‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല……
കാലം തെളിവുകൾ നിരത്തി ഞാൻ സത്യമായിരുന്നെന്നു പറയും….’
– ഡോ. ഹാവ്‌ലി ക്രിപ്പൺ

ഭാര്യ കോറ ട്യൂണറെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് തൂക്കിലേറ്റുന്നതിലും ഒരാഴ്ച മുൻപ് ഡോ. ഹാവ്‌ലി ക്രിപ്പൺ ഡയറിയിൽ കുറിച്ച ഈ വാക്കുകൾ ഒരു നൂറ്റാണ്ടിനിപ്പുറവും ബ്രിട്ടിഷ് നിയമ വ്യവസ്ഥയെ മുറിപ്പെടുത്തുന്നുണ്ട്. കാലം തെളിവുകൾ നിരത്തി ക്രിപ്പൺ നിരപരാധിയാണെന്നു പറയുമ്പോൾ കോറയുടെ തിരോധാനം ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. 1910 ജനുവരി 31– ഡോ. ഹാവ്‌ലി ക്രിപ്പൺ ഭാര്യ കോറയെ കൊലപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തിയ ദിനം.

അമേരിക്കയിൽനിന്ന് 1900ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഡോക്ടറായിരുന്നു ഹാവ്‌ലി ക്രിപ്പൺ. ഭാര്യ കോറ ഗായികയായിരുന്നു. ബെല്ല എൽമോറ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കോറയുടെ കരിയർ നേട്ടത്തിനായായിരുന്നു കുടിയേറ്റം. സന്തോഷം നിറഞ്ഞ അവരുടെ ജീവിതം മാറിമറിഞ്ഞതു പെട്ടെന്നാണ്.

1910 ജനുവരി 31 തിങ്കൾ. വൈകുന്നേരം ഡിന്നറിന് ബെല്ലയുടെ രണ്ടു സ്നേഹിതരെയും വിളിച്ചിരുന്നു– പോളും ക്ലാരയും. വിരുന്നു കഴിഞ്ഞു രാത്രി ഒരു മണിയോടെ അവർ മടങ്ങി. അതിനു ശേഷം ആരും ബെല്ലയെ കണ്ടിട്ടില്ല. ഒരാഴ്ച കഴിഞ്ഞും ബെല്ലയെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ തിരക്കി. അവരോടെല്ലാം അവൾ അമേരിക്കയിലേക്കു തിരിച്ചുപോയി എന്നു മാത്രം ക്രിപ്പൺ മറുപടി പറഞ്ഞു. കുറച്ചു നാളുകൾ കഴി‍ഞ്ഞപ്പോൾ നാട്ടിൽ വച്ചു ഭാര്യ രോഗബാധിതയായെന്നും മരിച്ചെന്നും അവിടെത്തന്നെ സംസ്കരിച്ചെന്നും ക്രിപ്പൺ വെളിപ്പെടുത്തി. ബെല്ല മരിച്ച് അധികം താമസിയാതെ എതേൽ ലേ നേവ് എന്ന യുവതിയുമായുള്ള ക്രിപ്പണിന്റെ അടുപ്പം പുറംലോകം അറിഞ്ഞു തുടങ്ങി. ആദ്യം ബെല്ലയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അവൾ അണിഞ്ഞു തുടങ്ങി. പതുക്കെ നേവ് ക്രിപ്പണൊപ്പം താമസം ആരംഭിച്ചു.

ക്രിപ്പണിന്റെ സഹപ്രവർത്തകയും കാമുകിയുമായിരുന്നു നേവ്. അതോടെ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ക്രിപ്പൺ പറഞ്ഞ കഥകളിൽ സംശയം തോന്നിത്തുടങ്ങി. ബെല്ലയുടെ തിരോധാനത്തെക്കുറിച്ച് അവർ പൊലീസിൽ അറിയിച്ചു.

ജൂലൈ 8ന് അവിടുത്തെ ചീഫ് ഇൻസ്പെക്ടർ വാൾട്ടർ ക്രിപ്പണെ തേടിയെത്തി. അദ്ദേഹത്തോടു ക്രിപ്പൺ പറഞ്ഞത് മറ്റൊരു കഥ; ബ്രൂസ് മില്ലർ എന്ന അമേരിക്കക്കാരനുമായി ബെല്ല പ്രണയത്തിലായിരുന്നുവെന്നും അയാളോടൊപ്പം അവൾ അമേരിക്കയിലേക്ക് ഒളിച്ചോടിയെന്നും. ബെല്ലയെ കണ്ടെത്താൻ പൊലീസ് പലവഴി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ ബെല്ല കൊല്ലപ്പെട്ടു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഡോ. ക്രിപ്പണിന്റെ വീട് പരിശോധിച്ചെങ്കിലും കൊലപാതകം തെളിയിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മൂന്നു തവണ പൊലീസ് വീട് പരിശോധിച്ചു. അന്വേഷണം ഊർജിതമായതോടെ ബെല്ലയുടെ കൊലപാതകി എന്ന രീതിയിലായി എല്ലാവരുടെയും പെരുമാറ്റം. അതോടെ അവിടം വിടാൻ ഡോ.ക്രിപ്പണും നേവും തീരുമാനിച്ചു.

നാലാം തവണ പൊലീസ് വീട്ടിലെത്തുമ്പോഴേക്കും ക്രിപ്പണും നേവും അവിടെനിന്നു കടന്നുകളഞ്ഞിരുന്നു. കാനഡയായിരുന്നു ലക്ഷ്യം. ഇത്തവണ വീടു പരിശോധിക്കുമ്പോൾ തറയിൽ പാകിയ ചില കട്ടകൾ ഇളകിയിരിക്കുന്നത് വാൾട്ടറിന്റെ ശ്രദ്ധയിൽപ്പെട്ടു. കട്ടകൾ മാറ്റി പരിശോധിച്ചപ്പോൾ അതിനടിയിൽനിന്നു മനുഷ്യശരീരത്തിന്റെ കുറച്ചുഭാഗം ലഭിച്ചു. തലയും എല്ലുകളും ഒന്നുമില്ലാത്ത കുറച്ചു മാംസം. അതോടെ ബെല്ലയെ ഡോ. ക്രിപ്പൺ വകവരുത്തിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം വാർത്തയായി. ഈ സമയം, വേഷം മാറി പിതാവും മകനും എന്ന രീതിയിൽ ഒരു കപ്പലിൽ ക്രിപ്പണും നേവും കാനഡയിലേക്കു പുറപ്പെട്ടിരുന്നു.

ഇരുവരെയും കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയിരുന്നു. കപ്പലിലെ ക്യാപ്റ്റൻ അവരെ തിരിച്ചറിഞ്ഞു. വയർലെസ് സംവിധാനം ഉപയോഗത്തിലായ കാലമായിരുന്നു. ക്യാപ്റ്റൻ കെൻഡാൾ, സ്കോട്‌ലൻഡ് യാർഡ് പൊലീസിനു വയർലെസിലൂടെ സന്ദേശം അയച്ചു. ജൂലൈ 31 ഞായറാഴ്ച കപ്പൽ സെന്റ് ലോറൻസിൽ തീരമടുത്തു. ഇരുവരെയും കാത്ത് ഇൻസ്പെക്ടർ ഡ്യൂവിന്റെ നേതൃത്വത്തിൽ പൊലീസ് ഉണ്ടായിരുന്നു. പിതാവും മകനുമായി വേഷം മാറിയത് ഡോ. ക്രിപ്പണും നേവുമാണെന്നു തിരിച്ചറിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് ലണ്ടനിലേക്കു തിരിച്ചു.

ഒക്ടോബർ 18ന് വിചാരണ ആരംഭിച്ചു. കണ്ടെത്തിയ ശരീര ഭാഗം കോറയുടേതല്ലെന്നും അതു തങ്ങൾ അവിടെ താമസിക്കും മുൻപ് മറ്റാരെങ്കിലും മറവു ചെയ്തതാകാമെന്നുമായിരുന്നു ക്രിപ്പണിന്റെ വാദം. എന്നാൽ കോടതി അത് അംഗീകരിക്കാൻ തയാറായില്ല. കിട്ടിയ ശരീര ഭാഗത്തു കാണപ്പെട്ടതു പോലുള്ള ചില മാർക്കുകൾ ബെല്ലയുടെ ശരീരത്തിലും ഉണ്ടായിരുന്നുവെന്ന് പൊലീസിനു തെളിയിക്കാൻ സാധിച്ചു. ശരീര ഭാഗത്തിനൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളുടെ പാറ്റേൺ 1908നു ശേഷമുള്ള മോഡൽ ആണെന്നുകൂടി തെളിഞ്ഞതോടെ കോറയുടെ ശരീര ഭാഗങ്ങളാണു കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചു പറഞ്ഞു. വിഷം കഴിച്ചാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു. അതേ വിഷം ജനുവരി 17ന് ക്രിപ്പൺ വാങ്ങിയിരുന്നു എന്നുകൂടി തെളിയിക്കാനായി. അതോടെ ക്രിപ്പൺ ബെല്ലയെ കൊന്നു എന്ന് ജൂറി ഉറപ്പിച്ചു. എതേൽ നേവിനു കൊലപാതകത്തിൽ പങ്കില്ലെന്നും കോടതി കണ്ടെത്തി. ക്രിപ്പൺ അപ്പീലിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോടതി ക്രിപ്പണെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1910 നവംബർ 23, ബുധനാഴ്ച വിധി നടപ്പാക്കി. നേവിന്റെ ഏതാനും ഫൊട്ടോഗ്രഫും കത്തുകളും തന്റെ കല്ലറയിൽ അടക്കണമെന്നും കല്ലറയ്ക്കു മുകളിൽ പേരു കൊത്തി വയ്ക്കരുതെന്നുമായിരുന്നു ക്രിപ്പണിന്റെ അന്ത്യാഭിലാഷം. അതു നടപ്പാക്കി.

ഹാവ്‌ലി ക്രിപ്പൺ മരിച്ചെങ്കിലും ക്രിപ്പൺ കുടുംബത്തിൽനിന്ന് ആ ദുഷ്പേര് പോയില്ല. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ കൊടുംകുറ്റവാളികളുടെ കൂട്ടത്തിൽ ഹാവ്‌ലി ക്രിപ്പൺ എന്ന പേര് എന്നും നിലനിന്നു. പക്ഷേ ഹാവ്‌ലി ക്രിപ്പൺ കോറയെ കൊന്നു എന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ക്രിപ്പൺ കുടുംബം വിശ്വസിച്ചുമില്ല. അത് എക്കാലത്തും ഒരു തർക്കമായി തുടർന്നു. കിട്ടിയ ശരീര ഭാഗങ്ങൾ ബെല്ലയുടേതല്ലെന്ന് പല പഠനങ്ങളും ഉണ്ടായി. ജയിംസ് പാട്രിക് ക്രിപ്പൺ എന്ന പുതു തലമുറക്കാരൻ കുടുംബചരിത്രത്തിലെ ആ പഴയ അധ്യായത്തിലൂടെ വീണ്ടും നടക്കാൻ തീരുമാനിച്ചു.

മിഷിഗൻ സ്റ്റേറ്റ് സർവകലാശയിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഡേവിഡ് ഫോറൻ ഒരു നൂറ്റാണ്ടിനു ശേഷം, ബെല്ലയുടേതെന്നു കരുതുന്ന ശരീരഭാഗങ്ങൾ പരിശോധിച്ചു. റോയൽ ലണ്ടൻ ഹോസ്പിറ്റൽ ആർക്കൈവിൽ അപ്പോഴും ആ ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്നു. അതിന്റെ ഡിഎൻഎ പഠനം നടത്തി. അതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഡോ. ക്രിപ്പണിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ശരീരഭാഗം ഒരു സ്ത്രീയുടേതല്ലെന്നു തെളിഞ്ഞു. കോറയുടെ കുടുംബത്തിലെ പിൻതലമുറക്കാരുടെ ഡിഎൻഎയുമായും അവ പൊരുത്തപ്പെട്ടില്ല. അതോടെ ഡെ. ക്രിപ്പണിന്റെ വധശിക്ഷ ബിട്ടിഷ് നിയമ വ്യവസ്ഥയ്ക്കു പറ്റിയ പിഴവാണെന്ന സത്യം പുറത്തുവന്നു. ഡോ. ക്രിപ്പൺ കുറിച്ച വരികൾ യാഥാർഥ്യമായി. കാലം തെളിവുകൾ നിരത്തി… അയാൾ സത്യമായിരുന്നു എന്നു വിളിച്ചു പറഞ്ഞു.

പിൽക്കാലത്ത് ജോൺ ബോയ്ൻ, ക്രിപ്പണിന്റെ ജീവിതം ആസ്പദമാക്കി ‘ക്രിപ്പൺ: എ നോവൽ ഓഫ് എ മർഡർ’ എന്ന പേരിൽ ഒരു നോവൽ എഴുതി. അതു വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.