UK

സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.

എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.

വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.

കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.

ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.

ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും  അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം  നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട്  ബാൻഡ് 6 നഴ്‌സ്‌ പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.

ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന്‌ എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.

email – [email protected]

ബേസിൽ ജോസഫ്

യുകെ മലയാളികൾക്ക്‌ തങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് കേക്കുകൾ സർപ്രൈസ്  സമ്മാനമായി നൽകാൻ സാധിക്കുന്ന വിധത്തിൽ ഒരു വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. www.rosapple.com  എന്ന വെബ്സൈറ്റ് ഉപയോഗിച്ച്   ജന്മദിനം, വിവാഹം ആനിവേഴ്സറി തുടങ്ങി  വിശേഷാവസരങ്ങളിൽ കേരളത്തിലെ ബന്ധുക്കൾക്കോ  സുഹൃത്തുക്കൾക്കോ ഓൺലൈൻ ആയി ഹോം മേഡ് കേക്കുകൾ സമ്മാനിക്കാൻ ഞൊടിയിടയിൽ സാധിക്കും. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഓൺലൈൻ ബാങ്കിങ്ങോ ഉപയോഗിച്ച് പണം കൈമാറാം. കേരളത്തിൽ എവിടെയും ഹോം ഡെലിവറിയും ലഭിക്കും. ഡെലിവറി ആവശ്യമായ സമയത്തിനു രണ്ട് ദിവസം മുൻപ്ഓർഡർചെയ്യണം. ഡെലിവറി തിയതിയും സമയവും സന്ദേശവും ഒക്കെ രേഖപ്പെടുത്താനുള്ള സൗകര്യം സൈറ്റിൽ ഉണ്ട്

ഹോം ബേക്കിംഗ് ഒരു തൊഴിലായി മാറ്റാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് വലിയ അവസരമാണ് റോസാപ്പിൾ തുറന്ന് കൊടുത്തിരിക്കുന്നത്. നാല് പ്രവാസി സുഹൃത്തുക്കൾ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം പതിനാലു ജില്ലകളിൽനിന്നുമായി ആയിരത്തിലധികം ഹോം ബേക്കേഴ്‌സ് ഈ നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബേക്കിങ്ങിൽ വൈദഗ്ധ്യവും FSSAI രജിസ്‌ട്രേഷനും ഉള്ളവരെയാണ് സപ്ലയർമാരായി സൈറ്റിൽ ചേർക്കുക. ഉയർന്ന ഗുണനിലവാരവും മികച്ച രുചിയും ആണ് റോസാപ്പിൾ കസ്റ്റമേഴ്സിന് വാഗ്‌ദാനം ചെയ്യുന്നത്.

കേരളത്തിലെ വീട്ടമ്മമാർക്കിടയിൽ ഹോം ബേക്കിംഗ് ഒരു ട്രെൻഡ് ആയി വളർന്നിരിക്കുകയാണ്. വീട്ടിലിരുന്ന് സ്വന്തമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നതും ബേക്കിങ്ങിനോടുള്ള ഇഷ്ടവുമാണ് ഭൂരിപക്ഷം സ്ത്രീകളെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. ഹോം മേഡ് കേക്കുകൾക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടെങ്കിലും തദ്ദേശീയമായി ഉപഭോക്താക്കളെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.
എന്നാൽ rosapple.com എന്ന ഓൺലൈൻ പ്ലാറ്റ് ഫോം നിലവിൽ വന്നതോട് കൂടി കഥ മാറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള കസ്റ്റമേഴ്സിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് ഹോം ബേക്കേഴ്‌സിന് കൈമാറുന്ന രീതിയിലാണ് ഈ പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നത് .

www.rosaaple.com എന്ന സൈറ്റ് കേക്കുകൾ ഓർഡർ ചെയ്യുന്നതിനും www.supplier.rosapple.com എന്ന സൈറ്റ് ഹോം ബേക്കേഴ്‌സിന് രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാം

കേരളത്തിലുടനീളമുള്ള ഹോംബേക്കേഴ്‌സിന്റെ ആവേശപൂർവ്വമായ പിന്തുണ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായും കൂടുതൽ ഹോംമേഡ് ഉല്പന്നങ്ങൾ ഉൾപ്പെടുത്തി പ്ലാറ്റ് ഫോം വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും റോസ്‌ആപ്പിളിന്റെ യുകെയിലെ  പാർട്ണർ ബോബി വർഗീസ് മലയാളംയുകെയോട് പറഞ്ഞു.

[ot-video][/ot-video]

തോമസുകുട്ടി ഫ്രാൻസീസ്

ലിവർപൂൾ: ദേവാലയത്തിന് അന്ത്യ വന്ദനവും, പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി.. ഇനി നൂറ് കണക്കിന് ജനഹൃദയങ്ങളിൽ സ്നേഹ നൊമ്പരമായി അദ്ദേഹം കുടികൊള്ളും.അടൂരിലെ നെല്ലിമുകൾ ഗ്രാമത്തിൽ നിന്നു തുടങ്ങിയ ആ ജീവീത യാത്ര…. കേവലം അഞ്ചര പതിറ്റാണ്ടുകൾക്കിപ്പുറം ഈ വിദേശ മണ്ണിലും തന്റെ വിശാസം നന്നായി സംരക്ഷിച്ച്, ഓട്ടം പൂർത്തിയാക്കി ലിവർപൂളിലെ അലർട്ടൺ സിമിത്തേരിയിൽ ഇതാ അന്ത്യ വിശ്രമം കൊള്ളുകയായി..

വലിയ സൗഹൃദം സമ്മാനിച്ച ആ മിഴികൾ പൂട്ടി, ആ വലിയ സഹായ ഹസ്തങ്ങൾ കൂപ്പി,ഇനിയൊരു തിരിച്ചുവരവില്ലാതെ മൂകമായ ഭാഷയിൽ വിട പറഞ്ഞു പോകുക യായിരുന്നു ഏവരുടെയും പ്രിയപ്പെട്ട ജോസേട്ടൻ. കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് ,ലിവർപൂൾ ശോക സാന്ദ്രമാണ്. അതെ, നിനച്ചിരിക്കാത്ത നേരത്തായിരുന്നു ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന് അവിശ്വാസനീയമാം വിധം ആ മരണവാര്‍ത്ത പരന്നത്. തങ്ങളുടെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കു കാണുവാനെങ്കിലും കഴിയാത്തതിൽ ഇരട്ടി ദു:ഖമാണ് ഇന്നലെയിവിടെ അലയടിച്ചത്. കോവിഡ് വരുത്തി തീർത്ത നൂലാമാലകളിൽ കുടുങ്ങി പോയത് നൂറു കണക്കിന് പേരുടെ അന്ത്യോപചാരമാണ്. കർക്കശമായ നിബന്ധനകളാൽ നടത്തപ്പെടേണ്ടി വന്ന സംസ്കാര ശുശ്രൂഷകൾ ഒതുക്കപ്പെടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഒരു വൻ ജനാവലി ഈ സഹൃദയനെ അന്ത്യാഞ്ജലിയുമായിവലയം ചെയ്യുമായിരുന്നു. അത്ര മേൽ ഓരോ ഹൃദയത്തിലും ഇടം പിടിച്ചിരുന്നു, നെല്ലിമുകൾ ഗ്രാമത്തിൽ നിന്നും ഇവിടെ പറന്നെത്തിയ ഈ പച്ചയായ മനുഷ്യൻ. മതങ്ങൾക്കും അതുപോലെതന്നെ ഒരു സംഘടനകൾക്കും മുൻതൂക്കം കൊടുക്കാതെ, സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു ജോസ് കണ്ണങ്കരയുടേത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗം അടുത്തറിഞ്ഞ ആർക്കും
ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

ഇന്നലെ ഉച്ചക്ക്12 മണിയോടുകൂടി ജോസ് കണ്ണങ്കരയുടെ മൃതശരീരം ബിർകെൻഹെഡിലുള്ള ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറകട്ടേഴ്സിൽ നിന്നും കുടുംബാംഗങ്ങളുടെയും, ആത്മ സുഹൃ ത്തുക്കളുടെയും അകമ്പടിയോടെ ലിവർപൂളിലെത്തിച്ചേർന്നു.. ദീർഘകാലം തന്റെ പ്രിയപ്പെട്ട സൂസനോടും ,ഏക മകളായ രേഷ്മയോടുമൊപ്പം വസിച്ചിരുന്ന 35 കാപ്രിക്കോൺ ക്രസന്റിലെ ഭവനത്തിന് മുന്നിൽ ഏതാനും നിമിഷത്തെ പ്രാർത്ഥനകൾക്ക് ശേഷം ലിതർ‌ലാൻ‌ഡിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് യാത്രയായി..അവിടെയെത്തിച്ചേർന്ന മൃതശരീരം ജോസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് റ്റോമി നങ്ങച്ചിവീട്ടിലും ആത്മ സുഹൃത്തുക്കളും ചേർന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഒരു മണിക്ക് ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾക്ക് , ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ .എൽദോ വർഗ്ഗീസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോമലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മോൺ. വെരി. റവ. ഫാദർ ജിനോ അരീക്കാട്ട്, ലിതർ‌ലാൻ‌ഡ് ഇടവക വികാരി റവ. ഫാ.ആന്ഡ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരുന്നു. ലിവർപൂൾ ഇൻഡ്യൻ ഓർത്തഡോക് പള്ളി സെക്രട്ടറി സുനിൽ മാത്യു, ലിൻസ് അയനാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ശുശ്രൂഷകളുടെ ആരംഭ വേളയിൽ ജോസിന്റെ ഏകമകൾ രേഷ്മ ജോസ് തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് എഴുതി തയ്യാറാക്കിയ ഹൃദയസ്പർശിയായ സ്മരണകൾ എല്ലാ മിഴികളിലും നനവ് പടർത്തുകയായിരുന്നു.

സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മോൺ. റവ.ഫാദർ. ജിനോ അരീക്കാട്ട് ചരമ പ്രസംഗം
നടത്തി.. തുടർന്ന് ലിവർപൂൾ സമൂഹത്തിനു വേണ്ടി സീറോ മലബാര്‍സഭ ലിതർ‌ലാൻ‌ഡ് ഇടവക
ട്രസ്റ്റി മാനുവൽ ചെറുകരകുന്നേൽ, ഇന്ത്യൻ ഓർത്തഡോക്സ് കമ്മൃണിറ്റിക്ക് വേണ്ടി സെക്രട്ടറി സുനിൽ മാത്യു ,
ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാന സെക്രട്ടറി സിറിൽ ജോൺ എന്നിവർ അനുശോചനാ പ്രസംഗങ്ങൾ
നടത്തുകയുണ്ടായി. കൂടാതെ ലിവർപൂളിലെ വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ജോസിന്റെ
മൃതദേഹത്തിൽ പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു .ലിതർ‌ലാൻ‌ഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഏവരുടെയും ആത്മ മിത്രമായ ജോസ് കണ്ണങ്കരയുടെ മൃതദേഹം ലിവർപൂളിലെ പ്രശസ്തമായ അലർട്ടൺ സെമിത്തേരിയിൽ എത്തിച്ചേർന്നു. ഫാ.എൽദോ വർഗ്ഗീസിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട സമാപന പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണ് ആദരപൂർവം ഏറ്റുവാങ്ങി …ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിലൂടെ മാത്രം കാണുവാൻ കഴിയേണ്ടി വന്ന ലിവർപൂളിലെ മലയാളി സമൂഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, “ജോസേട്ടാ… ഞങ്ങൾക്ക് സമർപ്പിക്കാൻ കണ്ണീർ വീണ് ആർദ്രമായ ഈ സ്നേഹദളങ്ങൾ മാത്രം.. അപാരതയുടെ തീരത്ത് അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടാവാം…..നിത്യ ശാന്തിയിൽ വസിച്ചാലും….”.

 

 

അന്നം തരുന്നവൻ ആരായാലും ദൈവമായ് കരുതുന്നവരാണ് ഓരോ ഭാരതീയനും …അങ്ങനെ ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഒരു രാജ്യം ഭരിക്കുന്നവർ തന്നെ കരണഹേതുവാകുമ്പോൾ നമ്മൾ പലതും കണ്ടില്ലന്നു നടിക്കരുത് …

സാമ്പത്തിക ശാസ്ത്രം മോടിപിടിപ്പിച്ച നമ്മൾ ആരോഗ്യ രംഗത്ത് കുതിച്ചു കയറ്റം നടത്തിയ നമ്മൾ മാർസിലും ഓർബിറ്റിലും വരെ എത്തിപിടിച്ച നമ്മൾ എത്തിപിടിക്കാത്തതും വികസനം നടത്തതുമായ ഒരേ ഒരു സബ്ജെക്ട് ഉണ്ടങ്കിൽ അത് കാർഷികവുമായി ബന്ധപ്പെട്ടതാണ് ..

എന്നിരുന്നാലും നമ്മുടെ കർഷകർ അവർ കാലാകാലങ്ങളായി നേടിയെടുത്ത അറിവുകൾ കൊണ്ട് ഇന്ത്യയെന്ന രാജ്യത്തെ 138 കോടി ജനങ്ങളെ തീറ്റിപോറ്റുന്നതും ഒരു വല്യ നേട്ടം തന്നാണ് . എന്നാൽ നമ്മുടെ വിശപ്പടക്കുന്ന ..നമ്മളെ പുഷ്ടിപ്പെടുത്താൻ കഷ്ടപ്പെടുന്ന ഒരു ജനത hardly nourished …അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കേണ്ടിവരുന്നു ..നമ്മുടെ അന്നദാതാക്കൾ ആത്മഹത്യ ചെയ്യേണ്ടി വരുന്നു …

പ്രകൃതി തന്നെ അവർക്കുനേരെ അഴിച്ചുവിടുന്ന ദുരന്തങ്ങൾക്ക് കൂടുതൽ പുകച്ചിൽ നൽകികൊണ്ട് അന്ന ദാതാവായ അവരെ ആട്ടിയോടിക്കുന്നിടത്ത് കാണപ്പെടാത്ത ദൈവത്തിനും ഗോമാതാവിനും മാത്രം പൂജ അർപ്പിച്ചാൽ അവർ പ്രസാദിക്കുമോ ?…

നമുക്ക് ജീവൻ തരുന്നവർ അവരുടെ ജീവൻ പിടിച്ചു നിൽക്കാനാവാതെ തങ്ങളുടെ തന്നെ ജീവൻ ഹോമിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഇങ്ങനെ തല ഉയർത്തി നടക്കാൻ നാണമാകില്ലേ ..

മണ്ണിനു ഫലഭൂയിഷ്ടതയേകുന്ന റിസോഴ്സസ് നമുക്ക് കൊടുക്കാനാവാതെ… കർഷകരെ ക്രൂശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ ഇനി വരുന്നൊരു ജനതയ്ക്ക് പട്ടിണി കിടന്നു മരിക്കേണ്ടിവരും …നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും നാളുകൾ വിദൂരമല്ല . അതു കൊണ്ട് നമ്മൾതന്നെ തീരുമാനിക്കുക are we going to be a part of their problem or a solution???

പലതരത്തിൽ പലപ്പോൾ ആയി‌ അടിച്ചമർക്കപെട്ട വർഗ്ഗമാണ് നമ്മുടെ കൃഷിക്കാർ. അവർക്ക് ഇനിയും പലവിധ അടിമത്തങ്ങൾ സഹിക്കാൻ കഴിയണമെന്നില്ല. അതിനാൽ ഫാർമേഴ്‌സ് ബില്ല് അവരുടെമേൽ അടിച്ചേല്പിക്കാതെ ഓരോ സ്റ്റേറ്റുകളുടെയും കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നന്നായി പഠിച്ചതിന് ശേഷം ചില ശുപാർശകൾ ( recommendations) വയ്ക്കുന്നതിന് ഓരോ സ്റ്റേറ്റിന്റേയും അധികാരികൾക്ക് മാർഗനിർദേശം നല്കാൻ കഴിയണം.

അല്ലാതെ ഇത്ര കോടി ജനങ്ങളെ അന്നമൂട്ടുന്ന കൈകളെ തന്നെ തിരിച്ചു കൊത്തുന്ന പാമ്പുകളായ് നമ്മുടെ രാജ്യതലവൻമാർ മാറുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് വളരെ ശോചനീയമാണ് . അവർക്ക് നേരെ ചീറ്റിയ ജലപീരങ്കികൾ ഒരുദിവസമെങ്കിലും അവരുടെ വരണ്ടുണങ്ങിയ പാടത്തേക്കൊരുവട്ടം ചീറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോവുന്നു …

ജോസ്‌ന സാബു സെബാസ്റ്റ്യൻ

തോമസുകുട്ടി ഫ്രാൻസീസ്

ലിവർപൂൾ: ആദരണീയനായ ജോസ് കണ്ണങ്കരയുടെ മൃതസംസ്കാരം ഇന്ന് നടത്തപ്പെടുന്നു. യുകെയിലെ നിലവിലുള്ള കോവിഡ് -19 ന്റെ എല്ലാവിധ നിയമവ്യവസ്ഥകളും കർക്കശമായി പാലിച്ചുകൊണ്ടാണ് മൃതസംസ്കാര ശുശ്രൂഷകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് 12മണിക്ക് ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടർമാരിൽ നിന്നും നോട്ടി ആഷ് കാപ്രിക്കോൺ ക്രസന്റിലുള്ള ജോസിന്റെ വസതിയിൽ മൃതദേഹം എത്തിച്ചേരും. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടൊപ്പം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ അകമ്പടിയാൽ ലിതർലാന്റ് ഔവർ ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതുമാണ്. കൃത്യം ഒരുമണിക്ക് ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ.എൽദോ വർഗീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

സീറോ മലബാര്‍സഭ, ഗ്രേറ്റ് ബ്രിട്ടൻ രൂപത മോൺ.വെരി.റവ.ഫാദർ ജിനോ അരീക്കാട്ട് എംസിബിഎസ്, ലിവർപൂൾ ലിതർലാൻഡ് ഇടവക വികാരി റവ.ഫാദർ ആന്റ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരിക്കും. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി സുനിൽ മാത്യുവിന്റെ നേതൃത്വത്തിലാവുംദേവാലയത്തിലെയും, സിമിത്തേരിയിലെയും ശുശ്രൂഷകൾ നടത്തപ്പെടുക.

ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിലേക്ക് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയാവും.. മൂന്ന് മണിയോടു കൂടി പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ജോസ് കണ്ണങ്കര അന്ത്യ വിശ്രമം കൊള്ളും. നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ, ദേവാലയത്തിലും, സിമിത്തേരിയിലുമായി കൃത്യം 30 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന ശക്തമായ നിർദ്ദേശം മെർസീസൈഡ് പോലീസ് കുടുംബാംഗങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞു.

നിർദ്ദേശങൾ പാലിക്കപ്പെടാതെ വന്നാൽ പിഴ ചുമത്തുമെന്നും പോലീസിന്റെ മുന്നറിയിപ്പിലുണ്ട്. ദേവാലയ
ത്തിലും, സിമിത്തേരിയിലും അതു പോലെ തന്നെ കാപ്രിക്കോൺ ക്രസന്റിലും മെർസീസൈഡ് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണെന്ന് അറിയിക്കുന്നു. മൃത സംസ്കാര ശുശ്രൂഷകളുടെ വീഡിയോ ലൈവ് സ്ട്രീം ലിങ്ക് ചുവടെ കൊടുക്കുന്നു.

FUNERAL SERVICES OF JOSE KANNANKARA | Live | 05/02/2021 | 11.3O. am (GMT)
https://youtu.be/lYf9cPLbkxc

FACEBOOK – live
https://www.facebook.com/313607902100769/live/

YOUTUBE CHANEL LINK
https://www.youtube.com/c/SibyStudio.

ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ്‌ ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത നാളുകളുടെ തുടക്കമായിരുന്നു..

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ആയിരുന്നതിനാൽ ഓരോ മലയാളി കുടുംബങ്ങളിലും ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളുടെ തുടക്കമായിരുന്നു. കോവിഡിന്റെ രൂപമാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനത്തിൽ ഇതിനകം ഒരുപിടി മലയാളികൾ മരിച്ചു പോയി എന്ന വേദനയോടെ സ്‌മരിക്കുമ്പോഴും മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് കടന്നു കയറിയ ഒരു സന്തോഷകരമായ യുകെ മലയാളി നഴ്‌സിന്റെ അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായ വിവരം ഇതുവരെയും ലഭ്യമല്ലാത്തതിനാൽ ഇതുപോലെയുള്ള അനുഭവം പറയുക വഴി മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ചു കൂടുതൽ  അറിയുവാനും ജീവൻ രക്ഷിക്കുവാനും സാധിക്കുമല്ലോ എന്നാണ് മാർട്ടിൻ മലയാളം യുകെയോട് പറഞ്ഞത്.

അങ്കമാലി സ്വദേശിയും നഴ്സുമായിരുന്ന മാർട്ടിൻ പൊറിഞ്ചു… നഴ്‌സായ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം… 2009- ൽ സ്റ്റുഡന്റ് വിസയുമായി യുകെയിലെ സ‌ഫോൾക് കൗണ്ടിയിലെ ഫ്രാമലിഗം എന്ന സ്ഥലത്താണ് എത്തിയത്. 2014- പെർ മനൻറ് റസിഡൻസി വിസ ലഭിച്ചതോടെ ഇപ്‌സ് വിച്ചിലേക്ക് താമസം മാറുകയും NHS ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. ബാൻഡ് ഫോർ ആയി ജോലി ചെയ്യുന്ന മാർട്ടിൻ നഴ്‌സാകുവാനുള്ള ഓ ഇ ടി ചെയ്തുകൊണ്ടിരിക്കുന്നു. അതെ ആശുപത്രിയിലെ ബാൻഡ് 6 നഴ്‌സാണ് ഭാര്യ.

ഭാര്യക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ കൊറോണ പിടിപെട്ടെങ്കിലും വീട്ടിലെ മറ്റാർക്കും വന്നിരുന്നില്ല. ജീവിതം സാധാരണപോലെ  പോകവെയാണ് 2020 നവംബർ 30 തിയതി ചെറിയ ഒരു പനിപോലെ മാർട്ടിന് തോന്നിയത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനാലും സംശയം തീർക്കാം എന്ന നിലക്കാണ് ഹോം കിറ്റ് ഉപയോഗിച്ച് കൊറോണ ടെസ്റ്റ് വീട്ടിൽ നടത്തിയത്. ഫലം നോക്കിയപ്പോൾ പോസിറ്റിവ്… തുടർന്ന് പി സി ആർ ടെസ്റ്റ്… അതോടെ കൊറോണയെന്ന് ഉറപ്പായി.. തുടർന്ന്  ക്വാററ്റീൻ…

വലിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ആറു ദിവസത്തോളം കടന്നു പോയി.. ചെറിയ പനി തോന്നിയപ്പോൾ പാരസെറ്റമോൾ കഴിച്ചു.. പെട്ടെന്നു തന്നെ പനിയും കുറയും.. ചെറിയ ചുമ മാത്രം… എന്നാൽ ക്ഷീണം വർദ്ധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.. സാധാരണപോലെ സംസാരിക്കുകയും ചെയ്‌തുപോന്നു. പറയത്തക്ക മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു.

എന്നാൽ ഡിസംബർ ഏഴാം തിയതി സംഭവിച്ചത് ഭാര്യ പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു സംഭവത്തിനാണ്… മാർട്ടിനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് മാർട്ടിൻ പറയുന്ന മറുപടിക്ക് ചോദ്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല… എല്ലാ ചോദ്യങ്ങൾക്കും വരുന്ന മറുപടിക്ക് മുന്നിൽ അൽപം ഒന്ന് പകച്ചുപോയെങ്കിലും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു.

അപകടം മനസിലാക്കിയ അഞ്ജു പെട്ടെന്ന് തന്നെ എമർജൻസി നമ്പർ  999 വിളിച്ചു… കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി… ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന അത്യാഹിത വിഭാഗത്തിന്റെ   ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി കൊടുത്തത്.

ശ്വാസതടസ്സം ഇല്ല എന്ന് മറുപടി കൊടുത്തതുകൊണ്ട് മിനിട്ടുകൾക്ക് ഉള്ളിൽ എത്തേണ്ട ആംബുലൻസ് രണ്ടര മണിക്കൂർ വൈകിയാണ് എത്തുന്നത്. എന്തായാലും മുകളിലെ മുറിയിൽ കിടക്കുകയായിരുന്ന മാർട്ടിൻ തന്നെ താഴെ ഇറങ്ങിവന്നു. പാരാമെഡിക്‌സ് മാർട്ടിനെ പരിശോധിക്കവേ അവിശ്വസനീയമായി പരസ്‌പരം നോക്കുന്ന കാഴ്ച്ച.. മാർട്ടിന്റെ സാച്ചുറേഷൻ 62 ലേക്ക് താഴ്ന്നിരിക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മാർട്ടിന്റെ സംസാരത്തെ ബാധിച്ചത്… പെട്ടെന്ന് തന്നെ മാർട്ടിനെ ആംബുലൻസിലേക്ക് കയറ്റി… എല്ലാവരെയും അത്ഭുതപ്പെടുത്തി മാർട്ടിൻ നടന്ന് ആംബുലൻസിൽ കയറുകയായിരുന്നു..

ഓക്സിജൻ സ്വീകരിക്കുമ്പോഴും മാർട്ടിന്റെ സാച്ചുറേഷൻ ലെവൽ താഴുകയായിരുന്നു. മാർട്ടിൻ അതെ ആശുപത്രിയിലെ തന്നെ ആരോഗ്യപ്രവർത്തകൻ ആണ് എന്ന് ഇതിനകം പാരാമെഡിക്‌സ് വിഭാഗം മനസിലാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന ഫോൺ ഭാര്യയുടെ ഫോണിൽ എത്തി.

കാര്യങ്ങൾ പിടിവിട്ടു പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ഭാര്യ.. കൂട്ടുകാരും സുഹൃത്തുക്കളും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചു.. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു.. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കാത്ത രണ്ട് കുഞ്ഞു കുട്ടികൾ.. പ്രതീക്ഷകളുടെ തിരിനാളങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തുന്ന  വിവരങ്ങൾ ആണ് ആശുപത്രിയിൽ നിന്നും ആദ്യ ആഴ്ചകളിൽ വന്നിരുന്നത്. കൂനിൻമേൽ കുരു എന്നപോലെ ടെസ്റ്റിൽ ഷുഗർ ഉണ്ട് എന്ന കണ്ടെത്തലും…

ഇവിടെ എല്ലാവരെയും വിഷമിപ്പിച്ചത്… നടന്നു ആംബുലൻസിലേക്ക് കയറിയ യുവാവാണ്.. കൊറോണ ആർക്കും പിടി കൊടുക്കുന്നില്ല…

പ്രതീക്ഷകൾക്ക് വെളിച്ചം പകർന്ന് വാർത്ത വന്നത് രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെയാണ് ആണ്… മാർട്ടിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയാണ്..ആശുപത്രിയിൽ തുടർ ചികിത്സ .. 29 ദിവസത്തെ ആശുപത്രി വാസത്തിനു അറുതിവരുത്തി ഡിസംബർ 29 തിയതി ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ എത്തിയപ്പോൾ ഒരു കുടുംബത്തിന്റെ വേദനകൾക്ക് ഒപ്പം കൂട്ടുകാരുടെയും ബന്ധുക്കളുടെയും സങ്കടങ്ങൾക്ക് ആണ് അറുതിയായത്..

വകഭേദം വന്ന കൊറോണ വൈറസുകൾ പെരുകുന്ന ഈ സമയത്തു ഒരുപിടി മലയാളികൾ ചികിത്സയിൽ ഉണ്ട്… നിയന്ത്രണ വിധേയമെങ്കിലും ലോക്ക് ഡൗൺ തുടരുകയാണ് യുകെയിൽ… ഈ സംഭവം നിങ്ങളുമായി പങ്കുവെച്ചത് നമ്മളിൽ പലർക്കും ഉപകരിക്കും എന്നുള്ളതുകൊണ്ടാണ്..

അഭ്യർത്ഥന… മാർട്ടിൻ ഇപ്പോൾ വിശ്രമത്തിൽ ആണ് ഉള്ളത്… ദയവായി ഫോൺ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്… നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും മെസ്സേജുകൾ ആയി വിടുക… കൊറോണ വൈറസ് പിടിപെട്ടാൽ അല്ലെങ്കിൽ പിടിപെട്ടവർക്ക് ഉപാകാരപ്പെടും എന്നുള്ളതുകൊണ്ടാണ് മാർട്ടിൻ മലയാളം യുകെയുമായി പങ്കുവെച്ചത്.

 

‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല……
കാലം തെളിവുകൾ നിരത്തി ഞാൻ സത്യമായിരുന്നെന്നു പറയും….’
– ഡോ. ഹാവ്‌ലി ക്രിപ്പൺ

ഭാര്യ കോറ ട്യൂണറെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് തൂക്കിലേറ്റുന്നതിലും ഒരാഴ്ച മുൻപ് ഡോ. ഹാവ്‌ലി ക്രിപ്പൺ ഡയറിയിൽ കുറിച്ച ഈ വാക്കുകൾ ഒരു നൂറ്റാണ്ടിനിപ്പുറവും ബ്രിട്ടിഷ് നിയമ വ്യവസ്ഥയെ മുറിപ്പെടുത്തുന്നുണ്ട്. കാലം തെളിവുകൾ നിരത്തി ക്രിപ്പൺ നിരപരാധിയാണെന്നു പറയുമ്പോൾ കോറയുടെ തിരോധാനം ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. 1910 ജനുവരി 31– ഡോ. ഹാവ്‌ലി ക്രിപ്പൺ ഭാര്യ കോറയെ കൊലപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തിയ ദിനം.

അമേരിക്കയിൽനിന്ന് 1900ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഡോക്ടറായിരുന്നു ഹാവ്‌ലി ക്രിപ്പൺ. ഭാര്യ കോറ ഗായികയായിരുന്നു. ബെല്ല എൽമോറ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കോറയുടെ കരിയർ നേട്ടത്തിനായായിരുന്നു കുടിയേറ്റം. സന്തോഷം നിറഞ്ഞ അവരുടെ ജീവിതം മാറിമറിഞ്ഞതു പെട്ടെന്നാണ്.

1910 ജനുവരി 31 തിങ്കൾ. വൈകുന്നേരം ഡിന്നറിന് ബെല്ലയുടെ രണ്ടു സ്നേഹിതരെയും വിളിച്ചിരുന്നു– പോളും ക്ലാരയും. വിരുന്നു കഴിഞ്ഞു രാത്രി ഒരു മണിയോടെ അവർ മടങ്ങി. അതിനു ശേഷം ആരും ബെല്ലയെ കണ്ടിട്ടില്ല. ഒരാഴ്ച കഴിഞ്ഞും ബെല്ലയെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ തിരക്കി. അവരോടെല്ലാം അവൾ അമേരിക്കയിലേക്കു തിരിച്ചുപോയി എന്നു മാത്രം ക്രിപ്പൺ മറുപടി പറഞ്ഞു. കുറച്ചു നാളുകൾ കഴി‍ഞ്ഞപ്പോൾ നാട്ടിൽ വച്ചു ഭാര്യ രോഗബാധിതയായെന്നും മരിച്ചെന്നും അവിടെത്തന്നെ സംസ്കരിച്ചെന്നും ക്രിപ്പൺ വെളിപ്പെടുത്തി. ബെല്ല മരിച്ച് അധികം താമസിയാതെ എതേൽ ലേ നേവ് എന്ന യുവതിയുമായുള്ള ക്രിപ്പണിന്റെ അടുപ്പം പുറംലോകം അറിഞ്ഞു തുടങ്ങി. ആദ്യം ബെല്ലയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അവൾ അണിഞ്ഞു തുടങ്ങി. പതുക്കെ നേവ് ക്രിപ്പണൊപ്പം താമസം ആരംഭിച്ചു.

ക്രിപ്പണിന്റെ സഹപ്രവർത്തകയും കാമുകിയുമായിരുന്നു നേവ്. അതോടെ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ക്രിപ്പൺ പറഞ്ഞ കഥകളിൽ സംശയം തോന്നിത്തുടങ്ങി. ബെല്ലയുടെ തിരോധാനത്തെക്കുറിച്ച് അവർ പൊലീസിൽ അറിയിച്ചു.

ജൂലൈ 8ന് അവിടുത്തെ ചീഫ് ഇൻസ്പെക്ടർ വാൾട്ടർ ക്രിപ്പണെ തേടിയെത്തി. അദ്ദേഹത്തോടു ക്രിപ്പൺ പറഞ്ഞത് മറ്റൊരു കഥ; ബ്രൂസ് മില്ലർ എന്ന അമേരിക്കക്കാരനുമായി ബെല്ല പ്രണയത്തിലായിരുന്നുവെന്നും അയാളോടൊപ്പം അവൾ അമേരിക്കയിലേക്ക് ഒളിച്ചോടിയെന്നും. ബെല്ലയെ കണ്ടെത്താൻ പൊലീസ് പലവഴി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ ബെല്ല കൊല്ലപ്പെട്ടു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഡോ. ക്രിപ്പണിന്റെ വീട് പരിശോധിച്ചെങ്കിലും കൊലപാതകം തെളിയിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മൂന്നു തവണ പൊലീസ് വീട് പരിശോധിച്ചു. അന്വേഷണം ഊർജിതമായതോടെ ബെല്ലയുടെ കൊലപാതകി എന്ന രീതിയിലായി എല്ലാവരുടെയും പെരുമാറ്റം. അതോടെ അവിടം വിടാൻ ഡോ.ക്രിപ്പണും നേവും തീരുമാനിച്ചു.

നാലാം തവണ പൊലീസ് വീട്ടിലെത്തുമ്പോഴേക്കും ക്രിപ്പണും നേവും അവിടെനിന്നു കടന്നുകളഞ്ഞിരുന്നു. കാനഡയായിരുന്നു ലക്ഷ്യം. ഇത്തവണ വീടു പരിശോധിക്കുമ്പോൾ തറയിൽ പാകിയ ചില കട്ടകൾ ഇളകിയിരിക്കുന്നത് വാൾട്ടറിന്റെ ശ്രദ്ധയിൽപ്പെട്ടു. കട്ടകൾ മാറ്റി പരിശോധിച്ചപ്പോൾ അതിനടിയിൽനിന്നു മനുഷ്യശരീരത്തിന്റെ കുറച്ചുഭാഗം ലഭിച്ചു. തലയും എല്ലുകളും ഒന്നുമില്ലാത്ത കുറച്ചു മാംസം. അതോടെ ബെല്ലയെ ഡോ. ക്രിപ്പൺ വകവരുത്തിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം വാർത്തയായി. ഈ സമയം, വേഷം മാറി പിതാവും മകനും എന്ന രീതിയിൽ ഒരു കപ്പലിൽ ക്രിപ്പണും നേവും കാനഡയിലേക്കു പുറപ്പെട്ടിരുന്നു.

ഇരുവരെയും കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയിരുന്നു. കപ്പലിലെ ക്യാപ്റ്റൻ അവരെ തിരിച്ചറിഞ്ഞു. വയർലെസ് സംവിധാനം ഉപയോഗത്തിലായ കാലമായിരുന്നു. ക്യാപ്റ്റൻ കെൻഡാൾ, സ്കോട്‌ലൻഡ് യാർഡ് പൊലീസിനു വയർലെസിലൂടെ സന്ദേശം അയച്ചു. ജൂലൈ 31 ഞായറാഴ്ച കപ്പൽ സെന്റ് ലോറൻസിൽ തീരമടുത്തു. ഇരുവരെയും കാത്ത് ഇൻസ്പെക്ടർ ഡ്യൂവിന്റെ നേതൃത്വത്തിൽ പൊലീസ് ഉണ്ടായിരുന്നു. പിതാവും മകനുമായി വേഷം മാറിയത് ഡോ. ക്രിപ്പണും നേവുമാണെന്നു തിരിച്ചറിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് ലണ്ടനിലേക്കു തിരിച്ചു.

ഒക്ടോബർ 18ന് വിചാരണ ആരംഭിച്ചു. കണ്ടെത്തിയ ശരീര ഭാഗം കോറയുടേതല്ലെന്നും അതു തങ്ങൾ അവിടെ താമസിക്കും മുൻപ് മറ്റാരെങ്കിലും മറവു ചെയ്തതാകാമെന്നുമായിരുന്നു ക്രിപ്പണിന്റെ വാദം. എന്നാൽ കോടതി അത് അംഗീകരിക്കാൻ തയാറായില്ല. കിട്ടിയ ശരീര ഭാഗത്തു കാണപ്പെട്ടതു പോലുള്ള ചില മാർക്കുകൾ ബെല്ലയുടെ ശരീരത്തിലും ഉണ്ടായിരുന്നുവെന്ന് പൊലീസിനു തെളിയിക്കാൻ സാധിച്ചു. ശരീര ഭാഗത്തിനൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളുടെ പാറ്റേൺ 1908നു ശേഷമുള്ള മോഡൽ ആണെന്നുകൂടി തെളിഞ്ഞതോടെ കോറയുടെ ശരീര ഭാഗങ്ങളാണു കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചു പറഞ്ഞു. വിഷം കഴിച്ചാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു. അതേ വിഷം ജനുവരി 17ന് ക്രിപ്പൺ വാങ്ങിയിരുന്നു എന്നുകൂടി തെളിയിക്കാനായി. അതോടെ ക്രിപ്പൺ ബെല്ലയെ കൊന്നു എന്ന് ജൂറി ഉറപ്പിച്ചു. എതേൽ നേവിനു കൊലപാതകത്തിൽ പങ്കില്ലെന്നും കോടതി കണ്ടെത്തി. ക്രിപ്പൺ അപ്പീലിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോടതി ക്രിപ്പണെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1910 നവംബർ 23, ബുധനാഴ്ച വിധി നടപ്പാക്കി. നേവിന്റെ ഏതാനും ഫൊട്ടോഗ്രഫും കത്തുകളും തന്റെ കല്ലറയിൽ അടക്കണമെന്നും കല്ലറയ്ക്കു മുകളിൽ പേരു കൊത്തി വയ്ക്കരുതെന്നുമായിരുന്നു ക്രിപ്പണിന്റെ അന്ത്യാഭിലാഷം. അതു നടപ്പാക്കി.

ഹാവ്‌ലി ക്രിപ്പൺ മരിച്ചെങ്കിലും ക്രിപ്പൺ കുടുംബത്തിൽനിന്ന് ആ ദുഷ്പേര് പോയില്ല. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ കൊടുംകുറ്റവാളികളുടെ കൂട്ടത്തിൽ ഹാവ്‌ലി ക്രിപ്പൺ എന്ന പേര് എന്നും നിലനിന്നു. പക്ഷേ ഹാവ്‌ലി ക്രിപ്പൺ കോറയെ കൊന്നു എന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ക്രിപ്പൺ കുടുംബം വിശ്വസിച്ചുമില്ല. അത് എക്കാലത്തും ഒരു തർക്കമായി തുടർന്നു. കിട്ടിയ ശരീര ഭാഗങ്ങൾ ബെല്ലയുടേതല്ലെന്ന് പല പഠനങ്ങളും ഉണ്ടായി. ജയിംസ് പാട്രിക് ക്രിപ്പൺ എന്ന പുതു തലമുറക്കാരൻ കുടുംബചരിത്രത്തിലെ ആ പഴയ അധ്യായത്തിലൂടെ വീണ്ടും നടക്കാൻ തീരുമാനിച്ചു.

മിഷിഗൻ സ്റ്റേറ്റ് സർവകലാശയിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഡേവിഡ് ഫോറൻ ഒരു നൂറ്റാണ്ടിനു ശേഷം, ബെല്ലയുടേതെന്നു കരുതുന്ന ശരീരഭാഗങ്ങൾ പരിശോധിച്ചു. റോയൽ ലണ്ടൻ ഹോസ്പിറ്റൽ ആർക്കൈവിൽ അപ്പോഴും ആ ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്നു. അതിന്റെ ഡിഎൻഎ പഠനം നടത്തി. അതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഡോ. ക്രിപ്പണിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ശരീരഭാഗം ഒരു സ്ത്രീയുടേതല്ലെന്നു തെളിഞ്ഞു. കോറയുടെ കുടുംബത്തിലെ പിൻതലമുറക്കാരുടെ ഡിഎൻഎയുമായും അവ പൊരുത്തപ്പെട്ടില്ല. അതോടെ ഡെ. ക്രിപ്പണിന്റെ വധശിക്ഷ ബിട്ടിഷ് നിയമ വ്യവസ്ഥയ്ക്കു പറ്റിയ പിഴവാണെന്ന സത്യം പുറത്തുവന്നു. ഡോ. ക്രിപ്പൺ കുറിച്ച വരികൾ യാഥാർഥ്യമായി. കാലം തെളിവുകൾ നിരത്തി… അയാൾ സത്യമായിരുന്നു എന്നു വിളിച്ചു പറഞ്ഞു.

പിൽക്കാലത്ത് ജോൺ ബോയ്ൻ, ക്രിപ്പണിന്റെ ജീവിതം ആസ്പദമാക്കി ‘ക്രിപ്പൺ: എ നോവൽ ഓഫ് എ മർഡർ’ എന്ന പേരിൽ ഒരു നോവൽ എഴുതി. അതു വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്.

കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സിഎൻഎൻ വാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം.

‘ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനോടകം നിരവധി പേർ ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പോപ് ഗായിക റിഹാന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗ്രെറ്റ ത്യുൻബെയും പിന്തുണയുമായി രംഗത്തെത്തിയത്.

കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.

യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.

ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.

മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.

കോവിഡ് മഹാമാരി ലോകമാകെ പിടിച്ചുകുലുക്കിയിരിക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് യുകെയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുകയും, മരണം ഒരു ലക്ഷം കടക്കുകയും ചെയ്തുവെങ്കിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വാർത്തകളാണ് ഇംഗ്ലണ്ടിൻെറ നോർത്തിലുള്ള സ്കൻന്തോർപ്പിൽ നിന്ന് കേൾക്കുന്നത്.

കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന പൂർണഗർഭിണിയായ മലയാളി യുവതി കുഞ്ഞിനെ ജന്മം നൽകുകയും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വാർത്തകൾ യുകെ മലയാളികൾ വളരെ ആശ്വാസത്തോടെയാണ് ശ്രവിച്ചത്.

കാരണം പൂർണ്ണ ഗർഭിണിയായ റോസ് ജിമ്മിച്ചൻ കോവിഡ് ബാധിതയായി അത്യാസന്ന നിലയിലായ വിവരം പ്രാർത്ഥനാ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞ യുകെ മലയാളികൾ വളരെയധികം ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ റോസും റോസ് ജന്മം നൽകിയ കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്ത മലയാളി സമൂഹത്തിന് വളരെ ആശ്വാസമായി.

യുകെയിലെ ഹള്ളിനടുത്തുള്ള സ്കൻന്തോർപ്പിലാണ് ജിമ്മി റോസ് ദമ്പതികൾ താമസിക്കുന്നത്. റോസിന് 29 ആഴ്ച ഗർഭിണിയായിരിക്കെയാണ് ഡിസംബർ ആദ്യവാരം കോവിഡ് ബാധിതയായി സ്കൻന്തോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ റോസിൻറെ ആരോഗ്യസ്ഥിതി പൊടുന്നനെ ഗുരുതരമായതിനാൽ റോസിനെ പെട്ടെന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് മുന്നിലില്ലായിരുന്നു.

ഡിസംബർ ഒമ്പതാം തീയതി അതായത് പതിനൊന്ന് ആഴ്ച്ച മുൻപേ റോസ് കൊച്ചു കാതറീന് ജന്മം നൽകിയപ്പോൾ 1.2kg  മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ റോസും, കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

തൻറെ കുഞ്ഞ് ജീവിച്ചിരിക്കുമെന്നോ തനിക്ക് കുടുംബാംഗങ്ങളെ വീണ്ടും കാണാൻ സാധിക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും റോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇനി എനിക്ക് ശ്വസിക്കണ്ട’…. “ഞാൻ ഉറങ്ങട്ടെ…” കൊറോണ പിടിപെട്ട് വേദനയിൽ പുളഞ്ഞ ഗർഭിണിയായ യുകെ മലയാളി നഴ്‌സ്‌ സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞതായി ഓർമ്മിച്ചെടുത്തു. അത്രയധികം വേദനയിൽകൂടിയാണ് ആ ദിവസങ്ങൾ കടന്നുപോയത്.

താൻ ജോലി ചെയ്യുന്ന എൻഎച്ച്എസിനോടും അവിടുത്തെ സഹപ്രവർത്തകരോടും ഒത്തിരി നന്ദി ഉണ്ടെന്ന് റോസ് പറഞ്ഞു. എന്തായാലും റോസിൻെറയും കുഞ്ഞു കാതറീൻെറയും അതിജീവനത്തിൻെറ കഥ ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ കോവിഡ് കാലത്തും ഉണ്ടാക്കിയത് പ്രതീക്ഷയുടെയും, പ്രത്യാശയുടെയും കാഴ്ചകളാണ്.

RECENT POSTS
Copyright © . All rights reserved