ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെ മലയാളി അസ്സോസിയേഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു. സെപ്റ്റംബർ 13 ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയാ ഹാളിൽ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഡോ. അഞ്ചു ഡാനിയേലിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ചുറ്റുപാടുമുള്ള യോർക്ഷയറിലെ മിക്ക അസ്സോസിയേഷനുകളുടെ പ്രസിഡൻ്റുമാർ ആഘോഷ പരിപാടിയിൽ അതിഥികളായെത്തിയത് ശ്രദ്ധേയമായി.
യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് വിനീത എബി, കമ്മറ്റിയംഗം രെഞ്ചിൻ പ്രകാശ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ്, വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യൂ എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
കീത്തിലി മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പ്രഥമ പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യൂ, സെക്രട്ടറി ടോം ജോസഫ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷവും പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കീത്തിലി മലയാളി അസ്സോസിയേഷനിലെ മുൻകാല പ്രസിഡൻ്റുമാരും നിലവിലെ കമ്മറ്റിയംഗങ്ങളും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉൾപ്പെടെ മറ്റ് അസ്സോസിയേഷനിലെ പ്രസിഡൻ്റുമാരും കീത്തിലി മലയാളി അസ്സോസിയേഷൻ ട്രസ്റ്റിമാർക്ക് വേണ്ടി അലക്സ് എബ്രാഹവും ആശംസാപ്രസംഗങ്ങൾ നടത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം അസ്സോസിയേഷൻ സ്ഥാപക പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകി. തുടർന്ന് കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ച് വർഷത്തെ ഓർമ്മൾ പുതുക്കുന്ന ചിത്രങ്ങൾ സ്ക്രീനിൽ തെളിഞ്ഞു. അസ്സോസിയേഷനിലെ ഓരോ വ്യക്തികളുടെയും രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങൾ നിറ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. തുടർന്ന് അസ്സോസിയേഷനിൽ പുതുതായി അംഗമായവരെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അമ്പതിൽപ്പരം കുടുംബങ്ങളാണ് അസ്സോസിയേഷനിൽ പുതുതായി എത്തിയത്. എല്ലാവരുടെയും ചിത്രങ്ങൾ മെഗാ സ്ക്രീനിൽ പ്രദർശിപ്പിച്ച് അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനേയും പരസ്പരം പരിചയപ്പെടുത്തി. പുതിയതെന്നോ പഴയതെന്നോ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ ആഘോഷമാണ് കാണാൻ കഴിഞ്ഞത്. ഡോ. അഞ്ചു ഡാനിയേൽ, ഷിജു പൂണോലി, സോജൻ മാത്യൂ എന്നിവർ ചേർന്ന ടീം സ്റ്റേജ് കോംബിയറിംഗിലൂടെ കാണികളെ ആവേശത്തിമിർപ്പിലാക്കി.
ഔദ്യോഗീക പരിപാടികൾക്ക് ശേഷം ഡോ. അഞ്ചു ഡാനിയേലിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര നടന്നു. അസ്സോസിയേഷനിലെ ഇരുപതിൽപ്പരം പേർ ശ്രുതിയും താളവും തെറ്റാതെ നൃത്തച്ചുവടുവെച്ചപ്പോൾ കാണികൾ ഒന്നടങ്കം നിറ കൈയ്യടിയോടെയാണ് മെഗാ തിരുവാതിരയെ വരവേറ്റത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു. 24 കൂട്ടം കറികളും രണ്ടുതരം പായസവുമടങ്ങിയ ഓണസദ്യ ആസ്വദിച്ചത് മുന്നൂറോളം ആളുകളാണ്. ഓണസദ്യയ്ക്കു ശേഷം അസ്സോസിയേഷനിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ബോളിവുഡ് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ അങ്ങനെ നീളുന്ന കലാപരിപാടികൾ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.
2010ൽ നാൽപ്പതോളം കുടുംബങ്ങളുടെ ബലത്തിൽ രൂപം കൊണ്ട കീത്തിലി മലയാളി അസ്സോസിയേഷൻ്റെ അംഗബലം നൂറ് കുടുംബങ്ങൾക്ക് മുകളിലായി. കഴിഞ്ഞ കാല കമ്മറ്റികളുടെ നിസ്വാർത്ഥമായ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണിതെന്ന് വ്യക്തമാണ്. അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനും തുല്യ പ്രാതിനിധ്യവും പരിഗണനയും കൊടുത്തു കൊണ്ട് അരങ്ങേറിയ ഓണോത്സവത്തിന് വൈകിട്ട് അറ് മണിയോടെ തിരശ്ശീല വീണു.


ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.
മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.
സുമിത് ടെസ്കോ വെയർഹൗസിലും ഭാര്യ ജോയ്സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.
തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന് ലണ്ടനില് സ്വീകരിച്ച “വേള്ഡ് ബുക്ക് ഓഫ് റെക്കോര്ഡ്സ് ” പുരസ്കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്ക്കാര് അനുമതിയോടെ നഗരസഭയുടെ ഫണ്ടില് നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്ക്കും അനുമതി ലഭിച്ചത്. എന്നാല്, പുരസ്കാരചടങ്ങ് യഥാര്ത്ഥ ബ്രിട്ടീഷ് പാര്ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്സിലെ വാടക ഹാളിലാണെന്ന് സോഷ്യല് മീഡിയയില് വിമര്ശനം ശക്തമാണ്.
സിപിഎം നേതാക്കളും പ്രവര്ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള് നിറച്ചപ്പോള്, എതിരാളികള് പണം കൊടുത്താണ് അവാര്ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്ട്ടിഫിക്കറ്റില് പോലും ‘ആര്യ രാജേന്ദ്രന്, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്കാരം നല്കിയ വേള്ഡ് ബുക്ക് ഓഫ് റെക്കോര്ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്ഡോറില് പ്രവര്ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.
നഗരത്തിലെ യാഥാര്ത്ഥ്യ പ്രശ്നങ്ങള് അവഗണിച്ച് മേയര് തട്ടിക്കൂട്ടി ലഭിച്ച അവാര്ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള് വിമര്ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള് ക്യാമ്പെയ്ൻ പ്രവര്ത്തനത്തിന് നല്കിയ പുരസ്കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്നങ്ങള് ഗുരുതരമാകുമ്പോഴാണ് മേയര് ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള് ആരോപിക്കുന്നത് .
ജില്ലിങ്ങാമിലെ വുഡ്ലാൻഡ്സ് അക്കാദമിയിൽ സെപ്റ്റംബർ 21 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് ബോളിവുഡ് ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസുകൾ. കുട്ടികളുടെ ആരോഗ്യവും സൗന്ദര്യവും കൂടി പരിഗണിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് സ്ഥാപകനായ ശ്രീ രതീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, ആർട്ടിസ്റ്റിക് പ്രകടനം വളർത്താനും, ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കാനുമുള്ള അവസരമായിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 07442669185, 07478728555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും.
1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുശക്തമായ ഒരു നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ അപു ജോൺ ജോസഫ്. പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ അപു ജോൺ ജോസഫ് .

പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിൻറെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധ മാണ്. ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് കൺട്രീസ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് ശ്രീ അപു അറിയിച്ചു.
തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ മുൻ കെഎസ് സി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ടോണ്ടൻ മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി കൂടിയാണ് ബിജു.
ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ യുക്മ സൗത് ഈസ്റ് റീജിയണൽ പ്രസിഡൻറ് കൂടിയാണ്. മുൻകാലങ്ങളിൽ കെഎസ് സി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് , യുക്മ സൗത് ഈസ്റ് റീജിയണൽ ജനറൽ സെക്രട്ടറി, മലയാളി അസോസിയേഷൻ റെഡ് ഹിൽ -സറെ സെക്രട്ടറി, സീറോ മലബാർ മിഷൻ ട്രസ്റ്റി തുടങ്ങി വിവിധ നിലകളിൽ പ്രവാസി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ശ്രീ ജിപ്സൺ.
യുകെയിലെ മലയാളി സമൂഹത്തിനായി സേവനങ്ങൾ വിപുലീകരിക്കാനും പ്രവാസി രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാനും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളാ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ പ്രവാസി സമൂഹത്തിലേക്കെത്തിക്കാനും, യുകെയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്താനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.
പുതിയ കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തവർ:
• പ്രസിഡന്റ് – ബിജു മാത്യു ഇളംതുരുത്തിയിൽ
• സെക്രട്ടറി – ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ
• വൈസ് പ്രസിഡന്റ് – ജോസ് പരപ്പനാട്ട്
• നാഷണൽ കോ-ഓർഡിനേറ്റർ – ബിനോയ് പൊന്നാട്ട്
• ജോയിന്റ് സെക്രട്ടറി – ജെറി തോമസ് ഉഴുന്നാലിൽ
• ട്രഷറർ – വിനോദ് ചന്ദ്രപ്പള്ളി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റു ടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

ബ്രിട്ടനിൽ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇംഗ്ലീഷ് കൗമാരക്കാർ, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം രോഷത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. സിഖ് പുരുഷന്മാരുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കൗമാരക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ആക്രമണത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ബാദൽ, വിഷയം ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. യുകെയിലെ വോൾവർഹാംപ്ടണിൽ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാർക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണെന്നും ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അർഹിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തിൽ പ്രവർത്തിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഖ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ യുകെ സർക്കാരുമായി ഈ വിഷയം ഉന്നയിക്കാൻ ഞാൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിക്കുന്നു. അതേസമയം, വിദേശത്ത് സ്ഥിരതാമസമാക്കിയ എല്ലാ സിഖ് സഹോദരന്മാരും ഈ അത്യാവശ്യ ഘട്ടത്തിൽ പരസ്പരം പിന്തുണയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ബാദൽ പറഞ്ഞു.
ജോമോൻ വർഗീസ്
മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) പ്രസിഡന്റ് അലൻ പോളും ഭാര്യ കെൽവിയുമാണ്, അടുത്തിടെ ബക്കിംഗ്ഹാം പാലസിൽ നടന്ന ഒരു പ്രത്യേക പരിപാടിക്ക് ക്ഷണം ലഭിച്ചത്. ഇത് അലനും കുടുംബത്തിനും മാത്രമല്ല, വെയിൽസിലെ വളർന്നുവരുന്ന മലയാളി സമൂഹത്തിനും വലിയൊരു അഭിമാന നിമിഷം കൂടി ആയി മാറി.
വെയിൽസിലെ മെർത്തർ ടെഡിഫിലിൽ ചെറുതെങ്കിലും സജീവമായ ഒരു ഇന്ത്യൻ സമൂഹം ഉള്ള ഒരു പട്ടണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഎംസിഎ ഈ പ്രദേശത്തെ മലയാളി കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ സംസ്‌കാരം നിലനിർത്താനും മറ്റു സമൂഹങ്ങളുമായി സൗഹൃദം വളർത്താനും ശ്രമിച്ചു വരുന്ന ഒരു സംഘടനയാണ്.
ഓണം, ക്രിസ്മസ്, സ്പ്രിംഗ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങൾക്കപ്പുറം, എംഎംസിഎ മറ്റ് സമൂഹങ്ങളായ ഫിലിപ്പീൻ, വെൽഷ് സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത പരിപാടികളും സ്പോർട്സ് മാച്ചുകളും, യുവജന പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സൗഹാർദത്തിന്റെ നിറവിൽ പ്രവർത്തിച്ചു വരുന്ന ഒരു സംഘടന കൂടിയാണ്
അസോസിയേഷൻ മെർത്തറിലുള്ള പ്രാദേശിക സ്കൂളുകളുമായി ചേർന്ന് കേരള സംസ്കാരം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും ഭാഷ, ഭക്ഷണം, തദ്ദേശീയ കലകൾ എന്നിവയിലൂടെ മലയാളി സമുദായത്തെ കുറിച്ചുള്ള അറിവ് നൽകുന്നതിനും പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ പരസ്പര ബഹുമാനവും, സൗഹൃദങ്ങളും വളർത്തി കൊണ്ടിരിക്കുന്നു.

സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം, എംഎംസിഎ പ്രാദേശിക ചാരിറ്റികൾക്കായി ഫണ്ടുകൾ സമാഹരിക്കുകയും ക്യാൻസർ എയ്ഡ് മെർത്തർ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ സാമൂഹിക പങ്കാളിത്തത്തിനും, സേവനത്തിനും സംഘടന എപ്പോഴും പ്രോത്സാഹനം നൽകുന്നു.
2024-ൽ എംഎംസിഎ- യ്ക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു, എംഎംസിഎ നടത്തുന്ന ചെറിയ ശ്രമങ്ങൾക്ക് പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു അംഗീകാരം.
ബക്കിംഗ്ഹാം പാലസ് സന്ദർശനത്തെ കുറിച്ച് അലൻ പറയുന്നത് “ഞാൻ ആ സ്ഥലത്ത് നിന്നപ്പോൾ, നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കാനാണ് ഞാൻ അവിടെ എന്ന് തോന്നി. എംഎംസിഎയുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ നിൽക്കുന്ന എല്ലാ ആളുകളുടെയും പരിശ്രമമാണ് ഈ അവസരത്തിലേക്ക് നയിച്ചത്. ചെറിയ സമൂഹങ്ങൾക്കും വലിയ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു.”
അലന്റെ ഈ സന്ദർശനം ബ്രിട്ടണിലെ മലയാളികൾ അവരുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓഗസ്റ്റ് 16-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 pm ന് ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ വച്ചാണ് പ്രകാശന കർമ്മവും ഉദ്ഘാടനവും നടക്കുന്നത്. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ , ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് ചാഴിക്കാടൻ എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം.
