UK

യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി 12 മലയാളികുട്ടികൾ ഒരുമിച്ചു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്നു അർഹരായി. നിരന്തര പരിശീലനത്തിന്റെയും കഠിനതപസ്യയുടെയും പര്യായമായി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലയായ കരാട്ടേയിൽ മികവിന്റെ മകുടോദഹാരണങ്ങളായി 12 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ നേടിയപ്പോൾ യുകെ മലയാളി സമൂഹത്തിന് അതു അഭിമാന മുഹൂർത്തമായി. യുകെ ചീഫ് ഇൻസ്ട്രക്ടർ ആയ രാജ തോമസിന്റെ നേതൃത്വത്തിൽ സെൻസായിമാരായ ടോം ജോസ് മാത്യൂസ്, (മുൻ കേരള പോലീസ്, കരാട്ടെ പരിശീലകൻ, വാൽസാൽ & കവൻട്രി ) സിബു കുരുവിള (ഗ്ലൗസെസ്റ്റർ), റോയ് ജോർജ് (നോട്ടിംഗ്ഹാം), എന്നിവരുടെ ശിഷ്യണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി shorin-Ryu seibukan karate അഭ്യസിച്ചു വന്നിരുന്ന 12 പഠിതാക്കളുടെ ബ്ലാക്ക് ബെൽറ്റ്‌ വിതരണമാണ് മാർച്ച്‌ മാസം 3-ആം തീയതിലെസ്റ്റർ വച്ചു നടന്നത്.

ജിസ്സ ജോർജ്ജ് (നോട്ടിംഗ്ഹാം), ഡാനിയേല സെബാസ്റ്റ്യൻ, ജിയാന സെബാസ്റ്റ്യൻ (ഗ്ലൗസെസ്റ്റർ), അലൻ തോമസ്, ഷിബു തോമസ്, ജോസിൻ ജോസഫ്, ഹന്ന വർഗീസ്, മരിയ തോമസ്, ജോയ്‌ലിൻ ജോസഫ് (കവെൻട്രി), റോയ് ജോസഫ്, ഡിയോൾ ടോം, ഡോണ ടോം (വാൽസൽ)എന്നിവരാണ് ബ്ലാക്ക് ബെൽറ്റിന്  അർഹരായവർ.    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കരാട്ടെ വിഭാഗമായ shorin Ryu seibukan ജപ്പാനിലെ ഒകിനാവ എന്ന പ്രദേശത്തുനിന്നും ഉത്ഭവിച്ചു 18 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു ഒട്ടനവധി ആരാധകരുള്ള കരാട്ടേയുടെ ഏറ്റവും ശ്രെഷ്ഠമായ രൂപമാണ്. സ്വയം പ്രതിരോധത്തിലൂന്നി അർപ്പണബോധത്തോടെ മാനസികവും ശാരീരികവുമായ ആത്മസമർപ്പണത്തിന്റെ ഉത്തമ ഉദാഹരണമായി ഓരോ പഠിതാവിനേയും വാർത്തെടുക്കുന്ന അയോദ്ധനകലയാണ് seibukan karate.

പഠിതാക്കളുടെ വ്യക്തിത്വ വികസനവും ആരോഗ്യപരിപാലനവും മുൻനിർത്തി മാതാപിതാക്കളുടെ പ്രോത്സാഹനത്തോടൊപ്പം വർഷങ്ങളായുള്ള പഠിതാക്കളുടെ ആത്മസമർപ്പണവും ഒത്തൊരുമിക്കുമ്പോൾ കാര്യപ്രാപ്തി, കരുത്ത്, പ്രായോഗികക്ഷമത, ചടുലത, ആത്മീയത, ഭൗതീകത എന്നിവയാൽ അലംക്രതരായ ഈ കുട്ടികൾ ഓരോ യുകെ മലയാളിക്കും ആവേശമാകുന്നു.

 

റോമി കുര്യാക്കോസ്

ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.

യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌ ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.

ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.

സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൻ : എം എസ്  ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ  കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ BMW സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടതും , മോഷ്ടാക്കൾ പിടിക്കപ്പെട്ടതും , കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക് ആശ്വാസമായി മാറുന്നു.

 

നോർതാംടണിലുള്ള തന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന റോൾസ് റോയിസ് , റേഞ്ച് റോവർ വോഗ് , ബി എം ഡബ്ലി 7 സീരിസ് എന്നീ വണ്ടികളിൽ നിന്ന് ബി എം ഡബ്ലി 7 സീരിസ് കാർ മാത്രം ഇന്നലെ രാവിലെ 5:30 ന് മോഷ്‌ടിക്കപ്പെട്ടു. ഈ കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു. ഇത് ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ്‌ ചെയ്ത് നിർമ്മിച്ച കാറായിരുന്നു. എന്നിട്ടു പോലും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.

ഇന്നലെ വെളുപ്പിനെ 4:44 ഓടുകൂടി വീട്ടിലേയ്ക്ക് പോലും നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കികൊണ്ട് അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.

കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാറിനെ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

മമ്മൂട്ടി ഫിലിംസിന്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് ഹീത്രോ എയർപോർട്ടിൽ നിന്ന് മടങ്ങി എത്തിയത് മിനിഞ്ഞാന്ന് വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു. എയർ പോർട്ടിൽ നിന്ന് യൂബറിന്റെ പ്രീമിയം സർവീസ് ഉപയോഗപ്പെടുത്തിയാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. വീട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ്‌ പറയുന്നു.

ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനത്തെ രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും , പോലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.

 

അവിടെ നിന്ന് ഇന്നലെ വൈകുന്നേരം 5:21 ഓടുകൂടി മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.

 

ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന്  വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി മാറ്റി കടത്താൻ തയ്യാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ ലഭിക്കുന്നതനുസരിച്ച്  കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. ഈ കാറ് പാർട്സുകളായി മാറ്റപ്പെട്ടതിനാൽ ഇൻഷ്വറൻസുകാർ വണ്ടി എഴുതി തള്ളും. എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.

അതുകൊണ്ട് തന്നെ എല്ലാവരും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസും കൃത്യമായി എടുക്കുകയും ആപ്പിൾ എയർ ടാഗ് പോലെയുള്ള എക്സ്ട്രാ ട്രാക്കിങ്ങ് ഉപകരണങ്ങൾ  ഉപയോഗപ്പെടുത്തുകയും ചെയ്‌താൽ കഷ്ണങ്ങൾ ആക്കിയാലും വാഹനത്തെ കണ്ടുപിടിക്കുവാൻ അവ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാൻ സാധിച്ചാൽ എല്ലാതരം മാഫിയകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുവാനും , അവർ ശിക്ഷിക്കപ്പെടുവാനും , അങ്ങനെ അത് ഒരു സമൂഹനന്മയ്ക്ക് കാരണമായി മാറുകയും ചെയ്യും.

 

ലണ്ടൻ: കോൺഗ്രസിന്റെ മുതിർന്ന നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനിൽ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിക്കു മടങ്ങിയ  രാഹുൽ അവിടെ  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് മാർച്ച്‌ 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.
ലോകത്തിലെ തന്നെ പുരാതന സർവകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രാഹുൽ ഇതിന് മുൻപും അവിടെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയൻ നിലപാടുകളും, ദർശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സർവകലാശാലകളിൽ  സന്ദർശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട് .
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ എംഫിൽ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ്  ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ കഴിഞ്ഞ വർഷം മാർച്ചിൽ ‘Learning to Listen in the 21st Century’ എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയിരുന്നു.
ഭാരതത്തിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ‘ഭാരത് ജോഡോ  ന്യായ് യാത്ര’ യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി എത്തിയത്. രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ  ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ലണ്ടനിൽ നിന്നും മടങ്ങുന്നതിന് മുൻപ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ നേതാക്കളുമായി രാഹുൽ ഗാന്ധി ഹൃസ്യമായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തർ റാന്തവ, സുധാകർ ഗൗഡ, ജനറൽ സെക്രട്ടറി ഗമ്പ വേണുഗോപാൽ, വക്താവ് അജിത് മുതയിൽ, വനിത വിഭാഗം ജനറൽ സെക്രട്ടറി അശ്വതി നായർ, ഐഒസി കേരളം ഘടകം കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്  എന്നിവർ കൂടിക്കാഴ്ചയിൽ ഭാഗഭാക്കായി. രാഹുൽ ഗാന്ധിക്ക് ഒപ്പം യുകെ സന്ദർശനത്തിൽ, ഇന്ത്യൻ ഓവർസീസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പങ്കുചേർന്നു.
മാതൃരാജ്യ വിഷയങ്ങളിൽ വളരെ തീക്ഷ്ണത പുലർത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയിൽ പ്രവാസി ഇൻഡ്യാക്കാരോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുൽ, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ, പ്രവാസികളുടെ നിർണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു.
ഭാരത് ജോഡോ ന്യായ്  യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കുവാനും, അതിന്റെ വെളിച്ചത്തിൽ, അവർക്കായുള്ള പദ്ധതികളുടെ ആവിഷ്ക്കാരങ്ങൾ ലക്‌ഷ്യം വെച്ചാണ് .  രാജ്യത്തിന്റെ നേതാക്കൾ തങ്ങളുടെ ജനങ്ങളെ കേൾക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാൻ ഇതനിവാര്യമാണെന്നാണ് താൻ കരുതുന്നതെന്നും കൂടിക്കാഴ്ചയിൽ രാഹുൽ അഭിപ്രായപ്പെട്ടു.
ഡൽഹിക്കു തിരിച്ച രാഹുൽ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക്  അനുഗമിച്ച  ഐഒസി നേതാക്കൾ, ആശംസകൾ നേർന്നു യാത്രയയച്ചു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഃ വെള്ളിയാഴ്ച കുരിശിന്റെ വഴി മാർച്ച് 29-ാം തീയതി 10 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപ്പെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാ. എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ് .

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കയ്പ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശുമലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430
Ajo V Joseph – 07481097316

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അദ്ധ്യക്ഷ കൗൺസിലർ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകൻ ക്ഷേത്ര പൊങ്കാല മതസൗഹാർദ്ധ വേദിയാക്കി.

ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നൽകിപോരുന്നത്.

രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.

നവാഗതരായ നിരവധി ആറ്റുകാൽ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ദേശീയ ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ പേരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ഇപ്‍സ്വിച്ച് റീജിയണല്‍ മത്സരത്തില്‍ അർജുൻ സജി- മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാജഹാൻ ഹുസൈൻ-ലട്‍ഫർ റഹ്മാൻ സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ-ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനക്കാർക്ക് ബുക്കോട്രിപ്പ് ട്രാവൽസ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. എജെ ജോയിനറി വർക്ക്സ് സ്പോൺസർ ചെയ്ത 51 പൌണ്ടും ട്രോഫിയുമാണ് രണ്ടാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയവർക്ക് സെന്‍റ് ജോൺ കേരള സ്റ്റോർ സ്പോൺസർ ചെയ്ത 31 പൗണ്ടും ട്രോഫിയും നല്‍കി. ബുക്കോട്രിപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ജെവിൻ തോമസ് , ഗോള്‍ഡൻ ഈഗിള്‍സ് മാനേജർ ട്വിങ്കിള്‍ സഹദേവൻ, ജിതിൻ ആർ (എ ജെ ജോയിനറി വർക്ക്സ്), സമീക്ഷ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ, സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ്, ട്രഷറർ യൂജിൻ ചാക്കോ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മജോ ജോസ് ഊക്കൻ, ജസ്റ്റിൻ അലനി, സിബി കുറ്റിപ്പറിച്ചല്‍, ജോജോ പഴയാറ്റിൽ, കെവിൻ ക്ലിന്‍റ് എന്നിവർ മത്സരം നിയന്ത്രിച്ചു. സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ് മത്സരം ഉദ്ഘാനം ചെയ്തു.
കിയാൻ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്സ്വിച്ച് റീജണൽ ടൂർണ്ണ മെൻറിന്റെ പ്രധാന സ്പോൺസർ ആയിരുന്നു. വിജയികള്‍ കെവൻട്രിയില്‍ അടുത്ത മാസം 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കും.

18 റീജിയണല്‍ മത്സരങ്ങളില്‍ നിന്നും വിജയിച്ച ടീമുകളാണ് ഗ്രാൻഡ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. 501 പൗണ്ടും ട്രോഫിയുമാണ് രണ്ടാംസ്ഥാനക്കാർക്ക്. മൂന്നും നാലും സ്ഥാനക്കാർക്ക് 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും
നല്‍കും. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്‍റൺ ടൂർണമെന്‍റിനെ വരവേല്‍ക്കാൻ കെവന്‍ട്രി ഒരുങ്ങിയതായി സംഘാടക സമിതി അറിയിച്ചു.

ദുബായ് : ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങുവാനും വിൽക്കുവാനും , ഹോട്ടലുകൾ ബുക്ക് ചെയ്യുവാനും , ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുവാനും കഴിയുന്ന നിലയിലേക്ക് ദുബായിലെ ക്രിപ്റ്റോ കറൻസി വ്യവസായം പുരോഗമിക്കുകയാണ്. ദിർഹത്തിനും , ഡോളറിനും പകരം ക്രിപ്‌റ്റോ കറൻസികൾ നൽകികൊണ്ട് പ്രോപ്പർട്ടിക്കുള്ള പേയ്‌മെൻ്റ് രീതി സ്വീകരിക്കുക എന്ന ആശയം ദുബായ് സ്വീകരിക്കാൻ തുടങ്ങിയത് 2018 മുതലായിരുന്നു. നിലവിൽ, യുഎഇയിലെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴി പല ക്രിപ്റ്റോ കറൻസികൾ നൽകി വീടുകൾ, വില്ലകൾ, അപ്പാർട്ടുമെൻ്റുകൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാണ്. ലോകത്തെ ഏതൊരു സാങ്കേതിക വിദ്യയേയും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് UAE . അതുകൊണ്ട് തന്നെയാണ് മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും വലിയ രീതിയിൽ വളർച്ച നേടാൻ UAE യ്ക്ക് കഴിഞ്ഞത്. ഇന്ന് മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളും UAE യെ മാത്യകയാക്കി വളരാനാണ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയ്നിനെയും, ക്രിപ്റ്റോ കറൻസികളെയും, WEB 3 യെയും , ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെയും , ഡിസെൻട്രലൈസ്ഡ് ഫൈനാൻസിനെയും ഒക്കെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഹബ്ബായി UAE മാറി കഴിഞ്ഞു.

ക്രിപ്റ്റോ കറൻസി മേഖലയിലെ വളർച്ച ഉപയോഗപ്പെടുത്തി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് UAE യിൽ  ബിസിനസ്സുകൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം എന്ന നിലയിൽ നിയമപരമായ എല്ലാ സഹായങ്ങളും , സുരക്ഷയും UAE ഗവൺമെന്റ് ഈ വ്യവസായത്തിന് നൽകുന്നുമുണ്ട് .

ഇതിനോടകം ഓൺലൈനിലും ഓഫ് ലൈനിലുമായി അനേകം ഗവണ്മെന്റ് അംഗീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളാണ് യുഎയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുന്നതുപോലെ വിവിധ ബ്രാഞ്ചുകളിൽ നേരിട്ട് ചെന്ന് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനും ഒക്കെ ഇന്ന് UAE ൽ അവസരമുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ക്രിപ്‌റ്റോ കറൻസികൾക്ക് UAE ൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാത്തരം ബിസ്സിനസ്സുകളിലേയ്ക്കും ക്രിപ്റ്റോ കറൻസികളുടെ കടന്നു വരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പല രാജ്യങ്ങളും അവരുടെ നിലവിലുള്ള കറൻസികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെ ഔദ്യോഗിക കറൻസികളായി അംഗീകരിക്കാൻ ചർച്ചകൾ നടത്തുന്നതുകൊണ്ടും , എല്ലാ രാജ്യങ്ങളും ക്രിപ്റ്റോ റെഗുലേഷൻസ് നടത്താൻ തയ്യാറെടുക്കുന്നതുകൊണ്ടും അടുത്ത രണ്ട് വർഷങ്ങളിൽ പത്തിരട്ടിയായി ക്രിപ്റ്റോ വ്യവസായം വളരുമെന്നാണ് UAE പ്രതീക്ഷിക്കുന്നത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ക്രിപ്റ്റോ ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന രീതിയിലേക്ക് ലോക രാജ്യങ്ങൾ മാറുന്നതും , കുടുതൽ കൂടുതൽ ഗവൺമെന്റുകൾ ക്രിപ്റ്റോയ്ക്ക് അംഗീകാരം നൽകുന്നതും ഒക്കെ ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇത് ബിസിനസ്സ്‌ പരമായും സാമ്പത്തികപരമായും കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് യു എ ഇ വിലയിരുത്തുന്നത്.  

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രെസ്റ്റണിൽ അന്തരിച്ച ഡോ. ജേക്കബ് ജോസഫിന് (64 ) മാർച്ച് 6-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 മണി മുതൽ 11:00 മണി വരെ പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രലിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടർന്ന് 11 മണിക്ക് കുർബാനയും സെന്‍റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കാരവും നടക്കും.

യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഡോ. ജേക്കബ് ജോസഫ് ഫെബ്രുവരി 22-ാം തീയതിയാണ് മരണമടഞ്ഞത് . ഡോക്ടർ എ. ജെ. ജേക്കബ് പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22 നാണ് മരിച്ചത്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്‍റെയും പ്രഫസർ മോളി ജോസഫിന്‍റെയും (അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി) മകനാണ്.

ഭാര്യ: ഡോ. ദീപ ലിസാ ജേക്കബ് (തോട്ടയ്ക്കാട് ചെമ്പിത്താനം കുടുംബാംഗം). മക്കൾ: ഡോ. ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ്.

പ്രെസ്റ്റണിലെ സെൻറ് ജോസഫ് കത്തീഡ്രൽ ഇടവകാംഗമാണ്.

ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അമീർ ഖാൻ നവാസ്

ചെസ്റ്റർ : ചെസ്റ്റർ ടിബിസിസി യുടെയും (ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ക്ലബ്‌ ) മൈ കോൺഫിഡൻസിന്റെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ഞായറാഴ്ച ചെസ്റ്റർ ഇല്ലെസ്മിയർ പോർട്ട്‌ ചർച്ച് ഓഫ് ഇംഗ്ലണ്ട് കോളേജിൽ വെച്ചു നടന്ന ഒന്നാമത് ഓൾ യുകെ ഇൻഡോർ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മാഞ്ചെസ്റ്റർ നൈറ്റ്സ് ജേതാക്കളായി. യുകെയിലെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാഞ്ചെസ്റ്റർ നൈറ്റ്സും ചെസ്റ്റർ ടിബിസിസി യും ഫൈനലിൽ മാറ്റുരച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെസ്റ്റർ ടിബിസിസി നിശ്ചിത 5 ഓവറിൽ 4 വിക്കെറ്റ് നഷ്ടത്തിൽ 74 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മാഞ്ചെസ്റ്റർ നൈറ്റ്സ് നിശ്ചിത 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

ടൂർണമെന്റിലെ മികച്ച ബാറ്റിസ്മാനായി ചെസ്റ്റർ ടിബിസിസി യുടെ അമീറിനെയും മികച്ച ബോളറായി മാഞ്ചെസ്റ്റർ നൈറ്റ്സിന്റെ അഭിയെയും തിരഞ്ഞെടുത്തു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി മാഞ്ചെസ്റ്റർ നൈറ്റ്സിലെ വിജേഷിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ വിജയികൾകായുള്ള ട്രോഫികളുടെ വിതരണം കോ-സ്പോൺസർ ആയ മൈ കോൺഫിഡൻസിന്റെ എം ഡി ജിജു മാത്യു നിർവഹിച്ചു.

ചെസ്റ്റർ ടിബിസിസി യുടെ ആദ്യ ടൂർണമെന്റ് ആയിരുന്നു ഇത്. വരും നാളുകളിലും ഇൻഡോർ, ഔട്ട്ഡോർ ടൂർണമെന്റുകൾ ഉണ്ടാകുമെന്നും, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങളോടും നന്ദി സൂചകമായി ടൂർണമെന്റിന്റെ ഓർഗനിസർമാരായ സെബാസ്റ്റ്യൻ, റിജൊ വി ചന്ദ്രബോസ്, ഷിന്റൊ, അമീർ എന്നിവർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved