പെടുകയും ചെയ്തു. ആദ്യം പെൺകുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും കരുതിയത് അത് അവളുടെ പേടിസ്വപ്നമാണെന്നാണ്. എന്നാൽ താൻ നേരിട്ട ലൈംഗികാതിക്രമത്തിന്റെ മുറിപ്പാടുകൾ പെൺകുട്ടി കാണിച്ചപ്പോഴാണ് അവർ ആ നഗ്നസത്യം തിരിച്ചറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

ഷെഫീൽഡിലെ ഡാർനാലിലുള്ള അവളുടെ വീടിന്റെ ജനൽ പാളികളിൽ നിന്ന് പോലീസ് കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തിയതാണ് കേസിന് നിർണ്ണായകമായത്. അങ്ങനെ ആ ദുഃഖസത്യം വെളിവാക്കപ്പെട്ടു. ആ 12 വയസു മാത്രം പ്രായമുള്ള കുരുന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു.

കിടപ്പുമുറിയിലെ ജനൽ പടിയിൽ കുറ്റവാളിയായ ഹോർവാത്തിൻ്റെ വിരലടയാളം കണ്ടെത്തിയതിനെ തുടർന്ന് പ്രതി രണ്ടാം നിലയിൽ കയറാൻ ഉപയോഗിച്ച ഗോവണിയും പോലീസ് കണ്ടെത്തി. ആദ്യം ഗോവണി ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയത് അയാൾ നിഷേധിച്ചു. പക്ഷേ തെളിവുകൾ അയാൾക്ക് എതിരായിരുന്നു. ഈ കേസ് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ഓഫീസർ പറഞ്ഞു. ദു:സ്വപ്നം പോലെ ഒരു കേസ് എന്നാണ് പോലീസ് അന്വേഷണത്തെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ ക്രൂരനായ ലൈംഗിക കുറ്റവാളി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് ഓഫീസർ ബസ് ഫീൽഡ് പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ച പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നി (54)യ്ക്ക് അന്ത്യയാത്രയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നടക്കുക. ബീനയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളടക്കം നൂറുകണക്കിന് പേരാണ് ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പാര്‍ക്ക് ആന്റ് റൈഡ് ബിഷപ്പ്ഡൗണില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 23-ാം തീയതി രാത്രിയാണ് സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് ബീന വിന്നി മരണത്തിനു കീഴടങ്ങിയത്. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ആയിരുന്നു.

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു.

റോസ്‌മോള്‍ വിന്നി, റിച്ചാര്‍ഡ് വിന്നി എന്നിവര്‍ മക്കളും വിന്നി ജോണ്‍ ഭര്‍ത്താവുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസ ജീവിതത്തിലെ ഏറ്റവും ദുരിത പൂർണ്ണമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയ ഒരു യുകെ മലയാളിയുടെ ജീവിതമാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമർപ്പിക്കുന്നത്. വെസ്റ്റ് യോർക്ക് ഷെയറിലെ വേക്ക്ഫീൽഡിൽ താമസിച്ചിരുന്ന രാജീവ് സദാശിവൻ പുതുവർഷ പുലരിയുടെ തലേന്നാണ് ആകസ്മികമായി മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് വേക്ക്ഫീൽഡിലെ ക്രോഫ്റ്റണിലെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്.

കടുത്ത ക്രിക്കറ്റ് പ്രേമിയും കളിക്കാരനുമായിരുന്ന രാജീവ് വേക്ക്ഫീൽഡിലെ ഓൾഡ് ഷാൾസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ നീണ്ടകാലത്തെ യുകെ ജീവിതത്തിൽ നല്ലൊരു സൗഹൃദബന്ധം രാജീവിന് ഉണ്ടായിരുന്നു.

പക്ഷേ പ്രവാസ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ജീവിതാവസ്ഥയിലൂടെയായിരുന്നു രാജീവ് കടന്നു പോയി കൊണ്ടിരുന്നത്. ഏകദേശം 12 വർഷം മുമ്പാണ് രാജീവ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാൽ 12 വർഷം മുമ്പ് യുകെയിലെത്തിയതിനു ശേഷം രാജീവിന് തൻറെ ഭാര്യയെയും രണ്ടു മക്കളെയും മാതാപിതാക്കളെയും മരണം വരെ സന്ദർശിക്കുവാൻ സാധിച്ചിരുന്നില്ല . സ്വന്തം മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കും ഒരു നല്ല ജീവിതം നൽകാൻ ഒറ്റപ്പെടലിന്റെ വേദനകൾ കടിച്ചമർത്തി രാജീവ് കഠിനാധ്വാനം ചെയ്യുകയായിരുന്നു. പക്ഷേ ഒരു പുനർ സമാഗമത്തിന്റെ സന്തോഷത്തിലേയ്ക്ക് ഇനി ആ കുടുംബത്തിന് തിരിച്ചെത്താൻ വിധിയുടെ വിളയാട്ടത്തിൽ സാധിക്കില്ല.

ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ രാജീവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ മലയാളം യുകെ ന്യൂസ് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾക്ക് മുൻകൈയെടുത്തത് യുകെയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷനും യുണൈറ്റഡ് കിങ്ഡവും  വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുമാണ്. രാജീവിന്റെ കുടുംബത്തെ സഹായിക്കാനായിട്ടുള്ള ധനസമാഹാരത്തിന് നേതൃത്വം നൽകുന്നത് വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനും ലീഡ്സ് പ്രീമിയർ ലീഗും രാജീവിന്റെ സുഹൃത്തുക്കളും ചേർന്നാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രാജീവിന്റെ കുടുംബത്തെ സഹായിക്കാനുള്ള നമ്മുടെ ഉദാരമായ സംഭാവനകൾ നൽകാം.

ബ്രിസ്റ്റോളിൽ കൗമാരക്കാരായ രണ്ടു കുട്ടികൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ശനിയാഴ്‌ച പതിനൊന്നരയോടെ ആണ് പതിനഞ്ചും പതിനാറും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ ഒരു സംഘം അക്രമികളുടെ കുത്തേറ്റു ദാരുണമായി മരണമടഞ്ഞത്. ബ്രിസ്റ്റോൾ ഇൽമിൻസ്റ്റർ അവന്യുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടികളെ കാറിലെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിലെ യാത്രക്കാരുടെ കണ്മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്.

കുട്ടികളെ പലപ്രാവശ്യം കുത്തിയ ശേഷം അക്രമി സംഘം കാറിൽ തന്നെ കടന്നു കളയുകയായിരുന്നു. ദൃക്‌സാക്ഷികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കൽ ടീമും ഇരുവരെയും ഉടൻ തന്നെ ബ്രിസ്റ്റോളിലെ സൗത്ത് മേഡ് ഹോസ്പിറ്റലിലും റോയൽ ഇൻഫെർമറി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15) എന്നീ കുട്ടികളാണ് മരണമടഞ്ഞത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

 

കൊലപാതകത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 44 വയസ്സുള്ള ഒരു മധ്യവയസ്കനെയും പതിനഞ്ച് വയസ്സുള്ള ഒരു കൗമാരക്കാരനെയുമാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് കത്തികുത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അറിയിച്ച സോമർസെറ്റ് പോലീസ് ഇത് സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികളും കൂടുതൽ തെളിവുകളും ശേഖരിക്കുകയാണെന്ന്പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് പോലീസ് നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി ശിക്ഷാകാലമായ രണ്ട് വർഷത്തിൽ 12 മാസം കുട്ടി കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് കുറഞ്ഞ പ്രായം ആണുണ്ടായിരുന്നത് എന്നതും പ്രതി താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്. എന്നാൽ പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ആരോപിച്ച് ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെറാൾഡ് നെറ്റോയുടെ മകൾ ജെന്നിഫർ ആരോപിച്ചു.

പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ജെന്നിഫർ ഇപ്പോൾ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിൻറെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.

ജെറാൾഡ് നെറ്റോയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്ന് ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത് എന്നും നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്നും അയാൾ മരിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു എന്നതും കണക്കിലെടുത്തതാണ് ശിക്ഷ വിധിക്കുന്നത് എന്ന് ജഡ്ജി സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിക്കുകയും അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുകായും അയാളുടെ പാൻറ് വലിച്ച് ഊരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്ത് വീണ നെറ്റോയുടെ ശരീരത്തിൽ ചാടി ചവിട്ടിയ ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി പോകുന്നതായും സിസി ടിവിയിൽ ഉണ്ട്. ഇതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് വിളിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ നെറ്റോയുടെ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാകുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിലും മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി സേവനം ചെയ്യുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ ലോകം വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച്, അവയെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങളും പരിണമിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ഒരു ചുവടുവെപ്പാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്ട് 2023 എന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയും കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഈ ആക്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിൽ തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യമുള്ള പത്താം സെക്ഷൻ 2024 ജനുവരി 31 മുതലാണ് നിലവിൽ വരുന്നത്. ഈ സെക്ഷനിൽ, സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ പ്രവർത്തികൾ എപ്പോൾ കുറ്റകൃത്യമായി മാറുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ മറ്റൊരു വ്യക്തിയെ ഏതെങ്കിലും തരത്തിൽ പരിഹസിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള മാർഗമായി സ്വീകരിക്കുന്നവർക്കെല്ലാം തന്നെ ഒരു മുന്നറിയിപ്പാണ് ഈ ആക്ട് നൽകുന്നത്.

യാതൊരു ന്യായീകരണവും ഇല്ലാതെ, പൂർണ്ണമായും തെറ്റായ സന്ദേശങ്ങൾ മറ്റൊരാളെ മാനസികമായും ശാരീരികമായും തളർത്തുന്നതിന് “അയക്കുന്നത് ” ഒരു ക്രിമിനൽ കുറ്റമായി ഈ ആക്ടിലൂടെ മാറിയിരിക്കുകയാണ്. ഇത് ടെക്സ്റ്റ് മെസ്സേജ്, ഓഡിയോ, വീഡിയോ തുടങ്ങി ഏത് തരത്തിലുള്ള സന്ദേശങ്ങളും ആകാം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങൾക്ക് അവർ പോലീസിൽ പരാതിപ്പെട്ടാൽ, സന്ദേശം അയച്ച ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനുള്ള അനുവാദമാണ് ഈ ആക്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ ശാരീരിക വൈകല്യമുള്ള വരെയോ രോഗങ്ങൾ ബാധിച്ചിരിക്കുന്നവരെയോ മനപ്പൂർവമായി ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും അവർക്ക് അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്.

ഇതോടൊപ്പം തന്നെ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. മറ്റൊരാളെ സ്വയം ഉപദ്രവിക്കുവാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ടിന്റെ സെക്ഷനുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെല്ലാം തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ജയിൽ ശിക്ഷ വരെ കുറ്റവാളിക്ക് ലഭിക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, മലയാളി സമൂഹം പ്രത്യേകമായും ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും മറ്റുമുള്ള അവസരങ്ങളായി ഉപയോഗിക്കാതിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറെ നാളായി പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. മഹാമാരിയും ഉക്രൈൻ റഷ്യ സംഘർഷവും വിവിധ മേഖലകളിൽ തുടർച്ചയായി നടന്ന സമരപരമ്പരകളും രാജ്യത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ശരിക്കും ഇരുട്ടടിയായത് സാധാരണക്കാർക്കാണ്. ഇവയ്ക്കെല്ലാമൊപ്പം ചില ബ്രെക്സിറ്റ് നിയമങ്ങൾ കാരണം വീണ്ടും പല സാധനങ്ങളുടെയും വില കുതിച്ചുയരും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് .

രാജ്യത്തെ ജൈവ സുരക്ഷയെ സംരക്ഷിക്കാനായി ബ്രെക്സിറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങളാണ് അധിക ചിലവിന് കാരണമാകുന്നത്. അപകട സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന മത്സ്യ മാംസ സസ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മൂലം പല മേഖലകളിലും വില കുതിച്ചുയർന്നേക്കാം . പുതിയ ബ്രെക്സിറ്റ് അതിർത്തി നിയന്ത്രണങ്ങൾ മൂലം ബ്രിട്ടീഷ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 500 മില്യണിലധികം അധിക ചിലവും കാലതാമസവും ഉണ്ടാകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന ഏകദേശ കണക്കുകൾ . പൂക്കളും ചീസും, പാലുൽപന്നങ്ങളും, ശീതികരിച്ച മത്സ്യമാംസം എന്നിവ എല്ലാമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജനുവരി 31 മുതൽ ഓരോ ഷിപ്പ്‌മെൻ്റിനും മൃഗങ്ങളുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഒരു പ്രാദേശിക മൃഗഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഏപ്രിൽ 30 മുതൽ ഷിപ്പ്‌മെൻ്റുകൾ ബ്രിട്ടീഷ് അതിർത്തിയിൽ പരിശോധനകൾക്ക് വിധേയമായിരിക്കും.

പുതിയ നിയന്ത്രണങ്ങൾ മൂലം 330 മില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. തെറ്റായ പേപ്പർ വർക്കുകൾ മൂലം ചരക്കു നീക്കത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് വിതരണ ശൃംഖലയെ ആകെ താളം തെറ്റിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ കർശന പരിശോധനകൾ നടത്തുമ്പോഴും യുകെയിൽ ഈ പരിശോധനകൾ ആവർത്തിക്കുന്നത് അനാവശ്യമാണെന്നുമാണ് യൂറോപ്യൻ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും പറയുന്നത്. യുകെയിലെ പച്ചക്കറി ഇറക്കുമതിയുടെ 80 ശതമാനവും പഴങ്ങളുടെ 40 ശതമാനവും യൂറോപ്പിൽ നിന്നാണ് .

ന്യൂസ് ടീം, മലയാളം യുകെ

മാഡ്രിഡ്, സ്‌പെയ്ൻ : കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ മലയാളി വിദ്യാർത്ഥി ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചാണ് തിരികെ എത്തിയത്. നിർദ്ദോഷമായ ഒരു തമാശ സ്നാപ്പ് ചാറ്റിൽ കൂട്ടുകാരോട് ചാറ്റ് ചെയ്തതാണ് ബാത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ആദിത്യ വർമയെ നിയമക്കുരുക്കിൽ പെടുത്തിയത്.2022 ജൂലൈ മൂന്നാം തീയതി കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ് ആദിത്യ വർമയെ രണ്ടു വർഷത്തോളം നീണ്ട നിയമക്കുരുക്കിലേക്കും മാനസിക സംഘർഷങ്ങളിലേക്കും തള്ളി വിട്ടത്.

ലണ്ടനിൽ നിന്നും സ്‌പെയിനിലെ മെനോർക്കയിലേക്ക് ആയിരുന്നു ഈസി ജെറ്റ് വിമാനത്തിൽ ആദിത്യയും കൂട്ടുകാരും യാത്ര ചെയ്തത്. വിമാനം കാത്ത് ലണ്ടൻ എയർപോർട്ടിൽ ഇരുന്ന സമയത്ത് ആദിത്യ ഉപയോഗിച്ചത് എയർപോർട്ടിലെ സൗജന്യ വൈഫൈ ആയിരുന്നു. എയർപോർട്ടിലെ കാത്തിരിപ്പിന്റെ വിരസത മാറ്റുന്നതിനായി സ്നാപ്പ് ചാറ്റ് ഉപയോഗിച്ച് ആദിത്യൻ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് തമാശക്ക് ‘ഞാനീ വിമാനം തകർക്കാൻ പോകുന്നു, ഞാൻ ഒരു താലിബാൻ അംഗമാണ്’ എന്ന് ആദിത്യൻ ചാറ്റ് ചെയ്തത്. വിമാനം പുറപ്പെട്ട് അൽപ്പസമയത്തിനകം തന്നെ എയർപോർട്ട് സെക്യൂരിറ്റി സംവിധാനങ്ങൾ ‘താലിബാൻ’ എന്ന അപകടകരമായ വാക്ക് കണ്ടെത്തുകയും അപായ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ ഏജൻസികൾ അപകടം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. ഇതിനകം ഫ്രാൻസിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്ന വിമാനത്തെ ഒരു യൂറോഫൈറ്റർ യുദ്ധവിമാനം അകമ്പടി സേവിക്കുകയും സ്‌പെയിനിലെ എയർപോർട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തിക്കുകയും ചെയ്തു.

വിമാനത്തെയും യാത്രക്കാരെയും ഐസൊലേറ്റ് ചെയ്ത അധികൃതർ സായുധ പോലീസിന്റെ അകമ്പടിയോടെ വിമാനത്തിനുള്ളിൽ പ്രവേശിക്കുകയും ആദിത്യനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിലധികം കസ്റ്റഡിയിൽ സൂക്ഷിച്ച ആദിത്യനെ മൂന്നാം ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്. യുദ്ധവിമാനത്തിന്റെ ഉൾപ്പെടെ അധികൃതർക്ക് വന്ന ചെലവുകൾ എല്ലാം കൂടി ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യമായിരുന്നു അധികൃതർ കോടതിയിൽ ഉന്നയിച്ചത്. തുടർന്ന് ഏകദേശം ഒമ്പതിനായിരം പൗണ്ടിന്റെ ജാമ്യത്തിൽ എപ്പോൾ ആവശ്യപ്പെട്ടാലും സ്‌പെയിനിലെ കോടതിയിൽ ഹാജരാകണം എന്ന നിബന്ധനയിൽ ആദിത്യന് ജാമ്യം ലഭിച്ചു.

തുടർന്ന് രണ്ടു വർഷത്തോളം നീണ്ടു നിന്ന നിയമനടപടികൾക്ക് കഴിഞ്ഞ ദിവസമാണ് അവസാനം ഉണ്ടായത്. ഈ ജനുവരി ഇരുപത്തിരണ്ടിനു വന്ന അന്തിമ വിധിയിൽ ജഡ്ജി ആദിത്യനെ ശിക്ഷ ഒന്നും നൽകാതെ വിട്ടയയ്ക്കുക ആയിരുന്നു. സ്‌പെയിനിലെ സെൻട്രൽ ക്രിമിനൽ കോർട്ട് ജഡ്ജ് ജോസ് മാനുവൽ ഫെർണാണ്ടസ് ആണ് വിധി പ്രസ്താവിച്ചത്. ആദിത്യന്റെ ചാറ്റ് ഒരു കുറ്റകൃത്യം ചെയ്യണമെന്നോ സെക്യൂരിറ്റി സംവിധാനങ്ങളെ ഭീഷണിപ്പെടുത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ആയിരുന്നില്ല എന്ന് കണ്ടെത്തിയ ജഡ്ജി ഇതിനെ നിർദ്ദോഷമായ ഒരു തമാശ ആയിരുന്നു എന്നാണ് വിധിന്യായത്തിൽ പ്രസ്താവിച്ചത്. തീർത്തും സ്വകാര്യമായ ഒരു ചാറ്റിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന തരത്തിൽ ആയിരുന്നു കമന്റ് എന്നതിനാൽ ഇതിൽ ദുരുദ്ദേശപരമായ യാതൊന്നും ഇല്ല എന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾക്ക് ഇതൊരു പ്രൈവറ്റ് ചാറ്റ് ആണെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയത് കൊണ്ട് ഉണ്ടായ നഷ്ടങ്ങൾക്ക് ആദിത്യൻ ഉത്തരവാദി അല്ലായെന്നതിനാലാണ് നഷ്ടപരിഹാരം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയത്. മെസേജ് അയച്ച ആളല്ല മറിച്ച് ഈ സ്വകാര്യ ചാറ്റ് പുറത്ത് കൊണ്ട് വന്ന ആളാണ് ഇത് മൂലമായുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി എന്നും ജഡ്ജി വിധിയിൽ പറഞ്ഞു.
ഒരു നിമിഷത്തെ മണ്ടത്തരം ആയിരുന്നു തന്റെ ഈ ചാറ്റ് എന്നും താൻ അതിൽ അതിയായി പശ്ചാത്തപിക്കുന്നു എന്നുമാണ് ഇത് സംബന്ധിച്ച് ആദിത്യ വർമ്മ നടത്തിയ പ്രതികരണം. ഇത് വെറുമൊരു തമാശ ആയിരുന്നുവെന്നും തന്റെ കൂട്ടുകാരുടെ ഉൾപ്പെടെ ഹോളിഡേ ട്രിപ്പ് നശിപ്പിച്ചതിലും സെക്യൂരിറ്റി സംവിധാനങ്ങളെ ബുദ്ധിമുട്ടിച്ചതിലും താൻ മാപ്പ് പറയുന്നു എന്നും ആദിത്യ പറഞ്ഞു.

സംഭവം നടക്കുമ്പോൾ കെന്റിലെ സെന്റ് ഒലാവ്സ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന ആദിത്യ വർമ്മ ഇപ്പോൾ ബാത്ത് യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയാണ്. വളരെ മിടുക്കനും ചെസ് ചാമ്പ്യനും ഒക്കെ ആയ ആദിത്യന് നിയമ പോരാട്ടത്തിന്റെ സമയത്ത് മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഒക്കെ മികച്ച പിന്തുണ ആയിരുന്നു ലഭിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചുവെന്നും ഇനി ഒരിക്കലും ഇത്തരം നിസ്സാര തമാശകൾ തന്നിൽ നിന്ന് ഉണ്ടാവില്ലെന്നും ആദിത്യൻ പറഞ്ഞു.

നമ്മൾ ചെയ്യുന്നതും പറയുന്നതുമായ എല്ലാ കാര്യങ്ങളുടെയും പരിണിതഫലം നാം അനുഭവിക്കേണ്ടി വരുമെന്ന കാര്യം ആരും മറക്കരുത് എന്നും ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമാശയ്ക്ക് പോലും ഉപയോഗിക്കാതെ ഇരിക്കാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും ഈ കേസുമായി ബന്ധപ്പെട്ട സ്പാനിഷ് പോലീസ് ഓഫീസർ ജുവാൻ ലിനൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വിടുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബലാൽസംഗവും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും മറ്റും ഒഴിവാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി കാണിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2010 മുതൽ മൊത്തം കുറ്റകൃത്യങ്ങൾ പകുതിയായി കുറഞ്ഞതായാണ് കാണിക്കുന്നത്.


എന്നാൽ ഈ കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളും ഒഴിവാക്കുന്നതാണ് ഇതിന് കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഒ എൻ എസിന്റെ വാദം. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഒഴിവാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി മറയ്ക്കുവാൻ മനഃപൂർവ്വം സ്വീകരിക്കുന്ന നടപടിയാണെന്നാണ് വിമർശകർ പറയുന്നത്.

പലപ്പോഴും ഗാർഹിക പീഡനങ്ങളും മറ്റും റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സിലെ ഹെലൻ റോസ് പറഞ്ഞു. പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണം, കവർച്ച, ക്രിമിനൽ നാശനഷ്ടങ്ങൾ എന്നിവ മാത്രമേ കണക്കുകളിൽ കാണുകയുള്ളൂ . 2023ലെ കണക്കുകൾ പ്രകാരം 16 നും 59 നും ഇടയിൽ പ്രായമുള്ള 4 % സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. 2014 – മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved