UK

യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.

നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.

ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.

മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.

650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാഴ്ചയായി കാണാതായ ബ്രിട്ടീഷ് ബാലൻ ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നു. 19 വയസ്സുകാരനായ ജെയ് സ്ലേറ്ററിനെ കുറിച്ചുള്ള അവസാന വിവരങ്ങൾ ലഭിക്കുന്നത് ജൂൺ 17 -ന് രാവിലെയാണ്. ഫോണിൽ ബാറ്ററി ചാർജ് തീരാറായതായും തനിക്ക് കുടിവെള്ളം ആവശ്യമുണ്ടെന്നും അവൻ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു.


സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുമെന്ന് അറിയിച്ചു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന് ജെയ് സ്ലേറ്ററിന്റെ സുഹൃത്ത് ബ്രാഡ് ഹാർഗ്രീവിൻ്റെ അമ്മ റേച്ചൽ ഹാർഗ്രീവ്സ് ബിബിസിയോട് പറഞ്ഞു. തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ബ്രിട്ടീഷ് യുവാവിനെ കാണാതായതിൻ്റെ കേസ് അവസാനിപ്പിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.

ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.ബ്രിട്ടനിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ജെയ് സ്ലേറ്ററിന്റെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചത്.

റോമി കുര്യാക്കോസ്

ബോൾട്ടൻ: യു കെയിൽ അടുത്ത അഞ്ചു വർഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോൾട്ടൻ. ജൂലൈ 4 – ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ശ്രീ. ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോൾ വാർത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബോൾട്ടനിലെ ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ നിന്നും ‘ഗ്രീൻ പാർട്ടി’യുടെ സ്ഥാനാർഥിയായാണ് ശ്രീ. ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി – പാരസ്ഥിതിക പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമാണ് ശ്രീ. ഫിലിപ്പ്. പ്രവർത്തന രംഗങ്ങളിൽ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരം കൂടിയാണ് ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം.

തിരുവല്ലയിലെ തിരുമൂലപുരം ഐരൂപ്പറമ്പിൽ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വർഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 – ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടർന്നു യു കെയിൽ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച ശ്രീമതി. അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹൻ എന്നിവരാണ് മക്കൾ.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള കർമമേഖലയിൽ പ്രവർത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ശ്രീ. ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തിൽ ബോൾട്ടൻ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ സഹായകമായിട്ടുണ്ട്. കക്ഷി – രാഷ്ട്രീയ – ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.

ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റ് കൂടിയായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നൽകികൊണ്ടും പ്രചാരണങ്ങളിൽ കരുത്തുമായി ബോൾട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.

ഇരു പാർട്ടി ഭരണ സംവിധാനത്തോട് യു കെയിലെ ജനങ്ങളിൽ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവർത്തനം ഉൾക്കൊള്ളിച്ചു കൊണ്ടു ഗ്രീൻ പാർട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളിൽ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാർഥി എന്ന ലേബലും, ബോൾട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നൽകി വരുന്ന പിന്തുണയും ചേരുമ്പോൾ, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉന്നത ഉദ്യോഗസ്ഥൻ തടവുകാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു . സംഭവത്തിനോട് അനുബന്ധിച്ച് ഒരു യുവതി അറസ്റ്റിലായി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു . വാൻഡ്സ്വർത്ത് ജയിലിനുള്ളിലാണ് ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നത്.

വീഡിയോ പുറത്തു വന്നതിനു ശേഷം വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെട്രോ പോളിറ്റൻ പോലീസ് പറഞ്ഞിരുന്നു. ദൃശ്യങ്ങളുടെ തുടക്കത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പൂർണമായ യൂണിഫോമിലാണ് വീഡിയോയിലുള്ളത്. ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ജയിൽ ഓഫീസിൽ മോശമായി പെരുമാറിയെന്ന കുറ്റം ആരോപിച്ചാണ് യുവതി അറസ്റ്റിൽ ആയിരിക്കുന്നത്. അറസ്റ്റിലായ യുവതിയും പുറത്തു വന്നിരിക്കുന്ന വീഡിയോയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വീഡിയോ ചിത്രീകരിച്ചതാരെന്നോ, സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചത് ആരെയൊക്കെയാണ് എന്നീ കാര്യങ്ങളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ജയിൽ വാച്ചർ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്കിൻ യുകെയിലെ ജയിലുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി രണ്ട് മാസത്തിനുള്ളിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത് . ബ്രിട്ടനിലെ ജയിലുകളിൽ അടുത്തിടെ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ജയിൽ ചീഫ് ഇൻസ്‌പെക്ടർ ചാർലി ടെയ്‌ലർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനിരുന്ന പുകവലി നിരോധനം നടപ്പിൽ വരാത്തതിന് ഉത്തരവാദി ആരാണ്. പുകയില നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് പ്രമുഖ പത്രമായ ഗാർഡിയൻ പുറത്തുവിട്ടു. ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത് പ്രമുഖ ടുബാക്കോ കമ്പനികളുടെ സർക്കാരിന്റെ മേലുള്ള സമ്മർദ്ദമാണ്.

2009 -ന് ശേഷം ജനിച്ച ആർക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഈ നിയമം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുത്തില്ലെന്നതാണ് വിമർശനം ഋഷി സുനക് സർക്കാരിനെതിരെ നീങ്ങാൻ കാരണമായിരിക്കുന്നത്. നിയമപരമായ ഭീഷണികൾ, ലോബിയിംഗ്, കൺസർവേറ്റീവ് എംപിമാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ കമ്പനികൾ ആസൂത്രിതമായി നടപ്പിലാക്കിയതാണ് നിരോധാനത്തിൽ നിന്ന് പിന്നോക്കം പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.


സർക്കാരിന്റെ നയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിന്ന് പിന്നോട്ടടിച്ചതിന് ലോകത്തിലെ ഏറ്റവും വലിയ നാല് പുകയില സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ ഇംപീരിയൽ ബ്രാൻഡുകളും ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയും (BAT), ജപ്പാൻ ടൊബാക്കോ ഇൻ്റർനാഷണൽ (JTI), യുഎസ് ആസ്ഥാനമായ ഫിലിപ്പ് മോറിസ് ഇൻ്റർനാഷണൽ (PMI) . എന്നിവയാണ് ഈ കമ്പനികൾ. നിരോധാനത്തിനെതിരെ ഇംപീരിയലും ബിഎടിയും ഫെബ്രുവരിയിൽ ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസിന് കത്തെഴുതി. യുകെയിൽ വിൽക്കുന്ന പുകയില ഉത്പന്നങ്ങളുടെ പകുതിയും ഉത്പാദിപ്പിക്കുന്നത് ഇംപീരിയൽ ബ്രാൻഡ് ആണ് . നിരോധനം നടപ്പിലാക്കുകയാണ് പുകയില ഉത്പന്നങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കായി എൻഎച്ച്എസ് ചിലവഴിക്കുന്ന കോടിക്കണക്കിന് ഫണ്ടും ആളുകളുടെ ജീവനും രക്ഷിക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവിദഗ്ധർ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാംഷെയർ മലയാളി ഷിബു തോമസ് നാട്ടിൽ നിര്യാതനായി. കലാ ഹാംഷെയറിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കേരളത്തിൽ മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പിൽ കുടുംബാംഗമായ ഷിബു തോമസ് ചേർപ്പുങ്കൽ മാർ സ്ലീബാ മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.

ഷിബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

റെഡിച്ചിലെ മരണമടഞ്ഞ ടിയാനയുടെ സംസ്കാര ശുശ്രൂഷ ജൂൺ 29 ശനിയാഴ്ച. യുകെ മലയാളി ദമ്പതികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ജുവിന്റെയും മകളാണ് ടിയാന. മരണാനന്തരം മകളുടെ അവയവങ്ങൾ ദാനം നൽകിയിരുന്നു ചങ്ങനാശ്ശേരിക്കാരായ ഈ മാതാപിതാക്കൾ.

ടിയാനക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.

ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ശനിയാഴ്ച 9 മണി മുതൽ സംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങൾ ഇവെന്റ്സ് മീഡിയയിലൂടെ ലഭ്യമാകും.10.30 മുതൽ ദേവാലയത്തിലെ ശുശ്രൂഷയും പൊതു ദർശനവും.തുടർന്ന് ഒരുമണിയോടെ സെമിത്തേരിയിൽ അടക്കം ചെയ്യും.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ ന്യൂസ്
യോർക്ഷയറിലെ ഹറോഗേറ്റിൽ പ്രവർത്തിക്കുന്ന യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച റിപ്പണിൽ നടക്കും.

റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഫുഡ് ഫെസ്റ്റ് ആരംഭിക്കും. ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തം ഡോ. സിബു മുകുന്ദൻ ഫ്ലാഗോഫ് ചെയ്യും. സ്ഥിരമായ നടത്തവും മനുഷ്യ ജീവനും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകും.

യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ അകത്തുന്നിന്നും പുറത്തു നിന്നുമായി നൂറ് കണക്കിനാളുകൾ രുചികരമായ ഭക്ഷണം ആസ്വദിക്കാൻ റിപ്പണിൽ എത്തിച്ചേരും. കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളും ഫുഡ് ഫെസ്റ്റിൻ്റെ പ്രധാനയിനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന നിരവധിയായ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവരെ കാത്തിരിക്കുന്നത്. ഫുഡ് ഫെസ്റ്റിലെ ഭക്ഷണങ്ങൾ വളരെ മിതമായ നിരക്കിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകളിൽ നിന്നും ലഭ്യമാണ്.

വളരെ രുചികരമായ ഭക്ഷണത്തോടൊപ്പം ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസും സംഘാടകർ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റും ഫൺ ഗെയിംസും രണ്ട് മണിയോടെ അവസാനിക്കും. തുടർന്ന് നാല് മൈയിൽ ദൈർഘ്യമുള്ള കൂട്ടായ നടത്തം ആരംഭിക്കും.

ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിന് നാല് മൈൽ ദൂരമുണ്ട്. സർക്കുലർ വാക്കാണിത്. തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും. ഏഴ് ബ്രിഡ്ജസ് ക്രോസ് ചെയ്താണ് നടക്കുക. യാത്രയ്ക്കിടയിൽ യൂറോപ്പിൻ്റെ ചരിത്രത്തിലിടം നേടിയ പല ഇൻഫെർമേഷനും അറിയാനുള്ള അവസരവും ഉണ്ട്. കൂടാതെ പണ്ടെങ്ങോ നടന്ന പ്രകൃതി ദുരന്തത്തിൽ കടപുഴകി വീണ ഒരു മരവും കാണാം. വീണു കിടക്കുന്ന മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുകയാണ്. അത്യധികം ആകാംഷയുണർത്തുന്ന ഈ കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാനയിനമാണ്. ഇങ്ങനെ നാണയങ്ങൾ മരത്തിൽ അടിച്ചു കയറ്റിയാൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കും എന്നാണ് ഇവിടുത്തുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ നാണയങ്ങൾ മുതൽ ബ്രട്ടീഷ് രാജകുടുംബത്തിൻ്റെ ആദ്യ തലമുറക്കാരുടെ ചിത്രങ്ങളങ്ങിയ നാണയങ്ങൾ വരെ വീണു കിടക്കുന്ന ഈ മരത്തിലുണ്ട് എന്നത് ബ്രട്ടീഷുകാരുടെ ആഴത്തിലുള്ള വിശ്വാസത്തിൻ്റെ വ്യക്തമായ തെളിവാണ്. കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും മീൻ വളരുന്ന ജലസംഭരിണിയും നാല് മൈൽ നടത്തത്തിനിടയിലെ ആസ്വാദന സുഖമുള്ള കാഴ്ചകളാണ്. നാല് മൈൽ ദൈർഘ്യമുള്ള ചാരിറ്റി വാക്ക് അഞ്ച് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേരും. തുടർന്ന് ചെറിയൊരു ചായ സൽക്കാരത്തോടെ ഫുഡ് ഫെസ്റ്റ് അവസാനിക്കും.

ബിനോയ് അലക്സ് പ്രസിഡൻ്റായ അസ്സോസിയേഷനിൽ സിനി ജയൻ സെക്രട്ടറിയും ജോഷി ജോർജ്ജ് ട്രഷറർ, ഗ്ലാഡിസ് പോൾ ജോയിൻ്റ് സെക്രട്ടറിയും കുരിയൻ പൈലി ജനറൽ കോർഡിനേറ്ററുമാണ്. കൂടാതെ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ഈവൻ്റ് കോർഡിനേറ്ററുമാരായ ടീമാണ് 2024 – 2026 കാലഘട്ടത്തിൽ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ നയിക്കുക.

ഫുഡ് ഫെസ്റ്റിൻ്റെയും നാല് മൈൽ നടത്തത്തിൻ്റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പരിധി മാറ്റാനുള്ള ആവശ്യം ശക്തം. റോഡ് മെഡിക്കൽ, റോഡ് സുരക്ഷാ ഓർഗനൈസേഷനുകളാണ് മദ്യപിച്ച് ഡ്രൈവിംഗ് പരിധി ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയറിന് തുല്യമായി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിലവിലെ നിയമം അനുസരിച്ചുള്ള പരിധി 100 മില്ലി രക്തത്തിന് 80 മില്ലിഗ്രാം ആൽക്കഹോൾ ആണ്. ഇതിൽ യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 1967-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

അടുത്ത സർക്കാരിനോട് നിലവിലെ പരിധിയേക്കാൾ 100 മില്ലി രക്തത്തിന് 50 മില്ലിഗ്രാം ആൽക്കഹോൾ, അല്ലെങ്കിൽ 0.05% ആയി കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. 2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്‌താവന പുറത്ത് വിട്ടത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) റോഡിലെ മരണങ്ങളിൽ ഏകദേശം 20 ശതമാനവും മദ്യപാനം മൂലമാണെന്ന് പറയുന്നു. അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി യോജിച്ച് നിയമപരമായ മദ്യത്തിൻ്റെ പരിധി സർക്കാർ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത ബിഎംഎയിൽ നിന്നുള്ള കാരി റെയ്ഡിംഗർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവർക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാൽ മെയ് മാസത്തിൽ ഇത് 17.8 ആഴ്ചകളായി ഉയർന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തിൽ 20 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്.


24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെൻററുകളുടെ എണ്ണം ഫെബ്രുവരി മാസത്തിൽ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയർന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് 850,000 ടെസ്റ്റുകൾ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാൻ കാരണമായത്.

RECENT POSTS
Copyright © . All rights reserved