UK

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗികളെ ഉപദ്രവിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എൻഎച്ച് എസ് ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരേ ആശുപത്രിയിൽ നിന്ന് തന്നെ ഇത്രയധികം ജീവനക്കാർക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാർ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്. സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ ഡോക്ടർമാർ, നേഴ്സുമാർ, ഹെൽത്ത് കെയർ അനസ്തേഷ്യന്മാർ, നോൺ ക്ലിനിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റർ ചെയ്ത പ്രൊഫഷനലുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ഹോസ്പിറ്റൽ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാർ ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ രോഗികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ നോട്ടിംഗ് ഹാം ഷെയർ ഹെൽത്ത് കെയർ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു

സാലിസ്ബറി: സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോണിന്റെ ഭാര്യ ബീന വിന്നിയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷൻ അംഗവും കൂടിയാണ് . സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന വിന്നി സാലീസ്ബറിയിലെ മതാധ്യാപക കൂടിയായിരുന്നു

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിലൊരാളായ ബീന വിന്നി ഏവർക്കും ചിരപരിചിതയായിരുന്നു. വിന്നി ബീന ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും മക്കളാണ്. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി.

ബീന വിന്നിയുടെ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒന്നൊഴിയാതെ വരുന്ന കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യുകെ. ഇഷ കൊടുങ്കാറ്റ് നാശംവിതച്ച് രണ്ടുപേർ മരിച്ചതിന് പിന്നാലെ പുതിയ കൊടുങ്കാറ്റ് യുകെയിലെത്തുന്നു. ജോസെലിൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് യുകെയിൽ 76 മൈൽ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവ്വാഴ്ച യുകെയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഇന്ന് കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതപ്പെടുന്നത്. വെൽഷ് ഗ്രാമമായ അബർഡറോണിൽ ഇതുവരെ 76 മൈൽ വേഗതയിൽ ശക്തിയേറിയ കാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ. സ്കോട്ട് ലൻഡിലെ പലസ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് വീടുകളിൽ പവർകട്ട് ബാധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ചില ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് . ഇന്ന് പുലർച്ചെയാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രാത്രി മുഴുവൻ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട് . ജോസെലിൻ കൊടുങ്കാറ്റ് വീശുന്നതിനാൽ കൂടുതൽ പവർകട്ടുകൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് എൻ എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. യുകെയിൽ ആദ്യമായി സോമർ സെറ്റിലാണ് രോഗികൾക്ക് പുതിയ ഗുളിക നൽകിയത്. എൻഎച്ച്എസ്സിന്റെ ഭാഗമായി ആദ്യമായി ഈ പുതിയ ചികിത്സ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സോമർ സെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പ്രൊഫ. റിച്ചാർഡ് വെൽബോൺ പറഞ്ഞു.

ടൗണ്ടണിലെ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റലിൽ രണ്ട് രോഗികൾക്കാണ് ആദ്യമായി മരുന്ന് നൽകിയത്. മറ്റ് മൂന്ന് രോഗികൾക്ക് കൂടി ഫെബ്രുവരി ആദ്യം ചികിത്സ ലഭ്യമാക്കും. ഒരു ഡസനോളം മറ്റ് രോഗികൾക്കും ചികിത്സയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 4000 പൗണ്ട് ചിലവ് വരുന്ന ചികിത്സയാണ് ഇത്.

 

രോഗികൾക്ക് ഗ്യാസ്ട്രിക് ബലൂൺ അടങ്ങിയ ഗുളികകൾ നൽകിയതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുന്നതാണ് ചികിത്സാരീതി. ചികിത്സ ലഭിക്കുന്നവർക്ക് കൂടുതൽ നേരം വയറ് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതു കൊണ്ട് അവർ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ. 15 മിനിറ്റ് സമയം കൊണ്ട് ചികിത്സ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് (നൈസ് ) ഈ ചികിത്സാ രീതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലിവർപൂളിൽ താമസിക്കുന്ന ബോബി ഉമ്മൻ്റെ അമ്മ അന്നമ്മ ആൻറണി ( 79) നിര്യാതയായി. ലിവർപൂളിൽ വച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

അന്നമ്മ ആൻറണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും രീതിയിൽ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവർമാർ ഉടൻ തന്നെ ഡ്രൈവർ ആൻ്റ് വെഹിക്കിൾ ലൈസൻസി ഏജൻസിയെ അറിയിക്കണം. പ്രായമായവർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളിൽ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവർ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള റിപ്പോർട്ടുകളെ തുടർന്നാണിത് . നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ വാഹനം ഓടിക്കുന്നവർ 20 മീറ്റർ അകലത്തിൽ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ കെയർ മേഖലയിൽ മോഡേൺ സ്ലേവറി ദിനംപ്രതി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി മന്ത്രിമാർ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കെയർ ഹോമുകളിലും വീടുകളിലുമായി ജോലി ചെയ്യുന്ന 800 ലധികം പേർ ഇതിന് ഇരകളാണ്. ഗവൺമെന്റിന്റെ വിസ സ്കീമിന് മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ പത്തിരട്ടിയാണിത്.  ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.   കഴിഞ്ഞദിവസം ഹോം ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കെയർഹോം പൂട്ടിയ സാഹചര്യത്തിൽ 32 മലയാളി നേഴ്സുമാർക്ക് ജോലി നഷ്ടമായത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല തൊഴിലാളികളും ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. പലർക്കും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു ചിലർ വിസ സംബന്ധമായ കാര്യങ്ങൾക്കായി ഏജന്റുമാർക്ക് അമിത ഫീസ് നൽകേണ്ടി വന്നതായി പറയുന്നു. യുകെയിലുടനീളം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. വാർത്ത പുറത്ത് വന്നതോടെ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കെയർ സ്ഥാപനങ്ങളിലും കൗൺസിലുകളിലും എൻഎച്ച്എസ് കർശനമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു.

അഡൾട്ട് സോഷ്യൽ കെയർ സെന്ററുകളിൽ തൊഴിലാളികളുടെ ചൂഷണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും കൂടുതലും വിദേശത്ത് നിന്ന് യുകെയിലേക്ക് ഹ്രസ്വകാല വിസയിൽ വരുന്നവരാണ് ഇതിന് ഇരയാകുന്നതെന്നും ആന്റി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. തങ്ങളുടെ ഹെൽപ്പ് ലൈനിലേയ്ക്കുള്ള കോളുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം മോഡേൺ സ്ലേവറിക്ക് 800 ൽ അധികം പേർ ഇരകളായതായി ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള ആന്റി-സ്ലേവറി ചാരിറ്റിയായ അൺസീൻ പറയുന്നു.

മലയാളികളുടെ നേതൃത്വത്തിൽ പുതിയ ഒരു സംരംഭം സൗത്ത് എൻഡ് ഓൺ സീയിൽ ആരംഭിച്ചിരിക്കുന്നു. മൂൺലൈറ്റ് ബാറും റെസ്റ്റോറന്റും ആരംഭിച്ചിരിക്കുന്നത് സൗത്ത് എൻഡ് ഓൺ സീ ബീച്ചിന് അടുത്താണ്‌.

രൂചികരമായ ഇന്തോ ചൈനീസ്, സൗത്ത് ഇന്ത്യ, കേരള ഭക്ഷണത്തിന് പുറമെ മനോഹരവും വിശാലവുമായ ഇൻറീരിയർ , പരിശീലനം സിദ്ധിച്ച ജീവനക്കാർ, കൂടാതെ അമ്മയുടെ കൈപ്പുണ്യവും ഒത്തുചേർന്നാൽ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.

പാശ്ചാത്യരുടെ ശൈലികൾക്ക് ഒപ്പം തന്നെ എന്ത് വിഭവങ്ങളും ആവശ്യമനുസരിച്ചു വിഭവ സമൃദ്ധമായി മുന്നിലെത്തിക്കുക എന്നതാണ് ഈ  റസ്റ്റോറന്റി ന്റെ പ്രത്യേകത. സൗത്ത് എൻഡ് ഓൺ സീയിലെ താമസക്കാർക്ക് മാത്രമല്ല വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടേക്ക് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം തേടി  ഇനി  എവിടെയും പോകേണ്ടതില്ല.

സൗത്ത് എൻഡ് ഓൺ സീ, അതിലെ തന്നെ തെംസ് അഴിമുഖത്തേക്ക് ഏതാണ്ട് 1.33 മൈൽ നീണ്ടുകിടക്കുന്ന അമൂല്യവും ചരിത്രപരവുമായ ഒരു സ്ഥലമാണ് സൗത്ത് എൻഡ് പിയർ . ഇതിനോട് തന്നെ ചേർന്ന് നിൽക്കുന്ന അഡ്വഞ്ചർ ഐലൻഡ് കുട്ടികളെ ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല . ഇവയെല്ലാം സന്ദർശിക്കാൻ എത്തുന്ന വർക്ക് വിശ്വസ്തമായ ഒരു ഭക്ഷണ കേന്ദ്രമാണ് മൂൺലൈറ്റ് ബാർ ആൻറ് റെസ്റ്റോറന്റ് .

Address

13-17 Alexandra street
SS11BX
South End on Sea

റോമി കുര്യാക്കോസ്

ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്‌ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്‌ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ്‌ പാർട്ടിക്കും രേവന്ത് റെഡ്‌ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു.

യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ്‌ ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്‌ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്‌. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന്‌ കോൺഗ്രസ്‌ പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോടോ യാത്ര’യിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോടോ ന്യായ് യാത്ര’യിൽ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാനും ആഹ്വനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തിൽ, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ആസൂത്രണ ഘട്ടം മുതൽ യാതൊരു പഴുതുകൾക്കും ഇടനൽകാത്ത വിധം രജിസ്‌ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ കേരള സമൂഹം നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.

ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകികൊണ്ട് മുൻ നിരകളിൽ സംഘാടകർ ഇരിപ്പിടം ഒരുക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved