കോവിഡ് – 19 ഭീഷണികാരണം നിലവിലുള്ള പഠനസംവിധാനങ്ങൾ നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസം ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . എന്നാൽ കേരളത്തിൽ ചെറിയ ഒരു വിഭാഗം നിർധനരായ കുരുന്നുകൾ ഓൺലൈൻ / ദൃശ്യ മാധ്യമ പഠന സൗകര്യങ്ങൾ ലഭ്യമല്ലാതെ തങ്ങളുടെ പഠനാവസരം നിഷേധിക്കപെടുമോ എന്ന ഉത്കണ്ഠയിൽ അകപ്പെടുകയുണ്ടായി.
നിർധനരായ ഈ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐയുടെ നേത്രത്വത്തിൽ നടത്തുന്ന ടി വി ചാലഞ്ചുമായി സഹകരിച്ചു സമീക്ഷ യുകെ നടത്തിയ ടി വി ചാലഞ്ചിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീക്ഷയുടെ എല്ലാ ബ്രാഞ്ചുകളിൽനിന്നും പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് പുറമെ ഒരുപാടു സുമനസ്കരായ ആളുകൾ സമീക്ഷ നേത്രത്വവുമായി ബന്ധപെട്ടു ഈ സദുദ്യമത്തിൽ പങ്കാളിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഏതാണ്ട് എഴുപതോളം ടീവി സെറ്റുകൾ വിദ്യാർഥികളിലേയ്‌ക്ക് എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമീക്ഷ യുകെ . ഈ സദുദ്യമം വിജയകരമായി ഏറ്റെടുത്തതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എ എ റഹിം സമീക്ഷ യുകെ നേത്രത്വത്തെ നന്ദി അറിയിച്ചു .
പണമോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്തിതിന്റെ പേരിൽ ഒരു കുരുന്നിനും തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാവാൻ പാടില്ല. ഇതിനു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും സമീക്ഷ മുൻപന്തിയിൽ ഉണ്ടാവുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു. സമീക്ഷയുടെ ടിവി ചാലഞ്ചിനു നേത്രത്വം കൊടുത്ത എല്ലാ സമീക്ഷ പ്രവർത്തകർക്കും ഇതുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സമീക്ഷ ദേശിയ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു
അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.
രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.
കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.
37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .
യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
തിരുവമ്പാടി ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് (ലൂസി – 67) മരിച്ചത്. മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.
കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ (കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി – നിലമ്പൂർ), സൈമൺ, പയസ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് വൈവിധ്യമാർന്ന ഒരു മത്സരമാണ് ഇത്തവണ റിബൽ ചലഞ്ച് ടീം ഒരുക്കിയത്. പേപ്പർ കോസ്റ്റ്യൂം മത്സരമാണ് ഇത്തവണ കുട്ടികൾക്കായി ഒരുക്കിയത്. പത്രങ്ങൾ കൊണ്ടും, വിവിധതരം പേപ്പറുകൾ കൊണ്ടും വസ്ത്രങ്ങൾ രൂപപ്പെടുത്തി, അവ ധരിച്ചുകൊണ്ടുള്ള ഫോട്ടോയോ വീഡിയോയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു മത്സരം. വിവിധ വർണത്തിലും തരത്തിലുമുള്ള അനേകം ഫോട്ടോകൾ മത്സരാർത്ഥികൾ സമർപ്പിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങൾ ആയിരിക്കുന്നവർക്ക് മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഫോട്ടോകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അനുവാദം ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത് എന്ന് അഡ്മിൻ അറിയിച്ചിരുന്നു. 30 പൗണ്ടാണ് ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം തന്നെ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

ജൂൺ 12ന് ഫോട്ടോകൾ അയക്കാനുള്ള തീയതി അഡ്മിൻ നീട്ടിയിരുന്നു. നിരവധി മത്സരാർത്ഥികളാണ് തങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു അവസരമായാണ് അഡ്മിൻ മെമ്പർ ജയ്സൺ എബ്രഹാം തോമസ് വിശദീകരിച്ചത്. ഈ മത്സരത്തിൻെറ ഫലങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 108 ആം സ്ഥാനത്തു ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്ന ഐറിസ് കുശാലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.


രണ്ടാം സമ്മാനം സ്വീൻ സ്റ്റാൻലിക്കും, മൂന്നാം സമ്മാനം റോസിയ റോയ്ക്കും ലഭിച്ചു. ജിയ സൈമൺ, ക്രിസ്റ്റൽ തോമസ്, ധനൂപ് സെബാസ്റ്റ്യൻ എന്നിവർ നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈയൊരു മത്സരം വൻ വിജയകരമായി തീർന്നിരിക്കുകയാണ് എന്ന് അഡ്മിൻ അംഗങ്ങൾ വ്യക്തമാക്കി.





മെയ് ആറാം തീയതി നിര്യാതനായ ബഹു .ഡോ .ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചന്റെ നാൽപ്പതാം ചരമദിനം ചരമദിനത്തോടനുബന്ധിച്ച് 15-06-2020 തിങ്കളാഴ്ച അച്ചന്റെ ഇടവകയായ പോർട്സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി.മൂന്നിന്മേൽ കുർബാന നടത്തപ്പെടുന്നു . തുടർന്ന് ബഹു . ബിജി അച്ചന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ഭവനത്തിൽ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ് . ബഹു . അച്ചന്റെ വേർപാടിൽ അനുശോചനം അറിയിച്ച ശ്രേഷ്ഠ കാതോലിക്ക ബാവാ തിരുമേനി , യു.കെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ അന്തീമോസ് തിരുമേനി മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്താമാർ , ഇതര സഭാപിതാക്കന്മാർ എന്നിവരോടും കബറടക്ക ശുശ്രൂഷയിൽ സംബന്ധിച്ച ബഹു വൈദികർ , യുകെ ഭദ്രാസന കൗൺസിൽ യുകെയിലെ മറ്റു ഇടവകാംഗങ്ങൾ ബന്ധുമിത്രാദികൾ എന്നിവരോടും ശവസംസ്കാര ശുശ്രൂഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തുതന്ന ലണ്ടൻ സെൻറ് തോമസ് യാക്കോബായ പള്ളി മാനേജിങ് കമ്മറ്റിയോടുമുള്ള നന്ദിയും കടപ്പാടും പോർട്സ്മൗത്ത് സെൻറ് തോമസ് യാക്കോബായ പള്ളിക്കുവേണ്ടി മാനേജിങ് കമ്മറ്റി അറിയിച്ചുകൊള്ളുന്നു .
അച്ചനെ രോഗാവസ്ഥയിൽ പരിചരിച്ച വാർത്തിങ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ , ശവസംസ്കാര ശശുശ്രൂഷക്കു വേണ്ട സഹായങ്ങൾ ചെയ്തു തന്ന വർത്തിങ് മേയർ , കൗൺസിൽ അംഗങ്ങൾ കേരളാ ഫോറം വർത്തിങ് പ്രവർത്തകർ എന്നിവരോടും വന്നുചേർന്ന് അനുശോചനം അറിയിച്ച വെസ്ററ് വർക്കിങ് എം പി പീറ്റർ ബോട്ടലി , വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികൾ മലയാള മാധ്യമങ്ങൾ എന്നിവരോടുള്ള നന്ദിയും സ്നേഹവും പോര്സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിക്കുവേണ്ടി മാനേജിങ് കമ്മിറ്റി അറിയിച്ചുകൊള്ളുന്നു.
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്
വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ
പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം.
യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും
സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് .
ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്.
യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി.
[ot-video][/ot-video]
സ്റ്റോക്ക് ഓൺ ട്രെൻഡ്: കൊറോണയെന്ന കുഞ്ഞൻ വൈറസ് ലോകജനതയെ എങ്ങനെയെല്ലാം അതിഭീകരമായി ആക്രമിക്കുന്നു എന്ന വാർത്തകളിൽ കൂടി കടന്നു പോകുന്ന നാളുകൾ ആണ് ഇപ്പോൾ. നമ്മുളുടെ പ്രിയപ്പെട്ടവരെയും ആത്മാർഥ സുഹൃത്തുക്കളെയും ഒക്കെ നഷ്ടപ്പെടുന്ന നമ്മെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ അല്ലെങ്കിൽ അങ്ങനെയുള്ള ആഴ്ചകളും മാസങ്ങളും ആണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ ലോകജനതയുടെ നിലവിലുള്ള ഒരു ജീവിത സാഹചര്യം.. 
ഇനി പ്രവാസലോകത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത വഴികൾ. ഒരു കൊച്ചു ജീവിതം മുന്നിൽ കുടുംബത്തിനും ബന്ധുക്കൾക്കും ഞാൻ ഒരു താങ്ങാകണം എന്ന് കരുതി പിറന്ന മണ്ണ് ഉപേക്ഷിച്ചു പ്രവാസിയായി ലോകത്തെ പല രാജ്യങ്ങളിൽ എത്തിപ്പെട്ട നഴ്സുമാർ.. ലോകമെമ്പാടും ഉള്ള മലയാളികളും ഭരണകർത്താക്കളും ആവശ്യം വരുമ്പോൾ ‘മാലാഖമാർ’ എന്ന വിളിപ്പേർ ചാർത്തി നൽകിയ നഴ്സുമാർ.. ജീവിക്കാനുള്ള വക ഞങ്ങൾക്ക് തരണേ എന്ന് ചോദിച്ചാൽ നഴ്‌സിംഗ് എന്നത് ‘അവശ്യ സർവീസ്’ ആയി പ്രഖ്യപിച്ച് സമരത്തിന്റെ കൂമ്പ് വാട്ടുന്ന പരിപാടി കാണിക്കുന്ന കാലാകാലങ്ങളിലെ ഭരണകർത്താക്കളാണ് മാലാഖമാർ എന്ന് വിളിക്കുന്നത് ഒരു വിരോധാഭാസമായി നിങ്ങൾക്ക് തോന്നിയാൽ അതിൽ തെറ്റ് കണ്ടുപിടിക്കാൻ സാധിച്ചെന്നു വരില്ല.. അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി പഠിച്ച് മെച്ചപ്പെട്ട ജീവിതം തേടി നാട് വിട്ടവരാണ് മലയാളി നഴ്സുമാർ എന്ന് പറഞ്ഞാൽ അതിൽ തെറ്റ് ഉണ്ടെന്ന് തോന്നുന്നില്ല.. അങ്ങനെ മലയാളികൾ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എത്തിപ്പെട്ടു… കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഒരുപാടു മലയാളി നഴ്സുമാർ യുകെയിലുമെത്തി.
വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രവാസജീവിതത്തിന്റെ അടിത്തറയാണ് എന്ന് മനസ്സിലാക്കുന്നത് പലരും പ്രവാസിയായതിന് ശേഷമാണ്. ഇതിനെല്ലാം ഇടയിലും യുകെയിലെ മലയാളികളായ പ്രവാസികൾ തങ്ങളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയിരുന്നു. എന്നാൽ കൊറോണയുടെ പിടിയിൽ യുകെ വീണതോടെ നഴ്സുമാരുടെയും കുടുംബത്തിന്റെയും മേൽ ഉണ്ടാക്കിയ ഭയം ഇന്നും ഒരു പരിധി വരെ നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ ഉണ്ടായ ഭയത്തെ മറികടന്ന് തങ്ങളുടെ കടമയെക്കുറിച്ചു നല്ല ബോധ്യമുള്ള നഴ്സുമാർ സമാനതകളില്ലാത്ത കൊറോണയുമായി യുദ്ധത്തിനിറങ്ങി എന്നത് പിന്നീട് കണ്ടു. ഇത് ഒരു വശം
മറുഭാഗത്തെ ജീവിതം അതിലും ദയനീയം. സ്കൂളുകൾ അടച്ചു അതോടൊപ്പം എല്ലാ സ്ഥാപനങ്ങളും.. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരിപ്പായി കുട്ടികളും… കളിച്ചു നടക്കേണ്ട പ്രായത്തിൽ കൂട്ടിലടച്ച പക്ഷിക്ക് തുല്യം… സാംസ്ക്കാരിക സംഘടനാ പ്രവർത്തനങ്ങൾ നിന്നു അതുപോലെ ആരാധനാലയങ്ങളും അടക്കപ്പെട്ടു… മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവിത സാഹചര്യം… ഡ്യൂട്ടി കഴിഞ്ഞെത്തുന്ന നഴ്‌സായ അമ്മ… ‘അമ്മെ’ എന്ന് വിളിച്ചു ഓടിയടുക്കുന്ന കുഞ്ഞുങ്ങളെ ഒന്നാശ്വസിപ്പിക്കാനാവാതെ അകന്നുപോകേണ്ട സാഹചര്യങ്ങൾ…. അനുഭവിച്ചവർ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ആണ്…
ഇവിടുന്നാണ് മലയാളികൾ അതിജീവനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്… മനസ്സ് മരവിക്കുന്ന മരണവാർത്തകൾ തങ്ങളെ തളർത്താത്ത മറ്റൊരു തലത്തിലേക്ക് മലയാളികൾ ഉണരുകയായിരുന്നു. ഓൺലൈൻ ലൈവ് ഷോകളുടെ ഒരു ഘോഷയാത്രയാണ് ഇപ്പോൾ നാം കാണുന്നത്. വീടിനുള്ളിൽ ഇരുന്നു ക്രിയാത്മമായി പ്രവൃത്തിക്കുന്ന ഒരു യുകെ മലയാളി സമൂഹം… യുകെയിലെ കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ഉള്ളത് ഇരുപതോളം യൂണിറ്റുകൾ… പ്രാർത്ഥനാസമ്മേളനങ്ങൾ കൊറോണയിൽ നിലച്ചു എങ്കിലും അതിന്റെ കെട്ടുറപ്പിനെ ഒരുതരത്തിലും തൊടാൻ കൊറോണക്ക് സാധിക്കില്ല എന്ന് തെളിയിക്കുന്നതാണ് ഹോളി ട്രിനിറ്റി ന്യൂ കാസിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോ…

ഏതു പ്രതികൂല സാഹചര്യത്തിലും ബന്ധങ്ങളുടെ വില മനസിലാക്കുന്ന മലയാളികൾ.. കുടുംബമായി ഒന്നിച്ചുള്ള ഭക്ഷണവും പ്രാർത്ഥനകളും കൺകെട്ടികളികളും, പണ്ട് നാട്ടിൽ ചെയ്തിട്ടുള്ളതുപോലെ കപ്പ, ഇഞ്ചി ഒന്നും നടാൻ പറ്റില്ല എങ്കിലും അല്പ്പം ഗാർഡൻ പണികളൊക്കെയും കൂട്ടിച്ചേർത്തു മനോഹരമാക്കിയപ്പോൾ കാണുന്ന മറ്റുള്ളവർക്ക് കൂടി സന്തോഷം പ്രധാനം ചെയ്യുകയായിരുന്നു. അത് ഒരു പ്രചോദനമാണ് പകർന്നു നൽകുന്നത്… ഇവിടെയാണ് നാം യൂണിറ്റിന്റെയും ഭാരവാഹികളെയും അനുമോദിക്കേണ്ടത്. വിഷമങ്ങളിൽ ചെറിയ ഒരു ഫോൺ വിളി പോലും മറ്റുള്ളവർക്ക് നൽകുന്ന ആത്മബലം അറിയാത്തവരല്ല നമ്മൾ…. സമയമില്ലാത്ത നമ്മൾ ഇപ്പോൾ സമയം ഉള്ളവരായി… സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോളി ട്രിറ്റിനിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മിന്നും താരങ്ങളായ അവർ ഇപ്പോൾ ഇറക്കിയ ഈ മനോഹരമായ ഈ കൊച്ചു വീഡിയോ വഴി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മുഖമായി മാറി എന്ന് പറഞ്ഞാൽ അത് അധികമായിപ്പോയി എന്ന് കരുതേണ്ടതില്ല. ആദ്യമായി സ്റ്റോക്ക് വിമെൻസ് ഫോറം ഇത്തരത്തിൽ ഇറക്കിയപ്പോൾ ഇരുപതിലധികം കുട്ടികളെ അണിനിരത്തി സാംസ്ക്കാരിക സംഘടനക്ക് വേണ്ടി മഞ്ജു ജേക്കബ് മറ്റൊരു വീഡിയോയുമായി കളം നിറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തായി ഓരോ കുടുംബത്തെയും പൂർണ്ണമായി ഈ പരിപാടിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിലെ വ്യത്യസ്തത. യൂണിറ്റ് പ്രസിഡന്റ് ആയ ഡേവിസ് പുതുശ്ശേരിക്കും സെക്രട്ടറി ആയ സിജി ബിനോയിക്കും സന്തോഷിക്കാൻ ഇതിലേറെ എന്ത് വേണം…

[ot-video][/ot-video]
യുകെയിലുടനീളം കലാ വേദികളിലെ നിറസാന്നിധ്യമാണ്, ഇതിനോടകം തന്നെ ധാരാളം നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള പ്രതിഭാശാലിയായ ഈ കൊച്ചുമിടുക്കി. കഴിഞ്ഞ വർഷം നടന്ന സിങ് വിത്ത് ഡോക്ടർ കെ ജെ യേശുദാസ് കോൺടെസ്റ്റിൽ വിജയിയാകുകയും, സാക്ഷാൽ ഗാനഗന്ധർവനോടൊത്ത് വേദി പങ്കിടുകയും അനുഗ്രഹം നേടുകയും ചെയ്ത സൈറ, അദ്ദേഹത്തിന്റെ മകനും പിന്നണി ഗായകനുമായ ശ്രീ വിജയ് യേശുദാസിൽ നിന്ന് പുരസ്കാരം കൈപ്പറ്റുകയും ചെയ്തു. രാഗസുധയുടെ സിങ് വിത്ത് കെ എസ് ചിത്ര കോൺടെസ്റ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതും ഈ കൊച്ചു മിടുക്കിയാണ്. യുക്മ കലാമേളകളിലെ സ്ഥിരസാന്നിധ്യമായ സൈറ, സംഗീതം, നൃത്തം, പ്രസംഗം, പദ്യപാരായണം, മോണോ ആക്ട്, എന്നീ ഇനങ്ങളിൽ ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. 2018-ൽ യുക്മയുടെ സബ് ജൂനിയർ ചാമ്പ്യൻ, ഭാഷാ കേസരി പട്ടങ്ങളും, 2019ൽ ഭാഷാ കേസരി പട്ടവും നേടുകയുണ്ടായി.

ചെറുപ്പം മുതലേ സംഗീതം പരിശീലിച്ച് പോരുന്ന ഈ കലാപ്രതിഭ, കഴിഞ്ഞ നാലുവർഷമായി ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൽ ശ്രീമതി ആരതി അരുണിന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. മിഡ് ലാൻഡിലെ ബിർമിംഹാം നിവാസികളായ ജിജോ ഉതുപ്പിന്റെയും, ലിറ്റി ജിജോ (യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ) യുടെയും മൂത്ത മകളാണ് സൈറ. റബേക്ക ജിജോ അനുജത്തിയാണ്

ദിനേശ് ശ്രീധരൻ
തിരുവനന്തപുരം: വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരാകുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കോവിഡാനന്തര കേരളത്തില്‍ വ്യവസായം, കൃഷി മേഖലകള്‍ക്കാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള അനുമതികള്‍ അങ്ങേയറ്റം ലളിതമാക്കുകയും സംരംഭങ്ങള്‍ക്ക് വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തതായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വ്യക്തമാക്കി.
കേരളം ഒരു സമ്പൂര്‍ണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിക്ഷേപ നടപടികള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം വ്യവസായ വകുപ്പ് ഊന്നല്‍ നല്‍കിയത്. നിക്ഷേപ അനുമതികളും ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. 7 നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. ചെറുകിട വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമം കൊണ്ടുവന്നു. സംരംഭം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സുകളും മറ്റും നേടിയാല്‍ മതി. വന്‍കിട വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാനുള്ള വ്യവസ്ഥ ഈ മാസം നിലവില്‍ വരും. ഇതുപ്രകാരം ഒരു വര്‍ഷത്തിനകം അനുമതികള്‍ നേടിയാല്‍ മതി.
ഇല്ലായ്മ പറഞ്ഞ് മാറിനിന്ന് വിശകലനം നടത്തുന്ന കാലം മാറി. കുറവുകള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് കേരള ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പും സജീവമായി നിര്‍വഹിക്കുന്നുണ്ട്. അന്യായ പണിമുടക്കുകളും ലോക്കൗട്ടുകളും ഇന്ന് ഓര്‍മ്മയായി. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് 3434 കോടിയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഫുഡ് പ്രോസസ്സിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് രംഗങ്ങളിലായി പത്തിലധികം വ്യവസായ പാര്‍ക്കുകള്‍ നിക്ഷേപകര്‍ക്കായി ഒരുങ്ങുകയാണ്. ഐ ടി മേഖലയ്ക്ക് കൂടുതല്‍ സ്പേസ് ലഭ്യമാക്കുന്നുണ്ട്.
![]()
കേരള വികസനത്തില്‍ പ്രവാസികളുടെ പങ്ക് അമൂല്യമാണ്. ആ സഹകരണം തുടര്‍ന്നും ഉണ്ടാകണം. വിദേശത്തുനിന്ന് സംരംഭം തുടങ്ങാന്‍ പ്രായോഗികമായ മികച്ച ആശയങ്ങളുമായി സമീപിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശ, നിര്‍ദേശങ്ങളും നിയമസഹായവും മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ മലയാളി പ്രവാസികളുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാട്ടിലേക്ക് മടങ്ങിയവരുടെയും വിദേശത്ത് എത്തിയവരുടെയും വിസ കാലാവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയെും ശ്രദ്ധയില്‍പെടുത്തും. നോര്‍ക്ക വഴിയുള്ള സഹായങ്ങളും ലഭ്യമാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്സുമാരെ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് നഴ്സുമാരുടെ ഒഴിവ് വരുന്നുണ്ട്. ഈ മേഖലയിലേക്കും നോര്‍ക്കയുടെ സഹായത്തോടെ റിക്രൂട്ട്മെന്റിന് നടപടി സ്വീകരിക്കും. നഴ്സ് റിക്രൂട്ട്മെന്റില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കും. യു കെ യില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
![]()
കൊവിഡ് പ്രതിരോധ മികവ് ലോകമെങ്ങും മലയാളികളുടെ അഭിമാനം ഉയര്‍ത്തിയെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളം കൈകൊണ്ട നടപടികള്‍ പ്രശംസനീയമാണെന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ സംരംഭകരെ കേരളത്തിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് മികവിലേക്കെത്തിച്ച പ്രവര്‍ത്തനം മാതൃകയാണ്. എല്ലാ മേഖലയിലും കേരളം അഭിമാനമായ നേട്ടം കൈവരിക്കുകയാണ്. ബ്രിട്ടനിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ കേരള ഗവണ്‍മെന്റിന് ഉണ്ടാകുമെന്നും അറിയിച്ചു. തോമസ് ജോണ്‍ വാരിക്കാട്ട്, ടോം ജേക്കബ്, റെനി മാത്യു, സ്വപ്ന പ്രവീണ്‍, ശ്രീജിത്ത്, നെവില്‍ എബ്രഹാം, ബൈജു, മനോജ് പിള്ള, സിജി സലിംകുട്ടി, ലിയോസ്, സന്തോഷ് ജോണ്‍, സുഗതന്‍ തെക്കേപുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു സമീക്ഷ യു കെ നാഷണൽ സെക്രട്ടറി..ദിനേശ് വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.
ബാലസജീവ് കുമാർ
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ-യുകെ ലോക്ക് ഡൗൺ മൂലം യു കെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമർപ്പിച്ച ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷ ജൂൺ 15-ന് ശേഷം പരിഗണിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ അറിയിച്ചു. യു എം ഓ ഹെൽപ്പ്ലൈനിൽ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടർന്ന് മെയ് 31-ന് പ്രധാന മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും, ജൂൺ 1-ന് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങൾ യു എം ഓ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവൺമെന്റിന്റെയും, കേരളാ സംസ്ഥാന സർക്കാരിന്റെയും മുൻഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവർക്കെല്ലാം മറുപടികൾ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്‌സിനെ പങ്കെടുപ്പിച്ചതുകൊണ്ടും, പ്രൊഫഷണൽ രീതിയിൽ മുൻഗണനാക്രമം ചാർട്ട് രീതിയിൽ സമർപ്പിച്ചതുകൊണ്ടും മൂന്ന് ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതിനോടകം ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നിൽ കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷകൾ വ്യക്തികളും, വാട്ട്സാപ്പ് ഗ്രൂപ്പുകളും ആയി നൽകുകയും, വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരിൽ ചാർട്ടേർഡ് ഫ്ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യൻ ഹൈക്കമ്മീഷന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയിൽ ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

യു എം ഓ- യുകെ യുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ചവരുടെ ആവശ്യത്തിനായി പരിശ്രമം തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശ മന്ത്രാലയവും ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരുന്നപ്പോൾ കേരളാ ഗവണ്മെന്റിന്റെയും നോർക്കയുടെയും അനുമതി കൂടി വേണമെന്നുള്ളത് ശ്രദ്ധയിൽ പെട്ടു. ഇതിനോടകം ലോകകേരളാ സഭ യുകെ ഇപ്രകാരം ഒരനുമതി വാങ്ങി കൈവശം വച്ചിരുന്നു എങ്കിലും, വ്യക്തമായി കാരണങ്ങൾ നിരത്തി യു എം ഓ- യുകെ നൽകിയ അപേക്ഷയിൽ ഉടനടി തീരുമാനമുണ്ടാക്കി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ഏതൊരു ചെറിയ ശ്രമത്തിനും ഊർജ്ജം പകരുന്ന കേരളാ സർക്കാരിന് അഭിനന്ദനങ്ങൾ
വിവിധ ഫ്ലൈറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് ‘വന്ദേഭാരത് മിഷൻ’ ഫ്ലൈറ്റുകൾക്ക് തത്തുല്യമായ തുകക്ക് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാർട്ടേർഡ് ഫ്ലൈറ്റിന് 302 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും, കേന്ദ്ര ഗവണ്മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുൻകരുതലുകൾ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമർപ്പിച്ചിട്ടും ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോളാണ് സ്വന്തം മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും, കേരളാ ഹൈക്കോടതി യൂ എം ഓ- യുകെ യുടെ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തിരമായി കോടതിയെ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.

ഈ അവസരത്തിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുൻകൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും, പകരം ജൂൺ മാസം തന്നെ മൂന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും, അവക്കുള്ള ബുക്കിങ്ങുകൾ ജൂൺ 10-ന് സ്വീകരിക്കുമെന്നും, അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത പലർക്കും കൺഫർമേഷൻ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോൾ, നേരിട്ട് കൊച്ചിയിൽ എത്താൻ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.
വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്ലൈറ്റുകൾ വീതം പോകുന്നുണ്ട് എന്നും, അവയിൽ നൂറിൽ അധികം സീറ്റുകൾ ബാക്കിയാണ് എന്നും, മലയാളികളെ അവയിൽ ഡെൽഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കിയാൽ കോറന്റൈൻ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷൻ്റെ വക്താവ് വാട്സാപ്പ് സന്ദേശത്തിലൂടെ നൽകിയത്. ഇക്കാര്യത്തിലുള്ള യു എം ഓ- യുകെയുടെ നിലപാട് ആവശ്യക്കാരുടെ ബാഹുല്യം അനുസരിച്ച് കേരളത്തിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒത്തുവരുന്നതനുസരിച്ച് അറിയിക്കുന്നതാണ്.

ഇതിനോടകം, യു എം ഓ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തിൽ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോലി വിസക്കാരുമായ ഒരുപറ്റം പേർ ബന്ധപ്പെടുകയും, അവർക്ക് യുകെയിലെത്തുവാൻ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ യുകെ പൗരന്മാരുടെയും, വിസ ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നൽകണം എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റിന് നൽകുകയും ഉണ്ടായി. മുൻ ബ്രാഡ്‌ലിസ്റ്റോക്ക് മേയർ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശുപാർശ, യു എം ഓ- യുകെയുടെ ചാർട്ടേർഡ് ഫ്ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാൽ, യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും, കേരളത്തിൽ അകപ്പെട്ടുപോയ യുകെ നിവാസികൾക്കും ജോലി വിസക്കാർക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാർഗ്ഗമാകുമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ മാത്രമേ, ആശങ്കാകുലരായ മലയാളികൾക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മറുപടി നൽകാൻ കഴിയുകയുള്ളൂ. എങ്കിലും, യു എം ഓ- യുകെയുടെ സമർത്ഥമായ ഇടപെടൽ മൂലമാണ് മിസോറാം ഗവർണർ ബഹുമാനപ്പെട്ട ശ്രീധരൻ പിള്ളയുടെ ശ്രമഫലമായി കേരളത്തിലേക്ക് ജൂൺ മാസം തന്നെ മൂന്നു ഫ്‌ളൈറ്റുകൾ ലണ്ടനിൽ നിന്നും അനുവദിച്ചു കിട്ടിയത്.
യു എം ഓ- യുകെയുടെ ഈ ഉദ്യമത്തിൽ പൂർണ്ണ സഹകരണവും, സഹായവുമായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവർകളോടും, ശ്രീ രാജമാണിക്യം ഐ എ എസ്, വേണുസാർ ഐ എ എസ്, ഇളങ്കോവൻ ഐ എ എസ്, റോഹൻ സാവന്ത് ഐ പി എസ്, എം പി ഡോക്ടർ ശശി തരൂർ എന്നിവരോടും, ഈ ഉദ്യമത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിന് സഹായിച്ച റോജിമോൻ വറുഗീസ്, ബാലസജീവ് കുമാർ, ബിൻസു ജോൺ, റോസ്ബിൻ രാജൻ, സാന്ദ്ര, അനന്തു, കിരൺ സോളമൻ, ബിനു ജോർജ്ജ്, ജോമോൻ കുന്നേൽ എന്നിവർക്കും, സ്‌കൂൾ അവധിയിലും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഇമെയിലുകൾ ചെക്കുചെയ്ത് രേഖപ്പെടുത്തിയ സുന്ദർലാണ്ടിലെ റോഷ്‌നിമോൾക്കും ഉള്ള പ്രത്യേക അഭിനന്ദനം യു എം ഓ- യു കെ അറിയിക്കുന്നു.
എന്നും ചോരാത്ത സേവനമനോഭാവമുമായി, പരസ്പരസഹായസംരംഭം എന്ന ആശയവുമായി രൂപീകൃതമായ യു എം ഓ- യുകെ ഇന്നും ഇന്നും ഹെൽപ്പ്ലൈനും, യുകെയിൽ എവിടെയും അരമണിക്കൂറിനുള്ളിൽ സഹായമെത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധസേവകനിരയുമായി രംഗത്തുണ്ട്. ജാതി-മത-രാഷ്ട്രീയ പ്രായ-ലിംഗ ഭേദമെന്യേ, ഏതൊരാവശ്യത്തിനും വിളിക്കുക 02070626688