UK

ഷിബു മാത്യൂ

യുകെയിലെ സാംസ്കാരിക നഗരമായ ലിവർപൂളിൽ താമസിക്കുന്ന പാലാ കൊല്ലപ്പിള്ളി സ്വദേശി ബിനോയി ജോർജ്ജിനാണ് കള്ളന്മാർ തട്ടിക്കൊണ്ട് പോയ കാർ ഇടിച്ചു പരിക്കേറ്റത്. ബിനോയി മകനുമൊത്ത് സെന്റ് ഹെലൻസിൽ നിന്ന് ലിവർപൂളിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു ലിവർപൂൾ പോലീസ് ചെയ്‌സ് ചെയ്ത കള്ളൻമാരുടെ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ബിനോയി ഓടിച്ചിരുന്ന കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബിനോയിയുടെ കാർ പൂർണ്ണമായും തകർന്നു.

ഫയർ ബ്രിഗേഡ് വന്ന് ബിനോയി ഓടിച്ചിരുന്ന വോൾവോ XC -60 വെട്ടി പൊളിച്ചാണ് ബിനോയിയെയും, മകനെയും പുറത്തിറക്കിയത് . തുടർന്ന് വിസ്റ്റൺ ഹോസ്പിറ്റലിൽ ബിനോയിയെ അഡ്മിറ്റ് ചെയ്തു. ഗുരുതരമായ പരിക്കുകൾ ഇല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

വോൾവോയുടെ കാറിന്റെ ഇൻബിൽറ്റ് ക്വാളിറ്റി വളരെ നല്ലതായത് കൊണ്ട് ബിനോയ്ക്കും, മകനും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപെട്ടു. കാർ മോഷ്ടാക്കളെ ലിവർപൂൾ പോലീസ് അറസ്റ്റ് ചെയ്തു. അര മണിക്കൂറോളം ചെയ്സ് ചെയ്തിട്ടാണ് പോലീസ് ഇവരെ അറസറ്റ് ചെയ്തത്.

2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പ് നോടനുബന്ധിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്‌സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം കരസ്ഥമാക്കിയാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം ഫൈനലിൽ വിജയിച്ചത് (ഫൈനൽ സ്കോർ 43-21). ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശിയായ ആതിര സുനിലും , വൈസ് ക്യാപ്റ്റനായി പ്രസി മോൾ കെ പ്രെനിയുമാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ വിഭാഗത്തെ നയിച്ചത്.

പുരുഷ വിഭാഗത്തിൽ നോട്ടിംഗ് ഹാം റോയൽസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി . ക്യാപ്റ്റൻ ആയി മലപ്പുറം സ്വദേശിയായ മഷൂദും , വൈസ് ക്യാപ്റ്റനായി ഹരികൃഷ്ണനും ആണ് നോട്ടിംഗ് ഹാം റോയൽസിന്റെ പുരുഷ വിഭാഗം ടീമിനെ നയിച്ചത് .

മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസ് ടീം മാനേജർ : രാജു ജോർജ് , കോച്ച് സജി മാത്യു , കോർഡിനേറ്റർ ജിത്തു ജോസഫ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.

ബ്രിട്ടീഷ് എയര്‍വേയ്സിനെതിരെ 52.88 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യാത്രക്കാരന്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ബിസിനസുകാരനായ ആന്‍ഡ്രിയാസ് വുച്‌നര്‍ ആണ് പരാതിക്കാരന്‍. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സൂറിച്ചിലേക്ക് പോകവെ ചെക്ക്-ഇന്‍ കൗണ്ടറിന് സമീപം നിലത്തുണ്ടായിരുന്ന ബെയ്‌ലീസ് ഐറിഷ് ക്രീം എന്ന മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിന് കാരണം വിമാനക്കമ്പനിയുടെ വീഴ്ചയാണെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. 50 ലക്ഷം പൗണ്ട് (ഏകദേശം 52 കോടി 88 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി നിലത്തുവീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം കടുത്ത തലവേദനയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് വുച്‌നര്‍ പറയുന്നു. മസ്തിഷ്‌കത്തിനേറ്റ പരിക്ക് കാരണം ഏകാഗ്രതക്കുറവ്, മറവി എന്നിവ ബാധിച്ചുവെന്നും ഇതുകാരണം ജോലി ചെയ്യാന്‍ കഴിയാതെ തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. എങ്ങനെയാണ് മദ്യം നിലത്തുവീണത് എന്ന് വ്യക്തമല്ല. എന്നാല്‍ മദ്യം വീണ ഭാഗം വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനക്കമ്പനി ആണ് തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദിയെന്ന് യാത്രക്കാരന്‍ പറയുന്നു.

ഇതേ വിഷയത്തില്‍ 2021-ല്‍ ആന്‍ഡ്രിയാസിന് 130,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടനിലെ കോടതി വിധിച്ചിരുന്നു. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള തുടര്‍നിയമനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

അപകടമുണ്ടായ ദിവസത്തെ സംഭവങ്ങള്‍ കൃത്യമായി തന്നെ അദ്ദേഹം ജഡ്ജിയോട് വിശദീകരിച്ചു. ‘സ്റ്റാര്‍ബക്‌സില്‍ നിന്ന് കാപ്പി വാങ്ങിയ ഉടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിലെ ജീവനക്കാരന്‍ എന്നോട് ഉറക്കെ ആക്രോശിച്ചു. ഞാനാണ് വിമാനത്തിലെ അവസാന യാത്രക്കാരനെന്നും അതിനാല്‍ വേഗം വിമാനത്തിലേക്ക് പോകണമെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. ഉടന്‍ ഞാന്‍ ബോര്‍ഡിങ് ഗെയ്റ്റിലേക്ക് കുതിച്ചു. എന്റെ കയ്യില്‍ നാല് കാപ്പിയുണ്ടായിരുന്നു. ഞാന്‍ ഓടുകയായിരുന്നില്ല, പക്ഷേ സാധ്യമായത്ര വേഗത്തിലാണ് ഞാന്‍ ഗെയ്റ്റിലേക്ക് പോയത്. കയ്യില്‍ നാല് കാപ്പിയുണ്ടെന്ന ബോധ്യത്തോടെയാണ് ഞാന്‍ വേഗത്തില്‍ നടന്നത്. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഡെസ്‌ക് ലക്ഷ്യമാക്കി പോയ ഞാന്‍ നിലത്തുകിടന്ന ബെയ്‌ലീസ് മദ്യത്തില്‍ ചവിട്ടുകയായിരുന്നു. രണ്ട് മീറ്ററോളം വായുവില്‍ മലക്കം മറിഞ്ഞ ശേഷം തല ഇടിച്ച് ഞാന്‍ നിലത്തുവീണു. എന്റെ കയ്യിലെ കാപ്പിക്കപ്പുകള്‍ പറന്നുപോയി.’ -ആന്‍ഡ്രിയാസ് ജഡ്ജിയോട് വിശദീകരിച്ചു.

എന്നാല്‍, ഇത്രവലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വാദം. ലണ്ടന്‍ കൗണ്ടി കോടതിയിലാണ് കേസ് നടക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വളർച്ച നേടിയതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞവർഷം രണ്ടാം പകുതിയിൽ രേഖപ്പെടുത്തിയ നേരിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം വിമുക്തമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് വെളിപ്പെടുത്തിയത്.

2021 നു ശേഷമുള്ള ഏറ്റവും കൂടിയ വളർച്ച നിരക്കാണ് ഇത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 0.4 ശതമാനത്തിലും മികച്ച പ്രകടനമാണ് രാജ്യം നേടിയത് . പണപ്പെരുപ്പം കുറയുന്നതിനും രാജ്യം ആശാവാഹമായ പുരോഗതിയാണ് നേടിയത്. പലിശ നിരക്കുകൾ തുടർച്ചയായ ആറാം തവണയും മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും ജൂൺ മാസത്തിൽ കുറയുമെന്ന സൂചനകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയിരുന്നു. നിലവിലെ പലിശ നിരക്ക് 5.25 ശതമാനമാണ്.


സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയുടെ കണക്കുകൾ യുകെയുടെ രാഷ്ട്രീയ രംഗത്തും ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക മാന്ദ്യം ഒഴിവായ തും പ്രധാനമന്ത്രി ഋഷി സുനകിന് അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പിടിവള്ളിയാകും. നിലവിൽ തുടർച്ചയായ അഭിപ്രായം സർവേകളിൽ ഭരണപക്ഷം വളരെ പുറകിലാണ്. അടുത്തയിടെ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷമായ ലേബർ പാർട്ടി വൻ വിജയം ആണ് നേടിയത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് സ്റ്റീൽ വർക്കിലെ തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് നിലവിൽ 2800 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.


85 ശതമാനം അംഗങ്ങളും വ്യവസായ നടപടിയെ പിന്തുണച്ചതായി യൂണിയൻ നേതാക്കൾ അറിയിച്ചു. സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് ഫാക്ടറിയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുന്നത്. നിലവിൽ യുണൈറ്റിലെ അംഗങ്ങൾ പണിമുടക്കിനായുള്ള അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തതിന്റെ ഫലമാണ് പുറത്തു വന്നത്. അതേസമയം ജി എം ബി വോട്ടെടുപ്പിൻ്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ആധുനികവത്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സമരവുമായി തൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത് . ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് .

എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകം കീഴടക്കിയ മഹാമാരിയെ ചെറുത്തത് വാക്സിനുകൾ ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിച്ചാണ്. ഇത്രയും പെട്ടെന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമായാണ് അന്ന് ലോകമെങ്ങും കൊട്ടി ഘോഷിക്കപ്പെട്ടത്. എന്നാൽ വാക്സിനുകൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമെങ്ങും സൃഷ്ടിച്ചിരിക്കുന്നത്.

പ്രശസ്ത ബിബിസി ജേർണലിസ്റ്റും റേഡിയോ ജോക്കിയുമായിരുന്ന ലിസാ ഷായുടെ മരണം 44 വയസ്സിലായിരുന്നു. ലിസ ഷായുടെ മരണത്തിന്റെ കാരണമായ ആരോഗ്യസ്ഥിതിയിലേക്ക് നയിച്ചത് കോവിഡ് വാക്സിൻ ആണെന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക്ക സമ്മതിച്ചതാണ് ഇപ്പോൾ വൻ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളായി ലിസാ ഷായുടെ മരണത്തെ തുടർന്ന് അവരുടെ ഭർത്താവും സമാനമായ ദുരന്തം നേരിടുന്നവരും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനക്കയ്ക്കെതിരെ നിയമ യുദ്ധം നടത്തി വരുകയായിരുന്നു. വാക്സിൻ എടുത്തതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുകയോ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയോ ചെയ്തതിന്റെ പേരിൽ നിയമ യുദ്ധം നടത്തിയവർക്ക് അനുകൂലമായ വാർത്തകൾ ഈ ആഴ്ച ആദ്യമായാണ് പുറത്തുവന്നത്.

യുകെയിലും ഇന്ത്യയിലും ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക(AstraZeneca) തുറന്നു സമ്മതിക്കുകയായിരുന്നു . കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ് ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മ്മാതാക്കളാണ് ആസ്ട്രാസെനക്ക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്രാസെനക്ക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.

അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.

രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻമാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി. മിഡ് ലാൻഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ ,ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ് ,മലബാർ സ്‌റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവാർന്ന ടൂർണ്ണമെൻറ് നടത്താൻ മാഞ്ചസ്റ്റർ നൈറ്റ്സിനായി.

ടൂർണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മഞ്ചേരിസ്റ്റർ ക്ലബ് . അത്യന്ത്യം വാശിയേറിയ ഫൈനലിൽ പതിനഞ്ച് റൺസിനാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് മാൻഓഫ് ദി മാച്ചും, ടൂർണ്ണമെൻറ്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ മാൻഓഫ്‌ദി സിരീസും, പ്രിസ്റ്റൺ സ്ട്രൈക്കെസിലെ നരേദ്ര കുമാൻ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ ബെസ്റ്റ് ബൗളറും ആയി.

ലണ്ടൻ: ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.

ഹരിയേട്ടന്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ശ്രീ വാസുദേവൻ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നൽകും. ശ്രീ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടൻറെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികൾക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം മുതലായവർ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ മുതലായവർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് “മയിൽ‌പീലി”, മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് ഏപ്രിൽ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.

ഹരിയേട്ടനുമായുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും “ഓർമ്മകളിൽ ഹരിയേട്ടൻ” എന്ന പേരിൽ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU

Date and Time: 27 April 2024

For further details please contact
Email: [email protected]

 

RECENT POSTS
Copyright © . All rights reserved